25 April Thursday

VIDEO - ഒരു ദിവസം 80 കിലോ ഇറച്ചി; 50 കിലോ മീൻ; ഈ മെനു കണ്ടാൽ ഒന്ന്‌ ഞെട്ടും

അഖിൽ ഉളിയൂർUpdated: Friday Apr 22, 2022

തിരുവനന്തപുരം> മൃഗങ്ങൾ ഭക്ഷണത്തിനായേ അവർ മറ്റൊന്നിനെ വേട്ടയാടൂ. വിശപ്പടങ്ങിയാൽ ഒന്നിനോടും ആരോടും ശത്രുതയില്ല.അതിനാൽ  മനുഷ്യരേക്കാൾ വിശ്വസിക്കാൻ കൊള്ളാം.  ഇങ്ങനെ കാട്ടിൽ മേഞ്ഞും മെതിച്ചും നടന്ന പുലിയും പുള്ളിമാനും പക്ഷിയുമൊക്കെ കൂട്ടിനുള്ളിൽ എന്താണ്‌ കഴിക്കുന്നത്‌. ഇവരുടെ മെനുകാർഡും വിഭവവും എന്താണ്‌. സമയാസമയം എന്തെങ്കിലും കിട്ടുന്നുണ്ടോ. അതോ പട്ടിണിയോ. മൃഗശാല കാണാനിറങ്ങുന്നവരുടെ ഒപ്പംകൂടുന്ന ചോദ്യമാണ് ഇത്‌. എന്നാൽ, ഇനി അങ്ങനൊന്ന്‌ ഉള്ളിലിട്ട്‌ നടക്കണ്ട. ഉത്തരം തിരുവനന്തപുരം മൃഗശാലയിലെ അധികൃതർ വിവരിക്കും.

യെവൻ പുലിയാണ്‌ കേട്ടാ

ഇറച്ചിക്കൊതിയന്മാരിൽ മുൻപന്തിയിലാണ്‌ വെള്ളക്കടുവകൾ. രാവിലെതന്നെ അഞ്ചു കിലോ മാട്ടിറച്ചി വേണം. തിരുവനന്തപുരം ശെെലിയിൽ പറഞ്ഞാൽ ഇക്കാര്യത്തിൽ ഇവൻ ആളൊരു പുലിയാണ്. രണ്ട് വെള്ളക്കടുവയാണുള്ളത്‌. രണ്ട്‌ ബംഗാൾ കടുവയും. വെള്ളക്കാരെപ്പോലെ ബംഗാളികളും ഭക്ഷണക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഒരാൾക്ക്‌ നാലു കിലോ ഇറച്ചി വേണം. പുള്ളിപ്പുലിക്കും വേണം മൂന്നു കിലോ. കാട്ടുപൂച്ചയും കുറുക്കനുമൊക്കെ പിന്നാലെയുണ്ട്‌. എല്ലാവർക്കും ബീഫ് മതി.



ഹാ... വേണ്ടാന്നല്ലേ പറഞ്ഞേ
തീറ്റക്കാര്യത്തിൽ സിംഹങ്ങൾ പൊതുവേ അൽപ്പം ജാഡക്കാരാ. കിട്ടിയ ഉടൻ ഓടിവന്ന്‌ ആക്രാന്തം കാട്ടാനൊന്നും അവരെ കിട്ടില്ല. അവിടെയിരിക്കട്ടെ പിന്നെക്കഴിച്ചോളാം ലൈനാണ്‌. എന്തായാലും മൃഗശാലയിലെ രണ്ടു സിംഹങ്ങൾക്കുംകൂടി ഏഴു കിലോ ഇറച്ചി കുശാലാണ്‌. കഴുതപ്പുലി എന്നൊക്കെ വിളിച്ച്‌ നാട്ടുകാര്‌ കളിയാക്കുന്നതു കാരണം ഹെെന പൊതുവേ നാണത്തിലാണ്‌. ഭക്ഷണം കിട്ടായാലും വല്യ സന്തോഷമൊന്നുമില്ല. ഹാ... കഴിച്ചേക്കാം മട്ടാണ്‌. ഇവർക്കും ഒരുനേരം മൂന്നു കിലോയാണ്‌ കണക്ക്‌.

വിശപ്പിന്റെ കൊടുമുടി
പേരുപോലെ ഭക്ഷണക്കാര്യത്തിൽ അൽപ്പം ഉയർന്ന ചിന്താഗതിയുള്ളവരാണ് ഹിമാലയൻ കരടികൾ. കുറച്ച്‌ റിച്ചാണ്‌ ഇവരുടെ മെനു. ചൂടാണേൽ രാവിലെ ഐസിട്ട പഴങ്ങൾ മുന്നിലെത്തണം. പിന്നെയൊരു രണ്ടു മണിക്കൂർ സന്ദർശകർക്ക് മുഖം കൊടുക്കും. കൃത്യസമയത്ത് വീണ്ടും കൂട്ടിലേക്ക്. അവിടെ തണ്ണിമത്തൻ, മുന്തിരിങ്ങ, മുട്ട, വെള്ളരി, മാതളം,ആപ്പിൾ, പെെനാപ്പിൾ, കരിമ്പ്, ബ്രെഡ് എല്ലാംകൂടി ഒരു കൂമ്പാരം. പുറമെ 150 ഗ്രാം തേനും. ഇതിന്റെ ക്ഷീണമൊന്നു മാറിയാൽ നുറുക്ക്‌ ഗോതമ്പിന്റെ കഞ്ഞിയും. രണ്ടു ഹിമാലയൻമാർക്കു പുറമെ പന്നിക്കരടികളും ഇവിടുണ്ട്‌. ഇവരും ഭക്ഷണക്കാര്യത്തിൽ പിന്നോട്ടില്ല.



പാലേ കുടിക്കൂ...
മൃഗശാലയിലെ മരത്തിലൊക്കെ തൂങ്ങിയാടി നടക്കുന്ന കുരങ്ങന്മാർക്ക്‌ ആര്‌ ഭക്ഷണം കൊടുക്കാനാ. വല്ല പഴമൊക്കെ പറിച്ചു തിന്ന്‌ അതങ്ങനെ എന്നാണോ... എന്നാൽ അങ്ങനല്ല. പാലും മുട്ടയുമടക്കം വിഭവസമൃദ്ധമാണ്‌ വാനരലോകം. ഏത്തപ്പഴം, രസകഥളി, പാളയംതോടൻ, തേങ്ങ, നിലക്കടല, മുന്തിരിങ്ങ, പേരയ്‌ക്ക, മാതളം, ആപ്പിൾ, ഓറഞ്ച്‌ അങ്ങനെ പോകുന്നു ആ ലിസ്റ്റ്‌.

തവിട്‌ കണ്ടാൽ തട്ടുംകുതിര
ശരീരംപോലെ വിശാല വിശപ്പുള്ള ജീവിയാണ്‌ നിർക്കുതിരകൾ. ചോറും തവിടും കാലിത്തീറ്റയും ചേർത്തുള്ള മിശ്രിതമാണ്‌ ഇഷ്‌ടം. ഇടനേരങ്ങളിൽ പുല്ലും. എട്ടെണ്ണമാണ്‌ ഇപ്പോഴുള്ളത്‌. രണ്ടു നേരത്തായാണ്‌ ഭക്ഷണം. നാലഞ്ചു കിലോ അകത്താക്കും. നീർക്കുതിരയെപ്പോലെ പച്ചക്കറി പ്രിയരല്ല നീർനായകൾ. കിടപ്പ്‌ വെള്ളത്തിലായതുകൊണ്ട്‌ ഇഷ്‌ട ഭക്ഷണം മീനാണ്‌. നാലെണ്ണമാണ്‌ ഉള്ളത്‌.



വിശാല ഹൃദയൻ
തൊലിക്കട്ടിപോലെ അൽപ്പം കടുകട്ടിയാണ്‌ കണ്ടാമൃഗത്തിന്റെ ശാപ്പാടും. ആകെ ഒരാളാണുള്ളത്‌. രാവിലെ 10 കെട്ട്‌ ഗിനിപ്പുല്ല്‌ വേണം. 11 മണിയോടെ ഫ്രൂട്ട്‌സും പച്ചക്കറിയുമെത്തും. വെള്ളരിക്ക, തണ്ണിമത്തൻ, ക്യാരറ്റ്‌, ഗോതമ്പ്‌ തവിട്‌, വള്ളിപ്പയർ, സവാളയൊക്കെയാണ്‌ പ്രധാനം. ഉച്ചയോടടുപ്പിച്ച്‌ കാലിത്തീറ്റയും. എന്നാൽ, ഒന്നുണ്ട്‌. തൊലക്കട്ടിപോലല്ല ആശാന്റെ മനസ്സ്‌. ഉള്ളതിൽ പങ്ക്‌ ഒപ്പമുള്ള മ്ലാവുകൾക്കും വീതിച്ച്‌ നൽകും. എന്നാൽ, കാട്ടുപോത്തിന്‌ ഈ ചിന്തയൊന്നുമില്ല. എല്ലാം ഒറ്റയ്‌ക്ക്‌ തട്ടും. പുല്ല്‌, പ്ലാവില, കടല, പരുത്തിക്കുരു, കാലിത്തീറ്റ എന്നിവയാണ്‌ പ്രധാനം. കൂട്ടത്തിൽ മാനുകളാണ്‌ കലാപകാരികൾ. പച്ചില കയറ്റുന്ന വണ്ടി എത്തുമ്പോഴേ പിക്കറ്റിങ് ആരംഭിക്കും. തമ്മിലിടിയും കൊമ്പുകോർക്കലുമായി കിട്ടുന്നതെല്ലാം അകത്താക്കും. കടലയും, കാലിത്തീറ്റയും ഇലകളുമാണ്‌ പ്രധാനം.

ജോണി... എടാ കൊതിയാ

ജോസ് പ്രകാശിന്റെ ഡയലോഗുപോലെ കൊതിയന്മാരാണ് മുതലകൾ. പക്ഷേ, ആ ഭാവമൊന്നുമില്ല. എപ്പോഴും ഒരു അനങ്ങാപ്പാറ നയം. കണ്ണടി മുതല, മീൻമുതലയടക്കം മൂന്നുതരമാണ്‌ ഉള്ളത്‌. മീനാണ്‌ പ്രധാന ഭക്ഷണം. ചില ഘട്ടങ്ങളിൽ ഇറച്ചിയും നൽകും. ആളൊന്നിന്‌ ഒന്നരക്കിലോ മീൻവരെ ദിവസേന വേണം.
കരയാമമുതൽ നക്ഷത്ര ആമവരെയും ഇവിടുണ്ട്‌. ഇവരും മീൻ പ്രിയരാണ്‌. ചീര, കോളീഫ്ലവർ, വള്ളിപ്പയറുമൊക്കെ കൊടുക്കാറുണ്ട്‌.

ചേരയെ തിന്നുന്ന നാട്‌
ചേരയെ തിന്നുന്ന നാട്‌ കാണാൻ കപ്പലൊന്നും കയറണ്ട. മൃഗശാലയിലെ സ്‌നേക്ക്‌ പാർക്കിൽ രാജവെമ്പാലയുടെ കൂട്‌ കണ്ടാൽമതി. രണ്ടാഴ്‌ചയിൽ ഒരിക്കൽ ഒരെണ്ണം വേണം. മൂന്നു രാജവെമ്പാലകളാണുള്ളത്‌. ഒരുമാസം മൂന്നിനുംകൂടി ആറ്‌ ചേര വേണം. ഒരെണ്ണത്തിന്‌ 200 രൂപ നൽകിയാണ്‌ സംഘടിപ്പിക്കുന്നത്‌. മ്യൂസിയം വളപ്പിൽനിന്നും പിടികൂടും. പെരുമ്പാമ്പിന്‌ ആഴ്‌ചയിൽ ഒരിക്കലാണ്‌ ഭക്ഷണം. കോഴി, മുയൽ, അല്ലെങ്കൽ ഗിനിപ്പന്നി ജീവനോടെ വേണം. അനാക്കോണ്ടയ്‌ക്കും ഇതേ ഭക്ഷണരീതിയാണ്‌. മൂർഖന്‌ വിരിഞ്ഞിറങ്ങി ഒരുദിവസമായ കോഴിക്കുഞ്ഞ്‌ മതി. മറ്റുള്ളവയ്‌ക്കെല്ലാം എലി, പല്ലി തുടങ്ങിയവ.

കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും
പക്ഷികളിൽ കേമൻ ഒട്ടകപ്പക്ഷിയാണ്‌. ഏത്തപ്പഴം, ചോളം, ചീര, ഡോഗ്‌ ഫീഡ്‌, മോറിസ്‌ പഴം തുടങ്ങിയവയാണ്‌ ഭക്ഷണം. പരുന്തിനും കഴുകനും ചെറുതായരിഞ്ഞ ഇറച്ചിയോ മീനോ വേണം. തത്തക്കിഷ്‌ടം സൂര്യകാന്തി വിത്ത്‌, ജോവർ, നിലക്കടല, ബദാം എന്നിവയുടെ മിശ്രിതമാണ്‌. മയിലൽപ്പം ഹോട്ടാണ്‌. രാവിലെ 20 ഗ്രാം പച്ചമുളക്‌ നിർബന്ധമാണ്‌. എന്നാലെ പീലി നിവർത്താനും ആടാനുമൊക്കെ ഒരു ഗരിമയുള്ളൂ. പുറമെ മല്ലിയില, കോഴിത്തീറ്റ, പയർ, ചോളം, ഗോതമ്പ്‌ എല്ലാം കൊടുക്കും.



തിങ്കളാഴ്‌ച നൊയമ്പ്‌ മുടക്കില്ല
മാംസഭുക്കുകൾക്കെല്ലാം തിങ്കളാഴ്‌ച ഡയറ്റാണ്‌. അന്ന്‌ ഭക്ഷണമില്ല. ഡോക്‌ടറുടെ നിർദേശ പ്രകാരമാണ്‌ ഈ തീരുമാനം. എത്ര അളവിൽ ആഹാരം നൽകണം, ഏത്‌ സമയത്ത്‌ നൽകണം എന്നെല്ലാം തീരുമാനിക്കുന്നത്‌ ഇവരാണ്‌. രേഖാമൂലം ലഭിക്കുന്ന ഈ നിർദേശം അനുസരിച്ചാണ്‌ പരിപാലകർ ഭക്ഷണം എത്തിക്കുന്നത്‌. ഭക്ഷണസാധനങ്ങളിൽ മായമില്ലാ എന്നുറപ്പാക്കേണ്ട ചുമതലയും ഇവർക്കുണ്ട്‌. ഇറച്ചി രാവിലെതന്നെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പരിശോധിക്കും. നല്ലതല്ല എന്നുറപ്പായാൽ ഒഴിവാക്കും. പഴവും പച്ചക്കറിയും ഉപ്പുവെള്ളത്തിലിട്ട്‌ കഴുകിയാണ്‌ മൃഗങ്ങൾക്കും പക്ഷികൾക്കും നൽകുന്നത്.

തട്ടിമുട്ടിപ്പോകാൻ ലക്ഷങ്ങൾ വേണം
ഒരു ദിവസം ഇവരെയൊക്കെ ഊട്ടി ഉറക്കണമെങ്കിൽ ചുരുങ്ങിയത് ഒരുലക്ഷം രൂപവേണം. അങ്ങനെ നോക്കിയാൽ ഒരുമാസം 30 ലക്ഷം രൂപ. ഒരുദിവസം ഇറച്ചിമാത്രം വേണം 80 കിലോ. 50 കിലോ മീൻ, 2120 കിലോ പ്ലാവില, 1010 കിലോ പുല്ല്, 360 കിലോ കാലിത്തീറ്റ ഇങ്ങനെ പോകുന്നു ലിസ്റ്റ്. ഇതെല്ലാം വർഷാവർഷം പുതുക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ്. പഴവും പച്ചക്കറിയുമെല്ലാം ഹോർട്ടികോർപ്‌ എത്തിക്കും. മീൻ കായലിൽ വലയിടുന്നവരും ഇറച്ചി കരാറുകാരും നൽകും. ചേരയെ പിടിച്ചെത്തിക്കുന്നവർക്കുവരെ പ്രതിഫലം നൽകിയാണ് പോകുന്നത്. കൂടാതെ, ഭക്ഷണത്തിനൊപ്പം എല്ലാവർക്കും മിനറൽമിശ്രിതവും നൽകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top