23 January Sunday

മലയാളത്തെ തഴുകിയ മാപ്പിളപ്പാട്ടിന്റെ മൊഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021


മുഴപ്പിലങ്ങാട്
‘കാഫ് മല കണ്ട പൂങ്കാറ്റേ..... കാണിക്ക നീ കൊണ്ടു വന്നാട്ടേ…’ ആസ്വാദകരുടെ ഹൃദയത്തിലേക്ക്‌ ഈ പാട്ട്‌ ഊർന്നിറങ്ങിയത്‌ പീർ മുഹമ്മദിന്റെ സ്വരത്തിലൂടെയായിരുന്നു. ‘ഒട്ടകങ്ങൾ വരിവരിവരിയായ് കാരയ്ക്ക മരങ്ങൾ നിരനിരനിരയായ്…’ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റ്‌ മാപ്പിളപ്പാട്ടുകൾ . ചുട്ടുപൊള്ളുന്ന പ്രവാസജീവിതത്തിൽ മലയാളിയുടെ ആശ്വാസതീരംകൂടിയായിരുന്നു മുഹമ്മദിന്റെ ഇശലുകൾ.

വേദികളിൽ തിളങ്ങിയ മാപ്പിളപാട്ടുകാരൻമാത്രമായിരുന്നില്ല   അദ്ദേഹം. മാപ്പിളപ്പാട്ടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കലാകാരൻകൂടിയായിരുന്നു. സംഗീതവേദികളെ ഇളക്കിമറിക്കുന്ന തലത്തിലേക്ക്‌ മാപ്പിളപ്പാട്ടിനെയും അതിന്റെ ആസ്വാദനത്തെയും ഉയർത്തിവച്ച കലാകാരൻ. നിരവധി ഹിറ്റ്‌ മാപ്പിളപ്പാട്ടുകൾ എഴുതുകയും ചെയ്‌തു. സംഗീതം പഠിച്ചിട്ടില്ലാത്ത പീർ മുഹമ്മദ്​ നാലായിരത്തിലേറെ പാട്ടുകൾക്കാണ്‌  സംഗീതം നൽകിയത്‌.

തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ്‌  നാലാം വയസ്സിലാണ്‌ തലശേരിയിലെത്തിയത്‌.  ഏഴാം വയസ്സിൽ അദ്ദേഹത്തിന്റെ പാട്ട് റെക്കോഡ്‌ ചെയ്തു. തലശേരി ജനത സംഗീതസഭയിലൂടെയാണ്  രംഗത്തെത്തുന്നത്. 1976ൽ ടെലിവിഷൻ ചരിത്രത്തിലാദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു.

പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയിലേറെയും. തമിഴ് ശൈലിയും മലബാർ മാപ്പിള ശൈലിയും സംയോജിപ്പിച്ച പുതിയ ഗാനരീതി അവതരിപ്പിച്ചു.  മാപ്പിളപ്പാട്ട് രചനയ്‌ക്കു പുറമെ നാടോടി പാട്ടുകളും അദ്ദേഹത്തിന്‌ പ്രിയപ്പെട്ടതായിരുന്നു. തമിഴ് നാടൻപാട്ടുകളുടെ ശീലുകൾ അതിമനോഹരമായി സന്നിവേശിപ്പിച്ച പീർ മുഹമ്മദിന്റെ ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. തമിഴ് മുരുകഭക്തിഗാനങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദു ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

 എ ടി ഉമ്മറിന്റെയും കെ രാഘവൻമാസ്റ്ററുടെയും ഗാനങ്ങളിലൂടെ സിനിമാ പിന്നണിഗാനരംഗത്തുമെത്തി. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ കല്യാണി മേനോൻ, സുജാത എന്നിവർക്കൊപ്പമാണ്‌പാടിയത്‌. 33 വർഷം ഹിസ്‌ മാസ്‌റ്റേഴ്‌സ്‌ വോയ്‌സ്‌ സംഗീതകൂട്ടായ്‌മയിൽ ആർട്ടിസ്റ്റായിരുന്നു.
ഫോക്‌ലോർ അക്കാദമി അവാർഡ്, എ വി മുഹമ്മദ് അവാർഡ്, ഒ  അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലിം കൾച്ചറൽ സെന്റർ അവാർഡ്, ഓൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കലാ അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. --സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ച ഏക മലയാളിയായിരുന്നു.

   കേരളത്തിലും പുറത്തും ആയിരത്തിൽപ്പരം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്താളം കാസറ്റുകളും പുറത്തിറക്കി. വയലാർ രാമവർമയുടെ കവിതകളോടായിരുന്നു കമ്പം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top