29 March Friday

പ്രകോപനങ്ങളെ തൂത്തെറിഞ്ഞ സമരവീര്യം

മിൽജിത്‌ രവീന്ദ്രൻUpdated: Tuesday Nov 15, 2022


തിരുവനന്തപുരം
പ്രകോപനം സൃഷ്ടിക്കാനും പൊളിക്കാനും അവസാനനിമിഷംവരെ നടന്ന ഇടപെടലുകളെ തൂത്തെറിഞ്ഞാണ്‌ രാജ്‌ഭവനുമുന്നിലെ പ്രതിഷേധക്കൂട്ടായ്‌മ സമരചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്‌. ഗവർണർക്കെതിരെയുള്ള സമരമെന്ന നിലയിൽ ദേശീയ ശ്രദ്ധയാകർഷിച്ച കൂട്ടായ്‌മയ്‌ക്ക്‌ ലക്ഷംപേർ ഒഴുകിയെത്തിയിട്ടും നഗരം ഗതാഗതക്കുരുക്കിലായില്ല എന്നതിലൂടെ തെളിഞ്ഞത്‌ അസാമാന്യമായ സംഘാടന മികവ്‌.

ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി പ്രതിഷേധകൂട്ടായ്‌മ തീരുമാനിച്ച്‌ ദിവസങ്ങൾ മാത്രമാണ്‌ ലഭിച്ചതെങ്കിലും വിസ്‌മയിപ്പിക്കുന്ന ജനപ്രവാഹമാണ്‌ എത്തിയത്‌. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ വിവിധയിടങ്ങളിൽനിന്ന്‌ ചെറുപ്രകടനങ്ങളായി ജനാവലി രാജ്‌ഭവനു മുന്നിലെത്തി. നഗരസഭ, സെക്രട്ടറിയറ്റ്‌ എന്നിവയ്‌ക്കു മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ അക്രമസമരങ്ങളുടെ പശ്‌ചാത്തലത്തിൽ പ്രകോപന സാധ്യതയുണ്ടായിരുന്നു. നഗരസഭയ്‌ക്കു മുന്നിൽ സമരം നടത്തുന്ന ബിജെപി, കോൺഗ്രസ്‌ പ്രവർത്തകർ പ്രകോപനത്തിന്‌ പരമാവധി ശ്രമിച്ചു.

വെള്ളയമ്പലത്തും മറ്റുമായി ബിജെപിയുടെ പ്രചാരണ വാഹനം കടന്നുപോയി. കൂട്ടായ്‌മയ്‌ക്കെത്തിയ വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന ജനക്കൂട്ടം ഇതിലൊന്നും പ്രകോപിതരായില്ല. പ്രതിഷേധ ദിവസം എബിവിപിയും കെഎസ്‌യുവും വിദ്യാഭ്യാസ ബന്ദ്‌ പ്രഖ്യാപിച്ചത്‌ പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. കൂട്ടായ്‌മ തടയാൻ കോടതിയെ സമീപിച്ച ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നീക്കവും പൊളിഞ്ഞു.

അച്ചടക്കത്തോടെ നടത്തിയ പ്രതിഷേധത്തെ പ്രശംസിക്കാൻ യോഗത്തിൽ പ്രസംഗിച്ചവർ  മറന്നില്ല. ഓരോരുത്തരും സ്വയം നിയന്ത്രിക്കുംവിധം വളന്റിയർമാരായാണ്‌ പ്രതിഷേധത്തിൽ അണിചേർന്നതെന്ന എം വി ഗോവിന്ദന്റെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ്‌ അവർ സ്വീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top