29 March Friday

തെന്നിന്ത്യയുടെ ആദ്യ ന്യൂജനറേഷന്‍ താരം

​ഗിരീഷ് ബാലകൃഷ്ണന്‍Updated: Friday Jul 15, 2022

വൺസ് അപ് ഓൺ എ ടൈം ദേർ വാസ് എ കള്ളനിൽ പ്രതാപ്‌ പോത്തൻ


മലയാള സിനിമയിൽ ആദ്യമായി ജീൻസ് ധരിച്ചത് പ്രതാപ് പോത്തനായിരിക്കും. ഊട്ടി ലോറൻസ് സ്‌കൂളിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും പഠിച്ചിറങ്ങി ഇംഗ്ലീഷ് നാടകം കളിച്ചുകടന്ന്, മുംബൈയിൽ പരസ്യവാചക എഴുത്തുകാരനായി തിളങ്ങിനിൽക്കെയാണ് ആരവത്തിൽ അഭിനയിക്കാൻ ഭരതൻ ക്ഷണിക്കുന്നത്. തനിനാടൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കിലും സെറ്റിൽ തടിയൻ ഇംഗ്ലീഷ് പുസ്തകവുമായി ഒറ്റയ്ക്ക് മാറിയിരുന്ന് വായിക്കുന്ന ചെറുപ്പക്കാരൻ. സർഗശേഷിയിൽ കാലത്തിനുമുമ്പേ സഞ്ചരിച്ചു.

മലയാള സിനിമാപ്രേക്ഷകരുടെ ഓർമകളിൽനിന്ന് ഒരിക്കലും തൂത്തെറിയാൻ കഴിയാത്ത തകരയും  അധ്യാപികയിൽ അനുരക്തനായ ‘ചാമര'ത്തിലെ വിനോദും ‘ലോറി'യിലെ ദാസപ്പനും ബാലുമഹേന്ദ്രയുടെ ‘മൂടുപനി'യിലെ പരമ്പര പെൺകൊലയാളി ചന്ദ്രുവും കെ ബാലചന്ദന്റെ ‘വരുമയിൻ നിറം ശിവപ്പി'ലെ കഥാപാത്രവും സിനിമയിൽ പ്രതാപ് പോത്തന്റെ മുദ്ര ആഴത്തിൽ പതിപ്പിച്ചു. എണ്‍പതുകളുടെ തുടക്കത്തിൽ തെന്നിന്ത്യയിലെ സംവിധായകരും നായികമാരും സാങ്കേതിവിദ​ഗ്ധരുമെല്ലാം പ്രതാപ് പോത്തനൊപ്പം പ്രവര്‍‍ത്തിക്കാന്‍ മത്സരിച്ചു.

ആദ്യമായി എഴുതി സംവിധാനംചെയ്ത് അഭിനയിച്ച ‘മീണ്ടും ഒരു കാതൽ കഥൈ'(1985) പൂർത്തിയാക്കാൻ പണം കണ്ടെത്താനാണ് പ്രതാപ് പോത്തൻ തെലുങ്ക് സിനിമയിലേക്ക് കടന്ന് നായകന്മാരുടെ ചവിട്ടുംതൊഴിയും കൊണ്ടതും ഡിസ്‌കോ കളിച്ചതും. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ‘ഋതുഭേദം' ചിത്രീകരിച്ചത് 18 ദിവസംകൊണ്ട്. ‘ഡെയ്സി' എക്കാലത്തെയും പ്രിയപ്പെട്ട പ്രണയദുരന്ത ചിത്രമായി. ഹോളിവുഡിൽ ‘ബോൺ ഐഡന്റിന്റി' ഇറങ്ങുംമുമ്പേ, ഓർമശക്തി നഷ്ടപ്പെട്ട പൊലീസുകാരന്റെ കഥ പറയുന്ന ആക്‌ഷൻ ത്രില്ലർ തമിഴ്പടം ‘വെട്രിവിഴ' ഒരുക്കി. ഒരു യാത്രാമൊഴിയിലൂടെ സാക്ഷാൽ ശിവാജി ഗണേശനെ മലയാളസിനിമയിൽ എത്തിച്ചു. സംവിധാനംചെയ്ത 12ൽ ഒമ്പതിന്റെയും രചന നിർവഹിച്ചു.
തെന്നിന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്രകാരനും നടനുമായിട്ടും കേരള സർക്കാരിന്റെ അംഗീകാരം കിട്ടാൻ  63–-ാം വയസ്സുവരെ കാത്തിരിക്കേണ്ടിവന്നു അദ്ദേഹത്തിന്. അധികമാരും കണ്ടിരിക്കാൻ ഇടയില്ലാത്ത ‘വൺസ് അപ് ഓൺ എ ടൈം ദേർ വാസ് എ കള്ളനി' (2014)ലെ ഔസേപ്പച്ചൻ എന്ന വൃദ്ധനിലൂടെ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കരിയറിലെ 100–-ാമത്തെ സിനിമയായിരുന്നു അത്. പുരസ്കാര ലബ്ധിക്ക് ശേഷം തിരുവനന്തപുരത്ത് ക്ഷണിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചു. ഈ ചിത്രം ജനങ്ങളിൽ എത്തിയെങ്കിൽ തകരയുടെ പേരിലായിരിക്കില്ല പിൽക്കാലം താൻ ഓർമിക്കപ്പെടുകയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 

ഇരുപതു വർഷത്തോളമാണ് സിനിമയിൽനിന്ന് മാറ്റിനിർത്തപ്പെട്ടത്. ആഷിക് അബുവിന്റെ 22 ഫീമെയിൽ കോട്ടയത്തിലെ റേപ്പിസ്റ്റായി വൻ തിരിച്ചുവരവ് നടത്തി. സിനിമയിലും ജീവിതത്തിലും പ്രതാപ് പോത്തൻ അക്ഷരാർഥത്തിൽ ഒറ്റയാനായി. ഉള്ളിലുള്ളത് തുറന്നുപറയാൻ മടിച്ചതേയില്ല. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം നിലപാടുകൾ പ്രഖ്യാപിച്ചു. ആലപ്പുഴയിൽ സിപിഐ എം സംസ്ഥാന സമ്മേളന ചടങ്ങിൽ പങ്കെടുത്തതിനു പിന്നാലെ അടുത്ത ബന്ധമുള്ളവരുടേത് അടക്കം ചിത്രത്തിൽനിന്ന് ഒഴിവാക്കപ്പെട്ടു. അപ്പോൾ പ്രതികരിച്ചത്‌ ഇങ്ങനെ ‘എന്റെ രാഷ്ട്രീയ നിലപാട് ഒളിച്ചുവയ്ക്കാൻ എനിക്ക് താൽപ്പര്യമില്ല. അതിൽ നോവുന്നവർക്ക് എന്നെ എന്തു ചെയ്യാനൊക്കും. പടം ഇല്ലാതാക്കാൻ പറ്റുമായിരിക്കും. എനിക്ക് എന്നോട് സത്യസന്ധനായി ഇരിക്കാൻ മാത്രമേ കഴിയൂ’.

സിനിമയിൽ അദ്ദേഹത്തിനു ചുറ്റും ഒരിക്കലും സഹായിവൃന്ദങ്ങളുണ്ടായിരുന്നില്ല. ഒറ്റയ്ക്കാകുന്നത് ഒടുവിൽ ഇഷ്ടമായിത്തുടങ്ങി. തമിഴ് ചലച്ചിത്രതാരം രാധികയുമായുള്ള ആദ്യവിവാഹം നീണ്ടത് ഒരുവർഷംമാത്രം. 22 വർഷം നീണ്ട രണ്ടാം ദാമ്പത്യവും വേർപിരിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top