19 April Friday

അന്ന്‌ പ്രാകൃതം; ഇന്ന്‌ പുഷ്പവൃഷ്ടി

പ്രത്യേകലേഖകൻUpdated: Wednesday Jun 15, 2022


കണ്ണൂർ
കേരളത്തിന്റെ രണ്ടു മുഖ്യമന്ത്രിമാർക്കെതിരെ നടന്ന ആക്രമണശ്രമങ്ങളിൽ പരസ്‌പരവിരുദ്ധമായ നിലപാടുമായി മനോരമയുടെ മുഖപ്രസംഗം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സമരം പ്രാകൃതവും ഇപ്പോൾ പിണറായി വിജയന്‌ എതിരെ നടന്ന അക്രമം ന്യായവുമാണെന്നുവരുത്താനാണ്‌ ശ്രമം. സോളാർ കുംഭകോണവുമായി ബന്ധപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞുവെന്ന നുണ പ്രചരിപ്പിച്ച്‌ വാർത്ത നൽകിയ ‘മനോരമ’ 2013 ഒക്ടോബർ 29ന്‌ എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട്‌ ‘കൈവിട്ടുപോകുന്ന രാഷ്‌ട്രീയക്കളി, മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം പ്രാകൃതം’ എന്നാണ്‌. എന്നാൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അതീവ സുരക്ഷാമേഖലയിൽ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ സാമാന്യവൽക്കരിക്കാനായി ആര്‌ ആരെയാണ്‌ വിഢിയാക്കുന്നതെന്നാണ്‌ മനോരമ ചോദിക്കുന്നത്‌. 

ബുധനാഴ്‌ചത്തെ മുഖപ്രസംഗത്തിന്റെ അവസാന വാചകം നോക്കൂ–-‘അത്യധികം ഗുരുതരമായ ചില ചോദ്യങ്ങളിൽനിന്നാണ്‌ ഈ പ്രതിഷേധങ്ങളത്രയും തുടങ്ങിയതെന്ന്‌ മറക്കാതിരിക്കാം. ഈ ബഹളത്തിനിടയിൽ ആ ചോദ്യങ്ങൾ മായാൻ പാടില്ല.’ എന്നാണ്‌. രണ്ടുവർഷം അന്വേഷിച്ചിട്ടും ഒരു തരിമ്പ്‌ സത്യംപോലും കണ്ടെത്താനാകാതെ കേന്ദ്ര ഏജൻസികൾ തള്ളിയ അതേകഥകൾ 21 തവണ സ്വർണംകടത്തിയ  പ്രതി ആവർത്തിക്കുന്നതാണ്‌ ‘മനോരമ’യ്‌ക്ക്‌ ഗൗരവതരമായ ചോദ്യങ്ങളാകുന്നത്‌. അതേസമയം, സോളാർ കേസിൽ ജുഡീഷ്യൽ കമീഷൻ ഗുരുതരമായ കണ്ടെത്തലുകളാണ്‌ നടത്തിയത്‌.   അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും വലതുപക്ഷ നേതാക്കളാകെയും ഇപ്പോഴും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്‌. സിബിഐ അന്വേഷണം തുടരുകയാണ്‌.

അന്ന്‌ ഉമ്മൻചാണ്ടിക്കെതിരെ നടന്നതായി ആരോപിക്കുന്ന അക്രമ കേസിന്റെ വിചാരണ കണ്ണൂർ അഡീഷണൽ സെഷൻസ്‌ കോടതിയിൽ നടക്കുകയാണ്‌. കേസിലെ പ്രധാന സാക്ഷിയായ പൊലീസ്‌ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം നടന്ന വിചാരണയിൽ വ്യക്തമാക്കിയത്‌ ഉമ്മൻചാണ്ടിക്കെതിരെ അക്രമം നടന്നില്ലെന്നാണ്‌. പൊലീസ്‌ വാഹനത്തിനുനേരെ കല്ലേറുണ്ടായി എന്നാണ്‌. അതാണ്‌ ‘മനോരമ’യ്‌ക്ക്‌ പ്രാകൃതമായത്‌. ഇപ്പോൾ പൊലീസിനുനേരെ നടക്കുന്ന അക്രമങ്ങളാകട്ടെ അവർക്ക്‌ പുഷ്പവൃഷ്ടിയും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top