26 April Friday

ലോക്കില്ലാതെ പാറിപ്പറന്ന്‌ തുമ്പികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020


തിരുവനന്തപുരം
ലോക്‌ഡൗൺ വകവയ്‌ക്കാതെ വീട്ടുമുറ്റത്തും പറമ്പിലും വിരുന്നെത്തുന്ന തുമ്പികളെത്തേടി ഒരുകൂട്ടം പ്രകൃതിസ്‌നേഹികൾ. കൺമുമ്പിൽ ചുറ്റിയടിക്കുന്ന തുമ്പികളെ നിരീക്ഷിച്ച്‌ ചിത്രവും ശാസ്‌ത്രീയനാമവും നാട്ടുപേരും സൗന്ദര്യവും ശേഖരിക്കുകയാണിവർ. ലോക്‌ഡൗൺ കാലത്ത്‌ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന തുമ്പി സർവേയുടെ ഭാഗമാണിത്‌. ഒരു മാസത്തിനിടെ 104 ഇനം തുമ്പികളെയാണ്‌ സർവേയിൽ കണ്ടെത്തിയത്‌. കേരളത്തിൽ ആദ്യമായാണ്‌ നാട്ടിൻപുറത്ത്‌ തുമ്പി സർവേ നടക്കുന്നത്‌.

സൊസൈറ്റി ഫോർ ഒഡൊനേറ്റ്‌ സ്‌റ്റഡീസ്‌ (എസ്‌ഒഎസ്‌)ആണ്‌ സർവേ സംഘടിപ്പിച്ചത്‌. മെയ്‌ ഒന്നിന്‌ ആരംഭിച്ച സർവേയിൽ ഡോക്ടർമാർമുതൽ കുട്ടികൾവരെ പങ്കാളികളാണ്‌. കണ്ടും പിന്നാലെ സഞ്ചരിച്ചും തുമ്പികളെ നിരീക്ഷിക്കുന്ന ഇവർ എല്ലാ വിവരവും ഫോട്ടോ സഹിതം ‘ഡ്രാഗൺഫ്ളൈസ്‌ കേരള’ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവയ്‌ക്കും. ശാസ്‌ത്രീയനാമം, വലുപ്പം, രൂപം, നിറം തുടങ്ങി അറിയുന്ന എല്ലാ വിവരവും ഇതോടൊപ്പം രേഖപ്പെടുത്തും. ഈ വിവരങ്ങൾ ക്രോഡീകരിച്ച്‌ പട്ടിക തയ്യാറാക്കുമെന്ന്‌ സർവേക്ക്‌ നേതൃത്വം നൽകുന്ന സുജിത്‌ വി ഗോപാലനും മുഹമ്മദ്‌ ഷരീഫും പറഞ്ഞു.

പറമ്പിക്കുളം, പെരിയാർ, സൈലന്റ്‌വാലി, പേപ്പാറ തുടങ്ങിയ വനങ്ങളിലും കോൾനിലങ്ങളിലുമായിരുന്നു നേരത്തേ തുമ്പി സർവേ നടത്തിയത്‌. തുമ്പികൾ കൂടുതലായി കാണുന്ന, മഴക്കാലത്തിന്‌ തൊട്ടുമുമ്പാണ്‌ സർവേ നടത്തുക. ഇൗവർഷം സീസണിൽ ലോക്‌ഡൗണായതിനാൽ സർവേ ഓരോരുത്തരുടെയും വീടിന്റെ പരിസരത്താണ്‌ നടത്തിയത്‌.

168 ഇനം തുമ്പികൾ
കേരളത്തിൽ 168 ഇനം തുമ്പികളെയാണ്‌ ഇതുവരെ കണ്ടെത്തിയത്‌. ഇതിൽ 104 ഇനത്തെ നാട്ടിൻപുറത്ത്‌ കണ്ടെത്തിക്കഴിഞ്ഞു. അത്യപൂർവമായ ‘കാട്ടുമരതകൻ തുമ്പി’യും ഇക്കൂട്ടത്തിലുണ്ട്‌. ചാലക്കുടിയിലെ ഒരു വീട്ടിലെ കിണറിനടുത്തുനിന്നാണ്‌ ഇവയെ കണ്ടത്‌. ഇതിനുമുമ്പ്‌ 2016ൽ പെരിയാർ ടൈഗർ റിസർവിലാണ്‌ കാട്ടുമരതകനെ കണ്ടെത്തിയത്‌. തിരുവനന്തപുരത്തുനിന്ന്‌ ‘മേഘവർണൻ’ ഉൾപ്പെടെ 78 ഇനത്തെ ‌ കണ്ടെത്തി‌. ‘കാട്ടുചേരാചിറകൻ’ ഉൾപ്പെടെ 21 ഇനത്തെയാണ്‌ ഇടുക്കിയിൽനിന്ന്‌ കണ്ടെത്തിയത്‌. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുനിന്ന്‌ 51 ഇനത്തെയും പേപ്പാറയ്‌ക്കടുത്ത്‌ 74 ഇനത്തെയും കണ്ടെത്തി. പെരുവാലൻ കടുവ, നാട്ടുകടുവ, ഗോവൻ കോമരം, ചെങ്കറുപ്പൻ മുളവാലൻ, സിന്ദൂര തുമ്പി, പച്ചകണ്ണൻ ചേരചിറകൻ, അരുവിതുമ്പി തുടങ്ങിയ ഇനം തുമ്പികളും കണ്ടെത്തിയ കൂട്ടത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top