08 May Wednesday

ദേശാഭിമാനി കൂടെയുണ്ട്‌, കാലഭേദമില്ലാതെ

അശോകൻ ചരുവിൽUpdated: Monday Sep 13, 2021


ദേശാഭിമാനി പത്രം എല്ലാ കാലത്തും എന്റെ കൂടെത്തന്നെ ഉണ്ട്‌. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചതു മുതൽ ഇന്നുവരെ മുടക്കമില്ലാതെ വായിക്കുന്നു. മറ്റു  പത്രങ്ങളും  സോഷ്യൽ മീഡിയയും വായിച്ചാലും ചാനലുകൾ കണ്ടാലും ദേശാഭിമാനി വായിച്ചില്ലെങ്കിൽ മനസ്സ് അസംതൃപ്തമായിരിക്കും.

ആദ്യകാലത്ത് ഞങ്ങളുടെ കാട്ടൂരിലേക്ക് കോഴിക്കോട്ടുനിന്നാണ് ദേശാഭിമാനി വന്നിരുന്നത്. സ്വഭാവികമായും അതുകിട്ടാൻ കുറച്ചു വൈകാറുണ്ട്. കുട്ടിക്കാലത്ത് ദേശാഭിമാനി തപ്പിപ്പിടിച്ചു വായിച്ചതിന്റെ വിലപിടിച്ച ഓർമകൾ ഉണ്ട്. ഇരിങ്ങാലക്കുടയിലെ പാർടി സംഘാടകനായിരുന്ന എന്റെ അച്ഛൻ സി എ രാജൻ മാസ്റ്ററുടെ ഫോട്ടോ അതിൽ അച്ചടിച്ചു കണ്ട് ആവേശം കൊണ്ടത് മനസ്സിൽ മായാതെ നിൽക്കുന്നു.

അക്കാലത്ത് "ചൈനാചാരന്മാർ" എന്നു മുദ്രകുത്തി കമ്യൂണിസ്റ്റ് നേതാക്കളെ ഒന്നടങ്കം തടവിലാക്കിയ കാലമായിരുന്നു. ഓണക്കാലമാണ്. ജനനേതാക്കളുടെ വീടുകളിൽചെന്ന് കുട്ടികളുമായി ലേഖകർ സംസാരിച്ചതിന്റെ റിപ്പോർട്ടുകൾ വന്നിരുന്നു. എ കെ ജിയുടെ മകൾ ലൈലയാണെന്ന് തോന്നുന്നു, പറഞ്ഞു: "മാവേലി വന്നില്ലെങ്കിലും അച്ഛൻ വന്നാൽ മതി.’  ആ വാക്കുകൾ മനസ്സിൽ കൊണ്ടു. ലൈലയുടെ അച്ഛനും അമ്മയും അന്ന് ജയിലിലായിരുന്നു. സുശീല ഗോപാലൻ അറസ്റ്റു ചെയ്യപ്പെടുന്നതിന് തൊട്ടു തലേന്ന് കാട്ടൂരിൽ  പൊതുയോഗത്തിൽ പ്രസംഗിക്കാൻ വന്നിരുന്നു. അന്ന് അവർ ഞങ്ങളുടെ വീട്ടിലും വന്നു.

മലയാളത്തിലെ ഉത്തരവാദിത്വമുള്ള ഏക പത്രം എന്നതാണ് ദേശാഭിമാനിയുടെ പ്രധാന മേന്മ. മറ്റു പത്രങ്ങൾക്ക് എന്തു നുണയും എഴുതാം. ഏതു കള്ളവും പ്രചരിപ്പിക്കാം. അവാസ്തവങ്ങളും അർധസത്യങ്ങളുംവച്ച് പലവിധ വിഭവങ്ങൾ പാചകം ചെയ്തു വിളമ്പാം. തന്ത്രപരമായി വസ്തുതകളെ തമസ്കരിക്കാം. ദേശാഭിമാനിക്ക് അതിനു കഴിയില്ല. ചോദിക്കാൻ ആളുണ്ട്.

എതിരാളികളും വിമർശകരും മാത്രമല്ല; അതിന്റെ ഉടമകളായ ജനലക്ഷങ്ങൾ സദാ ജാഗ്രതയോടെ വീക്ഷിക്കുന്നു. മുതിർന്നശേഷം ദേശാഭിമാനി വാരികയിലും പത്രത്തിന്റെ എഡിറ്റ്‌ പേജിലും എഴുതാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top