24 April Wednesday

വൈറസ്‌ പറന്നിറങ്ങി ; 
ഇടുക്കിക്ക്‌ ചരിത്രനിമിഷം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022


വണ്ടിപ്പെരിയാർ
ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾ യാഥാർഥ്യമാക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ ചെറുവിമാനമിറങ്ങി. ഒരു വർഷത്തിനിടെ പലപ്പോഴായുള്ള പരീക്ഷണത്തിന് ഒടുവിലാണ് വ്യാഴം രാവിലെ പത്തോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാണ് പറന്നിറങ്ങിയത്.

എന്‍സിസി കേഡറ്റുകൾക്ക്‌ സൗജന്യമായി ഫ്‌ളൈയിങ്‌ പരിശീലനം നൽകാൻ രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ എയര്‍സ്ട്രിപ്പ്‌ നിർമാണം ദ്രുതഗതിയിൽ നടത്തുന്നത്. 650 മീറ്റര്‍ നീളമുള്ള റണ്‍വേയും നാല്‌ ചെറുവിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, താമസ സൗകര്യം ഉള്‍പ്പെടെ 50 വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യവും പൂര്‍ത്തിയായി. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇപ്പോൾ ഇറങ്ങാം. എയര്‍സ്ട്രിപ്പ് അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് സഹായകരമാകും.

ചെറുവിമാനം ഇറക്കാന്‍ നേരത്തെ രണ്ട് തവണ ശ്രമിച്ചെങ്കിലും സമീപത്തെ മണ്‍തിട്ട കാരണം ഇറങ്ങാനായില്ല. തടസ്സങ്ങൾ നീക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് മൂന്നാം തവണത്തെ പരിശ്രമം വിജയം കണ്ടത്. എൻസിസി എയര്‍സ്ട്രിപ്പ് എന്ന സ്വപ്‌നം പൂർണതയിൽ എത്തിക്കുകയാണ് ലക്ഷ്യം. റൺവേയുടെ നീളം ആയിരം മീറ്ററാക്കാൻ വനഭൂമി വിട്ടുകിട്ടാനും  ശ്രമം നടക്കുന്നു.  ഭാവിയിൽ എയര്‍ഫോഴ്‌സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും ഇവിടെ ഇറക്കാനാകുമെന്നാണ്‌ പ്രതീക്ഷ.  
കേരള എയർ സ്‌ക്വാഡ്രൻ തിരുവനന്തപുരം കമാൻഡിങ്‌ ഓഫീസർ എ ജി ശ്രീനിവാസനായിരുന്നു പ്രധാന പൈലറ്റ്. കേരള എയർ സ്‌ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ്‌ ക്യാപ്ടൻ ഉദയരവിയായിരുന്നു കോ–- പൈലറ്റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top