17 September Wednesday

ഈ ടീച്ചർമാർക്കും ‘പ്രവേശനോത്സവം’

വിനോദ്‌ തലപ്പള്ളിUpdated: Monday Nov 1, 2021



തിരൂർ
കുട്ടികൾക്കുമാത്രമല്ല, സഹോദരിമാരായ ദിവ്യയ്‌ക്കും വിദ്യയ്‌ക്കും കേരളപ്പിറവിദിനം ആദ്യ വിദ്യാലയ ദിവസമായിരുന്നു. അധ്യാപകരായി ഇരുവരും  ‘പ്രവേശനോത്സവം’ ഗംഭീരമാക്കി. ഒരുമിച്ച്‌ പിഎസ്‌സി പരീക്ഷയെഴുതി ഒരേ സ്‌കൂളിൽ ജോലി.

തൃശൂർ ചെമ്പുച്ചിറ അണലിപ്പറമ്പിൽ മോഹനന്റെ മക്കളാണ്‌  ഇവർ. കഴിഞ്ഞ ജൂലൈയിലാണ്‌ പുറത്തൂർ ജിയുപി സ്‌കൂളിൽ അധ്യാപകരായി ചേർന്നത്‌.  ദിവ്യയ്‌ക്ക്‌ ക്ലാസ്‌ ചാർജായി ലഭിച്ചത്‌ അഞ്ച്‌ എയും അനിയത്തി വിദ്യയ്‌ക്ക്‌ അഞ്ച്‌ സിയും. അടുത്തടുത്ത ക്ലാസുകൾ. ചിരിയും ബഹളവും പ്രതീക്ഷിച്ച്‌ ക്ലാസിലെത്തിയ ഇരുവരെയും എതിരേറ്റത്‌ ഭയത്തോടെയിരിക്കുന്ന മുഖങ്ങൾ. അടുത്തിരിക്കുന്നവരോടുപോലും സംസാരിക്കാൻ കുട്ടികൾ മടിച്ചതോടെ നൃത്തവും പാട്ടുമായി അധ്യാപികമാർ വിദ്യാർഥികളെ കൈയിലെടുത്തു.  ഇരുവരും ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നിവ പഠിച്ചവരാണ്‌.

കഴിഞ്ഞ യുപി സ്‌കൂൾ അസിസ്‌റ്റന്റ്‌ പരീക്ഷ  മലപ്പുറം ജില്ലയിൽ ഒരുമിച്ചാണ്‌ ഇരുവരും എഴുതിയത്‌. അനുജത്തി വിദ്യയ്‌ക്കാണ്‌ ആദ്യം നിയമന ശുപാർശ ലഭിച്ചത്‌. കോവിഡ്‌ കാലമായതിനാൽ ജോലിക്ക് എത്താനായില്ല. ഇതിനിടയിൽ ദിവ്യയ്‌ക്കും നിയമനം ലഭിച്ചു. കാവിലക്കാട് വാടകവീട്ടിലാണ്‌ താമസം. സിപിഐ എം ചാലക്കുടി മോതിരക്കണ്ണി ബ്രാഞ്ച് സെക്രട്ടറി വിജയനാണ് ദിവ്യയുടെ ഭർത്താവ്. രണ്ട്‌ മക്കളുണ്ട്. പരേതനായ സെൽവനാണ് വിദ്യയുടെ ഭർത്താവ്. മൂന്ന്‌ മക്കൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top