24 April Wednesday

സ്‌നേഹവനം 
പൂത്തു ; ഉൾക്കാട്ടിലും ജീവിതവെളിച്ചം നിറച്ച 
 സർക്കാരിന്‌ നന്ദിയുമായി ഗോത്രവിഭാഗങ്ങൾ

ഒ വി സുരേഷ്‌Updated: Wednesday Mar 1, 2023

നിലമ്പൂരിലെ സ്വീകരണവേദിയിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ ചാലിയാർ പെരുമുണ്ട ആദിവാസി കോളനി മൂപ്പൻ ശെലുവനെ ഷാളണിയിക്കുന്നു ഫോട്ടോ: ജഗത്‌ലാൽ


നിലമ്പൂർ (മലപ്പുറം)
സ്‌നേഹവനം പൂത്തതുപോലെ ആഹ്ലാദത്തിന്റെ മേലാപ്പ്‌. പൂണിക്കൊട്ടയും തെങ്കിലൂവ് ജ്യാനുമായി (തേൻ) അവർ കാടിറങ്ങിയെത്തി. പ്രിയ നേതാവിനെ കണ്ടതും കണ്ണിൽ ഇഴയടുപ്പത്തിൻ പ്രവാഹം. ചാലിയാർ പെരുമുണ്ട ആദിവാസി കോളനി മൂപ്പൻ ശെലുവനെ ജാഥാനായകൻ എം വി ഗോവിന്ദൻ ചേർത്തുപിടിച്ചു, ആദരമായി ഷാളണിയിച്ചു. നിറചിരിയോടെ, കൈകൾ കൂപ്പി നന്ദി ചൊല്ലി. മാഞ്ചീരി പാണപ്പുഴ ഗുഹയിലെ ചോലനായ്ക്കർ നെയ്‌ത പൂണിക്കൊട്ടയും തെങ്കിലൂവ് മരത്തിൽനിന്നുള്ള തേനും സ്നേനേഹത്തിൽ ചാലിച്ച് ശെലുവൻ കെെമാറി.

ഗോത്രവിഭാഗങ്ങളോടുള്ള സർക്കാരിന്റെ കരുതലിന്റെ നേർസാക്ഷ്യമായി നിലമ്പൂരിലെ ജനകീയ പ്രതിരോധ ജാഥാ സ്വീകരണം. പിഎസ്‌സി സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിതരാകുന്ന ഗോത്രവിഭാഗക്കാരും വരവേൽപ്പിനെത്തി.
ജില്ലയിലെ ഗോത്രവിഭാഗത്തിൽനിന്നുള്ള മുപ്പതു പേരാണ്‌ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർമാരാകുന്നത്‌. ചോലനായ്ക്കരിൽനിന്ന്‌ രവീന്ദ്രനും കൂട്ടത്തിലുണ്ട്‌. ‘ഇങ്ങനൊക്കെ ചേർത്തുപിടിക്കാൻ ഈ സർക്കാരിനേ പറ്റൂ’–-- വെറ്റിലപ്പാറ പണിയൻമല കോളനിയിലെ ശിവപ്രസാദ് പറഞ്ഞു.

ശിവപ്രസാദിന്റെ അനുജൻ ജിഷ്ണുവും പട്ടികയിലുണ്ട്. എട്ടിന് നിലമ്പൂർ സൗത്ത് വനംവകുപ്പ്‌ ഓഫീസിൽ ഇവർ ജോലിയിൽ പ്രവേശിക്കും. കാടിനെ അറിയുന്നവരുടെ കൈകളിൽ കാടിന്റെ സുരക്ഷ ഏൽപ്പിക്കുകയാണെന്നും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗക്കാർക്ക് വാട്സാപ്പിൽ നോട്ട് അയച്ചുകൊടുത്താണ്‌ പരിശീലനം നൽകിയതെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ പ്രൊജക്ട് മാനേജർ റിജേഷ് പറഞ്ഞു. എടക്കര ജനമൈത്രി എക്സൈസ് രാത്രി ക്ലാസും എടുത്തു.

ജാഥയുടെ ബുധനാഴ്‌ചത്തെ കേന്ദ്രങ്ങളിൽ പുതുജീവിതം സാധ്യമായവരുടെ ആവേശ വരവേൽപ്പായിരുന്നു ശ്രദ്ധേയം. ഏറനാട്‌ മണ്ഡലത്തിലെ അരീക്കോട്‌, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ജാഥ പാലക്കാട്‌ ജില്ലയിലേക്ക്‌ പ്രവേശിച്ചു. പട്ടാമ്പിയിലായിരുന്നു പാലക്കാട്ടെ സ്വീകരണം.

ജാഥ ഇന്ന്‌:
രാവിലെ 10- –- കൂറ്റനാട് സെന്റർ. 11 –-ചെർപ്പുളശേരി ടൗൺ. 3 –- ഒറ്റപ്പാലം. 4 –- മണ്ണാർക്കാട്. 5 –- കോങ്ങാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top