25 April Thursday

പ്രതിസന്ധിയിലാക്കുന്ന മാലിന്യം

അജിത് എം ആര്‍Updated: Sunday Apr 24, 2022


കേരളത്തിൽ പ്രകൃതിയുടെ സംരക്ഷണത്തിനായി നിരവധി ഉദാത്ത മാതൃകകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഹരിതവൽക്കരണം, നദികളുടെ പുനരുജ്ജീവനം തുടങ്ങി ലോക ശ്രദ്ധപിടിച്ചു പറ്റിയ നിരവധി പദ്ധതികൾ സമീപകാലത്തായി നാട്‌ ഏറ്റെടുത്തു കഴിഞ്ഞു .എന്നാൽ  ഖരമാലിന്യ പ്രശ്‌നത്തിൽ  സമൂഹമെന്ന നിലയിൽ നാം ഇനിയും കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്‌.  മാലിന്യസംസ്‌കരണമടക്കമുള്ള കാര്യങ്ങളിൽ  സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വലിയ പ്രതീക്ഷ നൽകുന്നവയും മാതൃകാപരവുമാണ്‌.

ഹരിതവൽക്കരണം, ജലസംരക്ഷണം എന്നിവയിലൊക്കെ ഒരു സാമാന്യ അവബോധം ഇന്ന് നിലവിലുണ്ട്.  ഉയർന്ന ജനസാന്ദ്രതയും കുറഞ്ഞ ഭൂമി ലഭ്യതയുമുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ വർധിച്ചു വരുന്ന ഖരമാലിന്യ പ്രശ്‌നം  പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌.  ഏകദേശം എഴുപതു കിലോമീറ്റർ ദൂരത്തിനുള്ളിൽ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ ഭൂവിഭാഗങ്ങളും നാല്പത്തിനാല് നദികളും ഒട്ടനവധി ഉൾനാടൻ ജലാശയങ്ങളും ഉള്ള ഒരു നാടാണിത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഉപഭോക്തൃ സംസ്ഥാനവും. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ഖരമാലിന്യ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരാനിരിക്കുന്ന പാരിസ്ഥിതിക ആഘാതം  വലുതായിരിക്കും.

വിഭവശേഷികളുടെ പരിമിതികളും മനുഷ്യരുടെ അഭിലഷണീയമല്ലാത്ത പ്രവൃത്തികളുമാണ്‌ ഖരമാലിന്യപ്രശ്‌നം രൂക്ഷമാക്കുന്നത്‌.  ഇത്‌  ഒരു ജീവിതശൈലീ മലിനീകരണം തന്നെയാണ്.  ഓരോ വ്യക്തിയുടെയും ഈ വിഷയത്തിലുള്ള മനോഭാവം മാറണം.  ഉറവിടത്തിൽത്തന്നെ മാലിന്യം സംസ്‌കരിക്കുന്ന പദ്ധതികൾക്ക്‌ വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്‌.

ഉപഭോക്തൃ സംസ്കാരം വളരുന്നതിനനുസരിച്ച് ഖരമാലിന്യവും വർധിച്ചുകൊണ്ടേയിരിക്കും. 2015 ൽ നടന്ന ഒരു പഠനത്തിൽ ഗാർഹിക ഉല്പന്നങ്ങളുടെ നിർമാണവും ഉപയോഗവും കൊണ്ടാണ് ലോകത്തിലെ അറുപതു ശതമാനം ഹരിത ഗൃഹ വാതകങ്ങൾ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ഉൽപ്പന്നത്തിന്റെ നിർമാണം മുതൽ നിർമാർജനം വരെയുള്ള കാലയളവിൽ അതിന്റെ   തൂക്കത്തിന്റെ ആറ് ഇരട്ടിയോളമാണ് അത് ഉണ്ടാക്കുന്ന കാർബൺ ബഹിർഗമനം എന്നാണ്‌ കണക്ക്‌.

നിലവിൽ ലോകത്താകമാനം പ്രതിവർഷം 201 കോടി ടണ്ണിലധികം ഖരമാലിന്യം ഉണ്ടാകുന്നുവെന്നു കണക്കാക്കുന്നു. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇത് എഴുപതു ശതമാനം വർധിക്കുമെന്ന്‌ കരുതുന്നു. ഇതിൽ പതിമൂന്നര ശതമാനം മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ. ബാക്കി മുഴുവനും മണ്ണിട്ടു മൂടുകയോ, കത്തിച്ചുകളയുകയോ കുന്നുകൂട്ടി ഇടുകയോ ചെയ്യുകയാണ്‌. ഈ പ്രക്രിയ ഭൂമിക്കുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതും നീണ്ടകാലം നിലനിൽക്കുന്നതും ആയിരിക്കും. ഇതിൽ അളവിൽ കൂടുതലുള്ളതും ഏറ്റവും അപകടകാരിയുമായത് പ്ലാസ്റ്റിക് തന്നെയാണ്.   ജീർണിക്കാൻ വർഷങ്ങൾ എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് 2016 ൽ 242 ദശലക്ഷം ടൺ ആയിരുന്നു. നിലവിൽ കടലിലെത്തുന്ന മാലിന്യങ്ങളുടെ തൊണ്ണൂറു ശതമാനവും പ്ലാസ്റ്റിക്കാണ്. ഇങ്ങനെ പോയാൽ 2050 ആകുമ്പോഴേക്കും കടൽ ജീവികളുടെ എണ്ണത്തേക്കാൾ പ്ലാസ്റ്റിക് ആയിരിക്കും സമുദ്രത്തിൽ ഉണ്ടാകുകയെന്ന്‌ ശാസ്‌ത്രജ്‌ഞർ മുന്നറിയിപ്പ്‌ നൽകുന്നു. 2017 ൽ യൂറോപ്പ് അവരുടെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആറിലൊന്ന് പുനരുപയോഗം എന്ന പേരിൽ ഏഷ്യൻ, രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു!

ലോകത്തിലെ മൊത്തം ഇത്തരം മാലിന്യത്തിന്റെ നാൽപ്പതു ശതമാനവും ഭക്ഷണവും അതുമായി ബന്ധപ്പെട്ട മേഖലയിൽ നിന്നും വരുന്നതാണെന്നുള്ളതാണ്. ഐക്യരാഷ്ട്ര സഭയുടെ 2020ലെ കണക്ക്  പ്രകാരം ലോകത്തിൽ മൂന്നിലൊരാൾക്ക് മതിയായ ഭക്ഷണം ലഭിക്കാത്ത ലോകക്രമത്തിലാണ് ഇത് സംഭവിക്കുന്നത് എന്ന് നാം ഓർക്കണം.

സാങ്കേതിക വിദ്യയുടെ പ്രത്യേകിച്ചും വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം വളർന്നു കൊണ്ടിരിക്കുന്ന  പ്രശ്നമാണ് ഇലക്ട്രോണിക് അഥവാ ഇ മാലിന്യത്തിന്റെ ക്രമാതീതമായ വർധനവ്. 2019 ൽ 54  ദശലക്ഷം ടൺ ഇ മാലിന്യമാണ് ലോകത്ത് ഉണ്ടായത്. 2030 ൽ ഇത് 75 ദശലക്ഷം ടണ്ണിലധികം  ആകുമെന്ന് കരുതുന്നു.  ഖരമാലിന്യത്തിന്റെ കണക്കെടുപ്പിന്റെ പരിമിതികൾ മൂലം മേൽപ്പറഞ്ഞ കണക്കുകളൊക്കെ തന്നെയും യഥാർഥത്തിൽ ഉള്ളതിന്റെ താഴെയാണെന്നും കരുതണം.ഇന്ത്യയിൽ നിലവിൽ ഖരമാലിന്യത്തിന്റെ അളവ് പ്രതിവർഷം 62 ദശലക്ഷം ടൺ ആണ്. ഇതിൽ ശരിയായ രീതിയിൽ സംസ്കരിക്കപ്പെടുന്നത്  പതിനഞ്ച് ശതമാനം മാത്രവും.

കേരളത്തിൽ നിലവിൽ 11,449 ടൺ ഖരമാലിന്യമാണ് പ്രതിദിനം വരുന്നത് .ഇവിടെ ആദ്യം വേണ്ടത് മാലിന്യത്തോടുള്ള മലയാളികളുടെ സമീപനം മാറുക എന്നതാണ്. ഏത് പാഴ്‌വസ്തുവും പൊതു സ്ഥലത്തോ  മറ്റിടങ്ങളിലോ വലിച്ചെറിയുന്ന രീതി പൂർണമായി മാറിയേ മതിയാകൂ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും  മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ഇവർക്ക്‌ മതിയായ പിന്തുണ സമൂഹം നൽകണം. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളുടെ സാന്നിധ്യവും കുറയ്ക്കണം. കടകളിലേക്ക്‌ പോകുമ്പോൾ ഒന്നോ രണ്ടോ  തുണി സഞ്ചി കൈയിൽ കരുതിയാൽ അത് കുറയ്ക്കുന്ന പ്ലാസ്റ്റിക്  മാലിന്യം  വളരെയധികമാണ്.

പുനർ ഉപയോഗം എന്നത് ഖരമാലിന്യത്തിന്റെ പ്രതിസന്ധി നേരിടാനുള്ള ഏറ്റവും ലളിതമായ മാർഗം തന്നെയാണ്. ഇതിന്‌ ഒട്ടേറെ മാതൃകകൾ കേരളത്തിൽത്തന്നെയുണ്ട്‌. ഇവ വിപുലമാക്കണം.പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവുമായ വസ്തുക്കളുടെ നിർമാണവും ഉപയോഗവും വർധിപ്പിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ തനതായ സാഹചര്യത്തിൽ കൈത്തറി, റബർ എന്നിവ ഇതിന് യോജിച്ചതാണ്.മാലിന്യ നിർമാർജനവും  സംസ്കരണവും നൽകുന്ന അനന്തമായ വ്യവസായ–-തൊഴിൽ സാധ്യതകൾ സമൂഹം തിരിച്ചറിയണം.  ഖര മാലിന്യപ്രശ്ന പരിഹാരത്തിന്‌ മികച്ച സാങ്കേതിക വിദ്യകൾ കണ്ടെത്താൻ ശാസ്‌ത്രസാങ്കേതിക മേഖല കൂടുതൽ ശ്രദ്ധിക്കണം.

(ഇൻവിസ് മൾട്ടിമീഡിയയുടെ സ്ഥാപക ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top