20 April Saturday

കർക്കടകത്തിൽ കരുത്ത് കൂട്ടാം

ഡോ. പ്രിയ ദേവദത്ത്Updated: Sunday Jul 18, 2021


മലിന ജലം, ഈർപ്പം നിറഞ്ഞ അന്തരീക്ഷം  തുടങ്ങി രോഗാണുക്കളെ വളർത്തുന്ന സാഹചര്യമാണ്‌ മഴക്കാലത്തുള്ളത്.  ബലവും പ്രതിരോധശക്തിയും കുറഞ്ഞവർ   ഈ സാഹചര്യത്തിൽ വളരെപ്പെട്ടെന്ന് രോഗത്തിനടിമപ്പെടും. മഴക്കാലത്ത് രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ബലവും ദഹനശക്തിയും വർധിപ്പിക്കുന്ന തരത്തിൽ ആഹാരത്തെ ഔഷധമാക്കുന്ന ഒരു രീതി  കേരളത്തിൽ നിലവിലുണ്ടായിരുന്നു. ഉണർവും ഉൽസാഹവും ഒപ്പം രോഗപ്രതിരോധശേഷിയും നേടാൻ ഇത്തരം  ആഹാര രീതികൾക്ക് കഴിയും.

ആഹാരത്തെ ഔഷധമാക്കാം
വയറ് ശുദ്ധീകരിക്കാൻ കർക്കടകത്തിൽ "മുക്കുടി’ കുടിക്കുന്നത്‌ നല്ലതാണ്‌. പല ദേശങ്ങളിലും പലതരം "മുക്കുടി’കൾ പ്രചാരത്തിൽ ഉണ്ട്. ചുക്ക്, ജീരകം, അയമോദകം, കുരുമുളക്, പുളിയാറില, കുടകപ്പാലയരി, കൊത്തമല്ലി ഇവ സമമായെടുത്ത് അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു ഗ്ലാസ് മോരിൽ കുറുക്കി പകുതിയാക്കുക. ഇത് അൽപ്പം ഉപ്പ് ചേർത്ത് രാവിലെ കഴിക്കാം.

പോഷകം നിറയും "തവിട്’
ജീവകം ബി, ഇ, ഫെറുലിക് ആസിഡ്, ഗാമ ഓറൈസനോൾ, ടൊക്കോട്രി യേനോൾ, ഫൈറ്റോസ്റ്റെറോൾ തുടങ്ങിയ ഘടകങ്ങളാണ് തവിടിൽ പ്രധാനമായും ഉള്ളത്. കർക്കടകത്തിൽ തവിടപ്പം കഴിക്കുന്നത് പഴമക്കാരുടെ ശീലമായിരുന്നു.  തവിട് കുഴച്ച്‌ വാഴയിലയിൽ നേർമയായി പരത്തി അതിൽ ശർക്കര, തേങ്ങ ചിരകിയത്, ജീരകം, ചുക്ക് പൊടിച്ചത്, ഏലത്തരി ഇവ വിതറി അട പോലെ വേവിച്ചെടുക്കുന്നതാണ് തവിടപ്പം.  വാതവേദന, കടച്ചിൽ, വിളർച്ച, ചർമ്മരോഗങ്ങൾ  ഇവയ്ക്ക് ഗുണം ചെയ്യും.

പത്തിലക്കറി
കർക്കടകത്തിലെ  ആരോഗ്യസംരക്ഷണത്തിൽ  നെയ്യുണ്ണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, മുള്ളൻചീര, ആനക്കൊടിത്തൂവ, ചീര, ചേമ്പില എന്നീ പത്തിലകൾക്കും  ഏറെ പങ്കുണ്ട്.  ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും  കലവറയായ ഈ പത്തിലകൾ തോരനാക്കി ഭക്ഷണത്തിൽപ്പെടുത്താം.

സൗഖ്യം പകരും ദശപുഷ്പം
പൂവകുറുന്നില, മുക്കൂറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള, വിഷ്ണുക്രാന്തി, മുയൽച്ചെവിയൻ, കറുക, നിലപ്പന, കൈയോന്നി ഇവയാണ് ദശപുഷ്പങ്ങൾ. ജ്വരം അതിസാരം, വിഷം ഇവയെ ശമിപ്പിക്കാനും രക്ത സ്രാവത്തെ തടയാനും മുടിവളർച്ചയ്ക്കും ഗർഭാശയ രോഗങ്ങൾക്കും ഫലപ്രദമാണ് ദശപുഷ്പങ്ങൾ.. കർക്കടകത്തിൽ ദശപുഷ്പങ്ങൾ ഓരോന്നും 5ഗ്രാം വീതമെടുത്ത് വേവിച്ച്  ഒരു ഗ്രാം ജീരകവും  തേങ്ങാപ്പാലും ചേർത്ത് കഴിക്കാറുണ്ട്.

ദഹനശക്തിക്ക് കൂവ
ദഹനരസത്തെ ക്രമപ്പെടുത്തി ദഹനശക്തിയെ വർധിപ്പിക്കാൻ ഉത്തമമാണ്  കൂവക്കിഴങ്ങ്.  ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും  കലവറയായ കൂവക്കിഴങ്ങ് വയറിളക്കം, അതിസാരം, മൂത്രാശയ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ ഇവയിൽ  ഔഷധത്തോടൊപ്പം ആഹാരത്തിൽപ്പെടുത്തുന്നത്  ഏറെ ഗുണം ചെയ്യും. പാന്റോതെനിക് ആസിഡ്, പിരീഡോക്സിൻ, തയാമിൻ, റൈബോഫ്ലാവിൻ, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, ഫോസ്‌ഫറസ്, മഗ്‌നീഷ്യം, സിങ്ക് ഇവയാണ് കൂവയിലെ പ്രധാന ഘടകങ്ങൾ. ഒരു ഗ്ലാസ് പാൽ ഒരു സ്പൂൺ കൂവപ്പൊടി ചേർത്ത് കുറുക്കുക. അതിൽ പഞ്ചസാര, കരിപ്പെട്ടി, ശർക്കര ഇവയിൽ ഏതെങ്കിലും ചേർത്ത് കഴിക്കാം. ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണിത് .

ചെറുപയർ സൂപ്പ്
ദഹനശക്തിയെ  വർധിപ്പിക്കുന്ന സൂപ്പുകളിൽ പ്രധാനമാണ്  ചെറുപയർ സൂപ്പ്.  60ഗ്രാം ചെറുപയർ ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച്‌ അരിച്ചെടുത്തതിൽ ഇന്തുപ്പ്, മല്ലി, ചുക്ക്, ഇവ അഞ്ച്‌  ഗ്രാം വീതം പൊടിച്ച് ചേർത്ത് 25 മില്ലീലിറ്റർ മാതളനാരങ്ങാനീരും ചേർത്ത് കറിവേപ്പിലയും ചുവന്നുള്ളിയും താളിച്ചുപയോഗിക്കാം.
.
ആട്ടിൻ സൂപ്പ്
അസ്ഥിക്ഷയം, മാംസക്ഷയം, ശരീരം മെലിച്ചിൽ ഇവ പരിഹരിക്കാൻ ആട്ടിൻ സൂപ്പ് ഗുണകരമാണ്. മഴക്കാലത്ത് മാസത്തിൽ രണ്ട് തവണ ഉപയോഗിക്കാം. എന്നാൽ അമിത രക്തസമ്മർദം, അമിത കൊളസ്ട്രോൾ ഇവ ഉള്ളവർക്ക് ഈ സൂപ്പ് നല്ലതല്ല. വട്ടകുറുന്തോട്ടി, കരിങ്കുറിഞ്ഞി, പുത്തരിച്ചുണ്ട ഇവയുടെ വേരിന്മേൽത്തൊലി, ദേവതാരം, ചുവന്നരത്ത ഇവയുടെ നേർത്ത കഷായത്തിൽ ആട്ടിന്മാംസവും ചേർത്ത് സൂപ്പുണ്ടാക്കാം. ചുവന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് ഉപ്പും കുരുമുളകും ചേർത്തുപയോഗിക്കാം.

ക്ഷീണമകറ്റും മുതിര
കാത്സ്യവും ഇരുമ്പും ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള ഒരു പയർ വർഗമാണ്‌ മുതിര. മഴക്കാലത്ത്‌ പണ്ടുകാലം മുതലേ മുതിരയെ പ്രയോജനപ്പെടുത്താറുണ്ട്.പീനസം, വയറുവേദന, ആർത്തവപ്രശ്നങ്ങൾ, വിളർച്ച ഇവയിൽ മുതിരയെ ഉപയോഗപ്പെടുത്താം. മുതിരക്കഷായമുണ്ടാക്കി മല്ലി, ജീരകം, വെളുത്തുള്ളി, കടുക് ഇവ മൂപ്പിച്ചു വറവിടുന്നതാണ്  മുതിര രസം.  കൂടാതെ മുതിര  തോരനാക്കിയോ കറിയാക്കിയോ കഴിക്കാം. പ്രമേഹരോഗികൾക്കും മുതിര അനുയോജ്യമാണ്.
       
ഔഷധക്കഞ്ഞികൾ
100 ഗ്രാം ഉണക്കലരിയും 5ഗ്രാം  വീതം ചുക്ക്, കുരുമുളക്, തിപ്പലി, കരിംജീരകം, പെരുംജീരകം, അയമോദകം എന്നിവയും അൽപ്പം കായവും ചേർത്ത് കഞ്ഞിയുണ്ടാക്കുക. ദഹനശക്തിക്കും  പ്രതിരോധശേഷിക്കുമുത്തമം.  നുറുക്ക് ഗോതമ്പ് 25ഗ്രാം,  ഉലുവ കുതിർത്തത് 6ഗ്രാം, പെരുംജീരകം, ജീരകം, ഇഞ്ചി, പച്ചമഞ്ഞൾ, വെളുത്തുള്ളി 3 ഗ്രാം വീതം ചതച്ചിട്ട് അൽപ്പം കായവും ചേർത്ത്‌ കഞ്ഞിയാക്കി കഴിക്കുന്നത് പ്രമേഹരോഗിക്ക്  ഫലപ്രദമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top