23 April Tuesday

അപകടംവിതച്ച്‌ കില്ലർ വണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


പാലക്കാട്  
കളർ ലൈറ്റും സൗണ്ടും, വേണ്ടിവന്നാൽ പടക്കം പൊട്ടിക്കും പൂത്തിരിയും കത്തിക്കും. മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെ നിരത്തുകളിൽ വിലസുകയാണ് ടൂറിസ്റ്റ്ബസുകളിൽ ഒരു വിഭാഗം. ഇൻസ്റ്റഗ്രാം വഴി വിവിധ പാട്ടുകളുടെ മേമ്പൊടിയോടെയുള്ള പ്രചാരണം വിദ്യാർഥികളെയും യുവാക്കളെയും സ്വാധീനിക്കുന്നു. അസുര, കൊമ്പൻ, കില്ലർ ബീ, കറുമ്പൻ തുടങ്ങി വിവിധ പേരുകളിൽ ബസുകളുടെ വീഡിയോകൾ വാട്സാപ് സ്റ്റാറ്റസും വാഴുന്നു. ജീവനക്കാർക്കായി ഫാൻപേജുകളും സജീവം. പണം നൽകിയുള്ള പ്രചാരണത്തിനായും പേജുകളുണ്ട്.  അമിതവേഗവും ബസിനകത്തെ കളർ ലൈറ്റുകളുടെ വിന്യാസവും പാട്ടിന്റെ ശബ്ദവുമെല്ലാം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായി മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പല ബസുകളും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും വകവയ്ക്കാതെയാണ് യാത്ര. അപകടങ്ങളുടെ പശ്ചാത്തലത്തിൽ, വിനോദയാത്ര തുടങ്ങും മുമ്പ്‌ അറിയിക്കണമെന്ന് സർക്കാർ നിർദേശമുണ്ടായിട്ടും ഇതൊന്നും പാലിക്കാതെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദയാത്രക്ക്‌ പുറപ്പെടുന്നതെന്ന്‌ ആക്ഷേപമുണ്ട്‌.

സ്വപ്‌നങ്ങൾ 
തകർത്തെറിഞ്ഞ 
യാത്രകൾ
പ്രതീക്ഷയും സ്വപ്‌നങ്ങളുമായി ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രകൾ ചിലപ്പോൾ റോഡ്‌ അപകടങ്ങളുടെ രൂപത്തിൽ പാതിയിൽ മുറിഞ്ഞുപോകും. അമിതവേഗവും നിയമങ്ങൾ കാറ്റിൽപ്പറത്തി, അശ്രദ്ധമായ ഡ്രൈവിങ്ങുമാണ്‌ പലപ്പോഴും വില്ലനാകുന്നത്‌. കേരളത്തെ നടുക്കിയ ഏതാനും ചില അപകടങ്ങൾ:

ബ്ലാക്ക്‌ ലിസ്‌റ്റിൽ പെടുത്തിയ ബസ്‌
വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ "ലൂമിനസ്‌ അസുര' ടൂറിസ്‌റ്റ്‌ ബസ്‌ മോട്ടോർ വാഹനവകുപ്പ്‌ ബ്ലാക്ക്‌ ലിസ്‌റ്റ്‌ ചെയ്‌തത്‌. ബസ്‌ അഞ്ച്‌ തവണ നിയമനടപടി നേരിട്ടിട്ടുണ്ട്‌. അമിത ലൈറ്റുകൾ, എയർഹോൺ, നികുതി അടയ്‌ക്കാതെ ഓട്ടം, അനധികൃത പാർക്കിങ്‌ കുറ്റങ്ങൾക്കാണ്‌ പിഴ ചുമത്തിയിട്ടുള്ളത്‌. ഇതിൽ ഒരു കേസിൽ പിഴ അടയ്‌ക്കാത്തതിനാൽ കോട്ടയം ആർടി ഓഫീസ്‌ ബസിനെ കരിമ്പട്ടികയിൽ പെടുത്തുകയായിരുന്നു.
കോട്ടയം, ചങ്ങനാശേരി ആർടി ഓഫീസുകളിലാണ്‌ മൂന്ന്‌ കേസുള്ളത്‌. രണ്ടെണ്ണം തൃശൂരും തിരുവനന്തപുരത്തും.  2019 ഒക്‌ടോബറിലാണ്‌ ബസ്‌ കോട്ടയം ആർടി ഓഫീസിൽ രജിസ്‌റ്റർ ചെയ്‌തത്‌. പാമ്പാടി പങ്ങട തെക്കേമറ്റം എസ്‌ അരുൺ ആണ്‌ ഉടമ. കോട്ടയത്തെയും സമീപത്തെയും ബസ്‌ പ്രേമികൾക്കിടയിൽ ലൂമിനസ്‌ പ്രസിദ്ധമാണ്‌. ബസിനെ വാഴ്‌ത്തുന്ന നിരവധി വീഡിയോകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്‌.


മുന്നിലേക്ക്‌ മാറി, 
ജീവിതത്തിലേക്ക്‌ രക്ഷപ്പെട്ടു

പിൻ വാതിലിന്‌ സമീപം തിരക്കായതിനാൽ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ മുൻ വാതിലിനടുത്തേക്ക്‌ നീങ്ങിയ  ശ്രീനാഥ്‌ രക്ഷപ്പെട്ടത്‌ മരണത്തിൽനിന്ന്‌.  കാഞ്ഞിരപ്പള്ളിയിൽ ഡയമണ്ട്‌ കമ്പനി മാനേജരായ കുനിശേരി സ്വദേശി ശ്രീനാഥാണ്‌ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടത്‌.

ശ്രീനാഥ്‌ വടക്കഞ്ചേരി സ്‌റ്റോപ്പ്‌ കഴിഞ്ഞുള്ള ആലത്തൂരിൽ ഇറങ്ങാനാണ്‌ മുന്നിലേക്ക്‌ നീങ്ങിയത്‌. മാറിനിന്ന്‌  നിമിഷങ്ങൾക്കുള്ളിൽ ശക്തമായ ശബ്ദത്തിൽ ബസിനു പിന്നിൽ എന്തോ വന്നിടിച്ചു. ഇടിയുടെ ആഘാതത്തിൽ ശ്രീനാഥ്‌ തെറിച്ചുവീണു. പിന്നെ നിലവിളികളും കരച്ചിലും മാത്രമായിരുന്നു. അൽപ്പംമുമ്പ്‌ നിന്നിരുന്ന ഭാഗം പൂർണമായി മുറിഞ്ഞുപോയതുകണ്ടു. പുറത്തിറങ്ങിയപ്പോഴാണ്‌ ടൂറിസ്റ്റ്‌ ബസ്‌ മറിഞ്ഞത്‌ കണ്ടത്‌. അതിനടിയിൽ മൂന്നുപേരുണ്ടായിരുന്നു.

പൂജ അവധിക്ക്‌ ശേഷം ജോലിസ്ഥലത്തേക്കും കോളേജുകളിലേക്കും തിരിച്ചുപോകുന്നവരായിരുന്നു ബസിൽ. എല്ലാവരും നല്ല ഉറക്കത്തിലും. അപകടംനടന്ന ഉടൻ 100ൽ വിളിച്ചറിയിച്ചു. നാട്ടുകാരും എത്തി. കൈക്ക്‌ വേദന തോന്നിയതിനാൽ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ പോയി–- ശ്രീനാഥ്‌ പറഞ്ഞു.


 

രക്ഷാപ്രവർത്തനം അതിവേഗം; 
മുൻനിരയിൽ നാട്ടുകാരും
വടക്കഞ്ചേരി അപകട വിവരം ആദ്യം പൊലീസിനെ അറിയിച്ചത്‌ ബസിലെ യാത്രക്കാർ. രാത്രി 11.30നുണ്ടായ അപകട വിവരം അറിഞ്ഞ്‌ നാട്ടുകാർ എത്തുമ്പോഴേയ്ക്കും ബസിലുള്ളവർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പുറത്തേയ്ക്ക്‌ കൈനീട്ടിയവരെയൊക്കെ നാട്ടുകാർ പുറത്തിറക്കി. വിവരമറിഞ്ഞ ഉടൻ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, നെന്മാറ സ്റ്റേഷനുകളിലെ പൊലീസുകാരും വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയുമെത്തി. കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായ ദീപു, അനൂപ്‌, രോഹിത്‌ രാജ്‌ എന്നിവരുടെ മൃതദേഹം റോഡിലാണുണ്ടായിരുന്നത്‌. ടൂറിസ്റ്റ്‌ ബസ്‌ തലകീഴായി മറിഞ്ഞതിനാൽ ക്രയിൻ എത്തിച്ചാണ്‌ രക്ഷാപ്രവർത്തനം നടത്താനായത്‌. മൂന്നുപേരുടെ മൃതദേഹം ബസിനടിയിലായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിലും നെന്മാറ അവൈറ്റിസ്‌ ആശുപത്രിയിലും ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലും  ആദ്യം എത്തിച്ചു. പിന്നീട്‌ 38ഓളംപേരെ തൃശൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അപകട വിവരം അറിയിച്ച ഉടൻ ആശുപത്രികൾ സജ്ജമായതും രക്ഷാപ്രവർത്തനത്തിൽ തുണയായി.

വിവരം ആർടി ഓഫീസിൽ അറിയിക്കണം
സ്‌കൂൾ–- കോളേജുകളിൽനിന്ന്‌ വിനോദയാത്രയ്‌ക്ക്‌ പോകുന്ന കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങളെക്കുറിച്ച്‌ യാത്രയ്ക്കുമുമ്പ്‌ വിവരം  ബന്ധപ്പെട്ട ആർടി ഓഫീസിൽ അറിയിക്കണം. ഇതുസംബന്ധിച്ച്‌ ജൂലൈ ഏഴിന്‌ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ നിർദേശം നൽകിയിരുന്നു. ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടർ, ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ എന്നിവർക്കാണ്‌ നിർദേശം നൽകിയത്‌. വാഹനം പരിശോധിക്കുന്നതിനും ഡ്രൈവിങ്‌ പരിചയം, ഡ്രൈവറുടെ മുൻകാല പശ്‌ചാത്തലം എന്നിവ അറിയുന്നതിനും ഇതിലൂടെ സാധിക്കും.  മോട്ടോർവാഹനവകുപ്പ്‌ ഉദ്യോഗസ്ഥരാണ്‌ പരിശോധിച്ച്‌ സ്ഥാപന അധികൃതരെ അറിയിക്കുക.

ശ്രദ്ധിക്കാം
● അനധികൃത രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും അരോചക ശബ്ദമുണ്ടാക്കുന്ന ഓഡിയോ സിസ്‌റ്റമില്ലാത്തതുമായിരിക്കണം വാഹനം
● ഡ്രൈവർ അമിതവേഗത ശീലമില്ലാത്തവരാണെന്ന്‌ ഉറപ്പുവരുത്തണം.
● ഡ്രൈവർ മദ്യപാന ആസക്തരോ മറ്റ്‌ ലഹരിക്കടിമയോ ആകരുത്‌.
● ഡ്രൈവർക്ക്‌ ആവശ്യമായ വിശ്രമം ലഭിച്ചിട്ടുണ്ടെന്നും തുടർ യാത്രകളിൽ വിശ്രമം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം

തൃശൂർ–- പാലക്കാട്‌ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത്‌ ഉണ്ടായ അപകടത്തിന്റെ ചിത്രീകരണം
1) വലത്തെ ട്രാക്കിലൂടെ സഞ്ചരിച്ച കാറിനെ ഇടതുവശത്തുകുടി ടൂറിസ്‌റ്റ്‌ ബസ്‌ മറികടക്കാൻ ശ്രമിക്കുന്നു. 2) കെഎസ്‌ആർടിസി ബസിനെയും മറികടക്കാനുള്ള ശ്രമത്തിനിടെ ബസിന്റെ പിന്നിലിടിക്കുന്നു 3) നിയന്ത്രണംവിട്ട്‌ വലത്തേക്ക്‌ തിരിഞ്ഞ ടൂറിസ്റ്റ്‌ ബസ്‌ ഡിവൈഡറിൽ ഇടിക്കുന്നത്‌ ഒഴിവാക്കാൻ റോഡിന്റെ ഇടത്തേക്ക്‌ വെട്ടിക്കുന്നു. 4) ഇതോടെ പൂർണമായും നിയന്ത്രണം നഷ്ടമായ ബസ്‌ റോഡിൽ തലകീഴായി മറിയുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top