25 September Monday

തമാശ സിനിമകൾ സ്വീകരിക്കപ്പെടും

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Apr 30, 2023

മലയാള സിനിയിലേക്ക്‌ പുതിയൊരു സംവിധായകൻ കൂടി, അഖിൽ സത്യൻ. വെള്ളിയാഴ്‌ച തിയറ്ററിലെത്തിയ ഫഹദ്‌ ഫാസിൽ നായകനായ പാച്ചുവും അത്ഭുവിളക്കും എന്ന ചിത്രത്തിലൂടെ സത്യൻ അന്തിക്കാടിന്റെ മകൻ എന്നതിനപ്പുറം ആദ്യ സിനിമയിലൂടെ സ്വന്തമായൊരു മേൽവിലാസം കൂടി അഖിൽ നേടിയെടുത്തു. ഇന്നസെന്റ്‌ അവസാനമായി അഭിനയിച്ച സിനിമകളിൽ ഒന്ന്‌കൂടിയാണ്‌ ചിത്രം. മലയാളി എന്നെന്നും ഓർത്തിരിക്കുന്ന കൂട്ടുകെട്ട്‌, ഫീൽഗുഡ്‌ സിനിമയുടെ ഭാവി, തന്റെ സിനിമാകാഴ്‌ചപ്പാടുകൾ തുടങ്ങിയവയെക്കുറിച്ച്‌ അഖിൽ സത്യൻ സംസാരിക്കുന്നു:

വിവിധ ജോണറുള്ള സിനിമ

ഫഹദ്‌ ഫാസിലിന്റെ കഥാപാത്രം മുംബൈയിൽനിന്ന്‌ കേരളത്തിലേക്ക്‌ നടത്തുന്ന യാത്രയാണ്‌ ചിത്രം. എല്ലാ കാലത്തും ആളുകൾ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമയാണ്‌. ഫീൽഗുഡ് മാത്രമല്ല, ആക്ഷൻ, പ്രണയം, ഇമോഷൻസ് അങ്ങനെ വിവിധ ജോണറുകളിലൂടെ കടന്നുപോകുന്ന സിനിമയാണ്‌. പത്തുവർഷത്തോളം അച്ഛനൊപ്പം (സത്യൻ അന്തിക്കാട്) സിനിമയിൽ പ്രവർത്തിച്ചു. അഞ്ചുവർഷം കഴിയുമ്പോൾത്തന്നെ സിനിമ ചെയ്യാമെന്ന്‌ തോന്നിയിരുന്നു. പിന്നീട്‌ ആലോചിച്ചപ്പോൾ പോരാ, കുറച്ച്‌ കഴിയട്ടെ എന്ന തോന്നലാണ്‌ ഉണ്ടായത്‌. ഞാൻ പ്രകാശൻ ചെയ്യുമ്പോൾ കാര്യങ്ങൾ ചെയ്യാൻ അച്ഛൻ കുറച്ചധികം സ്വാതന്ത്ര്യം തന്നിരുന്നു. സിനിമ വലിയ വിജയവുമായി. അത്‌ ആത്മവിശ്വാസം നൽകി. തുടർന്നാണ്‌ സ്വന്തമായി സിനിമ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്‌. സിനിമ സാങ്കേതികമായും മികച്ചു നിൽക്കണം എന്നും തീരുമാനിച്ചിരുന്നു. സിങ്ക്‌ സൗണ്ടാണ്‌ ഉപയോഗിച്ചത്‌. ജസ്റ്റിൻ പ്രഭാകറാണ്‌ സംഗീതം.

പുതുമ ആവശ്യം

സിനിമ ചെയ്യുമ്പോൾ അത്‌ സാധാരണഗതിയിൽ ഉണ്ടാകുന്ന രീതിയിലുള്ളത്‌ അല്ലാതെ ഒരു പുതുമ വേണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ നാട്ടിൽ നിന്നും മാറി നാടിന് പുറത്ത്‌ നടക്കുന്ന ഒരു സിനിമയിലേക്ക്‌ ആലോചന ഉണ്ടാകുന്നത്‌. എനിക്ക്‌ അറിയാവുന്നത്‌ മിഡിൽക്ലാസ് ജീവിതമാണ്. അതുകൊണ്ടുതന്നെയാണ്‌ ഒരുമിഡിൽ ക്ലാസ് കഥാപാത്രം. വളരെ ലളിതമായി കഥപറയാനാണ്‌ ശ്രമിച്ചത്‌. രണ്ട്‌ പേർ സംസാരിക്കുന്നതിൽനിന്ന്‌ പരമാവധി രസകരമായ മുഹൂർത്തങ്ങൾ ഒരുക്കാനാണ് നോക്കിയത്. അത്‌ വിചാരിക്കുന്ന പോലെ എളുപ്പമല്ല, ബുദ്ധിമുട്ടേറിയ കാര്യമാണ്‌. അച്ഛന്റെ സിനിമകളിൽ മാത്രമല്ല, പീക്കു പോലുള്ള സിനിമകൾ ഈ രീതിയിലാണ്‌. അത്തരത്തിലാണ്‌ പാച്ചുവും ഒരുക്കിയിരിക്കുന്നത്‌. ആക്ഷൻ പടങ്ങൾക്ക് ഒന്നും ഇത്തരത്തിൽ പെട്ടെന്ന്‌ ആളുകളുമായി സംവദിക്കാൻ കഴിയില്ല. ഈ രീതിയിൽ ചെയ്യുന്ന സിനിമകളാണ് എന്നെ ആവേശം കൊള്ളിപ്പിച്ചിട്ടുള്ളത്‌. അച്ഛന്റെ സിനിമാ രീതികൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയ ശേഷമാണ് അച്ഛൻ കണ്ടത്. 

ഇന്നസെന്റ്‌–- മുകേഷ്‌–- ഫഹദ്‌ കൂട്ടുകെട്ട്‌

ഞാൻ കണ്ടിട്ടുള്ള, എനിക്ക് പരിചയമുള്ള ഫഹദ്‌ കാണുമ്പോൾ തമാശ പറയുന്ന വളരെ ലളിതമായ ഒരാളാണ്‌. അതേ ഫഹദിനെ സിനിമയിലും കാണിക്കാനാണ്‌ ശ്രമിച്ചത്‌. ഫഹദിന്റെ വളരെ സങ്കീർണമായ കഥാപാത്രങ്ങൾ ആളുകൾ കണ്ട്‌ മടുത്തു. ആരും ഗോളടിക്കാത്ത ഒരു പോസ്റ്റ് ഉണ്ട്. അച്ഛൻ യഥാർഥത്തിൽ അത്‌ നന്നായി ഉപയോഗിച്ചിരുന്നതാണ്. അത്‌ ഞാനും ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണ്‌. ഇന്നസെന്റ്‌ –-മുകേഷ് കൂട്ടുകെട്ട്‌ മലയാളികൾ നന്നായി ആസ്വദിക്കുന്ന ഒന്നാണ്‌. അത്തരം രംഗങ്ങൾ ഉണ്ടാകണമെന്ന്‌ ചിന്തിച്ച്‌ തന്നെയാണ്‌ സിനിമ എഴുതിയത്‌. കുറച്ച്‌ രംഗങ്ങളിലാണ്‌ ഇന്നസെന്റുള്ളത്‌. എന്നാലും വളരെ അനായാസം തമാശ പറയുന്ന പണ്ട് കണ്ടിട്ടുള്ള ആ ഇന്നസെന്റിനെ സിനിമയിൽ കാണാം. ഇവർക്കൊപ്പം ഫഹദ്‌ കൂടി കൂടിച്ചേരുന്ന  ഒരു കൂട്ടുകെട്ടുള്ള സിനിമ ചെയ്യാൻ പറ്റിയത്‌ ഭാഗ്യമാണ്.

വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന സിനിമ

സിനിമയ്‌ക്ക്‌ ആവശ്യം നല്ല കഥാപാത്ര ആശയങ്ങളാണ്‌. ഒരാളോട് ഒറ്റവരിയിൽ പറയാൻ പറ്റുന്ന തരത്തിലുള്ള ആശയം നമുക്ക് ഉണ്ടെങ്കിൽ അത് സിനിമയാക്കി വിജയിപ്പിക്കാൻ പറ്റും. തമാശയും വൈകാരികതയും ഒത്തു ചേർന്ന് വരുന്ന സിനിമകൾക്ക്‌ ഇപ്പോഴും വലിയ സാധ്യതയുണ്ട്. അത്തരത്തിലുള്ള സാധ്യമാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. സിനിമ വിജയിക്കണമെങ്കിൽ കുടുംബങ്ങൾ കൂടുതലായി തിയറ്ററിലെത്തണം. ആദ്യ ആഴ്‌ച കഴിഞ്ഞാൽ പിന്നെ കുടുംബങ്ങൾ വരണം. അവരിലൂടെയേ സിനിമ വിജയിക്കൂ. വീണ്ടും വീണ്ടും കാണാൻ ആളുകൾ ആഗ്രഹിക്കുന്ന സിനിമകളില്ലേ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ അങ്ങനെകൂടി ആലോചിച്ചാണ്‌ സിനിമ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top