26 April Friday

പ്രണയത്തിന്റെ സൂഫിഗീതം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jun 28, 2020

ഓൺ ദി ടോപ്പ്‌ പ്ലാറ്റ്‌ഫോമുകളുടെ റിലീസ്‌ സാധ്യതയെ ഉപയോഗപ്പെടുത്തി സൂഫിയും സുജാതയും ജൂലൈ മൂന്നിന്‌ വേൾഡ്‌ പ്രീമിയറായി പ്രേക്ഷകരിലെത്തുന്നു‌. സിനിമയെക്കുറിച്ച്‌ സംവിധായകൻ നരണിപ്പുഴ  ഷാനവാസ്

 

കരി എന്ന ആദ്യസിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ്‌ നരണിപ്പുഴ ഷാനവാസ്‌. ജാതിയുടെ ക്രൂരമുഖമാണ്‌ കരിയിൽ കണ്ടത്‌. അഞ്ചുവർഷത്തിനുശേഷം സൂഫിഗായകനും കഥക്‌ നർത്തകിയും തമ്മിലുള്ള പ്രണയവുമായി എത്തുകയാണ്‌ സംവിധായകൻ. ഒപ്പം പ്രണയത്തിന്‌ വർഗീയമുഖം നൽകുന്ന സമൂഹത്തിന്റെ വികലമനസ്സിനെയും സിനിമ വിചാരണചെയ്യുന്നു.
 
കോവിഡ്‌കാലം മലയാളസിനിമയ്‌ക്ക്‌ പുതിയ കാഴ്‌ചകളില്ലാത്ത കാലംകൂടിയായിരുന്നു. ഓൺ ദി ടോപ്‌ പ്ലാറ്റ്‌ഫോമുകളുടെ റിലീസ്‌ സാധ്യതയെ ഉപയോഗപ്പെടുത്തി  സൂഫിയും സുജാതയും ജൂലൈ മൂന്നിന്‌ വേൾഡ്‌ പ്രീമിയറായി പ്രേക്ഷകരിലെത്തും. സിനിമയെക്കുറിച്ച്‌ ഷാനവാസ്‌: 
 
നരണിപ്പുഴ  ഷാനവാസ്

നരണിപ്പുഴ ഷാനവാസ്

പ്രണയമാണ്‌...

 
സൂഫിയും സുജാതയുടെയും പശ്ചാത്തലം പ്രണയമാണ്‌. അദിതി റാവു ഹൈദരി അവതരിപ്പിക്കുന്ന നർത്തകിയായ സുജാതയുടെ ജീവിതത്തിൽ ഊന്നിയാണ്‌ മുന്നോട്ടു‌ പോകുന്നത്‌. സുജാതയെ കേന്ദ്രമാക്കി നിർത്തി മൂന്നുപേരുടെ ജീവിതമാണ്‌ സിനിമ സംസാരിക്കുന്നത്‌. പ്രണയത്തിന്റെ തീവ്രമായ ആവിഷ്‌കാരമാണ്‌.   കരി ഒരു ആൺപടമായിരുന്നു. ഇത്‌ ഒരു പെൺപടവും‌. കരിയിൽ  സ്‌ത്രീകഥാപാത്രങ്ങളുണ്ടായിരുന്നില്ല. എന്നാൽ, ഇതിൽ സുജാതയാണ്‌ പ്രധാനം.  പ്രണയത്തിനൊപ്പം ഒരു സംസ്‌കാരംകൂടി  പറയാൻ ശ്രമിച്ചിട്ടുണ്ട്‌.  നദീതീരത്തെ പള്ളി, അവിടത്തെ ആളുകളുടെ ജീവിതം, ഇതെല്ലാം സിനിമയുടെ ഭാഗം‌. ബാങ്ക്‌ വിളി കേട്ട്‌ അതിനോട്‌ പ്രണയം തോന്നുന്ന പെൺകുട്ടി. അതിനിൽനിന്നാണ്‌ സിനിമ വികസിക്കുന്നത്‌.  
 

നിലപാടും രാഷ്ട്രീയവും

 
ജാതി എല്ലാക്കാലത്തും നമ്മളെ വേദനിപ്പിക്കുന്നതാണ്‌. ജാതി ഇല്ലാതാക്കുംവരെ അതിനെക്കുറിച്ച്‌ പറയാനുണ്ടാകും. കരി അതിനെക്കുറിച്ചായിരുന്നു. എങ്ങനെ സിനിമയെടുത്താലും പറയാനുള്ള വിഷയങ്ങൾ അതിലുണ്ടാകും. രണ്ടു മതത്തിൽ വിശ്വസിക്കുന്നവരുടെ പ്രണയത്തിനോട്‌ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന വായനകൾ സിനിമയിലുമുണ്ട്‌. അതിനോടുള്ള പ്രതികരണംകൂടിയാണ്‌ ചിത്രം.   എന്റെ രാഷ്ട്രീയവും നിലപാടും സിനിമയിൽ ഉണ്ടാകും. മതത്തിനപ്പുറം ചിന്തകളാണ്‌ സിനിമയുടെ ആശയം.
 

പലരിലും സുജാതയെ തേടി

 
സിനിമയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ നടിയെ കിട്ടാൻവേണ്ടി കുറെ കാത്തിരുന്നു. പലരെയും സുജാതയുടെ കഥാപാത്രത്തിനായി നോക്കി. നൃത്തവും സംഗീതവും പ്രധാനമാണ്‌.  സായി പല്ലവിയെ ആദ്യം പരിഗണിച്ചിരുന്നു. നൃത്തത്തിന്‌ പ്രാധാന്യമുള്ളതിനാൽ അതിന്‌ അനുയോജ്യമായ നടിയെ കിട്ടണമായിരുന്നു. പത്മാവത്‌ കണ്ടപ്പോഴാണ്‌ അദിതി അനുയോജ്യയാണെന്ന്‌ തോന്നിയത്‌.  അദിതിയിൽ‌ എത്തിയശേഷം സിനിമയുടെ പ്രവർത്തനം വേഗം മുന്നോട്ട്‌ പോയി.
 
അദിതിയോട്‌ കഥപറയാൻ മുംബൈവരെ ബുള്ളറ്റ്‌ ഓടിച്ചാണ്‌ പോയത്‌. അങ്ങനെ  സിനിമയുടെ ഭാഗമാക്കാൻ നമ്മൾ നടത്തിയ ശ്രമങ്ങൾ അവരെ വല്ലാതെ ആകർഷിച്ചു. സിനിമ ചിത്രീകരിക്കുന്ന കാലം പ്രധാനമാണ്‌. അതിനാൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ ചിത്രീകരിക്കണം.  തിരക്കുണ്ടായിരുന്നിട്ടുകൂടി  സഹകരിക്കാമെന്നേറ്റു.  ഡേറ്റുകൾ ക്രമീകരിച്ചു. അദിതിയുടെ വരവ്‌ സിനിമയ്‌ക്കും ഗുണംചെയ്‌തു. കേരളത്തിനു പുറത്തും പ്രേക്ഷകനെ ലഭിക്കും.
  

കരി ആഗ്രഹിച്ചപോലെയായില്ല

 
കരിയെ ആഗ്രഹിച്ച തലത്തിലേക്ക്‌ എത്തിക്കാനായില്ല. സെൻസർ ബോർഡ്‌ 23 മിനിറ്റ്‌ എഡിറ്റ്‌ ചെയ്‌തു. സിനിമ ആളുകളിലെത്തിയില്ല. ആ അനുഭവം സൂഫിയും സുജാതയ്‌ക്കും സംഭവിക്കരുത്‌.   ആളുകൾ തിയറ്ററിൽ ആസ്വദിക്കേണ്ട സിനിമയായിരുന്നു  കരി. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളിലേക്ക്‌ സിനിമയിലേക്ക്‌ എത്തുക ഓൺലൈൻ റിലീസിലൂടെയാണ്‌. സിനിമ നല്ലതാണെങ്കിൽ ഇപ്പോൾ കൂടുതൽ ആളുകൾ കാണും. അതിനുള്ള സാഹചര്യവും ഒടിടി റിലീസിങ്ങിലൂടെ ലഭിക്കുന്നുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top