26 April Friday

ഭാനുവിന്റെ സ്വപ്‌നദൂരം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 28, 2023

ചാൾസ്‌ എന്റർപ്രൈസസ്‌ എന്ന സിനിമയിൽനിന്ന്‌

ചാൾസ്‌ എന്റർപ്രൈസസിലെ രഞ്‌ജിനി എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്‌ പുതിയൊരു നടിയെക്കൂടി ലഭിച്ചു. കണ്ണൂർ സ്വദേശിയായ ഭാനു. ഒരു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും പരിശ്രമങ്ങളുമാണ്‌ ഭാനുവിനെ മലയാള സിനിമയുടെ ഭാഗമാക്കിയത്‌. സിനിമയെക്കുറിച്ച്‌ ചിന്തിക്കാൻ പോലുമാകാത്ത ഒരിടത്തുനിന്ന്‌ മലയാള സിനിമയിൽ നായികയായി തുടക്കംകുറിക്കാൻ താണ്ടിയ ദൂരം അത്രയധികമാണ്‌. സ്വപ്‌നമായിരുന്ന സിനിമയെ കൈയെത്തിപ്പിടിച്ച യാത്രയെക്കുറിച്ച്‌ ഭാനു സംസാരിക്കുന്നു:

ഇതുവരെ കാഴ്‌ചക്കാരി

ഇത്രയുംകാലം കാഴ്‌ചക്കാരിയെന്ന നിലയിലാണ്‌ തിയറ്ററിൽ സിനിമ കണ്ടിരുന്നത്‌. എന്നാൽ, ചാൾസ്‌ എന്റർപ്രൈസസ്‌ ഒരു അഭിനേതാവ്‌ എന്നനിലയിൽ കാണുന്നതിന്റെ ആകാംക്ഷയുണ്ടായിരുന്നു. മുമ്പ്‌ സിനിമകൾ കാണുമ്പോൾ വിലയിരുത്താൻ തോന്നുമായിരുന്നു. എന്നാൽ, ഇപ്രാവശ്യം ചെറിയ പേടിയുണ്ടായിരുന്നു. നമ്മൾ ഉദ്ദേശിച്ചപോലെ കഥാപാത്രം വന്നിട്ടുണ്ടോ, സ്ക്രീൻ പ്രസൻസ് ശരിയായോ, ആളുകൾ എങ്ങനെയാണ്‌ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ്‌ ചിന്തിച്ചത്‌. അതുകൊണ്ടുതന്നെ സ്വയം വിലയിരുത്താൻ പറ്റിയില്ല.
ഭാനു

ഭാനു

വലിയ യാത്ര

കണ്ണൂരിലെ ചുഴലിയെന്ന ഗ്രാമത്തിലാണ്‌ വീട്‌.  ചുഴലിയെന്ന്‌ പറഞ്ഞാൽ ആളുകൾക്ക്‌ അറിയില്ല, അങ്ങനെയൊരു സ്ഥലമുണ്ടോ എന്നാണ്‌ ചോദിക്കാറ്‌. അതുകൊണ്ട് സ്ഥലം ചോദിച്ചാൽ ശ്രീകണ്ഠാപുരം എന്നാണ് പറയാറ്. അങ്ങനെയൊരു ചെറിയ ഗ്രാമത്തിൽനിന്നു വന്ന ആളെന്നനിലയിൽ സിനിമയിൽ എത്തുകയെന്ന സാധ്യത പരിമിതമായിരുന്നു. അതുകൊണ്ട് നടിയാകാൻ കഴിയുമെന്നൊന്നും തോന്നിയിരുന്നില്ല. പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോഴാണ്‌ സിനിമയുടെ ഭാഗമാകാൻ ആഗ്രഹം തോന്നുന്നത്‌. നൃത്തം ചെയ്യും. കുച്ചിപ്പുടി പഠിക്കുന്നുണ്ട്‌. അതിലായിരുന്നു ശ്രദ്ധ, അതിനിടയിലാണ്‌ ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്‌. വലിയ പ്രകടനമൊന്നും ആയിരുന്നില്ലെങ്കിലും പരിശ്രമിച്ചാൽ സിനിമയിൽ എത്താൻ കഴിയുമെന്ന്‌ തോന്നി.

മനസ്സിൽ നിറയെ സിനിമ

കോളേജിൽ അധ്യാപിക ആയിരിക്കുമ്പോഴും മനസ്സിൽ സിനിമയായിരുന്നു. അതിനിടയിലാണ്‌ ചാൾസ്‌ എന്റർപ്രൈസസിന്റെ സംവിധായകൻ സുഭാഷിനെ ചരിചയപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ജുംബാ ലഹരിയിൽ ഭാഗമായി. സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും പ്രൊമോ ഗാനം പുറത്തിറങ്ങുകയും ചെയ്‌തു. അപ്പോഴാണ്‌ കോവിഡ്‌ വരുന്നത്‌. തുടർന്ന്‌ സിനിമ പൂർത്തിയാക്കാനായില്ല. ആ സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിരുന്നു. അത്‌ നിന്നുപോയത്‌ വലിയ അനിശ്ചിതത്വമുണ്ടാക്കി. അതിനുശേഷം ചെയ്‌ത പുറം എന്ന തമിഴ്‌ ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെട്ടു. കനിമൊഴി അടക്കമുള്ളവർ അഭിനന്ദിക്കുകയും ചെയ്‌തു. പുറം നന്നായി ശ്രദ്ധിക്കപ്പെട്ടു. തുടർന്ന്‌ ഒന്നുരണ്ട്‌ അവസരം വന്നിരുന്നു.  അപ്പോഴേക്കും ചാൾസ്‌ എന്റർപ്രൈസസിന്റെ പണികൾ തുടങ്ങിയിരുന്നു. അതിനാൽ അതെല്ലാം ഒഴിവാക്കി.

മികച്ച അവസരം

ഒരു തുടക്കക്കാരിക്ക്‌ കിട്ടിയ മികച്ച അവസരമാണ്‌ എനിക്ക്‌ ചാൾസ്‌ എന്റർപ്രൈസസിൽ കിട്ടിയത്‌.  ഒരു മികച്ച പ്രൊഡക്‌ഷനും നല്ല ടീമിനുമൊപ്പം ആദ്യ സിനിമയിൽ നല്ല കഥാപാത്രം ചെയ്യാൻ കഴിഞ്ഞുവെന്നത്‌ ഭാഗ്യമാണ്‌.  വന്നുപോകുന്ന കഥാപാത്രം അല്ലാതെ പ്രാധാന്യമുള്ള കഥാപാത്രംതന്നെ ആദ്യ സിനിമയിൽ ലഭിച്ചു. ഇത്‌ മികച്ച അവസരമാണ്‌ നൽകിയത്‌. എന്നാൽ, ഇത്രയും പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളെന്നനിലയിൽ കഥാപാത്രം ചെയ്യുമ്പോൾ ശരിയാകുമോയെന്ന പേടിയുണ്ടായിരുന്നു. 2011ലാണ്‌ ആദ്യ ഹ്രസ്വ ചിത്രം ചെയ്യുന്നത്‌. 10 വർഷത്തിലധികമായി നടത്തിയ പരിശ്രമങ്ങൾക്കും കാത്തിരിപ്പിനും ഫലമുണ്ടായി.  എനിക്ക്‌ ലഭിച്ചതുപോലെ അവസരംഎല്ലാ തുടക്കക്കാർക്കും കിട്ടട്ടെ എന്നാണ്‌ ആഗ്രഹിക്കുന്നത്.

പുതിയ സിനിമ

കവി ഉദ്ദേശിച്ചത്‌ എന്ന സിനിമയുടെ സംവിധായകൻ ലിജു തോമസിന്റെ പുതിയ സിനിമയുടെ ഭാഗമാണ്‌. അർജുൻ അശോകനാണ്‌ നായകൻ. കണ്ണൂരിലാണ്‌ സിനിമ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top