29 March Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

മുഴക്കത്തിന്റെ കാവ്യനാദം, കല, കാലം, സംസ്‌കാരം

മധു നീലകണ്ഠൻ

നാട്ടിലെ പ്രൈമറി സ്കൂൾ വേദിയിൽനിന്ന് കവി സ്വന്തം കവിത ചൊല്ലുകയാണ്. മുഴക്കത്തിന്റെ കാവ്യനാദം സ്കൂളിന്റെ പടിയും കടന്ന് പുറത്തേക്കൊഴുകി. അടുത്ത വീടുകളിലുണ്ടായിരുന്നവർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമെല്ലാം ഉടുത്തിരുന്ന വേഷത്തിൽ  വേദിക്കരികിലേക്ക് ഓടിയെത്തി. സ്കൂൾമുറ്റം നിറഞ്ഞു. വഴിയോരത്തും കടകളുടെ വരാന്തയിലുമെല്ലാംനിന്ന് ആളുകൾ കവിതയുടെ താളത്തിൽ അലിഞ്ഞു ചേർന്നു. എല്ലാവരുടെയും മുഖത്ത് പുതിയൊരനുഭവത്തിന്റെ, വിസ്മയത്തിന്റെ, നവാഹ്ലാദത്തിന്റെ അവ്യാഖ്യേയമായ അനുഭൂതി. നാലരപ്പതിറ്റാണ്ടപ്പുറം, കുളനട എൽപി സ്കൂളിൽ  കവി കടമ്മനിട്ട രാമകൃഷ്ണൻ ‘കുറത്തി' ചൊല്ലിയ രംഗം പുസ്തകത്തിന്റെ ആമുഖത്തിൽ പറയുമ്പോൾത്തന്നെ  ആ കവിയരങ്ങിന്റെ മനോഹരദൃശ്യം നമ്മുടെ മനസ്സിൽ തെളിയുകയായി.  ആമുഖം കടന്ന് താളുകൾ മറിയുമ്പോൾ തെളിയുന്നത് കവിയുടെ ജീവരേഖയ്‌ക്കൊപ്പം ഒരു കാലവും ആ കാലത്തിന്റെ സാംസ്കാരിക ചരിത്രം അപ്പാടെയുമാണ് . വിദ്യാർഥിയായിരുന്ന കാലം മുതൽ കടമ്മനിട്ടയുമായി ആത്മബന്ധമുണ്ടായിരുന്ന ഡോ. കെ എസ് രവികുമാർ എഴുതിയ കവിയുടെ ജീവചരിത്രഗ്രന്ഥം ‘കടമ്മനിട്ട, കവിതയുടെ കനലാട്ടം'  അപൂർവ സർഗകാന്തിയോടെ മലയാളിക്ക് ലഭിച്ച അക്ഷരമുത്താണ്. ഭാഷാപോഷിണിയിൽ രണ്ടു വർഷത്തോളം തുടർച്ചയായി ഡോ. കെ എസ്‌ രവികുമാർ എഴുതിയ കുറിപ്പ്‌  കവിയുടെ ജീവിതം മാത്രമല്ല വരച്ചിടുന്നത്‌. അറുപതുകളുടെ മധ്യംമുതലുള്ള കാൽ നൂറ്റാണ്ടിലെ കവിത, നാടകം, ചിത്രകല, സിനിമ, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത മേഖലകളിലുണ്ടായ ക്ഷുഭിത യൗവനങ്ങളിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്.

 

സോക്കർ ദൈവത്തിന്റെ കളിയും രാഷ്‌ട്രീയവും

എ ശ്യാം

മനുഷ്യരുള്ളിടത്തെല്ലാം കാൽപ്പന്തുകളിയുണ്ട്‌. അവിടെയെല്ലാം, ഏത്‌ മതക്കാരായാലും കളിയാരാധകർക്ക്‌ ഒരു ദൈവമുണ്ട്‌; ഡീഗോ അർമാൻഡോ മാറഡോണ. ജന്മനാടായ അർജന്റീനയിൽ അയാളുടെ പേരിൽ ഒരു പള്ളിയുമുണ്ട്‌. 2010ൽ ഒക്‌ടോബർ 30ന്‌ മാറഡോണയ്‌ക്ക്‌ 50  തികഞ്ഞപ്പോൾ ചർച്ച്‌ ഓഫ്‌ മാറഡോണ വിശ്വാസികൾ ‘ഡെസ്‌ഡ്യൂസ്‌ ഡി ഡീഗോ’ എന്ന്‌ പുതിയ കലണ്ടർ വർഷവും കുറിച്ചു. ഡീഗോയ്‌ക്ക്‌ ശേഷം എന്നാണ്‌ അവർ ചരിത്രത്തെ പകുത്തത്‌. രേഖപ്പെടുത്തപ്പെട്ട ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹര ഗോളിന്റെ ഉടമയുടെ ജീവിതവും കളിയും രാഷ്‌ട്രീയവും വിവരിക്കുന്ന  ‘ദൈവത്തിന്റെ കൈ: ഡീഗോ മാറഡോണയുടെ ദുരന്തകഥ’ ജീവചരിത്ര പുസ്‌തകശാഖയിലെ ഈടുറ്റ കൃതിയാണ്‌. മലയാളത്തിൽ കളിയെഴുത്തിന്‌ പുതിയ ശൈലി നൽകിയ മുതിർന്ന മാധ്യമപ്രവർത്തകൻ എ എൻ രവീന്ദ്രദാസാണ്‌ ഗ്രന്ഥകർത്താവ്‌. ബ്യൂനസ്‌ ഐറിസിന്റെ പ്രാന്തത്തിലെ ഒരു ചേരിയിൽ നിന്നുയർന്നുവന്ന മാറഡോണ തന്റെ രാഷ്‌ട്രീയ നിലപാടുകളിലൂടെയും സാധാരണ ജനങ്ങളുടെ സ്‌നേഹമാർജിച്ചു. ഉറച്ച ക്രൈസ്‌തവ വിശ്വാസിയായിരിക്കുമ്പോൾ തന്നെ മാർപാപ്പയോടും ക്ഷോഭിച്ചു.  അധിനിവേശത്തിൽ കഴിയുന്ന പലസ്‌തീൻകാരിൽ ഒരുവനാണ്‌ താനെന്ന്‌ പ്രഖ്യാപിച്ച്‌ ആ അറബ്‌ ജനതയോട്‌ ഐക്യപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളുടെ കുടിലതന്ത്രങ്ങളുടെ നിശിത വിമർശകനായി. അമേരിക്കൻ കുതന്ത്രങ്ങളെ അതിജീവിച്ച്‌ ലാറ്റിനമേരിക്കയെ ചുവപ്പിക്കാൻ വഴികാട്ടിയ ഫിദലിനെ തന്റെ ഗുരുവായി ഹൃദയത്തിലേറ്റു.  എസ്‌ ജയചന്ദ്രൻനായർ, എം എ ബേബി, ഐ എം വിജയൻ എന്നിവരുടെ ചെറുകുറിപ്പുകളും പുസ്‌തകത്തിലുണ്ട്‌.

 

തിരുവിതാംകൂർ ചരിത്രം ഇതൾവിരിയുന്നു

വിവേക് വേണു​ഗോപാലൻ

പത്രപ്രവർത്തകനും എഴുത്തുകാരനുമായ മലയിൻകീഴ് ​ഗോപാലകൃഷ്ണൻ എഴുതിയ, തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുന്നാളിന്റെ ജീവചരിത്രമാണ് "ശ്രീചിത്തിരതിരുന്നാൾ അവസാനത്തെ എഴുന്നള്ളത്ത്'. ചിത്തിരതിരുന്നാൾ അന്തരിച്ച ദിവസത്തെ അടിസ്ഥാനമാക്കി നൂറ്റാണ്ടിലെ പ്രധാന ലോകസംഭവങ്ങൾ പതിനൊന്ന് അധ്യായത്തിലൂടെ നോക്കിക്കാണുകയാണ് ഈ കൃതി.  തിരുവിതാംകൂറിന്റെ ചരിത്രവും ഭരണരം​ഗത്തെ കലുഷമായ സാഹചര്യവും ജനാധിപത്യത്തിന്റെ വരവുമെല്ലാം  അനുവാചകന് അനുഭവവേദ്യമാകുന്നു. പുതുതലമുറയ്ക്ക് തീരെ പരിചിതമല്ലാത്ത രാജഭരണ നാളുകളും  താളുകളിൽ വിരിയുന്നു. രാജകൊട്ടാരത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ദിവാന്മാരുടെ ഭരണപരിഷ്‌കാരങ്ങളും തുടർന്ന് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുമെല്ലാം ചരിത്ര വസ്തുതകളെ മുൻനിർത്തി വിവരിച്ചിട്ടുണ്ട്‌. ഓരോ അധ്യായങ്ങളുടെ ആദ്യവും അവസാനവും ശ്രീചിത്തിരതിരുന്നാളിന്റെ അന്ത്യയാത്രയെ സംബന്ധിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. തുടർന്നുള്ള പാര​ഗ്രാഫുകളിൽ ആ കാലഘട്ടത്തിൽ തിരുവിതാംകൂറിലും ലോകത്താകെയും നടന്ന പ്രധാന സംഭവങ്ങളും പ്രതിപാദിക്കുന്നു.  ചരിത്ര വസ്തുതകളെല്ലാം ഒരു നോവലിലെന്ന പോലെ വായിക്കാൻ ആ കാലഘട്ടത്തിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വ്യവസ്ഥകളെല്ലാം അവലോകനം ചെയ്യുകയാണ് മലയിൻകീഴ്​ ഗോപാലകൃഷ്ണൻ ഈ പുസ്‌തകത്തിലൂടെ.

 

 

 

ലോകസിനിമ അനുഭവവും ആസ്വാദനവും

പ്രദീപ് പനങ്ങാട്

ഫെസ്റ്റിവലുകളുടെ ഫെസ്റ്റിവൽ എന്നാണ്  ലണ്ടൻ ഫിലിം ഫെസ്റ്റിവൽ അറിയപ്പെട്ടിരുന്നത്. അതിന്റെ അനുഭവങ്ങളാണ്, ലണ്ടൻ നിവാസിയായ മണമ്പൂർ സുരേഷിന്റെ ‘റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ’. അഞ്ച് ഭാഗമായാണ് പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യഭാഗം സത്യജിത് റേ എന്ന വിശ്രുത സംവിധായകന്റെ സിനിമകളെക്കുറിച്ചാണ്. ശാഖ പ്രശാഖ, ഗണശത്രു എന്നീ സിനിമകളെക്കുറിച്ചുള്ള ആസ്വാദനം, ലണ്ടനിലെ റേ ജന്മശദാബ്ദി ആഘോഷങ്ങൾ എന്നിവ. രണ്ടാം ഭാഗം പ്രസിദ്ധമായ വിവിധ സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങളാണ്. കേതൻ മേതയുടെ രംഗ രസിയ, അപർണ സെന്നിന്റെ ദി റേപ്പിസ്റ്റ്‌, അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത്, ദീപ മേത്തയുടെ ഫയർ തുടങ്ങിയ സിനിമകളുടെ നിരൂപണങ്ങൾ ഇതിൽ ഉണ്ട്. മീര നായർ, ദീപ മേത്ത, ശബ്ന ആസ്മി, മക്ബൽ ബാഫ് എന്നിവരുമായി നടത്തിയ അഭിമുഖമാണ് മൂന്നാം ഭാഗം. അടുത്ത ഭാഗത്ത്‌ അരവിന്ദൻ, കുറസോവ എന്നിവരെ അനുസ്മരിക്കുന്നു. ലണ്ടൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചില സിനിമകളെക്കുറിച്ചുള്ള ആസ്വാദനവും ഉണ്ട്. ലോക സിനിമയെ, പ്രത്യേകിച്ച് ഇന്ത്യൻ സിനിമയുടെ ഉള്ളടക്കവും സൗന്ദര്യവും കണ്ടെത്തുകയാണ് മണമ്പൂർ സുരേഷ് ചെയ്യുന്നത്. ആസ്വാദന, അന്വേഷണങ്ങൾക്ക് അപ്പുറത്ത് ഒരു ഡോക്യൂമെന്റേഷൻ കൂടിയാണ് ഈ പുസ്തകം. അടൂർ ഗോപാലകൃഷ്ണൻ അവതാരികയും എം എൻ കാരശ്ശേരി ആസ്വാദനവും എഴുതിയിട്ടുണ്ട്.

 

 

 

 

മനുഷ്യഹൃദയങ്ങളെ ആർദ്രമാക്കുന്ന കഥകൾ

ബിമൽ പേരയം

മാധ്യമ പ്രവർത്തകനായ ഏബ്രഹാം തടിയൂരിന്റെ രണ്ടു ലഘുനോവൽ അടങ്ങിയ  കൃതിയാണ് ‘ചാവുകുടി’. മനസ്സിനെ നോവിപ്പിക്കുന്ന രണ്ടു നോവലാണ് ചാവുകുടിയും ഓശൈയില്ലാ കോപുരമണിയും. രണ്ടു സ്ത്രീകളിലൂടെ മാതൃത്വത്തിന്റെ വിഭിന്നതലങ്ങളെ നോവലിസ്റ്റ് വരച്ചിടുന്നു. ചാവുകുടിയിൽ രാജൂട്ടെനെ രതിയിലേക്ക് നയിച്ച സാവി മാതൃത്വം കൊതിക്കുന്ന പെണ്ണാണ്. പക്ഷേ, കഥ പര്യവസാനിക്കുന്നത് ദുരന്തമുഖത്താണ്.  മാതൃത്വം അനുഭവിച്ചറിഞ്ഞ അമ്മമാർ നിസ്സാരമായി ചില സാഹചര്യങ്ങളിൽ മക്കളെ ഉപേക്ഷിക്കുന്നതും ചിലർ അമ്മമാരാകാൻ കൊതിക്കുന്നതും ദുരന്തജീവിതം മടുത്ത് മുഷിപ്പിന്റെ തടവറയിൽനിന്ന് എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കേ മക്കളുടെ ഓർമകളും ശബ്ദവും കാതിലിരമ്പുന്നവർ ആ ശ്രമമുപേക്ഷിച്ച് അവർക്കുവേണ്ടി ജീവിക്കുന്നതും സമൂഹത്തിൽ കാണാറുണ്ട്. ജീവിതങ്ങളുടെ പരിച്ഛേദങ്ങളെ വാക്കുകളിൽ വിടർത്തി വായനക്കാരന്റെ ഉള്ളിനെ പിടിച്ചുലയ്ക്കുകയാണ് ഈ നോവലുകൾ. മനുഷ്യഹൃദയങ്ങളെ ആർദ്രമാക്കാനുള്ള ദ്രവീകരണശക്തി ഈ നോവലുകൾക്കുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top