29 March Friday

തോൽക്കില്ല നമ്മൾ

അഖിൽ എസ്‌ മുരളീധരൻUpdated: Sunday Mar 28, 2021

ഭൂഖണ്ഡങ്ങൾ ഉറ്റുനോക്കുകയാണ്‌ കേരളത്തെ. അരിസോണയിൽ ജീവിക്കുന്ന നോം ചോംസ്‌കി മുതൽ കോഴിക്കോട്‌ മിഠായി തെരുവിലെ ഹസ്സൻ എന്ന വയോധികനുവരെ പങ്കുവയ്‌ക്കാനുള്ളത്‌ ലോകത്തെക്കുറിച്ചുള്ള ഒരേ ആശങ്കകൾ, കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ. ഒരു തെരഞ്ഞെടുപ്പിന്റെ കൊടുംചൂടിൽ യുവ കഥാകൃത്ത്‌ നടത്തിയ രാഷ്‌ട്രീയ യാത്രയുടെ കോഴിക്കോടൻ ഖണ്ഡം

 

‘Kerala has been a beacon of enlightenment and hope in the increasingly dismal landscape in India.' ‌

 

മാർച്ച്‌ നാലിന് വിഖ്യാത ഭാഷാ ശാസ്ത്രജ്ഞനും ചിന്തകനും രാഷ്ട്രീയ പ്രവർത്തകനുമായ നോം ചോംസ്‌കി എന്റെ ഇ മെയിൽ സന്ദേശത്തിന് ഇങ്ങനെ മറുപടി എഴുതി. ‘കൂടുതൽ കൂടുതൽ നിരാശാജനകമായ ഇന്ത്യൻ സാഹചര്യത്തിൽ കേരളം പ്രബുദ്ധതയുടെയും പ്രതീക്ഷയുടെയും ദീപസ്‌തംഭമാണ്’ തൊണ്ണൂറ്റി രണ്ടു വയസ്സുള്ള പ്രതിഭാശാലിയായ ആ ദാർശനികന്‌.  
 
അമേരിക്കയിലെ അരിസോണയിൽ ഭാര്യയുമൊത്ത് കഴിയുന്ന അദ്ദേഹം മഹാമാരിക്കാലത്തും കേരളത്തെ സസൂക്ഷ്‌മം നിരീക്ഷിച്ച് വിലയിരുത്തുന്നു എന്നതിൽ അത്ഭുതം. പ്രതീക്ഷയുടെ ഒരു തുരുത്തായി കേരളം അവശേഷിക്കുന്നുണ്ട് എന്നത് യാഥാർഥ്യം. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽക്കൂടിയാണ് ചോംസ്‌കിയുടെ  വിലയിരുത്തൽ. 2001ൽ കേരള സന്ദർശനത്തിനിടെ കൊല്ലത്ത് സംഘപരിവാർ സംഘടനകൾ അദ്ദേഹത്തെ തടഞ്ഞ്‌ കൈയേറ്റംചെയ്യാൻ മുതിർന്ന കാര്യമാണ്‌ ആ സന്ദേശം ലഭിച്ചപ്പോൾ ഓർത്തത്‌. 
 
 ഒരു  കേരളയാത്രയ്‌ക്ക്‌ കാത്തിരുന്ന എനിക്ക്‌ ചോംസ്‌കിയുടെ സന്ദേശം ഉൽ‌പ്രേരകമായി. യാത്ര തീരുമാനിച്ചപ്പോൾ നിരവധി സുഹൃത്തുക്കൾ അവരവരുടെ നാടുകളിലേക്ക് ക്ഷണിച്ചു.
 
ചൂട് കൂടിക്കൂടി വരുന്നു. ഇന്ത്യൻ റെയിൽവേ തൊഴിലുകൾ വെട്ടിച്ചുരുക്കാൻ പോകുന്നു എന്ന വാർത്ത നേത്രാവതി എക്‌സ്‌പ്രസിൽ ഇരുന്നാണ് വായിച്ചത്. ‘എന്തുകൊണ്ട് മാർക്‌സ്‌ ശരിയായിരുന്നു’ എന്ന പുസ്‌തകത്തിൽ മാർക്‌സിസത്തിന് എതിരായ വിമർശനങ്ങളെ ടെറി ഈഗിൾട്ടൺ നിർമാർജനം ചെയ്യുന്നത് ശക്തമായ മറുവാദങ്ങൾ കൊണ്ടാണ്. മാർക്‌സിസം എല്ലാത്തിലും സാമ്പത്തികശാസ്‌ത്രത്തെ കാണുന്നു. കമ്യൂണിസ്റ്റ് തൊഴിലാളികൾ ഒന്നിക്കുമ്പോൾ പഠനം, പ്രചാരണം എന്നീ രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പറയുന്നുണ്ട്. അതെന്തായാലും കേരളത്തിലെ യുവാക്കൾക്കിടയിൽ പുതിയ രാഷ്ട്രീയബോധ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്.
 
നോം ചോംസ്കി

നോം ചോംസ്കി

ഇന്റർനെറ്റ് സെൻസർഷിപ്പിന്റെ കാലത്ത്, പ്രൊപ്പഗാണ്ടയുടെ കാലത്ത്, അരാഷ്ട്രീയതയിൽനിന്നും രാഷ്ട്രീയതയിലേക്ക് ഒരു യാത്ര അനിവാര്യം എന്ന തിരിച്ചറിവിലാണ് എന്നെ കൊണ്ടുചെന്നെത്തിച്ചത്. ആശയത്തിലും ഭൂമിശാസ്‌ത്ര പരിധിയിലും അതിനു സാധ്യതകളുണ്ട് .
തെരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ കോഴിക്കോട്ടേക്ക് പോകുമ്പോൾ അതേ നേത്രാവതിയിൽ ചൂടിനൊപ്പം ഗോസിപ്പുകളും നുണകളും തെറ്റിദ്ധാരണകളും മൊബൈൽ സ്‌ക്രീനിൽ മിന്നി മറയുന്നു. അനുനിമിഷം വികസിക്കുന്ന ആശയങ്ങൾ, പ്രതിരോധങ്ങൾ. കാൽപ്പനികമായ എല്ലാം പോയിമറയുകയും ചിന്ത ഉണരുകയും ചെയ്യുന്നു. പക്ഷേ അതിനും പരിധിയുണ്ടാകാം. ബൗദ്ധികമായ പരിധി.
 
കോഴിക്കോട്ടെ തെരുവിൽ സർബത്ത് കുടിച്ചു നിൽക്കുമ്പോൾ ഹസ്സൻ എന്ന മെലിഞ്ഞ വയോധികൻ ചിരിച്ചു, ഇന്ത്യയെപ്പറ്റി ആകുലപ്പെട്ടു. കേരളം പ്രതീക്ഷയാണ് എന്ന് വീണ്ടും കേട്ടു. ഹോട്ടലിൽ, തളി ക്ഷേത്രത്തിനു മുന്നിൽ, മിഠായിത്തെരുവിൽ ഈ രാഷ്ട്രീയം ആവർത്തിക്കുന്നു. മറ്റൊരു ഭൂഖണ്ഡത്തിൽ നോം ചോംസ്‌കി പങ്കുവച്ചതിന്റെ ആവർത്തനം.
 
ഗുജറാത്തി സ്ട്രീറ്റിൽ പൊളിഞ്ഞു വീഴാറായ പഴയ കെട്ടിടങ്ങൾക്കിടയിൽ, പുതിയ ജീവിതം വേരോടുന്നു. പഴയ വസ്തുക്കൾ പ്രദർശിപ്പിക്കപ്പെടുന്നു. ഹോം സ്റ്റേകൾ തുറക്കപ്പെടുന്നു. പ്രാചീനമായ ചിലതിൽനിന്നും പുതിയകാല പോരാട്ടങ്ങൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ് .
 
‘‘സംസാരിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക''–- റംസാൻ എന്നോട് ആവർത്തിക്കുന്നു. അതിലൊരു രാഷ്ട്രീയമുണ്ട്. ഞാൻ ചിരിക്കുന്നു. പിന്നെ മറുപടി പറഞ്ഞു ‘‘ചിന്തകൾക്ക് തീ പിടിക്കുന്നു.'
‘‘നമ്മൾ തോൽക്കില്ല ബ്രോ..'’ അവൻ ചിരിക്കുന്നു.
 
ഉപ്പിലിട്ട പഴങ്ങളുടെ രുചി, കുട്ടികളുടെ ചെറിയ പട്ടങ്ങളുടെ കൂട്ടങ്ങൾ, എല്ലാത്തിനുമപ്പുറം മനുഷ്യർ. നഗരം പതിയെ വളരുന്നു. രാഷ്‌ട്രീയവൽക്കരിക്കപ്പെടുന്നു.
 
കടൽത്തീരത്ത് സത്യഗ്രഹ സ്മാരകത്തിന്റെ കൂറ്റൻ ഭിത്തികൾക്കിടയിൽ പുതിയ തലമുറ വ്യാപരിക്കുന്നു.
 
ഭീമാകാരമായ ഈ കടലുകൾക്ക് അപ്പുറം ഫാസിസം തകർത്ത രാജ്യങ്ങളെ  ഓർക്കുന്നു. ചരിത്രത്തെപ്പറ്റി ചിന്തിക്കുന്നു. ഈ ജനത എളുപ്പം കീഴടക്കപ്പെടില്ല എന്നോർത്ത് ആശ്വാസംകൊള്ളുന്നു. പ്രതീക്ഷയാണ് മനുഷ്യർ അവശേഷിക്കുന്ന പദം എന്ന് സുഹൃത്തിനോട്‌  പറയുന്നു .
 
ഇരുണ്ട വെളിച്ചത്തിലൂടെ ഞങ്ങൾ സംസാരിച്ചു നടക്കുമ്പോൾ തദ്ദേശീയനായ സുഹൃത്ത് നഗരത്തോടുള്ള ബന്ധം പുതുക്കുന്നു. മധുരം, എരിവ്, ചവർപ്പ്, സ്‌നേഹം, രാഷ്ട്രീയം അങ്ങനെ അതിൽ ലയിക്കുന്നതാണ് ഇവിടുത്തെ ജീവിതം എന്നു പറഞ്ഞവസാനിപ്പിക്കുന്നു .
 
ഓരോ നഗരങ്ങളും അതിന്റെ പ്രാന്തങ്ങളും ജീവിതത്തെ എങ്ങനെയൊക്കെ നിർവചിക്കുന്നു എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ ശീതീകരിച്ച മുറിയിൽ ഇരിക്കുന്നു. താഴെ സമുദ്രം. അതിപ്രാചീനമായ ആ വഴി ഞാൻ ഓർമിക്കുന്നുണ്ട്. നട്ടുച്ച വെയിലിൽ ഒരു സ്‌ത്രീയും പുരുഷനും തീരത്തേക്ക് വരുന്നു. നട്ടുച്ചയിൽ തിളച്ചുകിടക്കുന്ന മണലിൽ അവർ ശേഷക്രിയ ചെയ്യാനുള്ള പിണ്ഡം ഉരുട്ടി ഇലയിൽ കൊടുക്കാൻ കുനിഞ്ഞിരുന്നു. മറ്റാരുമില്ല. പുരുഷൻ വിറയലോടെ അവർ പറയുന്നത് ശ്രദ്ധയോടെ ചെയ്യുന്നു. രണ്ടു കൈയും ചേർത്ത് പ്രിയപ്പെട്ട ആരുടെയോ ആത്മാവിനെ പ്രാർഥിക്കുന്നു. ഒരു നായ മാത്രം അവരോടൊപ്പം ചേരുന്നു. കാക്കകൾ ഒന്നുമില്ല. അജ്ഞാതമായ ആ ആത്മാവിന് നായ സാന്നിധ്യമരുളുന്നു. ഒടുവിൽ അയാൾ നായയുടെ മുന്നിൽ കുനിഞ്ഞു വന്ദിക്കുന്നു. നായ ബലിച്ചോർ സ്വീകരിച്ച് അനുഗ്രഹം ചൊരിയുന്നു.
 
പതുക്കെ എഴുന്നേറ്റ് നടന്നു. മാനാഞ്ചിറ മൈതാനത്തും വേനലിന്റെ ആധിക്യത്തിൽ പുല്ലുകൾ കരിഞ്ഞു തുടങ്ങി. ഞാൻ ചാരുകസേരയിൽ ഇരിക്കുകയാണ്. ബസ് എട്ടു മണിക്ക് ശേഷമാണ്. കുട്ടികളും മുതിർന്നവരും നിലത്തും കസേരകളിലുമായി ഇരിക്കുന്നു, നിൽക്കുന്നു, ചാടി മറിയുന്നു. കോഴിക്കോട്ടെ ഒരു സന്ധ്യ ഇങ്ങനെ അവസാനിക്കുന്നു.
 
ഞാൻ അവിടെയിരുന്ന് മാനാഞ്ചിറയുടെ ചരിത്രം ചികയുകയാണ്. സാമൂതിരി മുതൽ പിന്നീടിങ്ങോട്ടുള്ള ചരിത്രം. മൈതാന മധ്യത്തിൽ പ്രസിദ്ധ ശിൽപ്പി കെ എസ് രാധാകൃഷ്‌ണൻ നിർമിച്ച ‘കാലപ്രവാഹം' ഇരുട്ടിൽ മങ്ങിനിൽക്കുന്നു. തലകുത്തി നിൽക്കുന്ന ഉടൽ പ്രതീകമാണ്. കാലം അനുസ്യൂത പ്രവാഹം നടത്തുന്നതിനിടയിൽ നിശ്ചലമായിരിക്കുന്നതെന്തും കലയാണല്ലോ. ഇരുപത്തഞ്ചടി ഉയരത്തിൽ ആ കല സംവേദനം ചെയ്യുന്നു. നഗരം പതിയെ ഇരുട്ട് മൂടുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top