ഹിന്ദുത്വ കർസേവയും മണിപ്പുരും
പി വി ജീജോ
ഇന്ത്യയുടെ രത്നം എന്നായിരുന്നു മണിപ്പുരിനുള്ള വിശേഷണം. ഇന്നാ രത്നഭൂമിയിൽനിന്നുയരുന്നത് കണ്ണീരും നിലവിളിയുമാണ്. സംഘപരിവാരവും ഭരണകൂടവും ചേർന്ന് നടത്തിയ വർഗീയ കർസേവയിൽ മണിപ്പുർ വിറങ്ങലിച്ചിരിക്കയാണ്. ഇപ്പോഴും തുടരുന്ന വംശഹത്യയുടെ പിന്നിലെ ഹൈന്ദവഭീകരതയുടെയും കോർപറേറ്റ് മൂലധനത്തിന്റെയും അജൻഡകൾ അന്വേഷിക്കുകയാണ് ‘മണിപ്പുർ: ഹിന്ദുത്വത്തിന്റെ വംശീയ യുദ്ധങ്ങൾ’ എന്ന പുസ്‌തകത്തിൽ. മണിപ്പുരിനെ രക്ഷിക്കാൻ എന്ന പേരിൽ ആർ എസ് എസ് പിൻബലത്തിൽ അരങ്ങേറുന്ന ‘യുദ്ധ’ത്തിന്റെ പ്രത്യയശാസ്‌ത–-രാഷ്‌ട്രീയ ഗൂഢാലോചനകളാണ് കെ ടി കുഞ്ഞിക്കണ്ണൻ രചിച്ച പുസ്‌തകത്തിന്റെ പ്രമേയം. ഗുജറാത്തിനുശേഷം മണിപ്പുർ കത്തുമ്പോൾ വംശഹത്യയിലൂടെ ഹിന്ദുത്വം ലക്ഷ്യമിടുന്നതെന്തെന്ന് ചരിത്രപരമായി വിലയിരുത്തുകയാണ് കെ ടി. വടക്കു കിഴക്കേ ഇന്ത്യയിൽ വേരുകളാഴ്‌ത്താൻ സ്വത്വവാദത്തെയും വിഘടനവാദ പ്രസ്ഥാനങ്ങളെയും എങ്ങനെയാണ് കരുക്കളാക്കുന്നത് എന്നതിന്റെ ചരിത്രം ഇതിൽ വായിച്ചെടുക്കാം. ഖനി–-എസ്‌റ്റേറ്റ് മാഫിയകളടങ്ങുന്ന വൻകിട കോർപറേറ്റുകളും ഭരണകൂടവും ആദിവാസികളടക്കം സാധാരണ മനുഷ്യരെ ഇരകളും ആയുധവുമാക്കുന്നതെങ്ങനെ എന്നുള്ള ചിത്രവും പുസ്‌തകം തരുന്നു. എല്ലാ യുദ്ധങ്ങളിലും വംശീയാതിക്രമങ്ങളിലും സ്‌ത്രീകൾ വേട്ടയാടപ്പെടുന്നതിന്റെ ആധിപത്യതന്ത്രവും പ്രതിപാദിച്ചിട്ടുണ്ട്. വർത്തമാനസംഭവത്തെ ചരിത്രവും രാഷ്‌ട്രീയവുമായി ചേർത്ത് പരിശോധിക്കുന്ന പുസ്‌തകം മണിപ്പുർ നൽകുന്ന ആശങ്കകളും മുന്നറിയിപ്പും പങ്കുവയ്‌ക്കുന്നു.
ചെറുതിനുള്ളിലെ വലുത്
രാജീവ് പെരുമൺ പുറ
ലത്തീഫ് പ റമ്പിലിന്റെ ‘കലികാലം മിഡിൽ പീസ്' 79 പേജുള്ള 25 ചെറിയ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ്. സാധാരണ ജീവിതക്കാഴ്ചകളെ നർമ്മം കലർത്തി അവതരിപ്പിച്ചിട്ടുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുകുമാറിന്റെ ടിപ്പണിയും ഉൾപ്പെടുത്തിയ പുസ്തകത്തിലെ ലേഖനങ്ങൾ പത്രങ്ങളിലെ എഡിറ്റ് പേജുകളിൽ വന്ന മിഡിൽ പീസുകളാണ്. പോൾ കല്ലാനോടിന്റെയും സഗീറിന്റെയും വരകൾ ചാരുത നൽകുന്നു. സരസാഖ്യാനങ്ങൾ വിരസതയില്ലാതെ രസിപ്പിക്കുന്നതിനോടൊപ്പം മൂർച്ചയേറിയ ആയുധങ്ങളായി മുറിവേൽപ്പിക്കുകയും ചെയ്യും. ചെറിയ ലേഖനങ്ങളിലെ വലിയ കാഴ്ചകൾ ഇതു കൊണ്ടുതന്നെ ശ്രദ്ധേയമാണ്.
സ്നേഹം പൂത്തുലയുന്ന ബാലകഥകൾ
ബാബുരാജ് അയ്യല്ലൂർ
കുട്ടികൾക്കുവേണ്ടി എഴുതുകയെന്നത് എളുപ്പമല്ല. മാത്രമല്ല അപ്പോൾ മാത്രമാണ് എഴുത്തുകാരനും/എഴുത്തുകാരിയും വലുതാകുന്നതും. ചെറിയ കുട്ടികൾക്കുവേണ്ടി എഴുതിക്കൊണ്ട് അനിത കെ കാര വലിയ എഴുത്തുകാരിയായിത്തീർന്ന വായനാനുഭവമാണ് അവരുടെ പുതിയ പുസ്തകമായ ‘അമ്മൂട്ടിയും കുഞ്ഞണ്ണാനും’ സമ്മാനിക്കുന്നത്. കുഞ്ഞു മനസ്സിൽ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മാനവികതയുടെയും വിത്തുകൾ വിതയ്‌ക്കാൻ പര്യാപ്തമാണ് ഈ കഥകൾ. വീട്ടകങ്ങളിലെ അരുമ മൃഗങ്ങളിലും പക്ഷികളിലും കളിപ്പാട്ടങ്ങളിലും ഒതുങ്ങി നിൽക്കാതെ അവരിൽ പ്രകൃതി സ്നേഹവും സഹജീവി സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്. ചുറ്റിലുമുള്ള അചേതന വസ്തുക്കളുടെ മൗനനൊമ്പരങ്ങൾ എഴുത്തിന്റെ രീതിശാസ്ത്രമായി സ്വീകരിച്ച് കഥകളിൽ ജീവിതദർശനവും നന്മയുടെ നൽവിത്തുകളും നിറച്ചുവച്ചിരിക്കുന്നു.
ആത്മകഥകൾക്ക് ഒരാമുഖം
രാജേന്ദ്രൻ വയല
മലയാളത്തിലും ഇതരഭാഷകളിലും ശ്രദ്ധേയമായ ആത്മകഥകൾ എത്രയോ ഉണ്ടെങ്കിലും ആത്മകഥാരചനകളെ പ്രത്യേകം വിലയിരുത്തുന്ന പുസ്തകങ്ങൾ വിരളമാണ്. വൈജ്ഞാനികസാഹിത്യ നിരൂപണ മേഖലകളിൽ എണ്ണപ്പെട്ട പുസ്തകങ്ങളുടെ രചയിതാവ് ഡോ. ടി ആർ രാഘവന്റെ "ആത്മകഥകളുടെ അനർഘദീപ്തി' ആ മേഖലയിലെ ഈടുറ്റ സംഭാവനയാണ്. മലയാളത്തിൽ ആത്മകഥാശാഖയിൽ ആദ്യം പ്രസിദ്ധപ്പെടുത്തിയ പുസ്തകം പ്രശസ്ത ഭിഷഗ്വരനും സംസ്കൃതകവിയും ചരിത്രകാരനുമായ വൈക്കത്ത് പാച്ചു മൂത്തതിന്റെതായിരുന്നു എന്ന് ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ആത്മകഥകൾ അതെഴുതിയ വ്യക്തിയുടേത് മാത്രമല്ല, കാലത്തിന്റെയും ചരിത്രത്തിന്റെയും നിദർശനങ്ങൾ കൂടിയാണ്. ഗാന്ധിജി, ഇ എം എസ്, എ കെ ജി, ഡോ. എ പി ജെ അബ്ദുൾ കലാം, ജോസഫ് മുണ്ടശ്ശേരി, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, നിത്യചൈതന്യയതി, സുകുമാർ അഴീക്കോട്, കെ പി കേശവമേനോൻ, പാബ്ലോ നേരൂദ, യെവ്ദുഷങ്ക തുടങ്ങി പൊതുജീവിതത്തിന്റെ വിവിധ മേഖലകളിൽ അനർഘ സംഭാവനകൾ അർപ്പിച്ച പതിനഞ്ച് പേരുടെ പ്രശസ്ത ആത്മകഥകളാണ് "ആത്മകഥകളുടെ അനർഘ ദീപ്തിയിൽ അവലോകനം ചെയ്യുന്നത്. ഗ്രന്ഥകാരന്റെ "ആത്മകഥാസാഹിത്യം മലയാളത്തിൽ എന്ന ആമുഖലേഖനവും ആത്മകഥയിൽ രേഖപ്പെടുത്താത്ത പൊതുവിവരങ്ങളും പുസ്തകത്തെ ആഴമുള്ള അനുഭവമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..