04 August Tuesday

വീടണയുമോ ആ കാലൊച്ചകൾ; രാഷ്‌ട്രീയപ്പകയുടെ ഇരകളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും

സതീഷ്‌ ഗോപി sathishdbi@gmail.comUpdated: Sunday Jun 21, 2020

അതിനീചമായ രാഷ്‌ട്രീയപ്പകയുടെ ഇരകളാണ്‌ കാരായി രാജനും കാരായി ചന്ദ്രശേഖരനും. എൻഡിഎഫ്‌ പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ട കേസിൽ യുഡിഎഫ്‌ സർക്കാർ കുറ്റം ചാർത്തിയതിന്റെ പേരിൽ ഇവർക്ക്‌ നഷ്ടമായത്‌ ജീവിതത്തിലെ വിലപ്പെട്ട എട്ടു വർഷം. ഫസലിനെ കൊന്നത്‌ തങ്ങളാണെന്ന്‌ ആർഎസ്‌എസ്‌ പ്രവർത്തകൻ ഏറ്റുപറഞ്ഞിട്ടും ഇനിയും നീതി ലഭിക്കാതെ അകലെ എറണാകുളം ജില്ലയിൽ ഏകാന്തത്തടവിലെന്ന പോലെ കഴിയുന്നു  ഈ പൊതുപ്രവർത്തകർ.  കാരായി രാജന്റെ ഭാര്യ സി കെ രമയും ചന്ദ്രശേഖരന്റെ ഭാര്യ അനിത ഇല്ലിക്കലും  തങ്ങളുടെ കുടുംബം നേരിടുന്ന മനുഷ്യാവകാശലംഘനത്തെക്കുറിച്ച്‌ സംസാരിക്കുന്നു

 
അവർ മനുഷ്യർക്കിടയിൽ ജീവിച്ച കമ്യൂണിസ്റ്റുകാരാണ്. നാടിന് പ്രിയപ്പെട്ടവർ. ഭാര്യക്കും മക്കൾക്കും സ്‌നേഹം പകർന്ന കുടുംബനാഥന്മാർ. പൊതുപ്രവർത്തകരുടെ അനിവാര്യമായ തിരക്കിനും അലച്ചിലിനുമിടയിൽ അവർ വീടിനായി മാറ്റിവച്ച നിമിഷങ്ങളുണ്ട്. കള്ളക്കേസിൽ കുടുക്കി പ്രാകൃതനിയമത്തിന്റെ പഴുത് ആയുധമാക്കി കേട്ടുകേൾവിയില്ലാത്തവിധം നാടുകടത്തപ്പെട്ട തലശ്ശേരിയിലെ കാരായി രാജനും കാരായി ചന്ദ്രശേഖരനും നഷ്ടപ്പെട്ടത് ആ സ്‌നേഹനേരങ്ങൾ.
 
ഫസൽ വധക്കേസിലെ യഥാർഥ പ്രതി കുറ്റം ഏറ്റുപറഞ്ഞിട്ടും നീതിദേവത ഇരുവർക്കും മുമ്പിൽ കണ്ണിലെ കറുത്ത തിരശ്ശീല മാറ്റിയിട്ടില്ല. വീടും നാടും പ്രിയപ്പെട്ടവരെയും വിട്ട് രാഷ്‌ട്രീയപ്പകയിൽ നീതി നിഷേധിക്കപ്പെട്ട് അവർ ഇരുവരും അകലത്ത് തടവുകാലം അനുഭവിച്ചുതീർക്കുകയാണ്. 2012 ജൂൺ  22 മുതൽ ഒന്നരക്കൊല്ലത്തെ ജയിൽവാസം. പിന്നീട് ദൂരനാട്ടിലെ ഏകാന്തജീവിതം. ഈ മനുഷ്യരിലും അവരുടെ കുടുംബത്തിലും അത്‌ സൃഷ്ടിക്കുന്ന വേദനയ്‌ക്കും യാതനയ്‌ക്കും സമാനതകളില്ല. 
 
കമ്യൂണിസ്റ്റുകാരുടെ ധീരത കൊണ്ട് അവർ പിടിച്ചുനിൽക്കുമ്പോഴും ഇത് നീതിവ്യവസ്ഥയ്‌ക്കു മുമ്പിൽ ചില ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന കരുതലിനു നേർക്കാണ് ഈ നിസ്സഹായത ഇരുമ്പുകൂടങ്ങളായി പതിക്കുന്നത്. കുടുംബനാഥന്റെ കാലൊച്ചകൾ പ്രതീക്ഷിക്കുന്നവരായി നിയമം ഇരുട്ടത്തു നിർത്തിയ അവരുടെ കുടുംബാംഗങ്ങളുടെ ഏകാന്തതയ്‌ക്ക്‌ തിങ്കളാഴ്‌ച എട്ടു വർഷം തികയുന്നു. പ്രിയപ്പെട്ടവരുടെ വിവാഹം, മരണം. പേരമക്കളുടെ കൊഞ്ചലുകൾ, പ്രിയസ്‌നേഹിതരുമായുള്ള ഒത്തുചേരൽ, ജീവിതത്തിന് നിറംപകരുന്ന നേരങ്ങളെല്ലാം അവർക്കിന്ന് മരീചിക മാത്രം. കാര്യങ്ങൾ അന്വേഷിച്ചെത്തുന്ന ഓരോ ഫോൺ വിളിയും ആ മനുഷ്യരെ ജീവിതത്തിലേക്ക് നിരന്തരം ബന്ധിച്ചിടുന്നുണ്ട്. വിട്ടുപോകാത്ത ഓർമകളും നെഞ്ചേറ്റിയ പ്രസ്ഥാനത്തോടുള്ള കൂറും അനീതിയെ പ്രതിരോധിക്കാനുള്ള കരുത്തും ഈ തടവുകാലത്ത് അവരെ ഉപമകളില്ലാത്ത പൗരന്മാരായി പുനർജീവിപ്പിക്കുന്നുണ്ട്.
സി കെ രമ

സി കെ രമ

 

ചിരുടൻ വീട്ടിലെ ഇലപ്പച്ചകൾ

 
കതിരൂർ സിഎച്ച് നഗറിലെ ചിരുടൻ വീടിന്റെ മുറ്റത്ത് ചീരയും വെണ്ടയും പരിപാലിക്കുന്ന ഗൃഹനാഥന് ഇവിടെ ഇനി അധികനാളില്ല. പാരമ്പര്യമായി കിട്ടിയ ഇത്തിരി മണ്ണിൽ അയാൾ വിത്തിട്ട കരനെല്ലിന് കതിർ വീശുമ്പോൾ പ്രിയപ്പെട്ട വീടിനോട് വിട ചൊല്ലി ഉറ്റവരൊപ്പമില്ലാത്ത കിടപ്പിടത്തിലേക്ക് അയാൾ മടങ്ങും. തലശ്ശേരി ഫസൽ വധക്കേസ്‌  പ്രതിയും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ കാരായി രാജൻ.
 
ശിക്ഷാകാലത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കാരായി രാജൻ ലോക്‌ഡൗണിനു മുമ്പാണ് ജാമ്യവ്യവസ്ഥയുടെ ആനുകൂല്യത്തിൽ നാട്ടിലെത്തിയത്. പനിയായതിനാൽ മടങ്ങാനായില്ല. കോടതിയുടെ അനുമതിയോടെ വീട്ടിൽ തുടരുന്നു. കേസിൽപ്പെട്ടശേഷം ആദ്യമായാണ് ഇത്രയും ദീർഘമായ ‘പരോൾ.' പ്രതി ചേർക്കപ്പെടുംമുമ്പ് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. ഇഷ്ട ഹോബിയായ വായനയ്‌ക്കു പോലും സമയം തികഞ്ഞിരുന്നില്ല. രാവിലെമുതൽ സന്ദർശകർ വീട്ടിലെത്തും. ദിനേശ് ബീഡി കമ്പനിയിൽ പുസ്‌തകങ്ങളും പത്രവും ഉറക്കെ വായിക്കാൻ ചുമതലയുണ്ടായിരുന്ന ആ പഴയകാല തൊഴിലാളി വീട്ടിലെ ലൈബ്രറിയിലൊതുക്കിയ പുസ്‌തകത്താളുകളിലേക്കാണ് ആദ്യം ആർത്തിയോടെ മുഖം ചേർത്തത്. വാങ്ങിയശേഷം തുറന്നുനോക്കാതിരുന്ന പുസ്‌തകങ്ങൾ അയാളുടെ സിരകളിൽ പുതിയ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചോരയോട്ടം വർധിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കൃഷി പ്രോത്സാഹനം ഈ പോരാളിയെയും മണ്ണിലിറങ്ങാൻ പ്രേരിപ്പിച്ചു. എങ്കിലും സ്‌നേഹപ്പച്ചയുള്ള  ഈ ഇടവേള എത്രകാലമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും ആകുലപ്പെടുന്നുണ്ട്. രാഷ്‌ട്രീയപ്പകയും മാധ്യമവേട്ടയും മുറിവേൽപ്പിച്ച മനസ്സുകളെ തണുപ്പിക്കാൻ ഒരു മഴക്കാലം മതിയാകില്ല. എണ്ണിയെണ്ണിക്കുറയുന്ന രാപ്പകലുകൾ കുടുംബനാഥന്റെ മടക്കയാത്രയ്‌ക്ക് സഞ്ചിയൊരുക്കാൻ നേരമായെന്ന് കാരായി രാജന്റെ ഭാര്യ സി കെ രമയെ ഓർമിപ്പിക്കുന്നുണ്ട്. നെടുംതൂണായി നിന്ന ഒരാൾ പൊടുന്നനെ പറിച്ചുമാറ്റപ്പെട്ടപ്പോൾ പതറിയിട്ടില്ല അവർ. എങ്കിലും പ്രതിസന്ധികളിൽ ആ അസാന്നിധ്യം നിറച്ച വേനലിന്റെ പൊള്ളലുണ്ട്. ആ വാക്കുകളിൽ.
 

മുറിവേറ്റിട്ടുണ്ട്, പതറിയിട്ടില്ല

 
പുലർച്ചെ പോയാൽ രാത്രി വൈകിയാണ് വീട്ടിലെത്തുന്നത്. എന്നും ഞാൻ കാതോർക്കുന്നത് ആ കാലൊച്ചകളാണ്. ഒരിക്കൽ രാജേട്ടന്റെ വണ്ടിക്ക് ആർഎസ്എസുകാർ ബോംബെറിഞ്ഞു. അതിനുശേഷം ചെറിയ പേടിയുണ്ടായിരുന്നു. ഫസൽ കേസിലെ പ്രതിപ്പട്ടികയിൽ രാഷ്‌ട്രീയവൈരം തീർക്കുന്നതിന്റെ ഭാഗമായി ചേർക്കപ്പെട്ടതാണെന്ന് ബോധ്യമുള്ളതിനാൽ ഒട്ടും പതറിയിട്ടില്ല. എങ്കിലും നിരപരാധിയായ ഒരാൾ മനസ്സറിവില്ലാത്ത കുറ്റത്തിന് നാടുകടത്തപ്പെട്ടത് സഹിക്കാനാകുന്നില്ല. വീട്ടുകാര്യങ്ങൾ ഞാനാണ് നോക്കിയിരുന്നതെങ്കിലും എല്ലാ കാര്യത്തിനും തുണ രാജേട്ടനായിരുന്നു.  മക്കളെപ്പോലും വേട്ടയാടി. ജെഎൻയുവിൽ പഠിക്കണമെന്നായിരുന്നു മകൾ മേഘയുടെ വലിയ സ്വപ്‌നം. അത് നടന്നില്ല. കോയമ്പത്തൂർ നെഹ്റു കോളേജിൽ പഠിക്കുമ്പോൾ കൊലക്കേസ് പ്രതിയുടെ മകൾ എന്ന വിവരം ആരോ അവിടെയുമെത്തിച്ച്  അപമാനിക്കാൻ നോക്കിയിരുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന്റെ തിരുവനന്തപുരം ഓഫീസിൽ കരാർ ജോലി കിട്ടിയിരുന്നു. രണ്ട് മന്ത്രിമാരാണ്‌ മേഘയെ ഒഴിവാക്കാൻ വാദിച്ചത്. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെപ്പോലും വേട്ടയാടുന്നത് ആദ്യകാലത്ത് വേദനിപ്പിച്ചിരുന്നു. ഇപ്പോൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടു.
 

കൂടെ നിൽക്കുന്ന സ്‌നേഹനിഴൽ

 
രാജേട്ടൻ പോയതോടെ മകൾ മേഘയുടെയും മകൻ സഫ്ദറിന്റെയും പഠനകാര്യങ്ങൾ എന്റെ ചുമതലയായി. എല്ലാത്തിനും പിന്തുണയായി പാർടി നേതാക്കളും പ്രവർത്തകരും ഒപ്പം നിന്നു. കേസിൽപ്പെട്ടപ്പോൾ പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള നേതാക്കൾ പകർന്ന ധൈര്യം വലുതാണ്.
 
1990 ഏപ്രിൽ 29നായിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് രാജേട്ടൻ ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് ഭാരവാഹി. ഞാൻ മാഹി പള്ളൂരുകാരിയാണ്. അച്ഛൻ സുകുമാരൻ സജീവ പാർടി പ്രവർത്തകനായിരുന്നു. രാഷ്ട്രീയക്കേസിൽ  ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്രവർത്തകനൊപ്പമുള്ള ജീവിതം പൂക്കൾ നിറഞ്ഞ പാതയിലൂടെയല്ലെന്ന് ഉറപ്പുണ്ടായിരുന്നു. മന്ത്രി ശൈലജ ടീച്ചറുടെ മകൻ ലസിത്താണ് മകളെ വിവാഹം കഴിച്ചത്. ആ സമയത്ത് രാജേട്ടനില്ലാത്തത് സൃഷ്ടിച്ച സങ്കടം ചെറുതല്ല. അവൾക്ക്‌ മകൾ പിറന്നപ്പോൾ കാണാനായി ഓടിവന്ന ആ മുഖം ഇപ്പോഴും മനസ്സിലുണ്ട്. എറണാകുളം ഇരുമ്പനത്താണ് നാടുകടത്തിയശേഷം രാജേട്ടൻ താമസിക്കുന്നത്. ഇവിടെ ഉള്ളപ്പോഴേ പ്രമേഹത്തിന് ഇൻസുലിൻ എടുക്കുന്നുണ്ട്. കൃത്യസമയത്ത് ഗുളികകൾ കഴിക്കണം. ആഹാര കാര്യങ്ങൾ ശ്രദ്ധിക്കണം.  അക്കാര്യങ്ങൾ മാത്രമാണ് എന്നെ ഭയപ്പെടുത്തുന്നത്. ഒരാളെ നാടുകടത്തി വീട്ടുതടങ്കലിലാക്കുമ്പോൾ അവർ എങ്ങനെ ജീവിക്കുന്നു, വരുമാനമാർഗം എന്താണ് എന്ന് ഉറപ്പുവരുത്താൻ നീതിപീഠം തയ്യാറാകാത്തതാണ്  അത്ഭുതപ്പെടുത്തുന്നത്.
 
ഫസൽവധക്കേസിൽ പൊലീസ് മുമ്പാകെ കുറ്റസമ്മതം നടത്തിയ പള്ളൂരിലെ കുപ്പി സുബീഷ് എന്ന ആർഎസ്എസുകാരൻ എന്റെ നാട്ടുകാരനാണ്. ആ മൊഴി പുറത്തുവന്നപ്പോൾ സന്തോഷിച്ചിരുന്നു.
 
എങ്കിലും കാര്യങ്ങളിൽ തീരുമാനമായില്ല. കോടതിയുടെ അനുമതിയോടെ മാത്രമേ ഒന്നു കാണാൻകൂടി സാധിക്കൂ. അകലത്താണെങ്കിലും രാജേട്ടൻ ഞങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നലിലാണ് ഞങ്ങളും നാടും.
 
അധികം വൈകാതെ നിരപരാധിത്വം തെളിയിച്ച് അവർ മടങ്ങിവരും. ആ കാലൊച്ച കേൾക്കാനാണ്  കാത്തിരുപ്പ്.
 
അനിത ഇല്ലിക്കൽ

അനിത ഇല്ലിക്കൽ

മകന്റെ വിവാഹവിരുന്നിലെ അതിഥി

 
മകന്റെ കല്യാണത്തിന് പങ്കെടുക്കാനാകാത്ത അച്ഛന്റെ നെഞ്ചുരുക്കം ഓർമിക്കാനാകുന്നില്ല.
 
കോടതിയുടെ കനിവിനു കാത്ത് ഒരുമാസം പിന്നിട്ടശേഷമാണ് വിവാഹവിരുന്നിൽ പങ്കെടുക്കാൻ അനുമതി കിട്ടുന്നത്. അതും ഒരു ദിവസത്തേക്ക്. കൺനിറയെ കണ്ടു മതിയാകുംമുമ്പേ മടക്കം. ഫസൽകേസിൽ കാരായി രാജനൊപ്പം നാടുകടത്തപ്പെട്ട സിപിഐ എം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരന്റെ ഭാര്യ അനിത ഇല്ലിക്കൽ ഇടയ്‌ക്കു മാത്രം വീട്ടിലെത്തുന്ന പ്രിയപ്പെട്ട ‘അതിഥി'യുടെ ഓർമകളിലാണ്. എന്തും പറയാവുന്ന ഒരാൾ. മക്കൾക്കും  ഭാര്യക്കും പ്രിയപ്പെട്ടവൻ. രാഷ്‌ട്രീയത്തിരക്കൊന്നും കുടുംബത്തോടുള്ള കരുതൽ കുറച്ചിട്ടില്ല.
 
ഒരു ജൂണിലാണ് കേസിന്റെ ഭാഗമായി വീട്ടിൽനിന്ന്‌ ഇറങ്ങിയത്. ജൂലൈ ഏഴിന് ഞങ്ങളുടെ ഒരു വിവാഹവാർഷികംകൂടി കടന്നുപോകും. ചന്ദ്രേട്ടൻ ഒപ്പമില്ലാതെ. നാടിനായി ഓടിനടന്ന ഒരാൾ കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നത് രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വാഭാവികം. എന്നാൽ, അയാൾ തണലായ വീടിന് അത് സൃഷ്ടിക്കുന്ന കുലുക്കം വാക്കുകൾക്കപ്പുറമാണ്. 66 വയസ്സായ ഒരാളെയാണ് വിശ്രമം ആവശ്യമായവേളയിൽ ഏതോ നാട്ടിൽ ശിക്ഷയനുഭവിക്കാൻ അയച്ചത്. എല്ലാം നേരിടാനുള്ള മനസ്സുറപ്പ് ഞങ്ങൾക്കുണ്ടെങ്കിലും ഉള്ളിൽ വേദന തോന്നാറുണ്ട്. ഞാനും മക്കളും ഇക്കാര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. പാർടി ഒരു പ്രയാസവും നേരിടാതെ ഞങ്ങളുടെ ജീവിതത്തിന്‌ കാവൽ നിൽക്കുന്നുണ്ട്. അത് ഏതു വേദനയും ഇല്ലാതാക്കുന്ന സമാശ്വാസമാണ്.
 

ആ നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്നെങ്കിൽ

 
മകൾ ജിൻസിക്ക് ഏറെ കാത്തിരുന്നശേഷമാണ്  കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട്ടെ ആശുപത്രിയിൽ പ്രസവം നിശ്ചയിച്ചതിനും രണ്ടു മാസം മുമ്പേ രക്തസ്രാവം തുടങ്ങി. ആശങ്കാകുലമായിരുന്നു കാര്യങ്ങൾ. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. ആളുകൾ ഒപ്പമുണ്ടായിരുന്നെങ്കിലും ആ നിമിഷങ്ങളിൽ ഞാൻ തീ തിന്നുകയായിരുന്നു. ഭാഗ്യം കൊണ്ട് കുഴപ്പമുണ്ടായില്ല. കുഞ്ഞിനെ കാണാൻ പിന്നീടാണ് മുത്തച്ഛൻ വന്നത്.
 
 എറണാകുളത്തെ സിബിഐ കോടതിയുടെ അനുമതിയില്ലാതെ ഒരത്യാവശ്യത്തിനും പോകാൻ കഴിയില്ല. തിരിച്ചു ചെല്ലുമ്പോഴും കോടതിയെ അറിയിക്കണം. കുടുംബത്തിലെ കല്യാണം. ഉറ്റവരുടെ മരണം എന്നിവയ്‌ക്കൊന്നും പോകാനാകില്ല. നാടുകടത്തൽ ശരിക്കും ഏകാന്തത്തടവുതന്നെ. 
 
ഞാൻ പരിചയപ്പെടുമ്പോൾ മുതൽ ചന്ദ്രേട്ടൻ തിരക്കുള്ള രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടുതന്നെ ചെറിയ കാര്യമൊന്നും ബാധിച്ചിരുന്നില്ല. എങ്കിലും സമാനതയില്ലാത്ത അനീതിയുടെ ഭാഗമായാണ് രണ്ടു മനുഷ്യരെ പിറന്ന നാട്ടിൽനിന്നും പടി കടത്തിയത്.
 
അവർക്ക് എല്ലാം നേരിടാനുള്ള ധൈര്യമുണ്ട്. ഞങ്ങൾക്കും ജീവിതത്തിൽ തണലും കരുതലുമായി ഒപ്പം നിൽക്കേണ്ട സന്ദർഭങ്ങളിൽ അവരുടെ അസാന്നിധ്യത്തെ കരുത്താക്കി മാറ്റുകയാണ് ഞങ്ങൾ. ഇതുപോലെ ഭയാനകമായ അവസ്ഥ നേരിട്ടവരാണ് ഞങ്ങളുടെ നാട്ടിലെ സഖാക്കൾ. ഏതു പ്രതിസന്ധിയിലും അവരുണ്ട് ഞങ്ങൾക്കൊപ്പം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top