28 March Thursday

ഭരണഘടനയിലെ സ്‌ത്രീപക്ഷം

ഡോ. ടി ബി പ്രേംജിത് കുമാർUpdated: Sunday Sep 20, 2020
1787 സെപ്തംബർ ഏഴിന് അമേരിക്കൻ ഭരണഘടന‌ നിലവിൽവന്നതോടെയാണ് ഭരണഘടനാചരിത്രത്തിന് ആരംഭം കുറിച്ചത്. ലോകത്ത് 192 രാഷ്ട്രം ഭരണഘടന രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ ചിലത്‌ അലിഖിതം‌. ഭരണഘടനാ നിർമാണ ചരിത്രത്തിൽ സവിശേഷതകൾകൊണ്ട് ലോകശ്രദ്ധനേടിയ ഭരണഘടനകളിലൊന്നാണ് ഇന്ത്യയുടേത്‌.  22 ഭാഗം, 395 വകുപ്പ്‌, ഒമ്പതു പട്ടിക എന്നിവയടങ്ങിയ ബൃഹത്തായ ഭരണഘടന. ഇന്ത്യക്കാർമാത്രം ഉൾപ്പെട്ട നിയമനിർമാണസഭയിൽ 299 അംഗങ്ങളായിരുന്നു. അതിൽ 15 വനിതകൾ. ആ വനിതകളുടെ സുദീർഘവും സുദൃഢവുമായ ഇടപെടലുകളെ ആലേഖനം ചെയ്യുകയാണ് ഡോ. ആർ രാധാകൃഷ്‌ണൻ രചിച്ച ഇന്ത്യൻ ഭരണഘടനയുടെ പെൺശില്പികൾ എന്ന ഗ്രന്ഥം.
 
ആമുഖ അധ്യായം ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് വിവരിക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെതുടർന്ന്  ശക്തിപ്രാപിച്ച ദേശീയ പ്രസ്ഥാനത്തിന്റെ വളർച്ചയും സ്വാതന്ത്ര്യസമരകാലഘട്ടങ്ങളും ഹ്രസ്വമായി രേഖപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരകാല സ്‌ത്രീമുന്നേറ്റം വിവരിക്കുന്ന രണ്ടാം അധ്യായത്തിൽ ലിംഗസമത്വം നിലനിന്ന സുവർണകാലത്തിന്റെ തകർച്ചയ്‌ക്ക്‌ കാരണമായ സാമൂഹ്യ വിലക്കുകളും അനാചാരങ്ങളും അടയാളപ്പെടുത്തുന്നു. 19‐ാം നൂറ്റാണ്ടിൽ ആരംഭിച്ച പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഫലമായി രൂപപ്പെട്ട സാമൂഹ്യ നവോത്ഥാനം സ്‌ത്രീകൾക്ക് ദേശീയ പ്രസ്ഥാനത്തിൽ എത്തിച്ചേരാനുള്ള പ്രേരകശക്തിയായെന്നും വിവരിക്കുന്നു. സ്‌ത്രീകളുടെ രാഷ്ട്രീയ, സാമൂഹ്യ പ്രവേശനങ്ങൾക്കും സ്വാതന്ത്ര്യസമരത്തിലെ അവരുടെ അനുപമമായ പങ്കാളിത്തത്തിനും ഹേതുവായ മഹിളാ സംഘടനകളെക്കുറിച്ചും വിശദമാക്കുന്നുണ്ട്‌. സ്വാതന്ത്ര്യസമരത്തിൽ തീവ്രവാദ ധാരയിൽ നിലയുറപ്പിച്ച മാദം ബിക്കാജി കാമ, കല്പന ദത്ത്, അരുണ ആസഫലി, ജാനകി തേവർ, സുനീത ചൗധരി, കമലാ ചാറ്റർജി എന്നിവർക്കൊപ്പം ക്യാപ്റ്റൻ ലക്ഷ്‌മി, തങ്കമ്മ കൃഷ്‌ണപിള്ള, കെ ദേവയാനി, രാധമ്മ തങ്കച്ചി തുടങ്ങിയവരുടെ പോരാട്ടങ്ങളെയും സ്‌മരിക്കുന്നു.
 
"ഭരണഘടന നിർമാണസഭ' എന്ന അധ്യായത്തിൽ നിർമാണസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പുരീതി, സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, സഭയുടെ വിവിധ സമ്മേളനങ്ങൾ, ഉപസമിതികളുടെ ഘടന, സാംസ്‌കാരിക ബഹുസ്വരത കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ചർച്ചകൾ, സമീപനങ്ങൾ, തീരുമാനങ്ങൾ എന്നിവ വിവരിക്കുന്നു. ഭരണഘടനാശില്പി ഡോ. അംബേദ്കറുടെ രാഷ്ട്രീയജീവിതവും സാമൂഹ്യ നിലപാടുകളും വിദശമാക്കുന്നുണ്ട്‌.
  
ഭരണഘടന നിർമാണസഭയിലെ 15 പേർ സ്‌ത്രീകളിൽ മൂന്നു മലയാളികൾ. തിരു- കൊച്ചിയെ പ്രതിനിധാനംചെയ്‌ത്‌ ആനി മസ്‌ക്രീൻമാത്രം.  ദാക്ഷായണി വേലായുധനും അമ്മു സ്വാമിനാഥനും മദ്രാസ് പ്രവിശ്യയിൽനിന്ന്‌. സരോജിനി നായിഡു, സുചേത കൃപലാനി, ഹൻസമേത്ത, വിജയലക്ഷ്‌മി പണ്ഡിറ്റ്, രാജകുമാരി അമൃത് കൗർ, ബീഗം അയ്സാസ് റസൂൽ, രേണുക റോയ്, മാലതി ചൗധരി, കമല ചൗധരി, ലീല റേ, പൂർണിമ ബാനർജി, ദുർഗഭായി ദേശ്‌മുഖ് എന്നിവരാണ് മറ്റ്‌ 12 പേർ. 2019 ജനുവരി 31ന്‌ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്‌ത്രീശാക്തീകരണ പുരസ്‌കാരം ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ പേരിലാണ്‌.   ഇന്ത്യയിൽ പട്ടികജാതി വിഭാഗത്തിലെ ആദ്യ ബിരുദധാരിണിയും കേരളത്തിലെ ആദ്യ ദളിത് നിയമസഭാ സാമാജികയുമാണ്‌ അവർ.
   
ഇന്ത്യൻ ഭാഷകളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്‌തകം. കൂടുതൽ പെണ്ണെഴുത്തുകാർക്കും പഠിതാക്കൾക്കും പ്രചോദനമാകും ‘സമത' പ്രസാധനംചെയ്‌ത ഈ  ഗ്രന്ഥം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top