23 April Tuesday

കാലത്തിനു കുറുകെയുള്ള കപ്പലോട്ടങ്ങള്‍

സുനിൽ പി ഇളയിടം sunilpelayidom@gmail.comUpdated: Sunday Jun 19, 2022

ഒന്ന്

വായനയെക്കുറിച്ചുള്ള ഏറ്റവും ഹൃദ്യമായ വിവരണങ്ങളിലൊന്ന് വിശ്രുത ശാസ്ത്രജ്ഞനായ കാൾ സാഗന്റേതാണ്. വായന കാലത്തിലൂടെയുള്ള സമുദ്രസഞ്ചാരമെന്ന് അദ്ദേഹം എഴുതി. “ഏതെങ്കിലും പുസ്തകത്തിലേക്കുള്ള വെറുമൊരു നോട്ടം മതി; നിങ്ങൾ മറ്റൊരാളുടെ ശബ്ദം കേട്ടുതുടങ്ങും. ഒരുപക്ഷേ സഹസ്രാബ്ദങ്ങൾക്കു മുമ്പേ മരണമടഞ്ഞ ഒരാളുടെ ശബ്ദം”. മനുഷ്യവംശചരിത്രത്തിലേക്കുള്ള നടപ്പാതകളായിത്തീരുന്ന വായനയെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിട്ടാണ് അദ്ദേഹം പിന്നാലെയുള്ള മനോഹരവാക്യത്തിലേക്ക് നീങ്ങിയത്. വായിക്കുകയെന്നാൽ കാലത്തിനു കുറുകെയുള്ള കപ്പലോട്ടമാണ് (“ഛില ഴഹമിരല മേ മ യീീസ; ്യീൗ വലമൃ വേല ്ീശരല ീള മിീവേലൃ ാമി. ജലൃവമുെ െീാലീില റലമറ ളീൃ വേീൗമെിമറ ്യലമൃെ. ഠീ ൃലമറ ശെ േീ ്ീ്യമഴല വേൃീൗഴവ ശോല”).

വായന ഒരു ജീവിതത്തിൽ തന്നെയുള്ള പല ജീവിതങ്ങളാണ്. അപരലോകങ്ങളുടെയും അപരാനുഭവങ്ങളുടെയും അനന്തവിസ്തൃതിയിലേക്കുള്ള പ്രവേശ കവാടം. അതിലൂടെ നടക്കാൻ തുടങ്ങുമ്പോൾ നാം നമ്മിൽനിന്നു  പുറത്തുകടക്കുന്നു. ‘ഇത്തിരിവട്ടം മാത്രം കാണുന്ന’ സ്വന്തം ജീവിതസ്ഥാനങ്ങളിൽനിന്ന് മനുഷ്യവംശത്തിന്റെ ജീവിതചരിത്രത്തിലേക്ക്; അതിലെ അപാരമായ അനുഭവലോകങ്ങളിലേക്ക് വഴി തുറന്നുകിട്ടുന്നു. സഹസ്രാബ്ദങ്ങളായി എണ്ണമറ്റ മനുഷ്യർ നടന്ന വഴിയിലൂടെ നാമും നടന്നു തുടങ്ങുന്നു. അത്രയും ജനനിബിഢമായിരിക്കുമ്പോഴും ആ വഴി നമ്മോട് മാത്രമായി എന്തോ ചിലതു പറയുന്നുണ്ട്. വായനയുടെ ചരിത്രമെഴുതിയ ആൽബർട്ടൊ മാൻഗ്വൽ മനോഹരമായി സംഗ്രഹിച്ചതുപോലെ നമ്മുടെ തന്നെ അനുഭവങ്ങൾക്ക് അത് വാക്കുനൽകുന്നു. അരൂപിയായതിനെ രൂപത്തിലേക്കും അദൃശ്യമായതിനെ വെളിച്ചത്തിലേക്കും കൊണ്ടുവരുന്നു.

അച്ചടിയാണ് വായനയെ ഇത്രയും വലുതാക്കിയത്. അച്ചടിയുടെ കാലംവരെ താളിയോലകളിലും പാപ്പിറസ് ചുരുളുകളിലും ഭുർജപത്രങ്ങളിലുമായി വാക്ക് ഒതുങ്ങിനിന്നു. അത് ലോകം മുഴുവൻ പരന്നത് അച്ചടിവഴിയാണ്. മനുഷ്യവംശത്തെ സാക്ഷരമാക്കുന്നതിൽ അച്ചടിയും അത് ജന്മം നൽകിയ വായനയും ഏറ്റവും വലിയ പങ്കു വഹിച്ചു. ഏറെ വൈകാതെ ആധുനികലോകത്തിന്റെ അടിപ്പടവുകളിലൊന്നായി അത് മാറി.

അച്ചടിക്കപ്പെട്ട വാക്ക് പുതിയൊരു ലോകസന്ദർഭത്തെ ഉൾക്കൊള്ളുന്നുണ്ട്. പറഞ്ഞും കേട്ടും മനസ്സിലാക്കിയ അതേ കാര്യം തന്നെയല്ല അതച്ചടിച്ചു വായിച്ചപ്പോൾ ലോകം മനസ്സിലാക്കിയത്. പറച്ചിലിന്റെയും കേൾവിയുടെയും വിനിമയക്രമത്തിൽനിന്നും വളരെ വ്യത്യസ്തമായ ചില അനുഭവങ്ങൾ എഴുത്തിലും വായനയിലുമുണ്ട്. ലളിതമായി പറഞ്ഞാൽ വായന ഒറ്റതിരിഞ്ഞതും രേഖീയവുമായ ഒരനുഭവലോകത്തെയാണ് സൃഷ്ടിക്കുന്നത്. പറച്ചിലിന്റെ സന്ദർഭത്തിലെ ഇടർച്ചകളും വഴിമാറലുകളും അച്ചടിയിലില്ല. ഒരു വാക്കിൽനിന്നും അടുത്തവാക്കിലേക്ക്, ഒരു വരിയിൽനിന്നും അടുത്ത വരിയിലേക്ക്, ഒരു ഖണ്ഡികയിൽനിന്നും അടുത്ത ഖണ്ഡികയിലേക്ക് നേർവരയിലെന്നപോലെ നീങ്ങുന്നതാണ് അച്ചടിക്കപ്പെട്ട വാക്കിന്റെ ലോകം. അച്ചടിവടിവ് എന്ന് നാം വിശേഷിപ്പിക്കുന്നത് ആ ഏകതാനതയെയാണ്. പറച്ചിലിലെ ശാഖാചംക്രമണങ്ങൾ, ഊന്നലുകൾ, വഴിമാറലുകൾ, സ്വരഭേദങ്ങൾ‐ ഇതൊന്നും അച്ചടിക്കപ്പെട്ട വാക്കിലില്ല. ഒരേ വടിവിൽ, നേർവരയിൽ അത് നീങ്ങുന്നു. മനുഷ്യവംശത്തിന്റെ വിനിമയവൃത്തിയെ രേഖീയമായ യുക്തിബോധവുമായി ഇണക്കുന്നു.

കേൾവിയിൽനിന്ന് വായനയിലെത്തുമ്പോഴും സമാനമായ ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കേൾവിയുടെ സന്ദർഭങ്ങളെല്ലാം കൂടിക്കലരലുകളുടേതാണ്. ഒരു സ്വരം മാത്രമായി നാം ഒരിക്കലും കേൾക്കുന്നില്ല. ഓരോ സന്ദർഭത്തിലും ഒരുപാട് സ്വരങ്ങൾ നമ്മെതേടിയെത്തുന്നു. അവ തമ്മിൽതമ്മിൽ ഇണങ്ങിയും ഇടഞ്ഞും നിൽക്കുന്ന ഇടങ്ങളാണ് കേൾവിയുടേത്. ഈ സ്വരസങ്കലനത്തിൽനിന്നും നാം നമുക്കാവശ്യമുള്ളത് കേൾക്കുകയാണ് ചെയ്യുന്നത്. ‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’ എന്നു കവി ചോദിക്കുന്നത് അതുകൊണ്ടാണ്. ഏതു കേൾവിയുടെയും മറുപുറത്ത് ആ കേൾവിയെ ശിഥിലമാക്കാൻ പോന്ന കലമ്പലിന്റെ ലോകമുണ്ട്. നിരന്തരമെന്നോണം ഈ മറുലോകത്തിലേക്ക് നാം വീണുപോകുന്നുമുണ്ട്.

വായനയിൽ അങ്ങനെയൊരു മറുലോകമില്ല. ഒരുസമയം നാം ഒന്നുമാത്രമേ വായിക്കുന്നുള്ളൂ. പല പുസ്തകങ്ങൾ ഒരുമിച്ച് വായിക്കുന്നതല്ല വായനയുടെ രീതി. വായന അത്തരമൊരു സാധ്യത അനുവദിക്കുന്നില്ല എന്ന് പറയാം. ഒന്നിലേക്ക് മാത്രമായി നാം കേന്ദ്രീകരിക്കപ്പെടുന്നു. അഗാധവും ഏകാഗ്രവുമായ ഒരനുഭവത്തിന്റെ, ആസ്വാദനത്തിന്റെ, ഉൾക്കൊള്ളലിന്റെ, മേഖലയാണത്. ആ നിലയിൽ കൂടിയാണ് ആധുനികലോകത്തിന്റെ ആധാരങ്ങളിലൊന്നായി വായന മാറിത്തീരുന്നത്. ഏകാന്തവും സ്വകാര്യവുമായ വൈയക്തികലോകത്തിന്റെ വിനിമയരീതിയായി വായന മാറിത്തീരുന്നു. അതോടൊപ്പം ആധുനികതയുടെ അടിപ്പടവായി നിലകൊണ്ട രേഖീയ യുക്തിബോധവും വായനയിൽ തെഴുത്തുവരുന്നു. ഇങ്ങനെ ഏകാന്തവും സ്വകാര്യവുമായ വൈയക്തികതയിലും രേഖീയമായ യുക്തിബോധത്തിലും അടിയുറച്ചുനിന്നാണ് വായന ആധുനികലോകത്തിന്റെ ആധാരമായിത്. പറച്ചിലും കേൾവിയുമായി നിലകൊണ്ട ആധുനികപൂർവലോകത്തിന്റെ വിനിമയക്രമങ്ങൾ ഈ ഏകാന്തവ്യക്തിത്വത്തെയോ രേഖീയയുക്തിയെയോ ഉൾക്കൊള്ളുമായിരുന്നില്ല. അവ മറ്റൊരു ലോകത്തിന്റെയും ജീവിതക്രമത്തിന്റെയും അടയാളങ്ങളായിരുന്നു. വായനയിൽ ഒരു പുതിയ ലോകം പിറവിയെടുക്കുന്നുണ്ടായിരുന്നു.

രണ്ട്

വായനയ്ക്കെന്തു സംഭവിക്കുന്നു? എന്ന ചോദ്യം പല കാലമായി ഉന്നയിക്കപ്പെട്ടുവരുന്നുണ്ട്. ലോകത്തെമ്പാടുമെന്ന പോലെ കേരളത്തിലും പിന്നിട്ട കാൽനൂറ്റാണ്ടോളമായി വായനയുടെ രീതികളിലും ഉള്ളടക്കങ്ങളിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടായി. ടെലിവിഷന്റെയും വിവരസാങ്കേതിക വിദ്യയുടെയും വ്യാപനത്തെ മുൻനിർത്തിയാണ് ഈ ചോദ്യം അധികമധികം ഉന്നയിക്കപ്പെടാറുള്ളത്. ഇ‐ബുക്കുകളും ഇ‐റീഡിങ്ങും സാർവത്രികമായി. പുതിയ ഭൗതികപരിസരം വായനയുടെ സ്വരൂപത്തെ മാറ്റിക്കഴിഞ്ഞു എന്ന കാര്യത്തിൽ സാർവത്രികമായ സമ്മതി ഇന്ന് നിലവിലുണ്ട്.

വായന മരിക്കുന്നു എന്നതാണ് ഇതേക്കുറിച്ചുള്ള, ഒട്ടൊക്കെ പറഞ്ഞു പഴകിയ, ഒരാശയം. ദൃശ്യസംസ്കാരത്തിന്റെ അതിഭീമമായ പിടിമുറുക്കം വായനയെ കീഴ്പ്പെടുത്തിക്കഴിഞ്ഞുവെന്നും പുസ്തകങ്ങളും വായനയും ഭാഷയുമെല്ലാം  മരണത്തിലേക്ക് നീങ്ങുകയാണെന്നും, കാൽപ്പനികമായ ദുരന്തഭാവത്തോടെ, ഇപ്പോഴും ആവർത്തിക്കപ്പെടാറുണ്ട്. വസ്തുതാപരമായി പരിശോധിച്ചാൽ ഇത് തീർത്തും തെറ്റാണെന്ന് മനസ്സിലാകും. കാൽനൂറ്റാണ്ട് മുമ്പുള്ള സ്ഥിതിയിൽനിന്നും എത്രയോ  അധികം മലയാള വായന മുന്നേറിയിരിക്കുന്നു എന്നാണ് കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുക. മൂന്നരക്കോടി ജനങ്ങൾക്കായി അമ്പതു ലക്ഷത്തോളം പത്രങ്ങൾ കേരളത്തിൽ പ്രതിദിനം അച്ചടിക്കപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പത്രസാന്ദ്രതയാകും ഇത്. നൂറുകണക്കിന് മാസികകളും വാരികകളും മലയാളത്തിൽ പുറത്തുവരുന്നുണ്ട്. വൈദ്യവും ആരോഗ്യവും സ്പോർട്സും മുതൽ കാറും ഡ്രൈവിങ്ങും ജ്യോതിഷവും വരെയുള്ള വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം  പ്രസിദ്ധീകരണങ്ങൾ ഇപ്പോഴുണ്ട്. അവയൊക്കെ പതിനായിരവും ലക്ഷവും കോപ്പികൾ വിറ്റുപോകുന്നുമുണ്ട്. പുസ്തകപ്രസാധനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അത്യന്തം സജീവമായ ഒരു ഡസനിലധികം പ്രസാധനശാലകൾ ആയിരക്കണക്കിന് പുസ്തകങ്ങൾ പുറത്തുകൊണ്ടുവരുന്നുണ്ട്. ആയിരം മുതൽ അമ്പതിനായിരവും ലക്ഷവും കോപ്പികൾ അച്ചടിക്കപ്പെടുകയും വിറ്റുപോവുകയും ചെയ്യുന്നു. വായന പുതിയ പുതിയ വിഷയമേഖലകളിലേക്ക് പടരുന്നതിന്റെ ചിത്രമാണ് ഈ സന്ദർഭം നമുക്ക് നൽകുന്നത്.

വായന മരിക്കുകയല്ല വളരുകയാണ് എന്ന് മുകളിൽ സൂചിപ്പിച്ച കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് അതിന്റെ വക്താക്കൾ വാദിച്ചുറപ്പിക്കുന്നു. വിവര സാങ്കേതികവിദ്യയുടെ പുതിയ സന്ദർഭം ഉദ്‌ഘാടനം ചെയ്ത പുതിയ വായനാരൂപങ്ങളെയും സൗകര്യങ്ങളെയും അവർ ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. ഇ‐ബുക്കുകൾ മുതൽ ബ്ലോഗുകൾ വരെയുള്ള പുതിയ സാങ്കേതിക സൗകര്യങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും എല്ലാം മലയാള വായനയെ കൂടുതൽ ഊർജസ്വലവും സർഗാത്മകവുമാക്കിയിട്ടുണ്ടെന്ന് വിശദീകരിക്കപ്പെടുന്നു. കേരളത്തിലുള്ളവരോടൊപ്പം മലയാളഭാഷയിലും മലയാളവായനയിലും തൽപ്പരരായ വിദേശമലയാളികളും ഈ പുതിയ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും വായന മരിക്കുന്നു എന്നത് സാഹിത്യകേന്ദ്രിതമായി മാത്രം ചിന്തിക്കുന്ന പഴയ വായനസമൂഹത്തിന്റെ തെറ്റിദ്ധാരണയ്ക്കപ്പുറം യാതൊന്നുമല്ലെന്ന വാദം ഒട്ടനവധി തെളിവുകളോടെ ഉന്നയിക്കപ്പെട്ടുവരുന്നുണ്ട്.

മൂന്ന്

വായനയുടെ വർത്തമാനത്തെ മുൻനിർത്തിയുള്ള ഈ സംവാദസന്ദർഭത്തിൽ വായന ഉളവാക്കുന്ന ഫലമെന്ത് എന്ന ചോദ്യം പ്രധാനമാണ്. വായന അറിവും അവബോധവും വർധിപ്പിക്കുന്നു എന്നത് ഒരു സാമാന്യതത്വമാണ്. അവബോധരൂപീകരണം അറിവിലൂടെ മാത്രമല്ല സംഭവിക്കുക. അനുഭൂതികളും അതിന് വഴിതുറന്നുതരുന്നു. മഹാഗ്രന്ഥങ്ങളിലൂടെയുള്ള സഞ്ചാരങ്ങൾ ലോകാനുഭവത്തിന്റെ ഭിന്നഭിന്നങ്ങളായ പടവുകളിലൂടെ നമ്മെ ആനയിക്കുന്നുവെന്നും ജീവിതത്തിന്റെ സങ്കീർണ പ്രകൃതത്തെക്കുറിച്ചും ആഴത്തെക്കുറിച്ചും അത് നമ്മെ ബോധ്യപ്പെടുത്തുന്നു എന്നും പറയാറുണ്ട്. ആ നിലയിൽ പ്രത്യക്ഷമായി പുതിയ അറിവൊന്നും തരാത്ത കൃതികളും വായനയിൽ നിർണായക ഫലമുളവാക്കിയെന്ന് വരാം.

അറിവിന്റെ വ്യത്യസ്ത വിതാനങ്ങളെക്കുറിച്ചുള്ള ചില ആശയങ്ങൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സമകാലിക ചിന്തകരിലൊരാൾ അറിവിന്റെ മൂന്ന് തലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വിവരം (കിളീൃാമശേീി), വ്യാഖ്യാനം (കിലേൃുൃലമേശേീി), വിമർശം (ഇൃശശേൂൗല)എന്നിങ്ങനെ. വ്യത്യസ്തമായ ഒരു പ്രകരണത്തെ മുൻനിർത്തിയാണ് ഹെബർമാസ് ഇക്കാര്യം പറയുന്നതെങ്കിലും നമ്മുടെ ആലോചനയുടെ സന്ദർഭത്തിലേക്കും ഈ ആശയത്തെ ചേർത്തുവയ്ക്കാനാകും. വിവരം ഏറ്റവും പ്രാഥമികമായ ജ്ഞാനരൂപമാണ്. നിലനിൽക്കുന്നവയുടെ കേവലമായ രേഖപ്പെടുത്തലാണത്. ഇന്ത്യയുടെ പ്രധാനമന്ത്രി ആരാണ്? ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ്? എന്നതുപോലുള്ള ചോദ്യങ്ങളും അവയ്ക്കെല്ലാമുള്ള ഉത്തരങ്ങളും വിവരത്തിന്റെ ലോകമാണ്. അത്തരം വിവരങ്ങളിൽ അതുൾക്കൊള്ളുന്ന ആൾക്ക് പങ്കാളിത്തമില്ല. വിവരം നേടുന്ന വ്യക്തി നിസ്സംഗമായി അത് സ്വീകരിക്കുക മാത്രം ചെയ്യുന്നു. അയാളുടെ ലോകവീക്ഷണത്തിനോ രാഷ്ട്രീയ നിലപാടുകൾക്കോ വിവരത്തിൽ യാതൊരുവിധ സാംഗത്യവുമില്ല. വിവരം കേവലമാണ്. എല്ലാവർക്കും ഒരുപോലെ ബാധകമായത്. പക്ഷപാതങ്ങളും നിലപാടുകളും ആഭിമുഖ്യങ്ങളുമില്ലാത്ത കേവലജ്ഞാനമാണ് വിവരം.

വ്യാഖ്യാനത്തിന്റെ മണ്ഡലം ഇതിൽനിന്ന് വ്യത്യസ്തമാണ്. കൈവന്ന വിവരങ്ങൾകൊണ്ട് ഒരു അവസ്ഥാവിശേഷത്തെ, ഒരു പ്രതിഭാസത്തെ, യാഥാർഥ്യത്തിന്റെ ഒരടരിനെ, വിശദീകരിക്കുന്നതാണ് വ്യാഖ്യാനം. വ്യാഖ്യാനത്തിലുള്ളത് വിവരങ്ങളുടെ പുനർവിന്യാസവും അതുവഴിയുള്ള അവബോധരൂപീകരണവുമുണ്ട്. അതുകൊണ്ടുതന്നെ വ്യാഖ്യാനം വ്യാഖ്യാതാവിന്റെ സജീവപങ്കാളിത്തം ആവശ്യപ്പെടുന്നു. വായനക്കാരിയുടെ/ വായനക്കാരന്റെ ലോകബോധവും നിലപാടുകളും ഇവിടെ വളരെ പ്രസക്തമാണ്. അറിവിന്റെ നിസ്സംഗമായ സ്വീകരണമല്ല വ്യാഖ്യാനം. സ്വന്തം നിലപാടുകളെയും ജീവിത വീക്ഷണങ്ങളെയും മുൻനിർത്തി വിവരങ്ങളെ പുനക്രമീകരിക്കുന്നതിലൂടെയാണ് വ്യാഖ്യാനങ്ങൾ നിലവിൽ വരുക. ഓരോ വ്യാഖ്യാനവൃത്തിയും ഇതര വ്യാഖ്യാനസാധ്യതകളോടുള്ള സംവാദമണ്ഡലം ഉദ്‌ഘാടനം ചെയ്യുന്നുമുണ്ട്. അത് ഇതരനിലപാടുകളിൽനിന്ന് രൂപപ്പെടാവുന്ന വ്യാഖ്യാനങ്ങളോട് വിമർശനാത്മകസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു. വ്യാഖ്യാനാത്മകജ്ഞാനം അതിൽത്തന്നെ വിമർശനാത്മകമാണെന്നർഥം.

വിമർശം (ഇൃശശേൂൗല) എന്ന ജ്ഞാനമണ്ഡലത്തിന്റെ പ്രകൃതം വിവരത്തിന്റേതോ വ്യാഖ്യാനത്തിന്റേതോ അല്ല വിശാലമായൊരർഥത്തിൽ അറിവിന്റെ സൈദ്ധാന്തികമോ ചരിത്രപരമോ സാമൂഹികമോ ആയ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവാണത്. ഒരു സവിശേഷജ്ഞാനത്തിന്റെ വൈജ്ഞാനികാടിസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അത് നൽകുന്നത്. ഒരു അറിവ് അറിവായിത്തീരുന്നതെങ്ങനെ? എന്ന ചോദ്യവും അതിനുള്ള ഉത്തരങ്ങളും വിമർശത്തിന്റെ പരിധിയിലാണ് വരിക. അറിവിനെ ചരിത്രവൽക്കരിക്കുകയും അവയുടെ സൈദ്ധാന്തിക ഉള്ളടക്കത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുക വഴി  പുതിയ ജ്ഞാനരൂപീകരണത്തിലേക്ക് വഴിതുറക്കുന്നതാണ് വിമർശം. നിലവിലുള്ള അറിവിനെ മറികടന്നു പോകലാണത്. നിലവിലുള്ള അറിവുരൂപങ്ങളെ നിർണയിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ അടിസ്ഥാനങ്ങളെ വിശകലനവിധേയമാക്കുകയും എതിർനിലപാടുകൾക്ക് വഴിതുറക്കുകയും ചെയ്യുന്നതുവഴി വിമർശം ബദൽ ജ്ഞാനവ്യവഹാരങ്ങളിലേക്ക് കടന്നുചെല്ലുന്നു. വിജ്ഞാനരൂപങ്ങളിൽ ഏറ്റവും ഗാഢവും സങ്കീർണവുമായ പ്രകൃതം വിമർശത്തിന്റേതാണ് എന്നുപറയാം.

ഈ വ്യത്യസ്ത ജ്ഞാനമണ്ഡലങ്ങളിൽ ഏതിനോടാണ് വായന ബന്ധപ്പെട്ടുനിൽക്കുന്നത് എന്നതാണ് വായനയുടെ സാമൂഹ്യാർഥത്തെ നിർണയിക്കുന്നത്. ഏതെങ്കിലുമൊരു കാലയളവിലെ വായനരീതികളപ്പാടെ ഇവയിലേതെങ്കിലും ഒരു തലത്തോടു മാത്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാനാകില്ല. ഏറിയും കുറഞ്ഞും ഈ വൈജ്ഞാനികതലങ്ങൾ എല്ലാക്കാലത്തെ വായനകളിലും സംഗതമായിരിക്കുന്നുണ്ട്; അനുപാതഭേദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പോലും. ആധുനികകാലത്ത് വായന കൂടുതലായി വ്യാഖ്യാനാത്മകസ്വഭാവം കൈവരിച്ചു എന്നുപറയാം. മതാത്മകമായ ഏകമുഖവീക്ഷണത്തിന് പകരം വ്യത്യസ്ത നിലപാടുകളിൽനിന്നും രൂപമെടുക്കുന്ന വ്യാഖ്യാനഭേദങ്ങളും അവ തമ്മിലുള്ള സംവാദവുമാണ് ആധുനികലോകത്ത് വായനയെ നിർണയിച്ചത്. ഗ്രന്ഥശാലകൾ, പൊതുവായ വായനാസന്ദർഭങ്ങൾ തുടങ്ങിയവയിലെല്ലാം മേൽപ്പറഞ്ഞ സംവാദലോകം പ്രധാനമായിരുന്നു. വിവരസമ്പാദനത്തിനപ്പുറം ലോകത്തിലും ജീവിതത്തിലും ഇടപെടുന്ന പ്രയോഗരൂപമായി വായന മാറിത്തീർന്നു.

വായനയുടെ സമകാലിക സന്ദർഭത്തെക്കുറിച്ച് ആലോചിച്ചാൽ നാം കണ്ടെത്തുന്ന ആദ്യവസ്തുത അത് കൂടുതൽ കൂടുതൽ വിവരകേന്ദ്രിതമായിക്കൊണ്ടിരിക്കുന്നു എന്നതാണ്.  ലോകയാഥാർഥ്യത്തെ വ്യാഖ്യാനാത്മകമായി സമീപിക്കുന്ന വായനാരീതി പ്രബലമല്ലാതായിക്കൊണ്ടിരിക്കുകയാണ്. പകരം വായനയും വായനാവിഭവങ്ങളും കൂടുതൽ കൂടുതൽ വിവരകേന്ദ്രിതമായിത്തീരുന്നു. പത്രവായനയാകട്ടെ വിവരകേന്ദ്രിതമെന്നതോടൊപ്പം വിവാദപ്രധാനവും വിനോദപ്രധാനവുമായി മാറിക്കൊണ്ടിരിക്കുന്നു. കൗതുകവൽക്കരിക്കപ്പെട്ട വിവരങ്ങളാൽ പത്രം നിറഞ്ഞിരിക്കുന്നു. അതോടൊപ്പം തന്നെ പത്രസ്ഥലം കൂടുതലായി ദൃശ്യപരമായിത്തീരുകയും ചെയ്യുന്നുണ്ട്. കാഴ്ചയും വിവരവും വിവാദവും വിനോദവും ഒത്തിണങ്ങി നിൽക്കുന്ന ഒരു അനുഭവമേഖലയായി പത്രം മാറിത്തീർന്നിരിക്കുന്നു. വിവരവിനോദം (കിളീമേശിാലിേ) എന്ന ഉത്തരാധുനികസംജ്ഞ നമ്മുടെ പത്രത്താളുകളിൽ ഒട്ടുമിക്കവാറും നടപ്പിലായിക്കഴിഞ്ഞു!

വ്യാഖ്യാനത്തിനും വിമർശത്തിനും പകരം വിവരവും വിനോദവും ഏറിനിൽക്കുന്ന പുതിയ പ്രതികരണം സമകാലികവായനയുടെ സാമൂഹ്യഫലത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. വായനയുടെ  രാഷ്ട്രീയ ഉള്ളടക്കം ദുർബലമാകുന്നു എന്നതാണ് ഇതിന്റെ പ്രാഥമിക ഫലം. സ്വന്തം നിലപാടുകളിൽ നിന്നുകൊണ്ട് ലോകയാഥാർഥ്യത്തെ വിശദീകരിക്കാനുള്ള ശ്രമങ്ങൾക്കു പകരം ലോകയാഥാർഥ്യത്തെ കേവലവിവരങ്ങളായി ഉൾക്കൊള്ളാൻ വായനക്കാരെ സജ്ജരാക്കുന്ന ഒന്നായി വായന മാറിക്കൊണ്ടിരിക്കുന്നു. വായന മരിക്കുന്നില്ലെന്ന് കണക്കുകളെ മുൻനിർത്തി മനസ്സിലാക്കുമ്പോഴും വായനയുടെ  പ്രകൃതത്തിലും സാമൂഹ്യഫലത്തിലും ഉണ്ടായ ഈ മാറ്റം നാം കാണാതിരുന്നുകൂടാ. വായനക്കാരുടെ നിർവാഹകശേഷിയെ (മഴലൃര്യ) ചോർത്തിക്കളയുകയും നിസ്സംഗമായ സ്വീകരണവൃത്തിയായി വായനയെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പുതിയ വായനാസന്ദർഭത്തിനും വായനാവിഭവങ്ങൾക്കും വായനാരീതികൾക്കും നിയോ‐ലിബറൽ മൂലധന താൽപ്പര്യങ്ങളോടുള്ള നാഭീനാളബന്ധവും  കാണാതെ പോകരുത്. നിർവാഹകശേഷി ഇല്ലാത്ത ഒരു ആൾക്കൂട്ടത്തിന്, അവർ എത്രയേറെ വിവരമുള്ളവരാണെങ്കിലും, ലോകയാഥാർഥ്യത്തെ മാറ്റിത്തീർക്കാനാകില്ല. ലോകത്തെ അറിയലല്ല, അതിനെ മാറ്റിപ്പണിയലാണ് പ്രധാനം.

അപരാനുഭവങ്ങളുടെ അനന്തലോകത്തിലേക്കുള്ള ക്ഷണപത്രങ്ങളായി വായന ഇപ്പോഴും തുടരുന്നുണ്ടോ? നമ്മിൽനിന്നും നമ്മെത്തന്നെ മോചിപ്പിക്കുന്ന വിമോചനത്തിന്റെ വാങ്മയങ്ങളായി അവ അവശേഷിക്കുന്നുണ്ടോ? കാലത്തിന്റെ കടൽപ്പരപ്പിലൂടെ കപ്പലോട്ടങ്ങളായി അവ ജീവിക്കുന്നുണ്ടോ? വായനയെക്കുറിച്ചുള്ള സമകാലികമായ ഏതാലോചനയിലും പ്രധാനമായ ചോദ്യമിതാണെന്നു തോന്നു. വാക്കിലെ വെളിച്ചം അതിലെ അപരലോകങ്ങളാണ്. അതണഞ്ഞുപോകാൻ നാം അനുവദിക്കരുത്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top