16 April Tuesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Feb 19, 2023

തോട്ടംമേഖല ആദ്യമായി പഠനവിധേയമാകുന്നു

ടി ചന്ദ്രമോഹൻ

കൊളോണിയൽ കാലഘട്ടത്തിലെ തോട്ടം വ്യവസായത്തിന്റെ ഉൽഭവവും ലോകസമ്പദ്‌ഘടനയുമായുള്ള അതിന്റെ ഉദ്‌ഗ്രഥനവും തോട്ടംമേഖലയിലെ സമാന്തര അടിമവ്യവസ്ഥയും തോട്ടംമേഖലയും തൊഴിലാളികളും ഇന്ന്‌ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ആദ്യമായി പഠനവിധേയമാക്കപ്പെടുകയാണ്‌. കേരളത്തിലെ തേയില ഉൾപ്പെടെയുള്ള തോട്ടം വിളകളുടെ വളർച്ചയുടെ യഥാർഥ ചിത്രം വരയ്‌ക്കുന്നതോടൊപ്പം അത്‌ കേരളത്തിന്റെ ഭൂവിനിയോഗത്തിലും ഭൂപ്രകൃതിയിലും ഉണ്ടാക്കിയ മാറ്റവും വിശദമായി പ്രതിപാദിക്കുന്നതാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞനും സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗവുമായ കെ രവിരാമന്റെ ‘ആഗോളമൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളും’ എന്ന ഗവേഷണഗ്രന്ഥം. തോട്ടം മേഖലയിൽ പ്രത്യേകിച്ച്‌ തേയിലത്തോട്ടങ്ങളിൽ ആഗോള മൂലധനസഞ്ചയം പ്രാദേശിക ദുരന്തങ്ങളായി മാറി. ദക്ഷിണേന്ത്യൻ കാർഷിക സമൂഹത്തിന്റെ ശ്രേണിയിലെ ഏറ്റവും താഴ്‌ന്ന ജാതിക്കാരിൽനിന്നും പാർശ്വവൽക്കരിക്കപ്പെട്ടവരിൽനിന്നുമാണ്‌ തോട്ടം ഉടമകൾ തൊഴിലാളികളെ ജോലിക്കെടുത്തത്‌. തോട്ടം ഉടമകളിൽനിന്ന്‌ മുൻകൂർ പണം വാങ്ങി തൊഴിലാളികളെ തോട്ടത്തിൽ എത്തിക്കുന്ന ചുമതല കങ്കാണിമാർക്കായിരുന്നു. ഇത്‌ തോട്ടം മേഖലയിൽ ഒരുതരം അടിമത്തത്തിന്‌ രൂപംനൽകി. ജയിലിനകത്തെ ജീവിതംപോലെയാണ്‌ ശരിക്കും തൊഴിലാളികൾക്ക്‌ തോട്ടങ്ങൾ. ഒരിക്കലും ഭൂമിയുടെ അവകാശികളാകാൻ കഴിയാതെ നാലും അഞ്ചും തലമുറകളാണ്‌ ദക്ഷിണേന്ത്യയിലെ തോട്ടങ്ങളിൽ അവസാനിച്ചത്‌. സ്വാതന്ത്ര്യത്തിനുശേഷവും ഈ രീതി തുടരുകയാണ്‌. സമാന്തര രാഷ്ട്രീയ അധികാരകേന്ദ്രമായി തോട്ടംഉടമകൾ കോളനി ഭരണകാലത്തുതന്നെ ശക്തിപ്പെട്ടിരുന്നു. അതേ നിലയാണ്‌ ഇപ്പോഴും.  ആധികാരികവും സവിശേഷവുമായ ഈ അപൂർവഗ്രന്ഥം തോട്ടം മേഖലയെപ്പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഒരു വഴികാട്ടിയാണ്‌.

 

ലാറ്റിൻ പോരാട്ടവീറിന്റെ വേരുകൾ

സുജിത്‌ ബേബി

അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം പോരാളികളുടെ ജീവരക്തത്താൽ ചുവന്നതാണ്‌ ലാറ്റിനമേരിക്കയുടെ ചരിത്രം. 15–-ാം നൂറ്റാണ്ടിൽ അധിനിവേശം നടത്തിയ വെള്ളക്കാർക്കെതിരെ പൊരുതിയ തദ്ദേശീയ ജനവിഭാഗങ്ങൾ മുതൽ 21–-ാം നൂറ്റാണ്ടിൽ സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന പുതുതലമുറവരെയുണ്ട്‌ അക്കൂട്ടത്തിൽ. അഞ്ച്‌ നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ  പോരാട്ടത്തിന്റെ പടനയിച്ചവരിൽ പ്രധാനികളുടെ ജീവിതമാണ്‌ വിജേഷ്‌ ചൂടൽ രചിച്ച ‘ഹസ്‌താ സിയമ്പ്രേ–- ലാറ്റിനമേരിക്കയുടെ ചരിത്രവും വർത്തമാനവും’ എന്ന പുസ്‌തകം. സിമോൺ ബൊളിവർ, മുൻനിരയിൽ നിന്ന ഹോസെ മാർട്ടി, ഏണസ്റ്റോ ചെ ഗുവേര, ഹ്യൂഗോ ഷാവേസ്‌ എന്നിവരുടെ ജീവിതത്തിലൂടെ രസകരമായി കടന്നുപോകാൻ പുസ്തകം വായനക്കാരനെ അനുവദിക്കുന്നു. വിപുലമായ  ജീവിതാനുഭവങ്ങളുടെ ആവേശം പരിമിതമായ താളുകളിലും ചോരുന്നില്ല. ലാറ്റിനമേരിക്കയുടെ ചരിത്രം മാത്രമല്ല, പുതിയകാലത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെയും വസ്തുനിഷ്ഠമായി കോർത്തുവയ്‌ക്കുന്നു. ഫിദലിന്റെ പാത പിന്തുടർന്ന ഹ്യൂഗോ ഷാവേസ്‌  ലാറ്റിനമേരിക്കയിലെ സഹോദര രാജ്യങ്ങളെയും അവയുടെ നേതാക്കളെയും ചേർത്തുപിടിച്ചു. ആ ഒഴുക്കിലാണ്‌ ലാറ്റിനമേരിക്കയാകെ ചുവപ്പണിഞ്ഞത്‌. പിങ്ക്‌ വേലിയേറ്റം അസ്തമിച്ചെന്ന്‌ വലതുപക്ഷ മാധ്യമങ്ങൾ എഴുതിനിറച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം അതിശക്തമായി തിരിച്ചുവരുന്നത്‌. വെനസ്വലേയിലും ബൊളീവിയയിലും നിക്കരാഗ്വയിലുമെല്ലാം ഇടതുഭരണം തുടരുന്നു. അർജന്റീന, മെക്‌സിക്കോ, പെറു, ഹോണ്ടുറാസ്‌, ബ്രസീൽ എന്നിവിടങ്ങളിൽ ചെറിയ ഇടവേളയ്‌ക്കിപ്പുറം ഇടതുപക്ഷം തിരിച്ചെത്തി. ചിലി വീണ്ടും ചുവപ്പണിഞ്ഞു. കൊളംബിയയിൽ ആദ്യമായി ഇടതുപക്ഷം അധികാരമേറിയതും ഈ പുതിയ കാലത്താണെന്ന്‌ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഐക്യത്തിൽ വിള്ളൽവീഴ്‌ത്താനും ഇടപെടാനുമുള്ള സാമ്രാജ്യത്വത്തിന്റെ ശ്രമങ്ങളെക്കുറിച്ചും പുസ്തകം സംവദിക്കുന്നു.

 

‘ജാര'യുടെ ജാതകം

ഡോ. രാജു ഡി കൃഷ്ണപുരം

ജയശ്രീ പള്ളിക്കലിന്റെ 12 കഥയുടെ ഈ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ ഏത് ഏതിനെ അതിശയിക്കുന്നുവെന്ന ആശ്ചര്യം ബാക്കിയാകുന്നു. അസാമാന്യമായ വായനാനുഭവം പകരുന്നു ‘ജാര.' കോവിഡാനന്തര കാലത്തെ സാധാരണക്കാരന്റെ ജീവിതത്തെ സമകാലിക സാമൂഹ്യ,- രാഷ്ട്രീയ, സാങ്കേതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അപഗ്രഥിക്കുന്ന ‘ആപ്പുകൾ', ആൺ–-- പെൺ മനസ്സുകളുടെ  സഞ്ചാര ധ്രുവാന്തരങ്ങൾ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന ‘എമിലിയും നെരൂദയും, ‘ഡാർക്ക് സോണിൽ' പ്രിയപ്പെട്ടവരുടെ മരണം സാന്ത്വനമായി മാറുന്ന  ‘മരണം ചില നേരങ്ങളിൽ...' പുസ്തകത്തിന്റെ  പേരിന് ആധാരമായ ‘ജാര' തുടങ്ങി ഈ സമാഹാരത്തിലെ 12 കഥയും ഒന്നിനൊന്ന് വ്യത്യസ്തവും ആസ്വാദ്യവുമാണ്.  പ്രണയത്തെക്കുറിച്ചുള്ള കഥകളും കവിതകളും എന്നും ആകാശംപോലെയാണ്. ആ അനന്തതയിൽ മിന്നിമറയുന്ന വർണരാജികൾ പോലെ വിചിത്രവർണക്കൂട്ടാണ് അനഘ, ജാര, സോൾമേറ്റ് എന്നീ കഥകൾ. പരസ്പരം കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ഗവേഷണംചെയ്‌ത്‌ സ്വന്തം അസ്തിത്വവും മേധാവിത്വവും ഉറപ്പിക്കാൻ വെമ്പുന്ന എല്ലാ ഇണകൾക്കുമുള്ള ദിശാസൂചിയായി  ജാര എന്ന കഥ മാറുന്നു.  കഥാകാരിയുടെ മനസ്സിലുണ്ടായ മിന്നൽ പിണറുകളാണല്ലോ ഓരോ കഥയും. ആ മിന്നലൊളിയുടെ വെളിച്ചം ഉൾക്കൊണ്ടാണ്  ഇവ വായിക്കപ്പെടേണ്ടത്.

 

 

 

 

കറുപ്പിന്റെ ദുരിതചിത്രമെഴുതിയ കവിത

സി എ പ്രേമചന്ദ്രൻ

നാട്ടിൽ പുതിയൊരു പുഴയുണ്ടായത്രെ, കറുത്ത നിറമാണ്‌ അതിന്. അവിടവിടെ വെളുത്ത വരകൾ കാണാം... നഗരങ്ങളിലൂടെ ഒഴുകുന്ന കറുത്ത പുഴകൾ നാഗരിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. തെളിനീർ വറ്റുന്നതിന്റെ സൂചനകളാണ്. വ്യവസായവൽക്കരണത്തിന്റെ ബാക്കിപത്രമായി കരിംപുഴകൾ രൂപപ്പെടുന്നു. കറുത്ത പുഴയുടെ തീരങ്ങളിൽ പച്ചപ്പ് നഷ്ടപ്പെടുന്ന കറുത്ത മനുഷ്യരുടെ ദുരിത ചിത്രവും ഓർമപ്പെടുത്തുന്നു,  യുവകവി കെ ആർ ഗൗതമന്റെ ആദ്യ കവിതാ സമാഹാരം "കറുത്ത പുഴകൾ’.  ആദ്യ കവിതാ സമാഹാരമായിട്ടും എഴുത്തിലും ചിന്തകളിലും കൃത്യമായ ലക്ഷ്യങ്ങളും ആലോചനകളും ഗൗതമൻ പങ്കുവയ്ക്കുന്നു. അറിയാതെ പോയ ലോകത്തിൽ ഭ്രാന്തനെക്കൊണ്ട് സത്യങ്ങൾ വിളിച്ചുപറയിക്കുന്നുണ്ട്. സൃഷ്ടിയുടെ സംഹാരത്തിൽ യുദ്ധമാണ് വിഷയമാക്കുന്നത്. ആത്മാംശത്തിൽ ശാസ്‌ത്ര സത്യങ്ങളിലേക്കുള്ള യാത്രയാണ്. ഭൗതികഭേദങ്ങൾ എന്ന കവിതയിൽ അച്ഛന്റെ ശരികൾ അവന്റെയും ശരികളാകുന്നു. പിന്നീട് സ്വന്തം ശരികൾ കണ്ടെത്തുമ്പോഴുണ്ടാകുന്ന സംഘർഷവും. പറയാതെ പോവരുതിൽ യുവാവിന്റെ പ്രണയ സങ്കൽപ്പങ്ങളും പ്രത്യാശകളും പ്രതിഫലിക്കുന്നുണ്ട്.

 

 

 

 

വാക്കിലൊളിപ്പിച്ച ജീവിതചിത്രങ്ങള്‍

ശശി മാവിന്‍മൂട്

വേര്‍പെട്ടുപോകുന്ന വാക്കുകളെ വിളക്കിച്ചേര്‍ത്ത് ജീവിതത്തിന്റെ കവിത കുറിക്കുന്ന കവിയാണ് അഹമ്മദ്ഖാന്‍. കവിതയുടെ തെളിനീര്‍പ്രവാഹമാണ് അഹമ്മദ്ഖാന്റെ പുതിയ കവിതാസമാഹാരമായ ‘വിളക്കിച്ചേര്‍ത്ത വാക്കുകള്‍'. കാലത്തോടും താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലെ അനീതികളോടും നിരന്തരം കലഹിക്കുന്ന 22 സുതാര്യ കവിതകള്‍ ഉള്‍പ്പെടെ 52 കവിതകളുടെ സമാഹാരമാണ്‌ ഇത്.  ജീവിതസന്ദര്‍ഭങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്ന കവി പൂര്‍വസൂരികളായ കവികളെ സാക്ഷിയാക്കി വാക്കുകളെ വൃത്തബദ്ധമായും ധ്വന്യാത്മകമായും വിളക്കിച്ചേര്‍ക്കുന്നു. എല്ലാ വിഭാഗീയതകള്‍ക്കും അതീതമാണ് മാനവസ്നേഹമെന്ന് വിളംബരം ചെയ്യുകയാണ് ‘ഹൃദയപൂര്‍വം' എന്ന ആദ്യകവിത. ഉ (കു)റുമ്പുകള്‍ എന്ന കവിതയും ഐക്യത്തിന്റെയും തളരാത്ത പരിശ്രമത്തിന്റെയും കഥയാണ്. ചാനല്‍ ചര്‍ച്ചകള്‍ മനുഷ്യമനസ്സിലെ അജീര്‍ണമായി മാറുന്നത്‌ എങ്ങനെയെന്ന് ‘ഒറ്റമൂലി'യും പത്രങ്ങളിലെ ദുര്‍ഗന്ധപൂരിതമായ വാര്‍ത്തകള്‍ മനസ്സുകളെ മലീമസമാക്കുന്ന അവസ്ഥ ‘പത്രവൃത്താന്ത'വും കാട്ടിത്തരുന്നു. കൊലപാതകങ്ങള്‍ (ഒരേ രക്തം), വാര്‍ധക്യത്തിലെ അനാഥത്വം (വാര്‍ധക്യപര്‍വം), കൊറോണക്കാലത്തെ ഭീതി, നൊമ്പരങ്ങള്‍ (തടവറയില്‍, കണ്ണേ മടങ്ങുക, ഓളങ്ങളില്‍, പാവം മനുഷ്യന്‍), രാഷ്ട്രീയത്തിലെ കാപട്യങ്ങള്‍ (തൊഴുകൈകള്‍, നഗരവാരിധി), ഡിജിറ്റല്‍ ടെക്നോളജിയില്‍ കെട്ടുപോയ മാനുഷികമൂല്യങ്ങള്‍ (അപരിചിതര്‍, പ്രണയദൂരം), ആരെയും കാത്തുനില്‍ക്കാതെ കടന്നുപോകുന്ന കാലത്തിന്റെ ലീലകള്‍ (കാലം), പരിസ്ഥിതിവിനാശം (ഒരു പരിസ്ഥിതിക്കവിത) കയ്പെഴും ജീവിതപാഠാവലിയുടെ ഓര്‍മയുള്ള ഓണം (വീണ്ടും ഒരോണം) തുടങ്ങി എല്ലാ കവിതയും വര്‍ത്തമാനകാല പരിച്ഛേദങ്ങളാണ്. ഡോ. പി സോമന്റെ അവതാരികയും പി കെ ഗോപിയുടെ ആസ്വാദനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top