25 April Thursday

ചോരപ്പൂക്കൾ വിരിഞ്ഞ പുന്നപ്രയും വയലാറും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ബ്രിട്ടീഷുകാരും നാട്ടുരാജ്യ ഭരണാധികാരികളും പലയിടത്തും കോൺഗ്രസുകാരും കൈകോർത്ത് കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോഴും  രാജ്യസ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചും പോരാടിയ ചരിത്രമാണ്‌ കമ്യൂണിസ്റ്റുകാർക്കുള്ളത്‌. കേരളത്തിലെ പുന്നപ്ര വയലാർ, കരിവെള്ളൂർ, കാവുമ്പായി, കയ്യൂർ തുടങ്ങിയ ചുവപ്പൻ ഏടുകൾ പറയുന്നത്‌ ആ ചരിത്രം. സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ മോഹത്തെ തച്ചുടച്ചത് പുന്നപ്രയും വയലാറുമാണ്. ദിവാൻ ഭരണത്തിനും അമേരിക്കൻ മോ-ഡലിനുമെതിരെ പ്രായപൂർത്തി വോട്ടവകാശമാവശ്യപ്പെട്ടും നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ തൊഴിലാളികൾ നടത്തിയ പോരാട്ടത്തിനാണ് 74 വർഷംമുമ്പ്‌‌ പുന്നപ്രയും വയലാറും മേനാശേരിയും സാക്ഷിയായത്‌.   

കൊല്ലവർഷം 1122 തുലാം മാസം ഏഴുമുതൽ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കേരളത്തെ ചുവപ്പിച്ച ഐതിഹാസികസമരം. കയർത്തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, എണ്ണയാട്ടുതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരൊക്കെ  അണിചേർന്നു. കയർത്തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികൾ ന്യായമായ ആവശ്യങ്ങളുയർത്തിയാൽ ജന്മിമാരുടെ ഗുണ്ടകളും പൊലീസും അവർക്കെതിരെ ക്രൂരമായ മർദനങ്ങൾ അഴിച്ചുവിടുന്ന കാലം. ജന്മിത്തത്തിനുമുന്നിൽ ജീവിതം തകർന്നുപോയ തൊഴിലാളികൾക്ക് കൂലിക്കുവേണ്ടി കൂട്ടായി വിലപേശാൻ കമ്യൂണിസ്റ്റ്പാർടി കരുത്തുനൽകി. കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയതോടെ നിരവധി തൊഴിലാളി യൂണിയനുകൾ നിലവിൽവന്നു. കൂലിവർധന ചോദിക്കുന്നവരെ ജന്മിമാർ കിടപ്പാടത്തിൽനിന്ന് ഇറക്കിവിട്ടു, മുതലാളിമാർ ജോലിയിൽനിന്ന‌് പിരിച്ചുവിട്ടു. സൈന്യവും പൊലീസും ക്രൂരമർദന അഴിച്ചുവിട്ടു. യൂണിയൻ ഓഫീസുകൾ തകർത്തു.  

സാമ്പത്തികാവശ്യങ്ങളോടൊപ്പം ഉത്തരവാദഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള 27 ഇന ആവശ്യ അന്ന‌് തൊഴിലാളികൾ സർക്കാരിനുമുന്നിൽ വച്ചു. തൊഴിലാളികളുടെ സമരത്തെ നേരിടാൻ സർ സി പി പട്ടാളഭരണം ഏർപ്പെടുത്തി. സായുധ പൊലീസിന്റെ നിയന്ത്രണം സി പി നേരിട്ട് ഏറ്റെടുത്തു. യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾ ഉപയോഗിച്ചാണ് തൊഴിലാളികൾ നേരിട്ടത്. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി ആയിരക്കണക്കിന‌്സമര വളന്റിയർമാർ കൊല്ലപ്പെട്ടു.

നാവിക കലാപം

സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ 1945-46 കാലം. നാടെങ്ങും ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ആളിക്കത്തുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാർ ആ ചൂട്‌ ഏറ്റുവാങ്ങി. അവർ കലാപം നടത്തി. ബോംബെയിൽ ഇന്ത്യൻ നേവിയിലെ 5000 സൈനികരും അതിൽ ചേർന്നു. കപ്പലിന്റെ കൊടിമരത്തിൽനിന്ന് യൂണിയൻ ജാക്ക് നീക്കം ചെയ്‌തു. അതിന്റെ സ്ഥാനത്ത് ചെങ്കൊടികളും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികളും ഉയർത്തി.  മേലുദ്യോഗസ്ഥരെ തടവിലാക്കി. 

 

രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ചേർന്ന്‌,  പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയ്‌ക്കൊപ്പമാണ്‌  ബ്രിട്ടീഷ്‌ നാവിക സേനയിലെ ഇന്ത്യക്കാർ യുദ്ധം ചെയ്‌തത്. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യവാഞ്‌ഛയും അവരുടെ മനസ്സിൽ വേരുറപ്പിക്കാൻ ഈ സമ്പർക്കം കാരണമായി.  സോഷ്യലിസ്റ്റ്‌  ആശയങ്ങളും അവരെ സ്വാധീനിച്ചു.  
 
ദേശീയപ്രസ്ഥാനത്തിൽനിന്നും ഐഎൻഎയിൽനിന്നും ആവേശം ഉൾക്കൊണ്ട,  ഒരു വിഭാഗം ഇന്ത്യൻ നാവികസേനാംഗങ്ങൾ  രഹസ്യസംഘടനയ്‌ക്ക്‌ രൂപം നൽകി–- ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയിൽ കലാപമുണ്ടാക്കുന്നതിൽ മുന്നിൽനിന്നു. റോയൽ ഇന്ത്യൻ നേവി(ആർഐഎൻ)യിലെ  നാവികർ പണിമുടക്കിയപ്പോൾ ബോംബെയിൽ സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. 
 
നാവികസേനാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളെ കമ്യൂണിസ്റ്റ് പാർടി  പിന്തുണച്ചു. പണിമുടക്കിന്‌ പിന്തുണ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ലഘുലേഖ 1946 ഫെബ്രുവരി 19ന് പാർട്ടി വിതരണം ചെയ്‌തു. തുടർന്ന്  ഫെബ്രുവരി 22ന്  പൊതുപണിമുടക്കിനും ആഹ്വാനം ചെയ്‌തു. നാവികസേനാ കപ്പലുകളെയും അവയ്‌ക്കകത്തുള്ള ഇന്ത്യയുടെ നാവികരെയും തകർക്കുമെന്ന റിയർ അഡ്മിറൽ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top