23 April Tuesday
ഇന്ന്‌ ശിശുദിനം

നല്‍പ്പൂമ്പാറ്റകളല്ലേയിതെല്ലാം

സുനീഷ്‌ ജോ suneeshmazha@gmail.comUpdated: Sunday Nov 14, 2021

അടച്ചുപൂട്ടലിന്റെ കാലത്ത് ഏറെ കുട്ടികൾ  സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിൽ അഞ്ചുപേരെ ശിശുദിനത്തിൽ നമ്മൾ കണ്ടുമുട്ടുന്നു.  മലപ്പുറത്തെ മുഹമ്മദ് ഫായിസ്,  വയനാട്ടിലെ  സൻഹ ഫാത്തിമ,  അഭയ് കൃഷ്‌ണ, തിരുവനന്തപുരത്തെ എസ് ഉമ, നിധിൻ (ശങ്കരൻ) എന്നിവരുടെ വിശേഷങ്ങളറിയുക

അഭിപ്രായങ്ങളും ഇഷ്ടങ്ങളും പേടി കൂടാതെ അവതരിപ്പിക്കുകയാണ്‌ പുതിയ തലമുറയിലെ കുരുന്നുകൾ. അവർക്ക്‌ അതിനുള്ള അന്തരീക്ഷമൊരുക്കുക തന്നെയാണ്‌ പ്രധാനം. വിഖ്യാത എഴുത്തുകാരൻ ഖലീൽ ജിബ്രാൻ പറഞ്ഞതുനോക്കുക; ‘നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ല. അവർക്ക്‌ നിങ്ങളുടെ സ്‌നേഹം നൽകാം. നിങ്ങളുടെ ചിന്തകൾ നൽകരുത്‌. അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌..’ അതെ അടച്ചുപൂട്ടൽ കാലം പല കുഞ്ഞുങ്ങൾക്കും അവരുടെ സർഗശേഷിയുടെ വിസ്‌ഫോടനങ്ങളുടെ കാലം കൂടിയായിരുന്നു. 2020 മാർച്ച്‌ മുതൽ  2021 നവംബർ വരെയുള്ള സ്‌കൂൾ സ്വപ്‌നം മാത്രമായിരുന്നു അവർക്ക്‌. ഒന്നരവർഷത്തിനുശേഷം അവർ പൂമ്പാറ്റകളെപ്പോലെ സ്‌കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു. ഓൺലൈൻ ക്ലാസിൽ ലോഗ്യംപറഞ്ഞ അധ്യാപകർ സ്‌കൂളിലെത്തിയപ്പോൾ ചില കുട്ടികളെ മറന്നു.  ക്ലാസിൽ എത്തിയപ്പോൾ ഇടയ്‌ക്ക്‌ അത് ഞാനാണ് ടീച്ചറെ എന്ന്‌ അവർ തിരുത്തി. എന്നെ മാഷ് മറന്നോ എന്ന് മറ്റുചിലർ പരിഭവിച്ചു. ചമ്മിയും ആശ്വസിപ്പിച്ചും അവരുടെ പ്രിയം കൂടുന്നു.

എനിക്ക്‌ പറ്റൂലുമ്മാ

2021 സെപ്‌തംബർ

ഇനി എനിക്ക്‌ ഒരിക്കലും പറ്റൂല്ല. ഓൺലൈൻ ക്ലാസിൽ ഇരിക്കാൻ ഇഷ്ടമല്ലെന്നും വേഗം സ്‌കൂൾ തുറക്കണമെന്നും ഉമ്മയോട്‌ പറയുന്നതായിരുന്നു സൻഹ ഫാത്തിമയുടെ വീഡിയോ. ഉമ്മ സഫീനയാണ്‌ വീഡിയോ എടുത്തത്‌. മരിയനാട്‌ എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിനിയാണ്‌.

കാത്തിരിപ്പിലാണ്‌

വേഗം സ്‌കൂൾ തുറക്കണമെന്ന വീഡിയോ കണ്ട്‌ സൻഹയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ചിരുന്നു. നവംബർ ഒന്നിന്‌ സ്‌കൂൾ തുറന്നപ്പോൾമുതൽ കാത്തിരിപ്പിലാണ്‌. ക്ലാസിൽ പോവണം. കൂട്ടുകാരെ കാണണം. ടീച്ചറെ കാണണം. ഒരുപാട്‌ പ്രതീക്ഷയിലാണ്‌. പുതിയ ഉടുപ്പും ബാഗും സാനിറ്റൈസറും വാങ്ങിച്ചിട്ടുണ്ട്‌.

 

 

 

 

 ങ്ങളിങ്ങനെ ഇടല്ലീ

2021 ജൂലൈ

ങ്ങളിങ്ങനെ ഇടല്ലീ ഈ ഗ്രൂപ്പും ഗ്രാഫും ഒക്കെ ഉണ്ടാക്കിയിട്ട്‌ ങ്ങളിതിതെന്തിനാണ്‌. ഞാൻ ഇന്നലത്തത്‌ എഴുത്വാണ്‌. നോക്കി ഇങ്ങള്‌. ഇങ്ങളെന്തിനാണ്‌ ഇങ്ങനെ ഇടാൻ നിക്കുന്നത്‌. എഴുതാൻ ഇടുകയാണെങ്കിൽ ഒരു ഇത്തിരി ഇടണം. അല്ലാണ്ട്‌ ഇഷ്ടംപോലെ ഇടരുത്‌ ടീച്ചർമാരെ. ഞാനങ്ങനെ പറയല്ല, ടീച്ചറേ. എനിക്ക്‌ വെറുത്ത്‌. എനിക്ക്‌ പഠിത്തംന്ന്‌ പറഞ്ഞാ ഭയങ്കര ഇഷ്ടാ. ങ്ങളിങ്ങനെ എനിക്ക്‌ ഇട്ട്‌ തരല്ലേ...’ അഭയ്‌ കൃഷ്‌ണ, ആറാംക്ലാസ്‌, എച്ച്‌ഐഎം യുപി സ്‌കൂൾ, വൈത്തിരി , വയനാട്‌

ഫുട്ബോളറാകണം

കളി അത്‌ ഫുട്‌ബോളാകുമ്പോൾ പെരുത്ത്‌ ഇഷ്ടമാണ്‌ അഭയ്‌കൃഷ്‌ണയ്‌ക്ക്‌. ആരാ ഇഷ്ടപ്പെട്ട കളിക്കാരൻ എന്ന്‌ ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. പോർച്ചുഗൽതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ. കോഴിക്കോട്‌ പടനിലത്ത്‌ അച്ഛൻ വീട്ടിലായിരിക്കുമ്പോഴാണ്‌ അഭയ്‌ ഓൺലൈൻ ക്ലാസിനെ കുറിച്ചുള്ള പരാതിയുമായി വീഡിയോ ചെയ്‌തത്‌. അപ്പൂപ്പന്‌ അയച്ചുകൊടുക്കാനാണ്‌(അമ്മ അനുഷയുടെ അച്ഛൻ) അതെടുത്തത്‌. അമ്മയുടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. കൂടുതൽ സമയവും വീട്ടുമുറിയിലായിരുന്നു അഭയ്‌. ഓൺലൈൻ ക്ലാസ്‌ വിവരങ്ങൾ റഫ്‌ ബുക്കിൽ അമ്മ പകർത്തി കൊടുക്കുമായിരുന്നു. വീടുപണി തിരക്കിലായതിനാൽ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. ഒറ്റയ്‌ക്ക്‌ ഹോംവർക്ക്‌ ഉൾപ്പെടെ ചെയ്യേണ്ടി വന്നപ്പോഴാണ്‌ പരാതിയുമായി വീഡിയോ ചെയ്യുന്നത്‌. കുട്ടിയുടെ തുറന്നു പറച്ചിലും ആ നിഷ്‌കളങ്കതയും ഏറെ പ്രശംസ പിടിച്ചുപറ്റി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച്‌ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തിരുന്നു. സ്‌കൂളിൽ പോയപ്പോൾ വലിയ ഹാപ്പി. ടീച്ചർമാർക്ക്‌ ആർക്കും ദേഷ്യമോ, പരാതിയോ ഇല്ല. ക്ലാസിൽ കൂടുതൽ തനിക്കാണ്‌ ശ്രദ്ധ കിട്ടുന്നത്‌. സ്‌കൂളിൽ പോയപ്പോൾ കുറെ പുതിയ കൂട്ടുകാരെകൂടി കിട്ടിയതിന്റെ സന്തോഷമുണ്ട്‌. ക്ലാസ്‌ ടീച്ചർ ജമ ടീച്ചറാണ്.  ഏറെ ഇഷ്ടമാണ്‌ ടീച്ചറെ. ഇനി സ്‌കൂൾ പൂട്ടുന്നത്‌ ആലോചിക്കാൻകൂടി വയ്യ അഭയ്‌ക്ക്‌. പക്ഷികളെയും നായകളെയും വളർത്താൻ സമയം കണ്ടെത്തുന്നു. യുട്യൂബ്‌ നോക്കി കാടകളെ വളർത്താനുള്ള ശ്രമത്തിലാണിപ്പോൾ. അതിനായി ആറ്‌ കാടകളെ വാങ്ങി. അപ്പൂപ്പനെക്കൊണ്ട്‌ കൂടും വാങ്ങിപ്പിച്ചു.

 

 

 

 ചെലോൽത് റെഡ്യാവും

2020 ജൂലൈ

കടലാസ്‌ പൂക്കൾ നിർമിക്കുന്നത്‌ പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഫായിസ്‌‌. പേപ്പർ മടക്കി പെൻസിൽകൊണ്ട്‌ മാർക്ക്‌ ചെയ്‌ത്‌ കത്രിക കൊണ്ട്‌ പൂവ്‌ വെട്ടിയുണ്ടാക്കുന്നതായിരുന്നു വീഡിയോ. അവസാനം പേപ്പർ നിവർത്തുമ്പോൾ പൂവിന്റെ രൂപം കിട്ടുന്നില്ല. ഈസമയം ഒരു പതർച്ചയും കൂടാതെ മലപ്പുറം സ്ലാങ്ങിൽ ‘ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല . ഇന്റേത് റെഡ്യായില്ല,. എങ്ങനായാലും നമ്മക്ക് ഒരു കൊയപ്പല്ല്യ’ –-എന്ന്‌ പറഞ്ഞ്‌ പ്രയാസത്തെ മറികടക്കുകയാണ്‌ ഫായിസ്‌‌.  

പൊലീസുകാരനാകണം

നമ്മുടെ ഹൃദയത്തിലേക്ക് കയറിപ്പോയവനാണല്ലോ മലപ്പുറം കുഴിമണ്ണ ഇസ്സത്ത് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരൻ (അന്ന്‌ നാലാംക്ലാസിൽ) മുഹമ്മദ് ഫായിസ്‌. 2020 ജൂലൈയിൽ ചെയ്‌ത വീഡിയോ ആണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഗൾഫിലുണ്ടായിരുന്ന ബാപ്പ മുനീറിന്‌ അയച്ച് കൊടുത്ത വീഡിയോ ആയിരുന്നു അത്. പഴയതുപോലെ കളിച്ചും ചിരിച്ചും കൂട്ടുകാരുമൊത്ത് കൂട്ടുകൂടിയും നടക്കുന്ന ഫായിസിന്‌ ക്രിക്കറ്റും ഫുട്ബോളും എല്ലാം ഇഷ്‌ടം.  സ്‌കൂൾ വീണ്ടും തുറന്നപ്പോൾ വലിയ സന്തോഷം. അധ്യാപകരും നാട്ടുകാരും പ്രത്യേക പരിഗണന നൽകുന്നതിന്റെ ആഹ്ലാദം ഫായിസിനും കുടുംബാംഗങ്ങൾക്കുമുണ്ട്. പഠിച്ച് പഠിച്ച് ആരാകണമെന്ന് ഇപ്പോഴേ ഉറപ്പിച്ചിട്ടുണ്ട്. പൊലീസുകാരനാകണം അതാണ് ആഗ്രഹം. ഏറെ പേരുടെ നിർബന്ധം വന്നപ്പോൾ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങി. അതിനായി വീഡിയോ ചെയ്യുന്നു. ഫായിസിന്റെ വാക്കുകൾ കടമെടുത്ത് മലബാർ മിൽമ തയ്യാറാക്കിയ പരസ്യവും ഹിറ്റായിരുന്നു. അതിങ്ങനെ,‘ ചെലോൽത് ശരിയാവും / ചെലോൽത് ശരിയാവൂല / പക്ഷേങ്കി ചായ എല്ലാർക്കും ശരിയാവും പാൽ മിൽമ ആണെങ്കിൽ’ . സ്വകാര്യ കമ്പനികളും ചില മാറ്റങ്ങളോടെ ഫായിസിന്റെ വാക്കുകളെ അവതരിപ്പിച്ചു. കോവിഡ്‌ പ്രതിരോധത്തിനും ആ വാക്കുകൾ കൂട്ടായി. ‘ചെലോൽക്ക്ണ്ടാവും ചെലോൽക്ക്ണ്ടാവൂല / ഞമ്മക്ക്ണ്ടാവാൻ സമ്മയ്‌ക്കര്ത്’–- അന്നത്തെ മലപ്പുറം കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അത് ഇടം പിടിച്ചത്. ഫായിസിന്റെ വാക്കുകൾ പരസ്യമാക്കിയപ്പോൾ മിൽമ അതിന് പതിനായിരം രൂപ പ്രതിഫലവും നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും വീടിന് സമീപത്തെ നിർധന യുവതിയുടെ വിവാഹച്ചെലവിലേക്കുമായി ഫായിസ്‌‌ അതിനെ പകുത്തു. നമ്മുടെ പരിശ്രമങ്ങൾ പാളിപ്പോയി എന്ന് കരുതി സങ്കടപ്പെടാൻ വരട്ടെ. അപ്പോൾ ഈ രണ്ട് മിനിറ്റ് വരുന്ന വീഡിയോ കാണുക. അപ്പോൾ തോന്നിപ്പോകില്ലേ ഇവനോളം വലിയ മോട്ടിവേറ്റർ വേറെ ഇല്ലെന്ന്‌!

 

 ടീച്ചറ്‌ കുട്ടി

ലോകം ശബ്ദത്തിന്റേതാണെന്ന്‌ വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു എസ്‌ ഉമ. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ്‌ വിദ്യാർഥിനിയാണ്‌. സ്‌കൂൾ അടച്ചുപൂട്ടുന്നതിന്‌ മുമ്പ്‌ പ്രസംഗത്തിലും ക്ലേ മോഡലിങ്ങിലും കഥ പറച്ചിലിലുമൊക്കെയായി ‘ഒതുങ്ങി’ നിൽക്കുകയായിരുന്നു. നേരത്തെ എടുത്തുവച്ചിരുന്ന ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരിക്കെയായിരുന്നു സ്‌കൂൾ അടച്ചത്‌. 2020 മാർച്ച്‌ 10ന്‌ ‘ബ്രേക്ക്‌ ദ ചെയിനുമായി’ കൈ കഴുകുന്നതിനെക്കുറിച്ച്‌ ആദ്യ വീഡിയോ.   പാവകൾ വച്ച്‌ സംസാരിക്കുന്നതുപോലെയായിരുന്നു അത്‌ ചെയ്‌തത്‌. 2020ൽ പതിവിന്‌ വിപരീതമായി ഏപ്രിലിൽതന്നെ വിതരണം ചെയ്‌തിരുന്നു. അഞ്ചാംക്ലാസിലെ പാഠങ്ങൾ അവതരിപ്പിച്ചുള്ള വീഡിയോ പിന്നാലെ ചെയ്‌ത്‌ തുടങ്ങി. ജൂണിൽ സർക്കാർ ഓൺലൈൻ പഠനക്ലാസിന്‌ തുടക്കം കുറിച്ചപ്പോൾ നേരത്തെ ഇട്ടിരുന്ന വീഡിയോകൾ വൈറലായി. അങ്ങനെ ‘ടീച്ചറ്‌ കുട്ടി ’ സ്‌റ്റാറായി. ഇന്നിപ്പോൾ 1.65 ലക്ഷം സസ്‌ക്രൈബേഴ്‌സുണ്ട്‌ ഉമയുടെ യുട്യൂബ്‌ ചാനലിന്‌. മൊത്തം കാഴ്‌ചക്കാർ 2.14 കോടിയിലേക്ക്‌ എത്തുന്നു. സ്‌കൂൾ അധ്യാപകരും രക്ഷിതാക്കളും വീഡിയോയുടെ കാഴ്‌ചക്കാരാണ്‌. കമന്റ്‌ബോക്‌സിൽ കുട്ടികൾ ആവശ്യപ്പെടുന്ന ഭാഗങ്ങൾകൂടി ഉൾപ്പെടുത്താറുണ്ട്‌. അമ്മ അഡ്വ. എം നമിതയും ക്ലാസിന്‌ സഹായിക്കാറുണ്ടെന്ന്‌ ഉമ. ഇപ്പോൾ മലയാളം മാത്രമാണ്‌ എടുക്കുന്നത്‌. മറ്റുവിഷയങ്ങൾ അമ്മയാണ്‌ ചെയ്യുന്നത്‌. സ്‌കൂൾ തുറന്നെങ്കിലും എജ്യൂക്കേഷൻ ചാനലായി  ‘ഉമക്കുട്ടി’തുടരും. മലാലയെ കുറിച്ചുള്ള പുസ്‌തകവും ടോട്ടോച്ചാനുമാണ്‌ ഏറെ ഇഷ്ടം. വീട്ടിലും പഠനാന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ്‌ യുട്യൂബ്‌ ചാനൽ ആരംഭിക്കാനുള്ള സൗകര്യമൊരുക്കിയതെന്ന്‌ ഉമയുടെ അച്ഛൻ കാർട്ടൂണിസ്റ്റ് ടി കെ സുജിത്‌ പറഞ്ഞു. ടീച്ചറായി സോഷ്യൽ മീഡിയ കാണുമ്പോഴും സാധാരണ കുട്ടികളെപ്പോലെ എല്ലാത്തരം കുറുമ്പുകളുമുള്ള  കുട്ടി തന്നെയാണ്‌ ഉമ. ഉമയുടെ ‘യുട്യൂബ്‌ ഹൗസ്‌’ വിദ്യാഭ്യാസമന്ത്രി കാണാനെത്തിയിരുന്നു. ഇത്തവണ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കോട്ടൺഹിൽ സ്‌കൂളിൽ നടന്നപ്പോൾ ആങ്കറായി ഉമയുണ്ടായിരുന്നു. നാലാംക്ലാസിൽ പഠിക്കുമ്പോൾ എൽപി സ്‌കൂളിലെ ലീഡറായിരുന്നു. വിക്ടേഴ്‌സ്‌ ചാനലിന്റെ തിരികെ സ്‌കൂളിലേക്ക്‌ പ്രമോ വീഡിയോയിലും ഉമയായിരുന്നു താരം. ഡബ്ബിങ്‌ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്‌ ഉമയുടെ ആഗ്രഹം. കഴിഞ്ഞ വർഷം ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിൽ സ്‌പീക്കറായിരുന്നു ഉമ. ഈ വർഷം കുട്ടികളുടെ പ്രസിഡന്റാണ്‌. ഒരാഴ്‌ചയായി അതിനുള്ള തയ്യാറെടുപ്പിലാണ്‌.

 

 ഹലോ... ഗെയ്‌സ്‌

2020 ഒക്‌ടോബർ

ഹായ്‌ മുഖ്യമന്ത്രി അപ്പൂപ്പാ വഴുതയ്‌ക്കാട്‌ ശിശുവിഹാർ യുപി സ്‌കൂളിലാ ഞാൻ പഠിക്കുന്നത്‌. ചേട്ടന്മാരുടെ സ്‌കൂൾ ഹൈടെക്ക്‌ ആക്കിയപോലെ ഞങ്ങടെ സ്‌കൂൾ കൂടെ ഹൈടെക്ക്‌ ആക്കാമോ?

ഗയ്‌സ്‌ എനിക്ക്‌ നടനാകണം

പൂജപ്പുര സ്വദേശി നിധിൻ(ശങ്കരൻ)താരങ്ങളിൽ താരമാണിന്ന്‌. ബന്ധുകൂടിയായ അനന്തു ആണ്‌ ശങ്കരനിലെ ‘സ്‌മാർട്ട്‌നസ്‌’ ആദ്യം തിരിച്ചറിഞ്ഞത്‌. 2020 സെപ്‌തംബറിൽ ശങ്കരന്റെ യുട്യൂബ്‌ ചാനലിൽ ആദ്യ വീഡിയോ. നിക്കറ്‌ കഴുകുന്നതിനെ കുറിച്ചായിരുന്നു അത്‌. ഉണക്ക മീൻ ചുടുന്നതും മാർക്കറ്റിൽ പോകുന്നതും അങ്ങനെ എത്രയോ വീഡിയോകൾ. അതേവർഷം ഒക്‌ടോബറിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാവി എന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ താൻ പഠിക്കുന്ന സ്‌കൂളും ഹൈടെക്‌ ആക്കാമോ എന്ന ചോദ്യവുമായെത്തി. എല്ലാക്ലാസുകളും ഹൈടെക് ആക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിധിൻ നല്ല മിടുക്കനാണെന്ന്‌ തോന്നുന്നുണ്ടെന്നും നല്ല പ്രതികരണശേഷിയോടെ മുന്നോട്ടുപോവാൻ കഴിയട്ടെ എന്നും അദ്ദേഹം അന്ന്‌ ആശംസിക്കുകയും ചെയ്‌തു. ഭാവി കേരളം എന്തായിരിക്കണമെന്ന ആലോചനയുമായി ബന്ധപ്പെട്ട്‌ 2021 ഫെബ്രുവരിയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്ന വ്‌ളോഗർമാരെയും യുട്യൂബർമാരെയും മുഖ്യമന്ത്രി കണ്ടപ്പോൾ ശങ്കരനുമുണ്ടായിരുന്നു. വീണ്ടും സ്‌കൂൾ തുറന്നതിന്റെ സന്തോഷത്തിലാണ്‌ ശങ്കരനും. ഇതിനകം നിരവധി ഹ്രസ്വ സിനിമകളിൽ അഭിനയിച്ചു. ഡാൻസ്‌ പഠിക്കുന്നുണ്ട്‌. സിനിമയിൽ അഭിനയിക്കണം അതാണ്‌ ആഗ്രഹം. ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രം ‘സൗദി വെള്ളക്ക’യിൽ അഭിനയിക്കുകയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top