16 April Tuesday

നമുക്ക് മുന്നിലുള്ള കടമകൾ ഏറ്റെടുത്ത് മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

1947 ആഗസ്ത് 15 ഇന്ത്യയിലെ ജനങ്ങളോട് കമ്യൂണിസ്റ്റ് പാർടി നടത്തിയ അഭ്യർഥന

നൂറ്റാണ്ടുകളായി യൂണിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) പറന്നിരുന്നിടങ്ങളിലെല്ലാം ആഗസ്ത് 15ന് ഇന്ത്യയുടെ ദേശീയപതാക പാറിപ്പറക്കും; ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾക്ക് ബ്രിട്ടീഷ് വൈസ്രോയി അധികാരം കൈമാറും; ഇപ്പോഴത്തെ ഇടക്കാല സർക്കാർ ഭരണഘടനാനിർമാണ സഭയോട് ബാധ്യതയുള്ള താൽക്കാലിക സർക്കാരായി മാറും; ഇന്ത്യൻ യൂണിയൻ ജന്മമെടുക്കും. ഇന്ത്യൻ ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തിലെ ചരിത്രപ്രധാനമായ നാഴികക്കല്ലായി അത് മാറും. ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയ ആഹ്ലാദത്തിന്റേതായ ആ ദിനത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയും അണിചേരും.

ഈ ദിനത്തിൽ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ മൂന്ന് തലമുറയിലെ എണ്ണമറ്റ രക്തസാക്ഷികൾക്ക് അവരോടുള്ള എല്ലാ ബഹുമാനങ്ങളോടെയും ആദരാഞ്ജലി അർപ്പിക്കുന്നു. ഈ ദിവസത്തിലേക്കുള്ള വഴിയൊരുക്കിയത് അവരുടെ മഹത്തായ ത്യാഗമാണ്. നാം ഇന്ത്യയിലെ നാവികരെയും സൈനികരെയും വൈമാനികരെയും സ്മരിക്കും. യുദ്ധാനന്തരം അവർ നടത്തിയ, ഐതിഹാസികമായ നാവിക കലാപത്തിൽ കലാശിച്ച പണിമുടക്ക് തരംഗമാണ് ഇന്ത്യൻ സായുധസേനയെയും വിപ്ലവാവേശം ബാധിച്ചു എന്നും പഴയതുപോലെ ദേശീയമായ ഉണർവിനെയും മുന്നേറ്റത്തെയും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെങ്കിൽ ഒരിക്കൽക്കൂടി ഇന്ത്യയെ ഒന്നടങ്കം ആക്രമിച്ച് കൈവശപ്പെടുത്തേണ്ടതായി വരുമെന്നും അതിന് ബ്രിട്ടീഷ് ജനതയുടെ പോലും ധാർമികവും ഭൗതികവുമായ പിന്തുണ ലഭിക്കില്ലെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് താക്കീത് നൽകിയത്.

നാം സവിശേഷമായി അഭിമാനപൂർവം സ്മരിക്കേണ്ടത് വിജയത്തിന്റേതായ ഈ ദിനത്തിലേക്കെത്തുന്നതിന് സംഘടിത തൊഴിലാളിവർഗവും കർഷകപ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെയാണ്. വർധിച്ചുവരുന്ന പണിമുടക്ക് വേലിയേറ്റത്തെയും കർഷകമുന്നേറ്റങ്ങളെയും ഹിന്ദു–-മുസ്ലിം ആഭ്യന്തരപ്പോരിൽ മുക്കിക്കളയാനോ ബുള്ളറ്റുകൾകൊണ്ട് തകർക്കാനോ ആകില്ലെന്നു കണ്ടപ്പോഴാണ് ഉയർന്നുവരുന്ന ജനകീയവിപ്ലവത്തിന് ബദൽ, ഇന്ത്യയുടെ നേതാക്കളുമായി സമാധാനത്തിന് ശ്രമിക്കുക മാത്രമാണെന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ബോധ്യപ്പെട്ടത്.

ഈ ദിനത്തിൽ തിരുവിതാംകൂറിലെയും ഹൈദരാബാദിലെയും കശ്മീരിലെയും മറ്റനേകം നാട്ടുരാജ്യങ്ങളിലെയും ധീരോദാത്തരായ ജനങ്ങളോടുള്ള നമ്മുടെ സഹോദര നിർവിശേഷമായ ഐക്യദാർഢ്യം പ്രകടിപ്പിക്കും. അവരുടെ സമരങ്ങളാണ് നാട്ടുരാജ്യങ്ങളിലെ തങ്ങളുടെ പാവകളുടെ അന്ത്യം അടുത്തതായി ബ്രിട്ടീഷ് ഭരണാധികാരികൾക്ക് താക്കീതുനൽകിയത്. ഈ ദിനത്തിൽ ദേശീയപ്രസ്ഥാനത്തിലെ എല്ലാ സമരശക്തികളെയും നാം ആദരിക്കും. അവരുടെ സംഘടിതസമ്മർദമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിൻവാങ്ങാൻ നിർബന്ധിതരാക്കിയത്.

ഇനിയും ഈ യാത്രയുടെ അന്ത്യമായിട്ടില്ല

ഈ പാതയിൽ നാം ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ, ഇനിയും ഈ യാത്രയുടെ അന്ത്യമായിട്ടില്ല. രാജ്യം വിട്ടുപോകാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതമാകുകയായിരുന്നു; പക്ഷേ, ബ്രിട്ടീഷ് സാമ്രാജ്യത്വവാദികൾ പഴയതും പുതിയതുമായ നിയന്ത്രണങ്ങളിലൂടെ പുതിയൊരു തിരശ്ശീലയ്ക്കുകീഴിൽ തങ്ങളുടെ സൈനികവും സാമ്പത്തികവുമായ നിയന്ത്രണം നിലനിർത്താൻ വെറിപിടിച്ച് ഗൂഢനീക്കങ്ങൾ നടത്തുകയാണ്.

അവർ രാജ്യത്തെ നിർബന്ധപൂർവം വിഭജിച്ചു. എന്നിട്ട് രണ്ട് സഹോദര രാജ്യങ്ങളെയും ആഭ്യന്തരയുദ്ധത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു. ഈ രണ്ട് സഹോദര രാജ്യങ്ങളും തമ്മിൽ പരസ്പരം കലഹിക്കുന്ന ആഭ്യന്തരയുദ്ധത്തിലെ ഇടനിലക്കാരാകുകയാണവർ. രണ്ട് രാജ്യവും തമ്മിൽ പരമാവധി ശത്രുത സൃഷ്ടിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം.

ദേശീയ സർക്കാരിന്റെ ചുമലിൽ വലിയൊരു ഉത്തരവാദിത്വമാണ് വന്നിരിക്കുന്നത്. ആഗസ്ത് 15ന് ദേശീയ സർക്കാരിന്റെ നേതാക്കൾ എല്ലാവരിൽനിന്നും പിന്തുണയും സഹകരണവും അഭ്യർഥിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ്‌ പാർടി പൂർണ മനസ്സോടെ ഈ പിന്തുണയും സഹകരണവും വാഗ്ദാനം നൽകുന്നു.

ആഗസ്ത് 15ന് ജനങ്ങളും രാഷ്ട്രത്തിന്റെ നേതാക്കളോട് ആവശ്യപ്പെടുന്നത് സുവ്യക്തമായ ഒരു നയപ്രസ്താവനയാണ്; ധീരമായ ഒരു മുന്നോട്ടുപോക്കാണ്; ഒരു കാലഘട്ടത്തിന്റെ അവസാനത്തിന്റെയും വ്യക്തമായ മറ്റൊന്നിന്റെ തുടക്കത്തിന്റെയും പ്രതീകത്തെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top