29 March Friday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

പ്രതിരോധത്തിന്റെ  ആശയപ്പുരകൾ

മനോഹരൻ മോറായി

ബ്രിട്ടീഷ്‌ ആധിപത്യത്തിൽനിന്നുള്ള വിമോചനത്തിന്‌ വഴിയൊരുങ്ങുന്നതിന്‌ പതിറ്റാണ്ടുകൾമുമ്പ്‌ 1923ൽ ഹിന്ദുമഹാസഭാ നേതാവ്‌  വിനായക്‌ ദാമോദർ സവർക്കർ ‘ഹിന്ദുത്വ’ എന്ന പുസ്‌തകത്തിൽ  ഇന്ത്യയെന്ന മതരാഷ്‌ട്രം വിഭാവനം ചെയ്‌തിരുന്നു. ഗാന്ധിജിയെ കൊന്ന ഈ ആശയത്തെ ഹ്രസ്വമായും സമഗ്രമായും അവതരിപ്പിക്കുകയാണ്‌ ബോബി തോമസ്‌. ഹിന്ദുത്വവാദികളെ നിരാശരാക്കി 1947ൽ  മതരാഷ്‌ട്രമായി പാകിസ്ഥാനും മതനിരപേക്ഷ റിപ്പബ്ലിക്കായി ഇന്ത്യയും പിറവിയെടുത്തു.  ഇന്ത്യ 76 വർഷം മതനിരപേക്ഷമായി നിലകൊണ്ടതിനു പിന്നിലെ ധാർമികശക്തി  ഗാന്ധിജിയുടെ ജീവിതവും രക്തസാക്ഷിത്വവുമാണ്‌. ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത്‌ എന്തിന്‌?’എന്ന ഗ്രന്ഥത്തിലൂടെ പത്രപ്രവർത്തകൻ കൂടിയായ ബോബി തോമസ്‌ നടത്തുന്ന ചികഞ്ഞെടുക്കലുകൾ ഗാന്ധിഘാതകരെ പിൻപറ്റുന്നവർക്ക്‌ ചെറുതല്ലാത്ത അലോസരമുണ്ടാക്കും. ഗാന്ധിവധത്തെ പാഠപുസ്‌തകങ്ങളിൽനിന്ന്‌ നീക്കുക മാത്രമല്ല; സവർക്കറുടെ ചിത്രം പാർലമെന്റിന്റെ അകത്തളങ്ങളിൽ ഇടംപിടിക്കുകകൂടിയാണ്‌. ചെങ്കോലും  കാവിക്കോലങ്ങളും ജനാധിപത്യത്തിന്റെ മുഖംമറയ്‌ക്കുന്ന സമകാലത്ത്‌ ഗാന്ധിജിയെക്കുറിച്ച്‌ നിരന്തര ചർച്ച ആവശ്യമുണ്ട്‌. ഗാന്ധിവധം ഗോഡ്‌സെയുടെ വികാരവിക്ഷോഭത്തിൽ നിന്നുണ്ടായതല്ലെന്നും ദീർഘകാലത്തെ തയ്യാറെടുപ്പും ഗൂഢാലോചനയും അതിനു പിന്നിലുണ്ടെന്നും പുസ്‌തകം വരച്ചുകാട്ടുന്നു. ബിർല ഹൗസിലെ പ്രാർഥനാ യോഗത്തിൽ വീണ ചോരത്തുള്ളികളിലൂടെയാണ്‌ പുസ്‌തകത്തിന്റെ തുടക്കം. ആ രക്തസാക്ഷിത്വത്തിന്റെ മുമ്പും പിമ്പും വിശദമായി പ്രതിപാദിക്കുന്ന ഒട്ടനവധി കൃതികൾ ഇറങ്ങിയിട്ടുണ്ട്‌. ഇതിൽ പ്രധാനപ്പെട്ടവയെ അവലംബമാക്കിയിട്ടുണ്ടെന്ന്‌ ലേഖകൻ പറയുന്നുണ്ട്‌. ഒഴുക്കുള്ള ഭാഷ, മൂർച്ചയേറിയ വിശകലനം ഇവയെല്ലാം പുസ്‌തകത്തെ വ്യത്യസ്‌തമാക്കുന്നു. അതിജീവനത്തിനായി ഹിന്ദുത്വശക്തികൾ  എന്തു ക്രൂരതയ്‌ക്കും ഒരുങ്ങിനിൽക്കുമ്പോൾ ഇങ്ങനെയും പ്രതിരോധത്തിന്റെ  ആശയപ്പുരകൾ നിറയ്‌ക്കാം.

 

 

നിർവചിക്കാനാകാത്ത വേവലാതികൾ

ദിനേശ്‌വർമ

വലിച്ചുകെട്ടിയ നീല ടാർപായക്ക്‌ കീഴിൽ കുറെ മനുഷ്യർ. പറയാതെ പറഞ്ഞും കരയാതെ കരഞ്ഞുമുള്ള ജീവിതസന്ധികൾ കൂടിച്ചേരുന്ന നാട്ടിടവഴികൾ. എൻ രാജന്റെ ‘ഉദയ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ്‌’ എന്ന കഥാസമാഹാരത്തെക്കുറിച്ചാണ്‌ പറഞ്ഞുവരുന്നത്‌. കഥനത്തിന്റെ അന്യംനിന്നുപോകുന്ന കാഴ്ചയുടെയും ശൈലിയുടെയും കരുത്ത്‌ ഈ ഒമ്പത്‌ കഥകളെ വിശേഷപ്പെട്ടതാക്കുന്നു.  മഹാമാരിയുടെ മരവിപ്പിന്റെ കാലം പോകെപ്പോകെ ഓർമയുടെ അറ്റത്തേക്കാണല്ലോ. പഴയ ശീലങ്ങളും അഹങ്കാരങ്ങളുമെല്ലാം തിരിച്ചുവരുന്നു. ഇടയ്‌ക്കിടെ ഈ ‘മരണസന്നിധി’ വായിക്കൂ, ഔഷധഗുണമുള്ള ‘കൗൺസലിങ്‌ ഇഫക്ട്‌’ നേടൂ. ‘മനുഷ്യർ ഉപേക്ഷിച്ച സ്ഥലങ്ങളിൽ ഇപ്പോൾ തെരുവുനായകളും കാക്കകളുംമാത്രം എന്തെങ്കിലും കൊത്തിപ്പെറുക്കാൻ തക്കംപാർത്ത്‌ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടാകും. മാഷ്‌ക്ക്‌ എന്തെന്നില്ലാത്ത കിടിലം തോന്നി. മരിച്ചുപോകുമോ എന്നോർത്തല്ല. മറ്റേതെല്ലാമോ വേവലാതികൾ’.  അങ്ങനെയൊന്നിനെ, അക്കാലത്തെ നെടുനീറ്റൽ കൊണ്ടാണ്‌ രാജൻ വരച്ചിട്ടത്‌. സുഖദുഃഖ സമ്മിശ്രങ്ങളായ ഇത്തരം സന്ദർഭങ്ങളിലൂടെയും അനുഭൂതികളിലൂടെയും നടത്തിവിടുമ്പോൾ കഥ വായനയുടെ ഹൃദയം കീഴടക്കുന്നു. മറ്റൊരു കഥ ‘സ്വിച്ച്‌ ഓഫ്‌’ ആണ്‌. മാധ്യമ പ്രവർത്തകൻ കൂടിയായ രാജന്‌ ‘കറന്റ്‌ അഫയേഴ്‌സ്‌’ മാത്രമല്ല ‘കറന്റ്‌’ ലോകവും നന്നായി വഴങ്ങുന്നു.

 

 

കവിയുടെ പ്രിയങ്ങൾ, പ്രചോദനങ്ങൾ

എ ശ്യാം

ഒ എൻ വി കുറുപ്പിന്റെ രചനകളിലൂടെ ഒരാസ്വാദകന്റെ ഹൃദയസഞ്ചാരമാണ്‌ കെ വി അനിൽകുമാർ രചിച്ച ഒ എൻ വിയുടെ രചനാശിൽപ്പം. കവിയുടെ കവിതകൾ മാത്രമല്ല, നാടക ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ലളിതഗാനങ്ങളും ആറുവർഷം നീണ്ട പഠനത്തിന്‌ ഗ്രന്ഥകാരൻ വിഷയമാക്കിയതിൽനിന്നാണ്‌ 400 പേജിലധികം വരുന്ന ഈ കൃതിയുടെ പിറവി. ഒ എൻ വി കവിതകളിൽ ചില പദ ചിത്രങ്ങൾ ആവർത്തിച്ചുവരുന്നത്‌ ശ്രദ്ധിച്ചതാണ്‌ ആസ്വാദനാനുഭവം ഒരു പഠനമായി എഴുതാൻ പ്രേരണയായത്‌. കവിതകൾക്ക്‌ സൗരഭ്യമേറ്റുന്ന പൂക്കളാണ്‌ ആദ്യം ശ്രദ്ധയിൽപ്പെട്ടത്‌. സംഗീതവും പക്ഷികളും സ്‌നേഹവും ഉപ്പുമെല്ലാം ആവർത്തിക്കുന്നതായി പിന്നീട്‌ കണ്ടു. വാഴ്‌വ്‌, വെറും, വെറുതേ തുടങ്ങിയ വാക്കുകളോട്‌ കവിക്ക്‌ പ്രിയമേറുന്നതായും കണ്ടു. ഒ എൻ വിയുടെ നിരവധി കവിതകളുടെ ശീർഷകത്തിന്‌ പൂക്കൾ സൗന്ദര്യം നൽകുന്നുണ്ടെങ്കിലും അദ്ദേഹത്തിൽ നാൽപ്പതിൽപ്പരം കവിതാസമാഹാരങ്ങളിൽ ഒന്നിന്റെപോലും പേരിൽ പുഷ്‌പ പരാമർശം ഇല്ലെന്ന കൗതുകകരമായ കണ്ടെത്തലും ഗ്രന്ഥകാരൻ പങ്കുവയ്‌ക്കുന്നു. ഒ എൻ വി രചിച്ച ഒരേയൊരു ചെറുകഥയിലും പൂക്കൾ നിറഞ്ഞുനിൽക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. ഒ എൻ വിയുടെ പ്രഭാഷണങ്ങളിലും പ്രബന്ധങ്ങളിലും ലേഖനങ്ങളിലും പൂക്കൾക്ക്‌ സ്ഥാനമുണ്ട്‌. ഒ എൻ വിയുടെ രചനകൾ അടുത്തറിയാൻ ഈ പഠനം ആസ്വാദകർക്ക്‌ സഹായകരമാണെന്ന്‌ പുസ്‌തകത്തിലുള്ള കുറിപ്പിൽ വയലാർ ശരത്‌ചന്ദ്ര വർമ പറയുന്നു.

 

 

മനുഷ്യവേഗത്തിന്റെ കഥകൾ

രവീന്ദ്രൻ മലയങ്കാവ്

മനോജ് വീട്ടിക്കാടിന്റെ 14 കഥയുടെ സമാഹാരമാണ് ‘അപ്രത്യക്ഷരാകുന്നവരുടെ നഗരം'. മനുഷ്യജീവിതത്തിൽ കൈവന്നിരിക്കുന്ന വേഗത അടയാളപ്പെടുത്തുന്ന കഥകളാണ്‌ ഇവ. ലോകവും മനുഷ്യനും എത്തിനിൽക്കുന്ന സങ്കീർണാവസ്ഥകളെ നിർധാരണം ചെയ്യുന്നതാണ്‌ മനോജിന്റെ രചനാപാടവം. ‘സ്ത്രൈണം' എന്ന കഥ സെക്സ് വിപണിയെ സംബന്ധിക്കുന്ന മറയില്ലാത്ത ആഖ്യാനമാണ്‌. സെക്സിനു മാത്രമായി സൃഷ്ടിക്കപ്പെടുന്ന സ്ത്രീകളുടെ ദൈന്യാവസ്ഥ. കസ്റ്റമറുടെ തൃപ്തിയും അതുവഴിയുള്ള സാമ്പത്തികനേട്ടവുംമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിപണി. രോഗബാധിതരായ സ്ത്രീകളെ പക്ഷിപ്പനി ബാധിച്ച കോഴികളെ എന്നപോലെ  കൂട്ടത്തോടെ കൊന്നൊടുക്കുന്നു. കസ്റ്റമറുടെ സുരക്ഷിതത്വത്തിനായി ‘യൂസ് ആൻഡ്‌ ത്രോ' (ഉപയോഗിക്കുക, ഉപേക്ഷിക്കുക) മാതൃകയിൽ ഒരു സ്ത്രീയെ ഒരു കസ്റ്റമർക്കുമാത്രം ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ  ‘പുനഃസംക്രമണ'ത്തിനു വിധേയമാക്കുന്നു അഥവാ കൊല്ലുന്നു. സ്ത്രൈണം എന്ന കഥ നമ്മളെ ഭീതിപ്പെടുത്തുന്നു. സ്ത്രീയോടുള്ള നമ്മുടെ സമീപനത്തെ വിചാരണ ചെയ്യുന്നു.  ‘അധികം നീളമില്ലാത്ത ചില ജീവിതങ്ങൾ' എന്ന കഥയിൽ ആത്മഹത്യപോലും വ്യാവസായികവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഒരു കാലത്തെക്കുറിച്ചു പറയുന്നു.

 

 

 

 

 

ഇന്നിന്റെ അവസ്ഥകളുടെ വെളിപാടുപോലെ

സതീശൻ മോറായി

ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെയാണ് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് അരിച്ചുകയറുന്നതെന്ന് സൂക്ഷ്മമായി വരച്ചുകാട്ടുന്ന നോവലാണ് ജയമോഹന്റെ ‘മാടൻ മോക്ഷം’. 1989ലാണ് ജയമോഹൻ ഈ നോവൽ എഴുതുന്നത്.  ഇന്ന് ഈ നോവൽ വായിക്കുമ്പോൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞ അപകടകരമായ രാഷ്ട്രീയ വ്യതിയാനങ്ങളെ എത്രമാത്രം കൃത്യതയോടെയാണ് നോവലിസ്റ്റ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് നമ്മൾ അതിശയിക്കും. തെക്കൻ തമിഴ്നാട്ടിലെ ഒരു ഗ്രാമീണ ദൈവമാണ് ചുടലമാടൻ. ദൈവങ്ങളിലെ ദളിതനാണ് മാടൻ. മാടനെ സവർണർ പിടിച്ചുപറ്റുന്ന കഥയാണ്‌ നോവൽ പറയുന്നത്‌. കൈയിലൊരു വാളുംപിടിച്ച് തുറിച്ചുനോക്കി നിൽക്കുന്ന മാടന്റെ വിഗ്രഹം ഒരു പാതിരാത്രിയിൽ പൂജാരി തന്നെ മറിച്ചിട്ടശേഷം സമീപത്ത് ഒരു കുരിശ്‌ നാട്ടുന്നതാണ് നോവലിന്റെ കഥാഗതിയെ സമകാലികമാക്കുന്നത്. പിന്നീട് രണ്ടു ചേരിയിലാകുന്ന മനുഷ്യർ പരസ്പരം പോരടിക്കുകയും ഇരുപുറത്തും വലിയ കോവിലും പള്ളിയും പണിയുകയുമാണ്. മാടന് എന്നും ചോരയും മാംസവും ചുരുട്ടുമൊക്കെയായിരുന്നു ഇഷ്ട നിവേദ്യം. എന്നാൽ, പന്ത്രണ്ടടി ഉയരത്തിൽ വിഗ്രഹമായി പുനഃപ്രതിഷ്ഠിക്കപ്പെട്ട ശേഷം മാടന് നിവേദ്യമായി ലഭിച്ചത് ഓട്ടുരുളിയിൽ ശർക്കരപ്പായസമായിരുന്നു. എഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്ന  മാടന് അനങ്ങാനാകുന്നില്ല. മാടൻ ബന്ധനസ്ഥനായി കഴിഞ്ഞിരുന്നു. ഇന്നിന്റെ ഇന്ത്യൻ അവസ്ഥകളിലേക്കുള്ള എഴുത്തുകാരന്റെ ക്രാന്തദർശിത്വം തന്നെയാണ് നോവൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top