29 March Friday

ഏകപാത്രം എന്നാൽ

അലക്‌സ്‌ വള്ളികുന്നംUpdated: Sunday Oct 10, 2021

നാടകരംഗത്തെ അസാധാരണ  പ്രതിഭ ജോസ് ചിറമ്മലിന്റെ ഓർമകൾക്ക്‌ ഒരു വർഷം കൂടി.  ചിറമ്മലിന്റെ  അപ്രകാശിതമായ ഒരഭിമുഖം

? ഒറ്റക്കഥാപാത്രം മാത്രമുള്ള നാടകങ്ങളെക്കുറിച്ചുള്ള അഭിപ്രായം.

ഏകപാത്ര അവതരണ സമ്പ്രദായം സജീവമാകുന്നുണ്ട്.  ബോംബെയിൽ ഈസ്റ്റ് വെസ്റ്റ് തിയറ്റർ എൻകൗണ്ടറിന്റെ രണ്ട് പ്രൊഡക്ഷൻ കണ്ടിരുന്നു. ഒന്ന് ‘ഈഡിപ്പസ് '. ഈഡിപ്പസ് എന്ന കഥാപാത്രം നാടകം മൊത്തം അവതരിപ്പിച്ചു.  ഈഡിപ്പസ് മാത്രമായാണ് നടൻ അഭിനയിക്കുന്നത്. നടൻ റിയാക്ട് ചെയ്യുന്നുണ്ട്. പ്രോപ്പർട്ടീസ് ഉപയോഗിക്കുന്നുണ്ട്. ഒരു   സാരിയുടെ തല കൈകൊണ്ട് പിടിച്ചിട്ട് അതിന്റെ മുകളിലൂടെ സ്ത്രീയുടെ വിഗ് ഒക്കെ പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ  ഭാര്യയായി സങ്കൽപ്പിച്ച്‌  സല്ലാപം നടത്തുന്നുണ്ട്. ‘ഔട്ട്സൈഡർ' എന്ന നോവൽ മൊത്തം ഒരു കഥാപാത്രം പെർഫോം ചെയ്യുന്നത് കണ്ടതാണ്‌ രണ്ടാമത്തെ അനുഭവം.

? നാടകത്തിന്റെ അനുഭവം അവ പ്രദാനംചെയ്യുന്നുണ്ടോ.

തീർച്ചയായും. നോവൽ  ഉണ്ടാക്കാത്തതും നാടകം ഉണ്ടാക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട അവസ്ഥ അതിന്റെ തീവ്രതയാണ്. നാടകം തുടങ്ങി കഴിഞ്ഞാൽ  ഉടൻതന്നെ അടുത്തതായി ഉടൻ എന്തോ സംഭവിക്കുമെന്ന അവസ്‌ഥ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌.  

? രണ്ടും രണ്ടനുഭവങ്ങളല്ലേ. താരതമ്യം സാധ്യമോ.

നോവൽ  വായിച്ചു തുടങ്ങുമ്പോൾ വൈകാരിക തീവ്രതയുടെ പ്രതീതി ഉണ്ടാകണമെന്നില്ല. വിവരണാത്മകതയിൽ നമ്മളങ്ങനെ ഒഴുകിപ്പോകുകയാണ്‌.  

? ഏകാംഗാഭിനയം എത്രത്തോളം മോണോ ആക്ടുമായി അടുത്തുനിൽക്കുന്നുണ്ട്‌.

നാടകത്തിന്റെ പൂർണമായ അംശങ്ങൾ മോണോ ആക്ട്  പ്രദാനംചെയ്യണമെന്നില്ല. ഒരു നടന്/ നടിക്ക്‌ വിവിധ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നതിലെ കഴിവ്‌ പ്രകടിപ്പിക്കാനുള്ള അവസരമാണത്‌. അതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ ഏകപാത്ര നാടകം. പ്രസിദ്ധ നടി ജലബാല വൈദ്യ രാമായണത്തിലെ വിവിധ കഥാപാത്രങ്ങളെ ഒറ്റയ്‌ക്ക്‌ അവതരിപ്പിക്കുന്നത്‌ കണ്ടിട്ടുണ്ട്. അതിലും നാടകത്തിന്റെ എല്ലാ അവസ്ഥകളും വരുന്നുണ്ട്. അതേസമയം മോണോ ആക്ടിന്റെ ശക്തിയും അതനുഭവിപ്പിക്കുന്നുണ്ട്.  

? നാടക ചരിത്ര ഗ്രന്ഥങ്ങളിൽ ഇങ്ങനെയൊരു സങ്കേതത്തെക്കുറിച്ച്‌ റഫറൻസുണ്ടോ.

 സംസ്‌കൃത നാടകചരിത്രം പരിശോധിച്ചാൽ കൂത്ത്, പാഠകം, പ്രഹസനം തുടങ്ങിയ രൂപങ്ങൾ കാണാം. ഒരാൾമാത്രം അഭിനയിക്കുന്ന ഭാണം എന്ന കലാസമ്പ്രദായത്തെക്കുറിച്ച് പറയുന്നുണ്ട്. ദശരൂപകങ്ങളിൽ ഒന്നാണ്‌ അത്. നമ്മളാരും അതിന്റെ അവതരണം കണ്ടിട്ടില്ല.  രസികനും വിടനുമായ നായകന്റെ ഒരു ദിവസത്തെ അനുഭവങ്ങളുടെ ആഖ്യാനമാണ്‌ ഭാണം. അത് അദ്ദേഹം മോണോ ആക്ട് ചെയ്യുന്നതാണോ സംസാരം മാത്രമുള്ളതാണോ എന്നൊക്കെയുള്ള കാര്യം നമുക്കറിയില്ല. പക്ഷേ, അന്നും ഇങ്ങനെയൊക്കെ ഏകപാത്ര പ്രകടനങ്ങൾ ഉണ്ടായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ.

? ഏകപാത്ര നാടകത്തിന്റെ കേരളീയാനുഭവങ്ങൾ.

ജയരാജ് വാര്യരെ പോലുള്ളവർ ചെയ്യുന്നത്‌ അതാണ്‌. സംവിധായകനെയും രചയിതാവിനെയും നല്ലൊരു നടനെയും ഒരുമിച്ചു കാണാം ആ പെർഫോമൻസിൽ. അദ്ദേഹം അച്ചോമച്ചാർ എന്ന പേരിൽ ചെയ്യുന്നത്‌ അതാണ്‌. ഒറ്റക്കഥാപാത്രമാണെങ്കിലും കാണുന്നവരെയും പ്രസംഗിക്കുന്നവരെയുമെല്ലാം അവതരിപ്പിക്കുന്നു. ടാഗോറിന്റെ രചനയെ അധികരിച്ചാണ്‌ ഓശാരത്തിൽ ഒരു സൽക്കാരം എന്ന ഏകപാത്ര നാടകം ഞാൻ സംവിധാനംചെയ്‌തത്‌. ആദ്യം ബംഗാളിൽ അവതരിപ്പിച്ചു. പിന്നെ കേരളത്തിലും. അതുപോലെതന്നെ 1989ൽ നാടക മാസം പരിപാടിയിലാണ്‌  കർത്താർസിങ്‌ ദുഗ്ഗലിന്റെ പഞ്ചാബി നാടകം മുകളിലത്തെ നില അവതരിപ്പിച്ചത്‌. അതിലൊരു ആക്ടർ മാത്രമേയുള്ളൂ. ജയരാജാണ് അഭിനയിച്ചത്. അദ്ദേഹം അദ്ദേഹത്തിന്റെ മോണോലോഗിലൂടെ ആത്മകഥ എന്ന് വിളിക്കാവുന്ന രൂപത്തിലുള്ള കഥ അവതരിപ്പിച്ചു.  

 ? ജയപ്രകാശ് കുളൂരിന്റെ ഇത്തരത്തിലുള്ള പല സ്‌ക്രിപ്‌റ്റുകളും താങ്കൾ സംവിധാനം ചെയ്‌തവയാണല്ലോ.

 കുളൂരിന്റെ ക്വാക്... ക്വാക്... എന്ന നാടകത്തിൽ താറാവുകളെ കൊണ്ടുനടക്കുന്ന ഒരാൾ മാത്രമേ ഉള്ളൂ. ഫോൺ എന്ന നാടകത്തിൽ ഒരാൾ ഫോണിനോട് റിയാക്ട് ചെയ്യുന്നതാണ്.    

? പരീക്ഷണാത്മകമായ പ്രകടന രീതിയായി ഇതിനെ കാണാമോ? ഏകപാത്ര നാടകത്തെ പ്രേക്ഷകർ മൊത്തത്തിൽ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്‌തിട്ടില്ല. 

തീർച്ചയായും പരീക്ഷണാത്മകമായ രീതി തന്നെയാണ്. ചെറു വിഭാഗത്തിനിടയിലാണെങ്കിലും അംഗീകാരം കിട്ടിയതു കൊണ്ടായിരിക്കും പലരും മുന്നോട്ടു വരുന്നത്‌. പുതുതായി കണ്ടെത്തിയ ഒന്നല്ല ഇത്‌. ടാഗോർ ഒക്കെ എത്രയോ മുമ്പ് ഇത്തരം രചനകൾ നടത്തിയിട്ടുണ്ട്‌. മോണോ ആക്ട്, മിമിക്രി തുടങ്ങിയ ഏകാഭിനയങ്ങളുടെ തലത്തിൽനിന്ന് വളർന്ന്‌, മറ്റൊന്ന് കണ്ടെത്താനുള്ള ശ്രമമായി ഇതിനെ കാണണം. നമ്മുടെ പൂർവകാല കലാരൂപങ്ങളിൽ വീണുകിടക്കുന്ന, നാടകചരിത്രത്തിൽ  ഉണ്ടായിരുന്ന ഒരു ആവിഷ്‌കാര രൂപമാണിത്‌.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top