29 March Friday

നല്ല സിനിമകൾ വിജയിക്കും

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday May 7, 2023

അനീഷ്‌ ഉപാസന സംവിധാനം ചെയ്യുന്ന സൈജു കുറുപ്പ്‌ നായകനാകുന്ന ജാനകി ജാനേ വെള്ളിയാഴ്‌ച തിയറ്ററുകളിലെത്തുകയാണ്‌.  പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഫീൽഗുഡ്‌ ശ്രേണിയിലാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌. സിനിമയുടെ വിശേഷങ്ങളും തന്റെ സിനിമാ കാഴ്‌ചപ്പാടുകളെയും കുറിച്ച്‌ നടൻ സൈജു കുറുപ്പ്‌ സംസാരിക്കുന്നു.

നിരാശരാക്കില്ല

എല്ലാവരിലും ഉണ്ടാകുന്ന ഒരു വികാരമാണ് പേടി. എത്ര ധൈര്യശാലി ആണെന്ന് പറഞ്ഞാലും ആരോടെങ്കിലും എന്തിനോടെങ്കിലും ഉറപ്പായും എല്ലാവർക്കും പേടി കാണും. ആ ഒരു ആശയമാണ്‌ ജാനകി ജാനേയുടേത്‌. ആദ്യ ടീസറിൽ കാണിക്കുന്നത്‌ പോലെ ഞാൻ ജീവിതത്തിൽ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ ഓടിയിട്ടുണ്ട്‌. നവ്യ നായർ അവതരിപ്പിക്കുന്ന ജാനകിയുടെ ജീവിതത്തിലെ ഒരു പേടി മുൻനിർത്തിയാണ് സിനിമ. അങ്ങനെ പ്രേക്ഷകർക്ക് എല്ലാവർക്കും തന്നെ അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന സിനിമയാണ്‌ ജാനകി ജാനേ. ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമ. പക്ഷെ, ഞാൻ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദൻ എന്ന കഥാപാത്രത്തിലൂടെയാണ്‌ സിനിമ മുന്നോട്ട് പോകുന്നത്. ഒരു ഫീൽഗുഡ്‌ കുടുംബചിത്രമാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന, സന്തോഷിക്കുന്ന സിനിമയാണ്‌. ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

രണ്ടാം ഭാഗം ആഗ്രഹിച്ചിട്ടുണ്ട്‌

കഴിഞ്ഞ വർഷം അതിന്‌ മുമ്പുമായി ചെയ്‌ത കുറച്ച് കഥാപാത്രങ്ങളും സിനിമകളും ശ്രദ്ധിക്കപ്പെട്ടു. നല്ല സിനിമകൾ ചെയ്യാനായി. 2005ൽ മയൂഖത്തിൽ നായകനായശേഷം അടുത്ത സിനിമ ലയൺ ആയിരുന്നു. അതിൽ മൂന്നു രംഗം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. മൂന്നാമത്തെ സീനിൽ മൃതദേഹമായാണ്‌ എത്തിയത്‌. അന്നുമുതൽ നായകനായി മാത്രം ചെയ്യുവെന്ന്‌ ചിന്തിച്ചിട്ടില്ല. നായകനായി തുടരണമെന്നുമില്ല.  സഹനടനായാലും സ്വഭാവനടനായാലും നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യണം. നമ്മൾ ഇങ്ങനെ ചെയ്യണം എന്ന്‌ കരുതിയാൽ അങ്ങനെ നടക്കുകയുമില്ല. എന്റെ ജീവിതത്തിൽ എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. മയൂഖത്തിനുശേഷം നല്ല ബ്രേക്ക്‌ കിട്ടിയത്‌  ട്രിവാൻഡ്രം ലോഡ്ജിലെ തമാശ കഥാപാത്രത്തിലൂടെയാണ്‌. ആദ്യം അങ്ങനെയൊരു റോൾ ചെയ്യുമ്പോൾ പേടിയുണ്ടായിരുന്നു. പക്ഷെ, അന്ന്‌ സിനിമ ചെയ്‌തേ പറ്റൂ. വി കെ പ്രകാശ്‌ നൽകിയ വേഷം ആളുകൾക്ക്‌ ഇഷ്ടപ്പെട്ടു. അതും സംഭവിച്ച്‌ പോയതാണ്‌. ആടിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗം വേണമെന്ന ആഗ്രഹിച്ചിരുന്നു. അതുപോലെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഡ്രൈവിങ്‌ ലൈസൻസ് തുടങ്ങിയ സിനിമകൾക്ക് രണ്ടാമത് വേണമെന്ന് ആഗ്രഹമുണ്ട്‌.

ചാൻസ് ചോദിക്കാറുണ്ട്

ഒരു സ്ഥലത്ത് പോകുമ്പോൾ ഒരു സംവിധായകനെ കണ്ടാൽ, അയാൾ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ചാൻസ് ചോദിക്കാറുണ്ട്‌. ആട്, 1983 അടക്കമുള്ള സിനിമയിൽ ലഭിച്ച കഥാപാത്രങ്ങൾ ചാൻസ് ചോദിച്ചിട്ട് കിട്ടിയതാണ്‌. ചാൻസ്‌ ചോദിക്കുമ്പോഴുള്ള ഒരു പ്രശ്നം അവർ തരുന്ന കഥാപാത്രം നല്ലതാണോ വലുതാണോ എന്നൊന്നും അറിയാൻ കഴിയില്ല. കിട്ടുന്ന കഥാപാത്രം ചെയ്യുക എന്നതാണ്. പക്ഷെ, ചാൻസ്‌ ചോദിച്ചു കിട്ടിയ കഥാപാത്രങ്ങളെല്ലാം നല്ലതായിരുന്നു. 

ആവശ്യം നല്ല കഥ

എല്ലാ സിനിമയും തിയേറ്ററിൽ വിജയിക്കണമെന്ന് ആഗ്രഹിച്ചു തന്നെയാണ് ചെയ്യുന്നത്.  ചിലത് വിജയിക്കും, ചിലത് വിജയിക്കില്ല. അതെല്ലാം സിനിമ വ്യവസായത്തിന്റെ ഭാഗമാണ്. താരമൂല്യം കുറഞ്ഞ സിനിമ ആദ്യ ദിവസങ്ങൾ പ്രേക്ഷകർ കുറവായിരിക്കും. പക്ഷെ നല്ല സിനിമയാണെങ്കിൽ മൗത്ത്‌ പബ്ലിസിറ്റിയിലൂടെ ആളുകൾ പറഞ്ഞ്‌ പറഞ്ഞ്‌ കൂടുതൽ ആളുകളിലേക്ക് എത്തുകയും വിജയിക്കും ചെയ്യും. ആളുകൾ ഒരു ജോണർ സിനിമകൾ മാത്രമേ തിയറ്റിൽ വന്ന്‌ കാണുമെന്നൊന്നുമില്ല. ബിഗ് ബജറ്റ് സിനിമകൾ ആവണമെന്നില്ല. സിനിമയ്‌ക്ക്‌ ആവശ്യം നല്ല കഥയാണ്‌. ജയ ജയ ജയ ജയ ഹേ തമാശ സിനിമയായിരുന്നു. രോമാഞ്ചം പൂർണമായും യൂത്തിന്റെ ചിത്രമായിരുന്നു. വലിയ ബജറ്റിൽ ഒരുക്കിയ സിനിമകളുമായിരുന്നില്ല. ബഡ്ജറ്റ്, ആര് അഭിനയിക്കുന്നു എന്നതിനപ്പുറം നല്ല സിനിമയാണെങ്കിൽ ആളുകൾ കാണും.

പുതിയ സിനിമകൾ

വിനിൽ സ്‌കറിയ വർഗീസ്‌ സംവിധാനം ചെയ്‌ത രജനി, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഒരുക്കുന്ന മധുര മനോഹരം, മോഹം എന്നിവയാണ്‌ ഉടൻ തിയറ്ററിലെത്തുന്ന സിനിമകൾ. സിദ്ദിഖിന്റെ സംവിധാനസഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‌ സംവിധാനം ചെയ്യുന്ന പൊറോട്ട്‌ നാടകം, സിന്റോ സണ്ണിയുടെ പാപ്പച്ചൻ ഒളിവലിയാണ്‌ എന്നീ സിനിമകളും വരാനുണ്ട്‌. സോണി ലിവിന്റെ മലയാളം വെബ്‌ സിരീയസും ചെയ്യുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top