03 October Tuesday

ഗുരുവും സ്ഥലത്തെ പ്രധാന ദിവ്യന്മാരും

മാങ്ങാട് രത്‌നാകരൻ sabdaratnakaram@gmail.comUpdated: Sunday Jul 3, 2022

മലയാളത്തിന്റെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമപ്പെരുന്നാളാണ് ജൂലൈ 5. 28 വർഷംമുമ്പ് ബഷീർ പ്രപഞ്ചത്തിൽ ലയിച്ചു. 86 വർഷം ഈ ഭൂമിയിൽ ജീവിച്ച ബഷീർ കുട്ടിക്കാലംതൊട്ട് ജീവിതസായാഹ്നംവരെ ഒരന്വേഷകനായിരുന്നു. എന്താണ് ധർമം, അധർമം, എന്താണ് നന്മ, തിന്മ, എന്താണ് സ്വാതന്ത്ര്യം, എന്താണ് മനുഷ്യൻ, എന്താണ്‌ ദൈവം. അങ്ങനെ പലപല ചോദ്യം.  അതിവിപുലമായ സൗഹൃദത്തിന്റെ ഉടമ. പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ ബഷീറിന്റെ ജീവിത മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത കൂട്ടത്തിൽ തലയെടുപ്പുള്ള എഴുത്തുകാരോടൊപ്പമുള്ള ബഷീറിനെ കാണാം. ‘സ്ഥലത്തെ പ്രധാന ദിവ്യൻ’ എഴുതിയ ബഷീറിനൊപ്പം പല പല ദിവ്യന്മാർ. അവരിൽ മലയാളത്തിന്റെ പ്രിയപ്പെട്ട ചില എഴുത്തുകാരെയും ബഷീറിന്റെ സഹോദരൻ അബൂബക്കർ എന്ന അബുവിനെയും അവതരിപ്പിക്കുകയാണ് മാങ്ങാട് രത്‌നാകരൻ. അബുവിന്റെ ഓർമയിലൂടെ സഖാവ്‌ പി കൃഷ്‌ണപിള്ളയും. ബഷീർ സാഹിത്യത്തെക്കുറിച്ച് ‘ഇളംനീല നിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹര ഗാനമേ’ എന്ന പഠനഗ്രന്ഥവും ‘ബഷീറിന് ഉമ്മിണി ബല്യ ഒരു പേജ്’ എന്ന സമാഹാരവും മാങ്ങാട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്

വൈക്കം മുഹമ്മദ് ബഷീർ എല്ലാവരെയും വലിച്ചടുപ്പിച്ചു, ജീവിതംകൊണ്ടും എഴുത്തുകൊണ്ടും. ബഷീർ അവരെ ‘ഭാവഗായക'രാക്കി. അതുകൊണ്ടാണല്ലോ കവിതയെഴുത്തിന്റെ സുഖക്കേടില്ലാത്ത, ബഷീർ പണ്ഡിതനായ എം എൻ കാരശ്ശേരി ‘ബഷീർ മാല' എഴുതിയത്. മലയാളത്തിലെ മാപ്പിളപ്പാട്ടുശാഖയിലെ മാലപ്പാട്ട്, പ്രവാചകന്മാരെയും സൂഫിവര്യന്മാരെയും രക്തസാക്ഷികളെയും വാഴ്ത്തുന്ന, പാട്ടുകൊണ്ട് മാലകോർക്കുന്ന ഗാനരൂപമാണ്. ‘ബഷീർമാല'യിൽ ഇങ്ങനെയൊരു ഈരടി കേൾക്കാം: ‘അവനെല്ലാം ചെടിയെന്നും ഞാനേ മരമെന്നും/ഏവന്റെ മുമ്പിലും വമ്പുനടിച്ചോവർ’. ബഷീറിന്റെ തലയെടുപ്പിനെക്കുറിച്ച് കാരശ്ശേരി ആലങ്കാരികമായി പറഞ്ഞുവെന്നേയുള്ളൂ. ഒരു ഉറുമ്പിന്റെ മുമ്പിൽപോലും ബഷീർ വമ്പു നടിച്ചില്ലെന്നു മാത്രമല്ല, വിനീതനായതേയുള്ളൂ. ‘ഭൂമിയുടെ അവകാശികളാ'യി ജീവിവർഗത്തെ മുഴുവൻ ആദരിക്കുകയും ചെയ്തു.

ബഷീറും തകഴിയും

ബഷീറും തകഴിയും

തകഴി ശിവശങ്കരപ്പിള്ള, കാരൂർ നീലകണ്ഠപിള്ള, പി കേശവദേവ്, പൊൻകുന്നം വർക്കി, എസ് കെ പൊറ്റെക്കാട്ട്, ഉറൂബ്, വി കെ എൻ, എം ടി വാസുദേവൻ നായർ, പട്ടത്തുവിള കരുണാകരൻ–- -മലയാള കഥയിലെ ഉന്നതശീർഷർ. ഇവരിൽ സമകാലീനർക്ക് ഉറ്റസ്‌നേഹിതനും പിന്നാലെ വന്നവർക്ക് ഗുരുവുമായിരുന്നു ബഷീർ.

വൈക്കം മുഹമ്മദ് ബഷീർ എഴുത്തുകർഷകനായിരുന്നെങ്കിൽ തകഴി ശിവശങ്കരപ്പിള്ള കർഷകനായ എഴുത്തുകാരനായിരുന്നു. രണ്ടു മട്ടിൽ കഥകൾ പറഞ്ഞവർ. തകഴി ബൃഹദാകാരം പൂണ്ടു, ബഷീർ കൃശഗാത്രത്തിൽ സന്തോഷിച്ചു. ശബ്ദങ്ങളും കയറും വേറിട്ട രണ്ടു ലോകങ്ങൾ. യുദ്ധം എന്ന അനുഭവം മാത്രമേ അവയിൽ സമാനമായുള്ളൂ. തകഴി കേസരിസദസ്സിലും ബഷീർ എം പി പോളിന്റെ ‘സ്‌കൂളി'ലും പഠിച്ചു. മലയാളഭാവനയെ പരിചിതമല്ലാത്ത ലോകങ്ങളിലേക്ക് അവർ ആനയിച്ചു.

കേശവദേവായിരുന്നു ബഷീറിന്റെ കൂട്ട്, തകഴിയേക്കാളും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി കൊല്ലം കസബ പൊലീസ് സ്റ്റേഷനിൽ കഴിയുമ്പോൾ ബഷീർ തകഴിക്ക് ഒരു കത്തെഴുതി, മൂന്നേ മൂന്നു വരിയുള്ള ഒരു പോസ്റ്റ് കാർഡ്: ‘ഞാനൊരു വിജാതീയ യുവതിയെ സ്‌നേഹിക്കുന്നു. എന്തുചെയ്യണമെന്ന് അറിയിക്കണം. തമ്മിൽ കണ്ടാൽ കൊള്ളാം– --വൈക്കം മുഹമ്മദ് ബഷീർ'. തകഴി സ്റ്റേഷനിൽ ചെന്നു. ‘ആദ്യകാഴ്ചയിൽത്തന്നെ ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. എന്നാൽ, ഏറ്റവും രസകരമായത്, കത്തിൽ ബഷീർ പരാമർശിച്ചിരുന്ന പ്രണയത്തെക്കുറിച്ച്‌ ഞങ്ങൾ ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല എന്നതാണ്.' അന്നുതൊട്ട് അവർ തമ്മിലുള്ള സൗഹൃദം തളിർത്തു, പിന്നീട് പൂത്തു, പന്തലിച്ചു. 

തകഴിയെ കളിയാക്കാനുള്ള അവസരം കിട്ടിയാൽ, ബഷീർ ഒന്നിനു പത്തായി അവതരിപ്പിക്കും. ‘തകഴി ശിവശങ്കരപ്പിള്ള! കുട്ടനാട്ടിലെ പാവപ്പെട്ട കർഷകൻ. മഹാപാവം. എന്നാൽ, ഒരു വിശേഷം. തകഴിയുടെയും കാത്തയുടെയും പേരിൽ പല ബാങ്കിലായി റുപ്പീസ് ഏഴുലക്ഷം ഉണ്ടെന്നാണ് ബേപ്പൂരിൽ കിട്ടിയ രഹസ്യവിവരം... കത്തെഴുതിയാൽ തകഴി മറുപടി അയക്കില്ല. മറുപടി വേണമെങ്കിൽ സ്റ്റാമ്പൊട്ടിച്ച കവർകൂടി അയക്കണം. അല്ലെങ്കിൽ അക്കാദമിയുടെ ചെലവിൽ എപ്പോഴെങ്കിലും ഈ വഴിക്കുവരുമ്പോൾ എന്നെ വന്നുകാണും. അപ്പോൾ കെട്ടിപ്പിടിച്ച്, പൊട്ടിച്ചിരിച്ചു പറയും, ‘‘ബഷീറേ, കത്തുകിട്ടിയിരുന്നു. കവർ വാങ്ങാൻ കാൽക്കാശ്‌ കൈയിലില്ലാത്തതുകൊണ്ടാണ് മറുപടി അയക്കാതിരുന്നത്. ക്ഷമിച്ചുകള...''

ഇതാ, മറ്റൊരു സാമ്പിൾ: ‘രണ്ട് യൂണിവേഴ്‌സിറ്റികൾ തകഴിക്ക് ഡോക്ടർ പദവി കൊടുത്തു. പത്മഭൂഷൺ എന്ന ബഹുമതിയുമുണ്ട്. ഇതിൽ ഭയങ്കരമായ വർഗീയതയാണ്‌ തെളിഞ്ഞുകാണുന്നത്! മേത്തപ്പയ്യനെ താഴ്‌ത്തിക്കെട്ടുക. അതാണ് എനിക്ക്‌ പത്മശ്രീ. നായന്മാരുടെ മനസ്സിലിരിപ്പ് അവിടെ ഇരിക്കട്ടെ! ഡബിൾ ഡോക്ടർ പത്മഭൂഷൺ തകഴി ശിവശങ്കരപ്പിള്ളയെ ഞാൻ വെല്ലുവിളിക്കുന്നു! പഞ്ചയിടാൻ വരുന്നോ? ബാറിൽ കയറി വിലസാമോ? ഏതെങ്കിലും ഒരൈറ്റം മാജിക് കാണിക്കാമോ? ചുമ്മാ പോ!' ഇങ്ങനെ എഴുതിയത് പണ്ടായിരുന്നതു നന്നായി. ഇന്നാണെങ്കിൽ?

തകഴിയുടെ വിഖ്യാതമായ ചെമ്മീൻ ബഷീർ വായിച്ചിട്ടില്ലത്രെ, അഥവാ, അങ്ങനെയാണ് ചോദിച്ചവരോടെല്ലാം പറഞ്ഞത്. അഭിപ്രായം പറയേണ്ടിവരുമെന്ന് പേടിച്ചാണത്രെ വായിക്കാതിരുന്നത്. എന്നാൽ, ചെമ്മീൻ സിനിമ കണ്ടു, പ്രശംസ ചൊരിഞ്ഞു, ‘കടലിനെക്കൊണ്ടു നിർമിച്ച ഒരു കാവ്യം,' എന്നായിരുന്നു ബഷീറിന്റെ കാവ്യാത്മകമായ വിലയിരുത്തൽ. ബഷീറിന്റെ രചനകൾ തകഴിക്ക് പെരുത്തിഷ്ടമായിരുന്നു. ‘എനിക്ക് വ്യക്തിപരമായി വളരെ തൃപ്തി നൽകിയിട്ടുള്ള രചനകളാണ് അദ്ദേഹത്തിന്റേത്. പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിൽനിന്നും ലോകം നന്നാക്കാനുള്ള വ്യാഗ്രതയിൽനിന്നുമൊക്കെ അകന്നുനിന്നുകൊണ്ട് സുന്ദരമായ കലയ്ക്കുവേണ്ടി ബഷീർ എഴുതി. ബഷീറിന്റെ രചനകൾ മികച്ച കലാബോധത്തിന്റെ സൃഷ്ടികളാണ്. അവയെല്ലാം കലാസൗന്ദര്യം തികഞ്ഞവയുമാണ്.'

 എസ്‌ കെ പൊറ്റെക്കാട്ടും ബഷീറും

എസ്‌ കെ പൊറ്റെക്കാട്ടും ബഷീറും

കോഴിക്കോട് ആറ്റിക്കുറുക്കിയതായിരുന്നു എസ് കെ പൊറ്റെക്കാട്ട്. ഒരു ദേശത്തിന്റെ കഥയും അതിലേറെ, ഒരു തെരുവിന്റെ കഥയും ആ നഗരത്തിന്റെ ചൈതന്യവും വൈചിത്ര്യവും ആവാഹിച്ചവ. മിഠായിത്തെരുവായിരുന്നു ലോകസഞ്ചാരിയായിരുന്ന എസ് കെക്ക്‌ ഭൂമിയിൽ പ്രിയപ്പെട്ട ഇടം. ആ കോഴിക്കോടിനെയാണ് യൗവനം പിന്നിട്ട വൈക്കത്തുകാരൻ ബഷീർ രണ്ടാം ജന്മനാടാക്കി മാറ്റുന്നത്. അക്കാലത്ത് പൊറ്റെക്കാട്ടിനുള്ള കീർത്തി, കവിതയിൽ ചങ്ങമ്പുഴ അനുഭവിച്ചതിനും ആഘോഷിച്ചതിനും സമാനമായിരുന്നു. കഥ, സഞ്ചാരം, രാഷ്ട്രീയം അങ്ങനെ വിവിധങ്ങളായിരുന്നുവല്ലോ എസ് കെയുടെ തട്ടകങ്ങൾ. 

ബഷീർ കോഴിക്കോട്ട് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ നോവലിന്റെ നാടകാവിഷ്‌കാരത്തിനുള്ള ഒരുക്കവുമായി വരുമ്പോൾ, അവർ തമ്മിൽ മുമ്പുണ്ടായിരുന്ന പരിചയം ദൃഢമായി, വേർപിരിയാത്ത ഹൃദയബന്ധമായി. പുതിയറയിലെ ‘ചന്ദ്രകാന്തം' എന്ന വസതി എസ് കെ, ബഷീറിനു വിട്ടുകൊടുത്തു. ‘ചന്ദ്രകാന്ത'ത്തിൽ ബഷീറും സുഹൃത്തുക്കളും ജീവിതം ‘മുന്തിരിച്ചാറുപോലെ ആസ്വദിച്ച'തിനെക്കുറിച്ചുള്ള കഥകൾ ഒരു നോവലിൽ മാത്രമേ ചെറുതായെങ്കിലും ഒതുങ്ങുകയുള്ളൂ!

  ബഷീറിനെക്കുറിച്ച് എസ് കെ എഴുതിയ ഒരു ഡയറിക്കുറിപ്പ് എസ് കെയുടെ മാതുലപുത്രൻ ചെലവൂർ വേണുവിന്റെ ശേഖരത്തിൽ ഞാൻ കാണുകയുണ്ടായി. 1945 ജനുവരി 25-ന് എറണാകുളത്തുവച്ച് എസ് കെ എഴുതിയ ഡയറിയുടെ ചില ഭാഗങ്ങൾ ഇതാ: ‘ഇന്നു ഞാൻ വൈക്കം മുഹമ്മദ് ബഷീറിനെ വീണ്ടും കണ്ടു. ബഷീർ ഇപ്പോൾ നല്ല സ്ഥിതിയിലാണ്. ‘ബാല്യകാലസഖി’യിൽനിന്ന് നല്ല വരുമാനമുണ്ട്... എറണാകുളത്തെ വിദ്യാർഥിവർഗം മുഴുവനുംതന്നെ ബഷീറിന്റെ പിറകിലുണ്ടെന്നു പറയാവുന്നതാണ്. അത്യനുഗൃഹീതനായ ഒരു കാഥികൻ എന്നതിനു പുറമെ ബഷീർ ശുദ്ധനും ആത്മാർഥമായി സ്‌നേഹിക്കാൻ കഴിയുന്നവനുമായ ഒരു നല്ല മനുഷ്യനാണ്. രസികനാണ്, മനുഷ്യസ്‌നേഹിയുമാണ്.'

 

എം ടിയും ബഷീറും

എം ടിയും ബഷീറും

എം ടി വാസുദേവൻ നായർ ബഷീറിന് ‘നൂലൻ വാസു'വും ‘നൂൽ മാസ്റ്ററു'മായിരുന്നു. ഈ സ്റ്റൈലൻ വിളിയുടെ കാരണം സിമ്പിൾ! ബഷീർ കാണുന്ന സമയത്ത് എം ടി  നൂലുപോലെ മെലിഞ്ഞിട്ടായിരുന്നു. ബഷീറിനെക്കുറിച്ച് ഏറ്റവും ഹൃദ്യമായ തൂലികാചിത്രമെഴുതിയത് എം ടിയാണ്. ‘വെറും മനുഷ്യന്റെ പരിവേഷം' എന്ന ശീർഷകത്തിൽ. ഒരു സിംഫണിപോലെ അധിത്യകകളിൽ വിഹരിച്ച് അതിങ്ങനെ നിപതിക്കുന്നു: ‘ഞാൻ നന്ദി പറയുന്നു, ഈ മനുഷ്യനോടല്ല, പിന്നിട്ട നെടുമ്പാതയിൽ എവിടെയോ ഒരു വഴിത്തിരിവിൽ, മുന്നിൽ വന്നുനിന്ന ഒരനർഘനിമിഷത്തിന്. എന്റെ മരുപ്പറമ്പിൽ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തിൽ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉർവരതയ്ക്ക്.'

എന്റെ ഒരനുഭവം ഇവിടെ എഴുതട്ടെ. ‘കുറച്ചുവർഷംമുമ്പ് കോഴിക്കോട്ട് ഒരു ബഷീർ അനുസ്മരണപരിപാടി കഴിഞ്ഞ്, പ്രിയ സുഹൃത്ത് അക്ബർ കക്കട്ടിലും ഞാനും എം ടിയെ വീട്ടിലേക്ക് അനുഗമിച്ചപ്പോൾ,' വാസ്വേട്ടന്റേത് ഗംഭീര പ്രസംഗമായിരുന്നു' എന്ന് അക്ബർ സൂചിപ്പിച്ചു.

‘പലതും നമുക്ക് പറയാൻ പറ്റില്ല,' എം ടി  പറഞ്ഞു, ‘കുട്ടികളൊക്കെയില്ലേ അവിടെ, എന്നെ മുച്ചീട്ടു കളിക്കാൻ പഠിപ്പിച്ചത് ബഷീറാണ്. ബഷീറിന് അറിയാത്ത വിദ്യകളില്ല.'

എം ടി  മാതൃഭൂമി വിട്ടപ്പോൾ സുഹൃത്തുക്കളൊന്നിച്ചു തുടങ്ങിയ ‘ക്ലാസിക് ബുക്ക് ട്രസ്റ്റ്' എന്ന പ്രസാധനശാല ബഷീറിന്റെ പുസ്തകം അച്ചടിച്ചാണ് തുടങ്ങിയത്. ബഷീറിന്റെ പഴയൊരു പ്രേമബന്ധത്തിന്റെ ഡയറിക്കുറിപ്പുകൾ. ‘കാമുകന്റെ ഡയറി' എന്നാണ് ബഷീർ പേര്‌ കുറിച്ചിരുന്നത്. ബഷീറിന്റെ സമ്മതത്തോടെ ‘അനുരാഗത്തിന്റെ ദിനങ്ങൾ’ എന്ന് പേരുമാറ്റിയത് എം ടിയാണ്. ഡോ. സുകുമാർ അഴീക്കോട് കുസൃതി ചാലിച്ച് അതിനെ ‘അനുരാഗത്തിന്റെ ദീനങ്ങൾ' എന്നു വിശേഷിപ്പിച്ചു.

‘ബഷീർ എന്ന മനുഷ്യൻ ഒരു പരസ്യവിഭാഗം കെട്ടിച്ചമച്ച ‘ലെജൻഡി'ലൊതുങ്ങുന്നില്ല' എന്ന് എം ടി  എഴുതിയിട്ടുണ്ട്. ബഷീറിനു നേരിട്ടു പങ്കില്ലാത്ത ഈ കെട്ടുകാഴ്ചകളിൽ എം ടിക്കുള്ള നീരസം ബഷീറിനും അറിയാമായിരുന്നു. ഫലിതഭംഗിയോടെ ബഷീർ മാന്ത്രികപ്പൂച്ചയിൽ എഴുതി ‘എം ടി വാസുദേവൻ നായർ എന്ന മീശക്കാരൻ സാഹിത്യകാരൻ പറഞ്ഞു. ബഷീർ ദൈവത്തെപ്പറ്റി ഒറ്റശ്ലോകങ്ങൾ, കഥകൾ, നോവലുകൾ, നാടകങ്ങൾ, മഹാകാവ്യങ്ങൾ എല്ലാം ഇറക്കണം. കറന്റുതോമാ എന്ന ക്രിസ്ത്യാനി അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തി കാശുണ്ടാക്കിക്കോട്ടെ!..'

എം ടി  വിടുന്ന ലക്ഷണമില്ല. ‘നമുക്കാ വൈലാലിന് വീട്ടിലേക്കുള്ള ഇടവഴി വെട്ടിക്കുഴിച്ചു വലിയ ഗുഹകളും തുരങ്കങ്ങളും ഉണ്ടാക്കണം. തീർഥാടകരായ ഭക്തജനങ്ങൾ കുറച്ചു കഷ്ടപ്പെട്ടുവേണം ദൈവസന്നിധിയിൽ ചെല്ലുക?' അങ്ങനെ സ്‌നേഹാദരങ്ങളും കുസൃതിയും പരിഹാസവും ആത്മഹാസവുമെല്ലാം നിറഞ്ഞ ബന്ധമായിരുന്നു ഗുരുവും ഗുരുവിന്റെ നൂലനും തമ്മിൽ.

രാംദാസ്‌ വൈദ്യൻ, വി കെ എൻ, ബഷീർ

രാംദാസ്‌ വൈദ്യൻ, വി കെ എൻ, ബഷീർ

വി കെ എന്നിനും ബഷീർ ഗുരുവായിരുന്നെങ്കിൽ ആ ഗുരു വെറും ഗുരുവല്ല, ‘ഗുഗ്ഗുരു' ആകാനേ തരമുള്ളൂ. ഭാഷയെടുത്ത് അമ്മാനമാടിയ വി കെ എൻ, ഭാഷയിലെ ‘അജ്ഞാനി'യായി സ്വയംപ്രഖ്യാപിച്ച, ‘അക്ഷരമാല മുഴുവനും അറിഞ്ഞുകൂടാത്ത' ആളെ ഗുരുവായി വരിക്കാൻ കാരണമുണ്ട്. എന്തെന്നോ, വി കെ എൻ തന്നെ തന്റെ ജീവചരിത്രക്കുറിപ്പിൽ സാക്ഷ്യപ്പെടുത്തിയതുപോലെ, തനിക്ക്, ‘വിദ്യാഭ്യാസം തുടങ്ങിയ അയോഗ്യതകൾ ഒട്ടുമില്ല!' ‘ബഷീറിന്റെ ശൈലിക്കും എന്റെ ശൈലിക്കും സാമ്യമുണ്ട് എന്നുപറയുന്നത് ശരിയല്ല. ബഷീറിന്റേത് ഏറ്റവും ആറ്റിക്കുറുക്കിയ ശൈലിയാണ്. എന്റെ ശൈലി എഡിറ്റു ചെയ്തുകളയാം,'

ഏതോ ധനികനായിരിക്കണം മലയാളത്തിന് അമ്പത്തൊന്നക്ഷരം സംഭാവന ചെയ്തയാൾ എന്ന് ബഷീർ ഒരിക്കൽ പറഞ്ഞു. 5, 101, 501 എന്നൊക്കെയാണല്ലോ സംഭാവനയുടെ തോത്. വി കെ എൻ ചോദിച്ചു, ‘അമ്പത്തൊന്നക്ഷരങ്ങൾ മലയാളത്തിനു പോരെന്നാണോ ഗുരു പറയുന്നത്?'

ബഷീർ പറഞ്ഞു, ‘‘നീ ഒരു മരമണ്ടൂസ്. എടാ, മുപ്പതക്ഷരം പോരേ, എന്തു സുന്ദരമായി എഴുതാം. അവന്റെ കൂട്ടക്ഷരവും വള്ളിപുള്ളിയും ഝടുതിയും ജ്യംഭിക്കലും!''

സമകാലീനരായ പല കഥാകൃത്തുക്കളെയുംകുറിച്ച് വി കെ എൻ കഥകളെഴുതിയിട്ടുണ്ട്, ഒ  വി വിജയൻ തൊട്ട് പുനത്തിൽ കുഞ്ഞബ്ദുള്ളവരെയുള്ളവരെ കഥാപാത്രമാക്കി, ‘തോലുരിച്ച' കഥകൾ. അവയിലൊക്കെയുള്ള അമ്ലതീക്ഷ്ണമായ പരിഹാസം ബഷീറിനോടില്ല. ‘ബഷീറിനെ കിട്ടാനില്ല' എന്ന കഥ വായിച്ചുനോക്കൂ! 

വി കെ എൻ  കോഴിക്കോട്ടു വന്നാൽ താമസിക്കുക ലോകത്തിലെതന്നെ ഏക ‘ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജ്' ആയ, തളിക്ഷേത്രത്തിനടുത്തുള്ള നീലഗിരി ലോഡ്ജിലാണ്. എഴുതാത്ത ഫലിതരാജാവ് രാമദാസ് വൈദ്യനെയുംകൂട്ടി ബഷീറിന്റെ സന്നിധിയിലേക്ക്. പിന്നെ, വർത്തമാനമായി, ചിരിയായി, പൊട്ടിച്ചിരിയായി. വൈലാലിൽ വീട്ടുവളപ്പിൽ, പഴയ മട്ടിൽ പറഞ്ഞാൽ, പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും. ഒരിക്കൽമാത്രം വി കെ എന്നിന്റെ പൊട്ടിക്കരച്ചിൽ ആ വീട്ടിൽ മുഴങ്ങി. 1994 ജൂലൈ അഞ്ചിന്‌.

 

ഒ എൻ വിയും ബഷീറും

ഒ എൻ വിയും ബഷീറും

ഒ എൻ വി  കുറുപ്പിന് ബഷീറിനെ കവിതയിലേക്കു  മാത്രമേ ആവാഹിക്കാൻ കഴിയൂ. എഴുത്തിൽ ഗദ്യകാരനായിരുന്നെങ്കിലും ജീവിതത്തിൽ ബഷീർ ഒരു കവിയാണെന്ന് ഒ എൻ വി പറയും. ബഷീർ എന്ന സംഗീതപ്രേമിയെ, ഗാനപ്രേമിയെ ഒ എൻ വി കൂടുതൽ ഇഷ്ടപ്പെട്ടു. കുന്ദൻലാൽ സൈഗൾ പാടിയ ‘സോജാ രാജകുമാരി' എന്ന മധുരോദാരമായ താരാട്ട് ഇഷ്ടഗാനമായിരുന്ന ബഷീർ ഓർമയായപ്പോൾ, ‘സോജാ...' എന്ന കവിതയിലൂടെയാണ് കവി വിലപിച്ചത്. ‘സ്വനഗ്രാഹിയി-/ലശരീരിയായ് പാടും സൈഗൾ!/ഇനി നീയുറക്കേണ്ട/നിൻ രാജകുമാരിയെ' എന്നു തുടങ്ങുന്ന കവിത, അവസാനിക്കുന്നതും ആ ഗാനത്തിന്റെ അനുരണനങ്ങളിലൂടെയാണ്: ‘അകലെയപാരതേ!/നിൻവഴികളിലെങ്ങോ/അരുമസ്വനഗ്രാഹി-/പേടകം പിന്നിൽ പേറി/ഒരു സൈക്കിളിലാരോ/പാഞ്ഞുപോവതു കണ്ടോ?/ഒഴുകിപ്പരക്കുന്ന/തൂനീല വെളിച്ചത്തിൽ/ഏകനായേതോ മന്ദി-/രാന്തത്തിലയാൾ പ്രിയ-/സൈഗളിൽ ഗാനം കേട്ടു/മൗനിയായിരിപ്പുണ്ടോ?'.

 

സുകുമാർ അഴീക്കോടും ബഷീറും

സുകുമാർ അഴീക്കോടും ബഷീറും

ബഷീർ സാഹിത്യവുമായി പിണങ്ങിക്കൊണ്ടാണ് സുകുമാർ അഴീക്കോട് തുടങ്ങിയത്. പിന്നെപ്പിന്നെ അതിന്റെ ആഴം മനസ്സിലാക്കിത്തുടങ്ങി. ബഷീറുമായി നേരിട്ടു പരിചയമായപ്പോൾ, അഴീക്കോട് ബഷീറിന്റെ ആരാധകനുമായി.

അഴീക്കോടിന്റെ ആത്മകഥയിൽ ‘വൈക്കത്തപ്പന്റെ കഥകൾ' എന്നൊരു അധ്യായമുണ്ട്. ഈ വൈക്കത്തപ്പൻ അഴീക്കോടുതന്നെ പറയുന്നതുപോലെ ‘വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവനല്ല, ക്ഷേത്രത്തിനും സത്യഗ്രഹത്തിനുംശേഷം വൈക്കത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ സ്ഥാനം ഉണ്ടാക്കിക്കൊടുത്ത ഒരു വൈക്കത്തുകാരനായ വൈക്കം മുഹമ്മദ് ബഷീർ.'

ഒരിക്കൽ അഴീക്കോട്‌ മാഷുടെ വിയ്യൂരിലെ വീട്ടിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കെ, അദ്ദേഹം ബഷീർ സ്മരണയിൽ മുഴുകി, പറഞ്ഞു. ‘‘ബഷീർ ഒരുനാൾ കോഴിക്കോട് സർവകലാശാലയിലെ ക്വാർട്ടേഴ്‌സിൽ വന്നു. മൂപ്പർ വന്നെന്നറിഞ്ഞ് കുറേ കാക്കകളും പെരുച്ചാഴികളും അവിടെ വന്നു. മുമ്പൊന്നും ഈ ചങ്ങാതിമാരെ ഞാൻ അവിടെ കണ്ടിട്ടില്ല.''

   

പട്ടത്തുവിള കരുണാകരൻ, ബഷീർ, പുതുക്കുടി ബാലകൃഷ്‌ണൻ

പട്ടത്തുവിള കരുണാകരൻ, ബഷീർ, പുതുക്കുടി ബാലകൃഷ്‌ണൻ

പട്ടത്തുവിള കരുണാകരനും ബഷീർ ‘ഗുരു' ആയിരുന്നു. ‘മുനി' ആയിരുന്ന പട്ടത്തുവിളയ്ക്ക് ‘യുഗങ്ങൾക്കു മുമ്പ്'ഹിന്ദുസന്യാസിയും സൂഫിയും ആയിരുന്ന ബഷീറിനോട് ഹൃദയൈക്യമുണ്ടാകാൻ മറ്റൊന്നും വേണ്ടല്ലോ. പട്ടത്തുവിള കുടുംബസമേതം ബഷീറിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു, ചിലപ്പോൾ തനിച്ചും. ബഷീറും പട്ടത്തുവിളയുടെ കോഴിക്കോട്ടെ വീട്ടിൽ പോകും. ‘ഗൗരവപ്രകൃതനായ' പട്ടത്തുവിളയും ‘ഫലിതപ്രിയനായ' ബഷീറും കൂട്ടുകൂടിയതിന്റെ രഹസ്യം ഇത്രയേയുള്ളൂ: എല്ലാ തത്വശാസ്ത്രങ്ങളെയും അലിയിച്ചുചേർക്കുന്ന ഒരു തത്വശാസ്ത്രം ബഷീറിന്റെ ജീവിതത്തിൽ ഉൾച്ചേർന്നിരുന്നു. ഗാന്ധിജിയെ തൊടുകയും ഭഗത്‌സിങ്‌ പ്രസ്ഥാനത്തോടൊപ്പം കൂട്ടുകൂടുകയും ഭഗത്‌സിങ്ങിനെപ്പോലെ മീശ പിരിച്ചുകയറ്റുകയും ചെയ്ത ബഷീർ; മനസ്സുകൊണ്ടും ശരീരംകൊണ്ടും പല ലോകങ്ങളിൽ സഞ്ചരിച്ച ബഷീർ.

ബഷീറിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും പട്ടത്തുവിള ഉണ്ടായിരുന്നു. ബഷീറിനു താളംതെറ്റിയെന്ന് ഫോൺസന്ദേശം കിട്ടിയപ്പോൾ, എം ടി  ആദ്യം വിളിച്ചറിയിച്ചത് പട്ടത്തുവിളയെയാണ്. പിന്നെ, എല്ലാവരും ബാലേട്ടൻ എന്നു വിളിക്കുന്ന പുതുക്കുടി ബാലകൃഷ്ണനെയും. ‘കരുണാകരനും ഞാനും അദ്ദേഹത്തിന്റെ കാറിൽ ബേപ്പൂരെത്തിയപ്പോഴേക്കും ശാരീരികമായി ബഷീറിനെ നിയന്ത്രിക്കാൻ കരുത്തുള്ള ഒരാളെ തേടി ആദ്യം പുറപ്പെട്ട ബാലേട്ടൻ, ആ കക്ഷി ഒഴിഞ്ഞുമാറിയെന്ന് അറിയിച്ചുകൊണ്ട് പിന്നിൽ വന്നിറങ്ങി. കരുണാകരന്റെ നിർദേശപ്രകാരം ഒന്നുംസംഭവിക്കാത്തതുപോലെ ഇരുവരും ബഷീറിന്റെ അടുത്തുചെന്നു.' മഴുത്തായും മുളവടിയും തേടുകയും തന്ത്രങ്ങളാലോചിക്കുകയും ചെയ്യുന്ന' സ്ഥലമെന്ന പ്രധാന ധീരന്മാർക്ക് ‘ഈ മനുഷ്യനെ വിട്ടുകൊടുത്താൽ എന്തും സംഭവിക്കും...' എം ടി  എഴുതുന്നു, അവരെല്ലാംകൂടി ബഷീറിനെ തന്ത്രത്തിൽ മെരുക്കി, ആശുപത്രിയിൽ എത്തിച്ച കഥ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top