19 April Friday

‘എടാ, അവൻ വരുമ്പോഴേ, ഒന്നു പറഞ്ഞേക്ക്, സഖാവ് കൃഷ്ണപിള്ള വന്നന്വേഷിച്ചതായി'

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തലയോലപ്പറമ്പിൽ ഒരിക്കൽ അബൂബക്കർ എന്ന അബുവിനെ കാണാൻ പോയിരുന്നു. കുറച്ച് ക്ഷീണിതനായിരുന്നെങ്കിലും ‘ഇക്കാക്ക'യുടെ വീടും നാടും കാണാനും ചിത്രീകരിക്കാനും വന്ന ഒരു ടെലിവിഷൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്നോട്‌ സ്‌നേഹവാത്സല്യങ്ങൾ, അക്ഷരാർഥത്തിൽ കോരിച്ചൊരിഞ്ഞിരുന്നു. ബഷീർ വൈലാലിൽ വീട്ടിൽ വരുന്ന ആരോടും ചോദിക്കാറുണ്ടായിരുന്നതുപോലെ, ‘ആഹാരം കഴിച്ചതാണോ,' എന്നു ചോദിച്ചില്ലെന്നേയുള്ളൂ, വിഭവങ്ങൾ അണിനിരന്നു, ‘ആദ്യം കഴിക്കൂ, എന്നിട്ടു സംസാരിക്കാം,' അബുക്ക പറഞ്ഞു.

സൽക്കാരത്തിനുശേഷം, അബുക്ക പറഞ്ഞുതുടങ്ങി, പ്രിയപ്പെട്ട ഇക്കാക്കയുടെ കഥകൾ. ‘എനിക്ക് ഒരു കാർഡ് വന്നു. എടാ അബൂ, ഉടൻ ഇവിടംവരെ വരണം, വിവരമൊക്കെ വന്നിട്ട് പറയാം, ഞാൻ എസ് കെ പൊറ്റെക്കാട്ടിന്റെ കോഴിക്കോട് ‘ചന്ദ്രകാന്തം' വീട്ടിലുണ്ടാകും.’ ഞാൻ ചെന്നപ്പോൾ അവിടെയുണ്ട്. ‘എടാ, ഇവരെനിക്കൊരു പെണ്ണ് കണ്ടുവച്ചിട്ടുണ്ട്, നീ ഒന്നുപോയി നോക്കിയിട്ടുവാ. പറ്റുമെങ്കിൽ നമുക്ക് നടത്തിക്കളയാം.’ ഞാനീ പെണ്ണിനെ എങ്ങനെ കണ്ടെത്തും? ‘ഈ പയ്യൻ കൂടെ വരും. പി എ ബക്കർ എന്നാ പേര്.' ഞാനും അവനും പോയി പെണ്ണിനെ കണ്ടു.‘എടാ കണ്ടോടാ,' ആ കണ്ടു, ‘എങ്ങനെയുണ്ടെടാ' തരക്കേടില്ല. ‘എന്നാൽ, നമുക്ക് നടത്തിക്കളയാം. നീ ഒരുകാര്യം ചെയ്യ്, നീ വീട്ടിൽ പോയി ഉമ്മയോടൊക്കെ പറ, ഇങ്ങനെ ഒരു കല്യാണം നടക്കാൻ പോവുകയാണ് എന്ന്. വേറെ ആരോടും പറയണ്ട.' ഞാൻ പോയി തിരികെ കോഴിക്കോട്ടേക്ക്‌ വന്നു. എന്നിട്ട് ഒരാഴ്ച കഴിഞ്ഞ് കല്യാണം നടന്നു.

ചെറുപ്പത്തിലെ മറ്റൊരനുഭവവും അബുക്ക പറഞ്ഞു. എറണാകുളത്ത് ബോട്ട് ജെട്ടിക്കരികിലുള്ള ബഷീറിന്റെ പ്രശസ്തമായ ‘സർക്കിൾ ബുക്ക് ഹൗസി'ൽ, ‘ഇക്കാക്ക'യെ സഹായിക്കാൻ പതിവുപോലെ ചെന്നതാണ് അബു. ബഷീറാണെങ്കിൽ,  ‘ആര്‌ അന്വേഷിച്ചുവന്നാലും ഇല്ലെന്നു പറഞ്ഞേക്കണം,' എന്നു കർശന നിർദേശം നൽകി തട്ടിൻപുറത്ത് എഴുതാൻ പോയി. അതിനിടെ അബുവിനു കൂട്ടിന് പോഞ്ഞിക്കര റാഫിയും വന്നുചേർന്നു.

അബുവും ഇക്കാക്കയും

അബുവും ഇക്കാക്കയും

‘ആദ്യം കുറേ വെള്ളമൊക്കെ ഒഴിച്ച് ശുദ്ധിചെയ്ത് അങ്ങനെയിരിക്കുമ്പോൾ ഒരാൾ വന്നു. അരക്കയ്യൻ ഷർട്ട്. മുണ്ടുമടക്കിക്കുത്തിയിട്ടുണ്ട്, തോൾസഞ്ചിയും ഉണ്ട്. ബുക്ക് വാങ്ങിക്കാൻ വന്നതല്ല എന്ന് കണ്ടപ്പോൾ തന്നെ തോന്നി. അവിടെയൊക്കെ ഒന്നു നോക്കി, ‘എടാ, ബഷീർ എവിടെടാ?' ഇവിടെ ഇല്ല. ‘എവിടെപ്പോയെടാ അവൻ?' തൃശൂർക്ക് പോയി. ‘എന്ന് വരുമെടാ അവൻ?' രണ്ടുമൂന്ന് ദിവസം കഴിഞ്ഞേ വരൂ. ‘ഉം, എടാ, അവൻ വരുമ്പോഴേ, ഒന്നു പറഞ്ഞേക്ക്, സഖാവ് കൃഷ്ണപിള്ള വന്നന്വേഷിച്ചതായി.' അപ്പോൾ ഞാൻ ഇരുന്നിടത്തുനിന്ന് പൊങ്ങിപ്പോയി. ഞാൻ മുകളിൽ പോയി, ഇക്കാക്ക, ഒരബദ്ധം പറ്റി. എന്താടാ? കൃഷ്ണപിള്ള താഴെ നിൽക്കുന്നു, ഇക്കാക്ക ഇല്ലെന്നാ പറഞ്ഞത്, ഞങ്ങൾക്ക് ആരാന്ന് അറിയാൻ പാടില്ലായിരുന്നു, റാഫി അവിടെ താഴെ കൂടെയുണ്ട്. ഇക്കാക്ക പറഞ്ഞു, വാ, നീ പിന്നിൽ നിന്നാൽ മതി. കോണിപ്പടി ഇറങ്ങുമ്പോഴേ സഖാവ് പറഞ്ഞു, ‘എടാ, നീ ഇവിടെ ഇല്ലെന്നാണല്ലോ ഇവന്മാര് പറഞ്ഞത്, ഇവന്മാരെ എവിടന്ന് കിട്ട്യെടാ?' ഇത് എന്റെ അനിയൻ അബുവാ. മറ്റേത് പോഞ്ഞിക്കര റാഫി. രണ്ടുപേരും നിന്റെ പാർടിക്കാരാ. ‘‘ങാ, അതുകൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു. അല്ലെങ്കിൽ ഇവന്മാരുടെ രണ്ടുപേരുടെയും തല അറുത്ത് ഞാൻ കായലിൽ തള്ളിയേനെ.''

സഖാക്കളുടെയും സഖാവായ പി കൃഷ്ണപിള്ള എന്ന പ്രിയപ്പെട്ട ചങ്ങാതിയെക്കുറിച്ച് ബഷീർ എഴുതിയ ‘കാല്പാട്' എന്ന കഥ പ്രസിദ്ധമാണ്. ‘കമ്യൂണിസ്റ്റ് ഡെൻ' എന്ന കഥയിലും സ്വാഭാവികമായും സഖാവ് കടന്നുവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top