19 September Sunday

സ്വരം നന്നല്ലേ? പാട്ട് നിർത്തേണ്ട

ലേഖാരാജ്‌ lekharajikru@gmail.comUpdated: Sunday Aug 1, 2021

ഗാനരചയിതാവ്, ഗായകർ, സംഗീതസംവിധായകൻ. ഒരു പാട്ടുമായി ബന്ധപ്പെട്ട് നമ്മൾ പരമാവധി കേട്ടിട്ടുള്ളത് ഇത്രയും പിന്നണിക്കാരെയാണ്. ശബ്‌ദപരിശീലകൻ (Voice trainer) എന്ന വാക്ക് അധികം കേട്ടിട്ടുണ്ടാകില്ല. അത്തരമൊരു ശബ്‌ദപരിശീലകന്റെ ജീവിതമാണിത്. ചിത്ര, ശരത് എന്നിവർക്ക് ഇദ്ദേഹത്തെപ്പറ്റി പറയാൻ നൂറുനാവ്‌. എത്രയോ കുട്ടികൾക്കായി നിർദേശിച്ചിരിക്കുന്നു. ഗായകൻ ഉണ്ണിക്കൃഷ്ണനും മകൾ ഉത്തരയും മുതൽ നടൻ വിജയ് യുടെ അമ്മ ശോഭ ചന്ദ്രശേഖർവരെ ശശികുമാറിന്റെ വിദ്യാർഥികൾ. ഗായകർക്കുമാത്രമല്ല, ശബ്‌ദംകൊണ്ട്  ജീവിക്കുന്ന എല്ലാവരുടെ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ട്

കോവൈ ശശികുമാർ വിദ്യാധരൻ മാഷിനും ജയരാജ്‌ വാര്യർക്കുമൊപ്പം

കോവൈ ശശികുമാർ വിദ്യാധരൻ മാഷിനും ജയരാജ്‌ വാര്യർക്കുമൊപ്പം

ചെന്നൈയിലെ ഒരു  സ്റ്റുഡിയോ. ഗായകനും നടനുമായ വിജയ് ആന്റണിയുടെ ചിത്രത്തിന്റെ ഡബ്ബിങ്. നായകൻ വിജയ് ആന്റണിക്ക്  ഒരു ഡയലോഗ് എത്ര ശ്രമിച്ചിട്ടും തൃപ്തിയാകുംവിധം ഡബ് ചെയ്യാനാകുന്നില്ല. കൃത്യമായ ടോൺ വരുന്നില്ല. അദ്ദേഹം അസ്വസ്ഥനായി. ഒടുവിൽ ശബ്‌ദപരിശീലകൻ കോവൈ ശശികുമാറെത്തി. "ബേസില്ലാത്തതാണ് പ്രശ്നം. അടുത്താഴ്‌ച പടം റിലീസാകണം.  ഈ പ്രശ്നം എന്നത്തേക്ക് ശരിയാകും? രണ്ടാഴ്‌ച?' ആശങ്കയോടെ തുടരൻ ചോദ്യങ്ങളുമായി വിജയ് ആന്റണി ശശികുമാറിനെ നോക്കി. അദ്ദേഹം പറഞ്ഞു, അരമണിക്കൂർ എടുക്കാനുണ്ടാകുമോ ? ഒന്നുരണ്ടുനിമിഷം വിജയ് അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി.

ഉറച്ച വാക്കുകളിൽ ശശികുമാർ പറഞ്ഞു, താങ്കൾ സ്‌ക്രിപ്റ്റ് വായിച്ചോളൂ. ഒപ്പം ചില വ്യായാമങ്ങളും.

അരമണിക്കൂറെടുത്തില്ല, ഡയലോഗ് കൃത്യമായി ഡബ് ചെയ്യാനായി! ശശികുമാറിനെ ചേർത്തുപിടിച്ച വിജയ് ആന്റണി അപ്പോൾതന്നെ ഈ അനുഭവം സീ തമിൾ ചാനലിലെ സുഹൃത്തുക്കളോട്‌ പങ്കുവച്ചു. 

കടലുണ്ടിയിൽനിന്ന് കോവൈയിലേക്ക്

മലയാളിയാണ് കോവൈ ശശികുമാർ. കോഴിക്കോട്ടുകാരൻ. കടലുണ്ടിയിലാണ് തറവാട്. സ്‌കൂൾജീവിതം ഇവിടെ തുടങ്ങിയെങ്കിലും അച്ഛനമ്മമാർ കോയമ്പത്തൂരിലായതിനാൽ അവിടേക്ക് പറിച്ചുനട്ടു. അങ്ങനെ ഇന്നു കാണുന്ന ശശികുമാറിലേക്കെത്തി. 70 വയസ്സിന്റെ ചെറുപ്പത്തിലും മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ഗായകർക്കും ആർട്ടിസ്റ്റുകൾക്കും ശബ്‌ദത്തിൽ മാന്ത്രികത തീർക്കാൻ കൈപിടിക്കുന്നു ശശികുമാർ.

വോയ്സ് ട്രെയ്നിങ്

ഗാനങ്ങൾക്കിടെ ഉച്ചസ്ഥായിയും (ഹൈ പിച്ച്), കീഴ്‌സ്ഥായിയും (ലോ പിച്ച്) കിട്ടാത്തവരെയും വെള്ളിവീഴുന്നവരെയും ചില ശബ്‌ദനിയന്ത്രണത്തിലൂടെ, വ്യായാമങ്ങളിലൂടെ പാകപ്പെടുത്തുന്നതാണ് ശബ്‌ദപരിശീലനം. സാധാരണയായി ഇതിന് ഏഴ് ഘട്ടമാണുള്ളത്. ചിലർക്ക് ഇത് ഒമ്പതുഘട്ടംവരെ പോകാം. വോക്കൽ സെറ്റിങ്, ഡിസൈനിങ്, റെയ്ഞ്ചിങ്, അഡാപ്റ്റബിലിറ്റി, ഹാർപിങ്, വൈബ്രറ്റോ ഡിസൈനിങ്, വോക്കൽ മാസ്റ്ററി എന്നിങ്ങനെയാണ് ഘട്ടം. അതായത്, ശബ്‌ദസ്വരങ്ങളെയും ശബ്‌ദദൂരത്തെയും ക്രമപ്പെടുത്തൽ,

സ്വര വിന്യാസങ്ങളുടെ വേഗതയും ഭാവവും നിയന്ത്രിക്കൽ, സംഗതികൾ/ ഗമകങ്ങൾ എന്നിവയുടെ രൂപീകരണം, സ്വരവിന്യാസം, താളത്തിലെ ഏറ്റക്കുറച്ചിലുകൾ, വിവിധ സ്ഥായികളിലേക്കെത്തിക്കുക എന്നിങ്ങനെ. 

ഷോയിലെ റിയാലിറ്റി

മലയാളം, തമിഴ്, തെലുഗു റിയാലിറ്റി ഷോകളിലെ മത്സരാർഥികൾക്ക് വോയ്സ് ട്രെയ്നിങ് കൊടുക്കാൻ എത്താറുണ്ട്. ഫ്ലവേഴ്സ് ചാനൽ, മഴവിൽ മനോരമ എന്നിവയിലെ ഷോകളിൽ ഒരുപാട് കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾക്ക് വെള്ളിവീഴുമ്പോഴോ പിച്ച് കിട്ടാത്തപ്പോഴോ വിധികർത്താക്കൾക്കറിയില്ല എന്തുചെയ്യണമെന്ന്‌.  അവർ നിരന്തരം പ്രാക്ടീസ് ചെയ്യാൻ നിർദേശിക്കും. പക്ഷേ സംഗീത സംവിധായകൻ ശരത്, ഗായിക ചിത്ര ഇവർക്കറിയാം ഈ വോയ്സ് ട്രെയ്നിങ്ങിനെപ്പറ്റി. അവരത് കൃത്യമായി ഫോളോ ചെയ്യാനാവശ്യപ്പെടും.

സുജാതയ്‌ക്കൊപ്പം

സുജാതയ്‌ക്കൊപ്പം

പാടുമ്പോൾ ചില സ്വരങ്ങൾ വരാത്തവർക്കും  വ്യക്തമാകാത്തവർക്കും വായുടെ ഭാഗം ചെറുതായിരിക്കും. പിന്നെ ചിലർക്ക് ഭക്ഷണം കഴിച്ചയുടൻ വയറുവേദന വരും, പാടാനാകില്ല. അതുകൊണ്ട് ഒന്നും കഴിക്കാതെ പാടുന്ന നിരവധി പേരുണ്ട്. വിജയ് ടിവിയിലെ ഒരു മത്സരാർഥി പാടാൻ വിളിക്കുമ്പോൾ മാത്രമേ സ്റ്റേജിലേക്ക് കയറൂ. അതുവരെ പുറത്തിരിക്കും. ആര് നിർബന്ധിച്ചാലും വരില്ല. എസി ഹാളിൽ മൂക്കടയുന്നതാണ്  പ്രശ്നം. വോയ്സ് ട്രെയിനിങ്ങിലൂടെ അത് തീർത്തു.

ഇത്തരം ഫ്ലോറുകളിൽ രാവിലെ ആറു മുതൽ പരിശീലനം തുടങ്ങും. അവിടെ മത്സരാർഥികൾക്ക് എന്താണോ പ്രശ്നം അത് മാത്രം കൈകാര്യം ചെയ്‌താൽ മതി. യഥാർഥത്തിൽ വോയ്സ് ട്രെയ്നിങ് മനസ്സിനെ ഉണർത്തുന്നതാണ്. ശരീരത്തിൽ ചില പോയിന്റുകളുണ്ട്, കണ്ണിന്, പുരികങ്ങൾക്കിടയിൽ, മൂക്കിനുള്ളിൽ ഒക്കെ. ഇതെല്ലാം ഉണർത്തിയാൽ ഒരുപാട് ക്രിയേറ്റീവ് സംഗതികൾ ലഭിക്കും.

 പാഠമായത്, അച്ഛനമ്മമാർ

വോയ്സ് ട്രെയിനിങ്ങിന്റെ ബാലപാഠം പഠിപ്പിച്ചത് അച്ഛനുമമ്മയുമാണെന്ന് പറയാം. അച്ഛന്റെ ശബ്ദം വളരെ മനോഹരമായിരുന്നു. ചെറുപ്പത്തിൽ ഞാൻ പലപ്പോഴും പറയാറുണ്ട്, എനിക്കും ഇതുപോലെ ശബ്ദം വേണമെന്ന്. വീട്ടിലൊരു പഴയ ഗ്രന്ഥം ഉണ്ടായിരുന്നു, അതിൽനിന്ന് അമ്മ ശബ്‌ദവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ എഴുതിയെടുത്തു. "എത്ര വയസ്സായാലും ശബ്‌ദം വിറയ്‌ക്കരുത്. കേൾക്കുന്നവർക്ക് സമാധാനം കിട്ടുന്നതാവണം നമ്മുടെ സ്വരം. അതില്ലെങ്കിൽ ആരും നിന്നെ കേൾക്കില്ല. മറ്റുള്ളവരോട് എളിമയോടെ സംസാരിക്കണം'. എന്നാണ് അമ്മ പറഞ്ഞുതന്നത്.

പാട്ടിൽ ജയിച്ചവൻ

പല ക്ലാസിലും തോറ്റുതോറ്റാണ് പഠിച്ചത്. എങ്കിലും മ്യൂസിക്കിൽ എട്ടാം ഗ്രേഡ് പ്രാക്ടിക്കലും തിയറിയും പാസായി. ഏറ്റവും കടുപ്പമായ കോഴ്സാണത്. സത്യത്തിൽ പഠനം എനിക്ക് കീറാമുട്ടിയായിരുന്നു. സംഗീതമാണ് എന്റെ തലയിലാകെ ഓടിക്കൊണ്ടിരുന്നത്. സംഗീതോപകരണങ്ങൾ, സംഗീതം, കല എന്നിവ പഠിക്കാനായി എന്തും ചെയ്യുന്ന അവസ്ഥ.

സിത്താർ പഠിക്കാൻ ധാർവാഡിൽ മീരാജി എന്ന സംഗീതജ്ഞയുടെ അടുത്തു പോയി. പെൺകുട്ടികളെ മാത്രം പഠിപ്പിക്കുന്ന അഞ്ചരയടി ഉയരമുള്ള മീരാജി എന്നെ കണ്ടതും "ജാവോ' എന്ന് പറഞ്ഞ് ഓടിച്ചു. "പ്ലീസ് മമ്മീ' എന്നു പറഞ്ഞപ്പോൾ, "ആരാണ് നിന്റെ മമ്മീ.. നിനക്കെന്തറിയാം സംഗീതത്തെപ്പറ്റി, എന്താണ്  സംഗീതം, കടന്നുപോ', എന്നായി. പക്ഷേ "യൂ ആർ ദ മ്യൂസിക്' എന്ന എന്റെ മറുപടിയിൽ അവരൽപ്പം മയപ്പെട്ടു. എങ്കിലും "ആണുങ്ങൾക്ക് ക്ലാസില്ല, ഗെറ്റൗട്ട്' എന്നു പുറത്തേക്ക് ചൂണ്ടി. രാത്രി ഒമ്പതായതോടെ വാതിലുമടച്ചു. ഞാനാ വാതിൽപ്പടിമേലെ കിടന്നുറങ്ങി. പുലർച്ചെ നാലായപ്പോൾ മീരാജി ദേഹത്ത് വെള്ളം കൊണ്ടുവന്നൊഴിച്ചു. വീണ്ടും ചോദ്യോത്തരം , "എന്തുവേണം? 

‘സംഗീതം വേണം, ഗുരുവിനെ വേണം.’

അവർ അകത്തേക്ക് വിളിച്ചു. കൈയിലൊരു പൊതി വച്ചുതന്ന് പറഞ്ഞു, "പോയി കുളിച്ചിട്ടുവാ', പൊതിയിൽ ഉമിക്കരിയാണ്. കുളിച്ചുവന്നപ്പോഴേക്കും അഞ്ചരയായി. മീരാജിയുടെ ശിഷ്യകൾ എത്തിത്തുടങ്ങി. പഠനക്കളരിയിലെ പുരുഷസാന്നിധ്യം ഏവരും അതിശയത്തോടെ നോക്കുന്നു. ഞാനങ്ങനെ തലകുനിച്ച് ഇരുന്നു. മീരാജിയുടെ മുഖം മുഴുവൻ മറച്ചതാണ്. അവർ പറഞ്ഞു, "മുഖമുയർത്തൂ, നിനക്ക് പാടാനറിയുമോ'?  "കുറച്ചൊക്കെ മമ്മീ' എന്ന എന്റെ മറുപടി അവരെ ചൊടിപ്പിച്ചു, "എന്തിനാണ് അങ്ങനെ വിളിക്കുന്നത്' എന്നായി. ഒന്നും മിണ്ടാതിരുന്ന ഞാൻ മെല്ലെ പാടിത്തുടങ്ങി. അതവരെ സ്വാധീനിച്ചു. "സിത്താർ വായിക്കാനറിയുമോ' എന്നായി. അറിയില്ലെന്ന് ഞാനും. "പിന്നെങ്ങനെ പഠിക്കും' എന്ന് കുറച്ചുറക്കെത്തന്നെ. ഉടനെ എന്റെ മറുപടി, "മമ്മി വായിച്ചാൽ അതുപോലെ വായിക്കും'.

പി സുശീലയ്‌ക്കൊപ്പം

പി സുശീലയ്‌ക്കൊപ്പം

"അഹങ്കാരം!!' എന്നായിരുന്നു പ്രതികരണം. അവർ വായിച്ചശേഷം സിത്താർ എനിക്കുതന്നു. ഞാനും അതുപോലെ വായിച്ചു. അത്തരമൊരു അനുഗ്രഹം എനിക്കുണ്ടായിരുന്നു, എന്തും ഒറ്റക്കേൾവിയിൽ പിടിച്ചെടുക്കും. അങ്ങനെ ആറുമാസം അവർക്കുകീഴിൽ.

കലാഭവൻകാലം

എല്ലാ മലയാളി കലാകാരന്മാർക്കുമെന്നപോലെ എനിക്കുമുണ്ടൊരു കലാഭവൻകാലം.  അഞ്ചാണ്ട്‌ കലാഭവനായിരുന്നു ആശ്രയം. ആബേലച്ചൻ പറഞ്ഞു, ഏത് മുറിയിൽ വേണമെങ്കിലും കിടക്കാം. പക്ഷേ ഓരോ റൂമിലന്വേഷിക്കുമ്പോഴും ഇവിടെ ആള് വരാനുണ്ട് എന്ന്‌ മറുപടി കിട്ടി. ഒടുവിൽ കോണിപ്പടിക്കുകീഴെ താമസമാക്കി. അങ്ങനെയിരിക്കെ മുൻ ഡിജിപി ജയറാം പടിക്കലിന്റെ മകൻ പഠിക്കാനെത്തി. കാഴ്‌ചവൈകല്യമുണ്ടായിരുന്ന അത്തരമൊരു കുട്ടിയെ പഠിപ്പിക്കാൻ ആരും മുന്നോട്ടുവന്നില്ല. എന്റെ സംഗീതപ്രേമം അറിയുന്ന ആബേലച്ചൻ ചോദിച്ചു, "നിനക്കത് ചെയ്‌തൂടേ'. അങ്ങനെ പഠിപ്പിക്കാൻ തുടങ്ങി. ആ കുട്ടി ഊട്ടിയിലെ ഗുഡ്‌ ഷെപേഡ് ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിച്ചത്. മൂന്നുമാസം കഴിഞ്ഞ് അവൻ പോയപ്പോൾ കുറേ സമ്മാനങ്ങൾ എനിക്ക് വാങ്ങിത്തന്നു. അതിനുശേഷം 1977ൽ ഞാനും  സംഗീതാധ്യാപകനായി  ഗുഡ് ഷെപേഡിലേക്ക്‌. അവിടെ ഗിത്താറും ഡ്രംസും പഠിപ്പിച്ചു.  ഊട്ടിയിലെ തന്നെ ലൗഡെയ്‌ൽ സ്‌കൂളിൽ മിസിസ്‌ ആഗ്‌നസ്‌ എന്നെ പിയാനോ പഠിപ്പിച്ചു.  വിദേശത്ത് സെറ്റിലായ മലയാളികളുടെയും തമിഴരുടെയുമൊക്കെ മക്കൾ പഠിക്കുന്ന ഹെബ്രൺ സ്‌കൂൾ ആയിരുന്നു മറ്റൊരു കളരി. ക്ലാസ്‌മുറി സംവിധാനമൊന്നുമില്ല. മരച്ചുവട്ടിലും മറ്റുമാണ് ക്ലാസ്. വിദേശത്തുനിന്നും പലരും ക്ലാസെടുക്കാനെത്തും, പിയാനോ വായിക്കാനെത്തിയവരിൽനിന്ന് അത് പഠിച്ചു. ലണ്ടനിൽനിന്ന് വോയ്സ് സംബന്ധിച്ച ക്ലാസെടുക്കുന്നവരുടെ കൂട്ടായ്‌മയെത്തി. അവർക്കൊപ്പമാണ് വോയ്സ് ട്രെയിനിങ് പഠിച്ചത്. അവർ  പാശ്ചാത്യസംഗീതത്തിനായാണ് ട്രെയ്നിങ് നടത്തിയത്. ഞാനത് ലളിതഗാനത്തിനും കർണാട്ടിക്കിനുംവേണ്ടി മാറ്റുന്നതിൽ പരിശ്രമിച്ചു. പലവിധ പക്ഷികൾ, കാക്ക, കുരങ്ങ്, പശു, മയിൽ, കഴുത എന്നിവയുടെ സ്വരം കേട്ടും അനുകരിച്ചും വോയ്സ് ട്രെയ്നിങ് തുടർന്നു. കോയമ്പത്തൂരിലെ ചിന്മയ ഇന്റർണാഷണൽ സ്‌കൂളിലും കോത്തഗിരിയിലെ ജൂഡ്‌സ്‌ പബ്ലിക്‌ സ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. 

പിന്നീട് ചെന്നൈയിലേക്ക്, സംഗീത സംവിധായകനാകുക ലക്ഷ്യം. തമിഴ‌ർക്ക് സ്‌നേഹം വളരെ കൂടുതലാണ്. നന്ദിയും കടപ്പാടും ഏറെയാണ്. എന്നെ കലാകാരനാക്കിയത്‌  അവരാണ്. അതിനുള്ള നന്ദിപ്രകടനമാണ് പേരിലെ കോവൈ. തമിഴിലും കന്നഡയിലുമായി നിരവധി നാടകങ്ങൾക്ക് 14 വയസ്സിലേ സംഗീതസംവിധാനം ചെയ്‌തിരുന്നു. ഇപ്പോ ഒരുപാടുപേരുടെ വോയ്സ് ട്രെയിനറാണ്. പക്ഷെ സംഗീത സംവിധായകൻ എന്നറിയപ്പെടാനാണിഷ്ടം.

വോയ്സ് മിറാക്കിൾ

സംഘടനകൾ, ക്ലബ്ബുകൾ എന്നിവയുമായി ചേർന്ന് വോയ്സ് ട്രെയ്നിങ് ക്യാമ്പുകൾ നടത്താറുണ്ട്. നൂറുശതമാനം ഫലം എന്നതാണ് ഞാൻ നൽകുന്ന ഉറപ്പ്. ഒരു ക്യാമ്പിൽ 150 പേർവരെയാകാം. അസിസ്റ്റന്റുമാരില്ല. ഒരിക്കൽ ക്യാമ്പിൽ വിദ്യാധരൻ മാഷ് വന്നു, എന്റെ രണ്ടുമൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ആരെന്ന് പറയേണ്ട. ക്യാമ്പിനൊടുവിൽ ആ കുട്ടികൾ തന്നെ വന്നു പറഞ്ഞു, വിദ്യാധരൻമാഷിന്റെ ശിഷ്യരാണെന്നും ട്രെയ്നിങ്ങിലൂടെ അവരുടെ പ്രശ്നങ്ങളെല്ലാം മാറിയെന്നും.

മൂന്നുനാൾ  തുടർച്ചയായി പരിശീലനമാണ്. ഹൈ പിച്ചിൽ പോകാൻ കഴിയുന്നില്ലെന്ന സങ്കടവുമായി കർണാടകസംഗീതം പഠിപ്പിക്കുന്ന അധ്യാപിക വന്നു. ഞാനവരോട് ചെറിയ ചില വ്യായാമങ്ങൾ നിർദേശിച്ചു. എന്നിട്ട് കിടന്ന് വിശ്രമിക്കാനാവശ്യപ്പെട്ടു. രാവിലെ ഒമ്പതുവരെ അവർ കിടന്നു. ചായയ്‌ക്കുശേഷം കമിഴ്‌ന്നു കിടന്ന് വിശ്രമിക്കാനാവശ്യപ്പെട്ടു. കുറേക്കഴിഞ്ഞ് തലയിണ വച്ച് കി‌ടക്കാൻ പറഞ്ഞു. ഇങ്ങനെ ചില വ്യായാമങ്ങളുംകൂടിയായപ്പോൾ വൈകുന്നേരമായപ്പോഴേക്കും അവർ വൃത്തിയായി പാടി. കണ്ണീരോടെയാണ് അവർ നന്ദി പറഞ്ഞത്. അഡയാറിൽ വോയ്സ് മിറാക്കിൾ ട്രെയനിങ് സെന്റർ എന്ന പരിശീലന കേന്ദ്രമുണ്ട്.

ഒട്ടും സുഗമമല്ല

ഉണ്ണിക്കൃഷ്‌ണനൊപ്പം

ഉണ്ണിക്കൃഷ്‌ണനൊപ്പം

കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലെ കുട്ടികൾ ക്യാമ്പിൽ വന്നത് ഇന്നുമോർക്കുന്നു, ഒരാളുടെ ശബ്‌ദം ബാസ്, മറ്റെയാളുടേത് നേരെ തിരിച്ചും. ഇവർക്കും ചില വ്യായാമങ്ങൾ പറഞ്ഞുകൊടുത്തു. ഹൈ പിച്ചില്ലാത്തവർ, ബേസില്ലാത്തവർ, വെള്ളിവീഴുന്നവർ എന്നിങ്ങനെ ഗ്രൂപ്പായി തിരിച്ചാണ് പരിശീലനം. പ്രാക്ടീസിനൊടുവിൽ ആദ്യം പറഞ്ഞ രണ്ടുപേരിൽ ഒരാൾ നന്നായി പാടി. വളരെ സന്തോഷത്തോടെ മടങ്ങി. എന്നാൽ രണ്ടാമത്തെയാൾക്ക്‌  ശരിയാകാൻ താമസമെടുത്തു. ക്യാമ്പ് തീർന്നപ്പോൾ ഞാൻ പറഞ്ഞു, ക്ലാസ് എന്റെ വീട്ടിൽ തുടരും. ശരിയായശേഷം പോയാൽമതി. അതിനുവേറെ ഫീസ് വേണ്ട. അങ്ങനെ അതും സാധിച്ചാണവർ മടങ്ങിയത്.

സ്റ്റേജ് ഗായകർ, സ്റ്റുഡിയോ ഗായകർ, ഡ്രാമാ ഗായകർ എന്നിങ്ങനെ ഓരോരുത്തർക്കും ഓരോ വിധ പരിശീലനം. രാവിലെ 5- മുതൽ വൈകിട്ട്‌ 5 വരെ.  സാമ്പത്തികമില്ലാത്തവരെയും പഠിപ്പിക്കും. യേശുദാസ്, ജയചന്ദ്രൻ, സുശീല, ജാനകി... ഇവരൊക്കെ ദൈവത്തിങ്കൽനിന്ന് ട്രെയ്നിങ് കിട്ടി വന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്  നമുക്കുചുറ്റും ഗായകരാണ്, സംഗീത സംവിധായകരാണ്. പരിശീലനത്തിലൂടെ വളർത്തിയെടുത്ത കഴിവാണ് ഭൂരിഭാഗത്തിനും. ഇക്കൂട്ടത്തിൽ എനിക്ക് എം ജയചന്ദ്രനെയാണ് ഏറെയിഷ്ടം. അദ്ദേഹത്തിന്റെ സംഗീതം, സമർപ്പണം അതുല്യമാണ്.  

ശബ്‌ദത്തിനാവശ്യം

വാണി ജയറാമിനൊപ്പം

വാണി ജയറാമിനൊപ്പം

രാത്രി തൈര് കഴിക്കരുത്. എണ്ണ, എരിവ് എന്നിവ അധികം പാടില്ല. ശബ്‌ദത്തിന് ഒന്നും പ്രശ്നമല്ല. പക്ഷേ ശരീരം സെൻസിറ്റീവാണെങ്കിൽ പ്രശ്നമാണ്. നമ്മൾ വെറുതെ സമ്മർദത്തിലായാൽപ്പോലും ശബ്‌ദത്തെ ബാധിക്കും. ചുറ്റുമുള്ള പരിതഃസ്ഥിതിയോട് ദേഹം ഇഴുകിച്ചേർന്നാൽ എല്ലാം ഓകെയാണ്. ക്ഷോഭിച്ചാൽ ശബ്‌ദം പോകും. നമ്മുടെ നാട്ടിലെ സംഗീതാധ്യാപകരിൽ പലർക്കും ശബ്‌ദം പോകുന്നതിന്റെ പ്രധാന കാരണംതന്നെ അവർ കുട്ടികളോട് ദേഷ്യപ്പെടുന്നതിനാലാണ്.

അതിജീവന വഴി

2010ൽ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചയാളാണ് ഞാൻ.  അതിനെ അതിജീവിക്കാനായി.   ചികിത്സയ്‌ക്കുശേഷം  മൂന്ന് മാസം സംസാരിക്കാനായില്ല.  വോയ്സ് ട്രെയ്നിങ്ങിലൂടെയാണ്‌  ശബ്‌ദം വീണ്ടെടുത്തത്‌.

കുടുംബം

ചെന്നൈയിലാണ് താമസം. ഊട്ടി ഗുഡ്ഷെപ്പേഡിൽ അധ്യാപികയായിരുന്ന ശൈലജയാണ് ഭാര്യ. മകൻ ശബരീഷ്. ലണ്ടനിൽ സൗണ്ട് എൻജിനീയറായിരുന്നു. ഇപ്പോൾ ക്യാനഡയിലേക്ക് പോകാൻ കോവിഡ്കാലം കഴിയാൻ കാത്തിരിക്കുന്നു. മകൾ സിജിഷ കണ്ടന്റ് റൈറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top