19 September Sunday

ഇൻഷ എന്ന സ്വപ്‌നം

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Aug 1, 2021

ഡോ. സിജു വിജയൻ

ഡോ. സിജു വിജയൻ

സ്‌പൈനൽ മസ്‌കുലാർ അട്രോഫി  ബാധിതനായ സംവിധായകൻ ഡോ. സിജു വിജയൻ തന്റെ സിനിമ  ‘ഇൻഷ’ നീസ്‌ട്രീമിൽ പ്രദർശിപ്പിക്കുന്നതിന്റെ ആഹ്ലാദത്തിലാണ്‌. വീൽ ചെയറിൽ സഞ്ചരിക്കുന്ന പതിമൂന്നുകാരിയുടെ കഥയാണ്‌ ഇൻഷ

ചലനശേഷിയില്ലാതെ വീൽചെയറിൽ സഞ്ചരിക്കുന്ന പതിമൂന്നുകാരി അവളുടെ സ്വപ്‌നത്തിനായി നടത്തുന്ന യാത്രയാണ്‌ ഇൻഷ എന്ന സിനിമ. സ്‌പൈനൽ മസ്‌കുലാർ അട്രോഫി  ബാധിതനായ സംവിധായകൻ ഡോ. സിജു വിജയന്റെ  ജീവിതത്തോട്‌ ചേർത്ത്‌ വായിക്കാവുന്ന സിനിമ. മുമ്പ്‌ തിയറ്ററിലെത്തി എത്തിയ ചിത്രം ആഗസ്‌ത്‌ മൂന്നിന്‌ നീസ്‌ട്രീമിൽ റിലീസ്‌ ചെയ്യും. ഡോ. സിജു വിജയൻ സംസാരിക്കുന്നു.

സിനിമാ പോസ്റ്ററുകൾ സിനിമാക്കാരനാക്കി

ചിത്രരചന, പോസ്റ്റർ ഡിസൈനിങ് എന്നിവയിലൂടെയാണ്‌  സിനിമയിലെത്തിയത്‌. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട അമരം സിനിമയുടെ പോസ്റ്റർ വല്ലാതെ സ്വാധീനിച്ചു. ചായക്കടയുടെ ചുമരിൽ ധനശേഖരണാർഥം നടത്തുന്ന അമരം സിനിമാ പ്രദർശനത്തിന്റെ പോസ്റ്ററുണ്ടായിരുന്നു. സാധാരണ പോസ്റ്ററായിരുന്നില്ല അത്‌. യഥാർഥ പോസ്റ്റർ പുനർനിർമിതച്ചതാണ്‌. പത്രത്തിലെ   പരസ്യത്തിൽനിന്ന്‌ മമ്മൂട്ടിയുടെ പടം മുറിച്ചെടുത്ത്‌ കറുത്ത ചാർട്ട്‌ പേപ്പറിൽ ഒട്ടിച്ച്‌   ജലച്ചായം ഉപയോഗിച്ച്‌  വരച്ച പോസ്റ്റർ. പിന്നീട്‌ ഇത്തരം പോസ്റ്റർ  ഉണ്ടാക്കാൻ ശ്രമിച്ചു.

മഹാരാജാസിലെ സിനിമാക്കാലം

മഹാരാജാസിൽ പഠിക്കുമ്പോൾ ഇരുനൂറോളം സിനിമ കണ്ടിട്ടുണ്ട്‌. നടക്കാൻ ബുദ്ധിമുട്ടായതുകൊണ്ട്‌ 9.30ന്റ സിനിമ കാണാൻ ഏഴിനേ നടപ്പ്‌ തുടങ്ങും. പിന്നീട്‌ തിരുവനന്തപുരത്ത്‌ ഹോമിയോപ്പതി പഠിക്കാൻ എത്തി. അപ്പോഴും സിനിമ കാണൽ തുടർന്നു.

ഓർക്കുട്ടിൽ സിനിമാ ചർച്ചകൾ

ഫെയ്‌സ്‌ബുക്കിന്‌ മുമ്പുണ്ടായിരുന്ന ഓർക്കുട്ടിലെ സൗഹൃദങ്ങളാണ്‌ സിനിമയിലെത്തിച്ചത്‌. അതിലെ സിനിമാ ഗ്രൂപ്പിലൊക്കെ ചർച്ചകൾ സജീവമായിരുന്നു.  തിരക്കഥാരചനയെക്കുറിച്ച്‌ ആലോചിച്ചു തുടങ്ങിയ സമയത്ത്‌ റിപ്പോർട്ടർ ചാനലിലെ സർഗവസന്തം എന്ന പരിപാടിയുടെ  അവസാന പത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. സുഹൃത്ത്‌ ക്രിസ്റ്റിക്കൊപ്പം ‘അനാമിക‐ദി പ്രെ’ എന്ന ഹ്രസ്വ ചിത്രം ഇതിനുവേണ്ടി ചെയ്‌തു.

  നോവ്‌

പോളി വിൽസൺ പ്രധാനകഥാപാത്രമായ നോവ്‌ എന്ന ഹ്രസ്വചിത്രമായിരുന്നു അടുത്തത്‌.  2015ലെ കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി ആൻഡ്‌ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ പത്ത്‌ ഹ്രസ്വചിത്രം. തുടർന്നാണ്‌  സിനിമ ചെയ്‌തത്‌.

ചിത്രം വരച്ച്‌ കണ്ടെത്തിയ പണം

സിനിമ ഒരുക്കാൻ നിർമാതാവിനെ കിട്ടുക ബുദ്ധിമുട്ടാണ്‌ എന്ന്‌ ചിന്തിച്ചിരുന്നു.   വരച്ചുണ്ടാക്കിയ മ്യൂറൽ ചിത്രങ്ങൾ വിൽപ്പന നടത്തിയാണ്‌ സിനിമയ്‌ക്കായുള്ള പണം കണ്ടെത്തിയത്‌. ആഘോഷ്‌ ബാബു എന്ന സുഹൃത്തും നിർമാണ പങ്കാളിയായി. വീൽ ചെയർ വാങ്ങിയതും ചിത്രങ്ങൾ വരച്ച്‌ വിറ്റതിൽനിന്ന്‌ ലഭിച്ച പണം കൊണ്ടാണ്‌.

പിന്തുണച്ച്‌ സർക്കാർ

സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള ചലച്ചിത്ര വികസന കോർപറേഷൻ സിനിമ പ്രേക്ഷകരിലെത്തിക്കാൻ വലിയ പിന്തുണ നൽകി.  സിനിമ പ്രദർശിപ്പിക്കാൻ 2020 മാർച്ച്‌ 19ന്‌ തിയറ്റർ അനുവദിച്ചു. എന്നാൽ  ലോക്‌ഡൗണിൽ പ്രദർശനം മുടങ്ങി. 2021 മാർച്ചിൽ സിനിമ പ്രദർശനത്തിന്‌ എത്തി.  നീസ്‌ട്രീമിലൂടെ കൂടുതൽ ആളുകളിലേക്ക്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top