26 April Friday

ഗൗതം മേനോൻ, സൂര്യ, ഗിത്താർ കൂടെ പ്രയാഗയും

അജില പുഴയ്‌ക്കൽ ajilaramachandran@gmail.comUpdated: Sunday Aug 1, 2021

പിസാസിന്‌ ശേഷം ഗൗതം വാസുദേവ്‌ മേനോന്റെ ചിത്രത്തിൽ നായികയാകുകയാണ്‌ മലയാളി അഭിനേത്രി പ്രയാഗ മാർട്ടിൻ. ഒമ്പത്‌ സംവിധായകർ നെറ്റ്‌ഫ്‌ളിക്‌സിനു വേണ്ടി ഒരുക്കുന്ന നവരസ എന്ന സിനിമാ സഞ്ചയത്തിലെ ഗിത്താർ കമ്പി മേലെ നിൻട്ര് എന്ന സിനിമയിൽ നേത്ര എന്ന കഥാപാത്രത്തെയാണ്‌ പ്രയാഗ അവതരിപ്പിക്കുന്നത്‌

ഒമ്പത്‌ സംവിധായകർ, ഒമ്പത്‌ സിനിമ, ഒമ്പത്‌ രസങ്ങൾ... മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും നിർമിക്കുന്ന തമിഴ്‌ സിനിമാ സഞ്ചയം നവരസ റിലീസിനൊരുങ്ങുകയാണ്‌. പ്രയാഗ മാർട്ടിൻ, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, രേവതി, ഷംന കാസിം, നെടുമുടി വേണു, മണിക്കുട്ടൻ തുടങ്ങി ഒരുപിടി  മലയാളികളാണ്‌ നവരസയിലെ വിവിധ സിനിമകളിൽ  അഭിനയിക്കുന്നത്‌. നവരസയെപ്പറ്റി പ്രയാഗ മാർട്ടിൻ സംസാരിക്കുന്നു.

നവരസ

ഒമ്പത്‌ വലിയ സംവിധായകർ നെറ്റ്‌ഫ്ലിക്‌സിനായാണ്‌ നവരസ ഒരുക്കുന്നത്‌. ഗൗതം വാസുദേവ്‌ മേനോൻ സംവിധാനം ചെയ്യുന്ന ഗിത്താർ കമ്പി മേലെ നിൻട്ര്,  സർജുൻ സംവിധാനം ചെയ്യുന്ന തുനിന്ദ പിൻ, അരവിന്ദ് സ്വാമി സംവിധാനം ചെയ്യുന്ന രൗതിരം, ബിജോയ് നമ്പ്യാരുടെ എതിരി, പ്രിയദർശന്റെ  സമ്മർ ഓഫ് 92, കാർത്തിക് നരേന്റെ പ്രോജക്റ്റ് അഗ്നി, രതീന്ദ്രൻ പ്രസാദ്‌ സംവിധാനം ചെയ്യുന്ന ഇൻമയ്, കാർത്തിക് സുബ്ബരാജിന്റെ സമാധാനം, വസന്തിന്റെ പായസം എന്നിവയാണ് സിനിമകൾ.

ഗിത്താർ കമ്പി മേലെ...

ഗൗതം വാസുദേവ്‌ മേനോൻ സംവിധാനം ചെയ്യുന്ന  ഗിത്താർ കമ്പിമേലെ നിൻട്ര്‌ എന്ന സിനിമയിലാണ്‌ അഭിനയിക്കുന്നത്‌. നേത്ര എന്ന കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌.

ജിവിഎം, സൂര്യ, ഗിത്താർ...

ഗൗതം വാസുദേവ്‌ മേനോനും സൂര്യയും ഒരു മാജിക്കൽ കോമ്പോ ആണ്‌. രണ്ടുപേരും ഒരുമിച്ച്‌ ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്‌. ഇരുവരും ഒന്നിച്ച കാക്ക കാക്ക, വാരണം ആയിരം എന്നിവ സൂപ്പർ ഹിറ്റുകളാണ്‌. ആ മാജിക്‌ ഗിത്താർ കമ്പി മേലെ നിൻട്രിലും തുടരും എന്നാണ്‌ കരുതുന്നത്‌.

ഗൗതം മേനോന്റെ സ്‌ത്രീ കഥാപാത്രങ്ങൾ

സ്‌ത്രീ കഥാപാത്രങ്ങൾക്ക്‌ കൃത്യമായ ഇടം നൽകുന്ന സംവിധായകനാണ്‌ ഗൗതം മേനോൻ.  പിസാസിന്‌ ശേഷം തമിഴിലേക്ക്‌ റീ ലോഞ്ചായിരിക്കും ഈ സിനിമ. നല്ല കഥാപാത്രം അവതരിപ്പിക്കാനും നല്ല സംവിധായകരുടെ കൂടെയും നല്ല ബാനറിലും നല്ല ടെക്‌നീഷ്യന്മാരുടെ കൂടെയും അഭിനയിക്കാനും എല്ലാവർക്കും ആഗ്രഹമുണ്ടാകും. എനിക്കത്‌ ഈ ഒറ്റ സിനിമയിലൂടെ സാധിച്ചു.

ഭവാനിയും നേത്രയും

പിസാസിന്‌ ശേഷമുള്ള തമിഴ്‌ പടമാണിത്‌. പിസാസിലെ ഭവാനി ഹോംലിയായ കുട്ടിയായിരുന്നു. അതുപോലെ തന്നെയാണ്‌ നേത്രയും. വസ്‌ത്രധാരണ രീതി മാറുന്നു എന്ന വ്യത്യാസം മാത്രം. നേത്രയുടെ ചുറ്റുമുള്ളവർക്ക്‌ അവൾ ഹോംലിയാണ്‌.

ഒടിടിയെ കുറിച്ച്

നെറ്റ്ഫ്ലിക്സുമായി ആദ്യമായി കൈകോർക്കുകയാണ്.  ഒടിടി പ്ലാറ്റ്ഫോമുകൾ  കോവിഡ് കാലത്ത്  വലിയ സാധ്യതയാണ് തുറന്നുനൽകിയത്. ലോകത്തിൽ എല്ലായിടത്തും നമുക്ക് റീച്ച് കിട്ടിയില്ലേ. ഒരു പാട് ആളുകളിലേക്ക് സിനിമ എത്തുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top