29 March Friday

ആശുപത്രി കണ്ടാൽ രോഗം പേടിച്ചോടും

സി എ പ്രേമചന്ദ്രൻUpdated: Wednesday Dec 2, 2020


തൃശൂർ
ടൈൽ വിരിച്ച മുറ്റം, കൊച്ചുപൂന്തോട്ടം. നെന്മണിക്കരയിലെ ഈ ആശുപത്രിയുടെ പടി ചവിട്ടിയാൽ പാതി രോഗം മാറും. അകത്തേക്ക് കടന്നാൽ മനോഹരമായ ഇരിപ്പിടം,  കുടിവെള്ളം, ടിവി,  നൂതന ചികിത്സാ സൗകര്യങ്ങൾ. ഡോക്ടറെ കണ്ട് മരുന്നുമായി സന്തോഷത്തോടെ മടങ്ങുന്ന പാവപ്പെട്ട രോഗികൾ പറയുന്നു. പഴേപോലെയല്ല. കീശ കാലിയാകാതെ ബെസ്റ്റ് ചികിത്സാ സൗകര്യം.

നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയാൽ  പത്തുപൈസ ചെലവില്ലാതെ മികച്ച ചികിത്സ ലഭിക്കുന്നതായി  പാഴായി കോലോത്തുപറമ്പിൽ ഓമന പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ പോയാൽ തൊട്ടേനും പിടിച്ചേനും കാശ് കൊടുക്കണം. 

വീടിനടുത്ത്  നല്ലൊരു ചികിത്സാ കേന്ദ്രമായതായി ചിറ്റിശേരി എലുവത്തിങ്കൽ ബിനി നിഷാദ് പറഞ്ഞു. മകൻ ആദമിന്റെ ചികിത്സയ്‌ക്കാണെത്തിയത്. പ്രതിരോധ കുത്തിവയ്‌പുകളും മരുന്നുമെല്ലാം  കൃത്യമായി ലഭിക്കുന്നുണ്ട്. 

ഒപി ടിക്കറ്റ് എടുത്താൽ ബിപിയുൾപ്പെടെ പ്രാഥമിക പരിശോധന.  സീറ്റിലിരുന്നാൽ നമ്പർ തെളിയുമ്പോൾ ഡോക്ടർ വിളിക്കും. ലാബ്‌, പാലിയേറ്റീവ്‌ കെയർ, നിരീക്ഷണമുറി,  ഡ്രസിങ്‌ റൂം, ഫാർമസി,  അംഗപരിമിതർക്കായി പ്രത്യേകം ടോയ്‌ലറ്റ്‌,  പ്രതിരോധകുത്തിവയ്‌പ്‌  തുടങ്ങി എല്ലാ വിഭാഗങ്ങളുണ്ട്‌.  മൂന്ന്‌ ഡോക്ടർമാരുൾപ്പെടെ 12 ജീവനക്കാരുണ്ട്‌.  
പഴയ കാലത്ത്‌ തലോരിൽ ഒറ്റമുറിയിലായിരുന്നു ആരോഗ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്‌‌. പിന്നീട്‌ പഞ്ചായത്ത്‌ കെട്ടിടം പണിതു.  പടിപടിയായി ഉയർന്ന്‌ കുടുംബാരോഗ്യകേന്ദ്രമായി മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top