28 March Thursday

നെല്ലിയോട്‌ ...അരങ്ങിന്‌ സമർപ്പിച്ച ജീവിതം

●സ്വന്തം ലേഖകൻUpdated: Tuesday Aug 3, 2021

നെല്ലിയോട്‌ ബാലി വേഷത്തിൽ


തിരുവനന്തപുരം> കഥകളി ജീവശ്വാസമായിരുന്നു നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക്‌. അരങ്ങിലേക്കുള്ള രംഗപ്രവേശം വൈകിയെങ്കിലും ആത്മസമർപ്പണത്തോടെയുള്ള ആ കലാജീവിതം മലയാളിക്ക്‌ നൽകിയത്‌ ഇതിഹാസതുല്യനായ കഥകളി കലാകാരനെ. അരങ്ങിനപ്പുറമുള്ള ഒന്നിനും  നെല്ലിയോടിനെ പ്രലോഭിപ്പിക്കാനായില്ല. കഥകളിവിട്ടൊരു കളിക്കും ആശാൻ ഒരുക്കമായിരുന്നില്ല. ഷാജി എൻ കരുൺ ‘വാനപ്രസ്ഥം’ സിനിമയെടുക്കുമ്പോൾ അഭിനയിക്കാൻ നെല്ലിയോടിനെ ക്ഷണിച്ചു. ‘കളിയുണ്ടെങ്കിൽ അത് കളഞ്ഞിട്ട് വരാൻ പറ്റില്ല്യ’ അതായിരുന്നു നെല്ലിയോടിന്റെ മറുപടി.

പതിനേഴാം വയസ്സിൽ, വളരെ വൈകിയാണ്‌ നെല്ലിയോട്‌ കഥകളി പഠിക്കാൻ ചേർന്നത്‌. കഥകളിയോടുള്ള കമ്പം കലശലായിരുന്നതിനാൽ പ്രായം തടസ്സമായില്ല. കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ വാഴേങ്കട കുഞ്ചുനായരുടെ കീഴിലാണ്‌ കഥകളി അഭ്യാസം തുടങ്ങിയത്‌. കുഞ്ചു ആശാൻ കലാമണ്ഡലം പ്രിൻസിപ്പലായപ്പോൾ നെല്ലിയോടിനെ കലാമണ്ഡലത്തിലേക്ക്‌ കൂട്ടുകയായിരുന്നു.

അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ സ്കൂളുകളിൽ കഥകളി അഭ്യസിപ്പിക്കാൻ തീരുമാനിച്ചു. പക്ഷേ, വേഷം പഠിപ്പിക്കാൻ ആളില്ല. അങ്ങനെയാണ് 1975 ൽ തിരുവനന്തപുരം മോഡൽ സ്കൂളിൽ നെല്ലിയോടിന്‌ ജോലി ലഭിച്ചത്. പിന്നീട്‌ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിലും ശേഷം കലാമണ്ഡലത്തിലും അധ്യാപകനായി.

കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായ നെല്ലിയോട് ജീവിതത്തിൽ സാത്വികനായിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്തെ മിനുക്കുവേഷങ്ങൾ ആ പ്രകൃതത്തിന് മുടി ചാർത്തി.  കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ,

സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു. ചുവന്ന താടി, കറുത്ത താടി, വട്ടമുടി, പെൺകരി എന്നിവയിൽ അദ്ദേഹത്തിന്റെ വേഷത്തികവ്‌ പ്രകടമായി.

പൂജപ്പുര ചാടിയറയിൽ നെല്ലിയോട്‌ താമസിച്ചിരുന്ന നെല്ലിയോട്‌ മന കഥകളിയുടെ കുടുംബയോഗമാണ്‌. മക്കളായ മായയും വിഷ്‌ണുവും മരുമകൾ ശ്രീദേവിയും കഥകളി അഭ്യസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top