19 March Tuesday

യാത്രയായി; ചമയമഴിച്ച്‌, ഇഷ്ടഗാനങ്ങൾ കേട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021


തിരുവനന്തപുരം
അഞ്ചു വർഷം മുമ്പ്‌ നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്‌ ഗാനാഞ്ജലി അർപ്പിച്ചത്‌ നടൻ നെടുമുടി വേണു അടക്കമുള്ളവർ. വർഷങ്ങൾക്കിപ്പുറം ശിഷ്യനായ വേണു വിടപറഞ്ഞപ്പോൾ ഗാനാഞ്ജലി അർപ്പിക്കാൻ നിയോഗമുണ്ടായത്‌ കാവാലത്തിന്റെ  മകൻ ശ്രീകുമാറിനും. ഇഷ്ടഗാനങ്ങൾ കോർത്തിണക്കിയ ഗാനങ്ങൾ അന്ത്യനിദ്രയിൽ ആലപിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി കാവാലം ശ്രീകുമാർ പറഞ്ഞു.

അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ചപ്പോഴായിരുന്നു സോപാനം നാടകക്കളരിയുടെ നേതൃത്വത്തിൽ ശ്രീകുമാർ അടക്കമുള്ളവർ  ഗാനങ്ങളാലപിച്ചത്‌. ‘ആലായാൽ തറ വേണം’, ‘കറുകറെ കാർമുകിൽ’,  ‘അതിരുകാക്കും മലയൊന്നു തുടുത്തേ ’തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ അന്ത്യനിദ്രയ്ക്ക്‌ അകമ്പടിയായി.

കാവാലത്തിന്റെ നാടകങ്ങളിലൂടെയായിരുന്നു നെടുമുടി വേണു നാടകരംഗത്ത്‌ സജീവമായത്‌. ‘ദൈവത്താർ’, ‘അവനവൻ കടമ്പ’, കരിങ്കുട്ടി നാടകം തുടങ്ങിയ നാടകങ്ങളിൽ നെടുമുടി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

വിയോ​ഗത്തിൽ വിതുമ്പി താരങ്ങൾ
സിനിമയിലെ തങ്ങളുടെ പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരന് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ വികാരഭരിതരായി താരങ്ങൾ.
അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച നെടുമുടി വേണുവിന്റെ മൃതദേഹത്തിനരികെ നടൻ വിനീത്‌ പൊട്ടിക്കരഞ്ഞു. ശ്രീനിവാസൻ, അലൻസിയർ തുടങ്ങിയവരും പ്രിയനടന്റെ വേർപാടിൽ ഈറനണിഞ്ഞു. അരനൂറ്റാണ്ടിലധികം ഒപ്പമുണ്ടായിരുന്ന താരത്തിന്റെ വിയോഗം സിനിമാലോകത്തെയാകെ കണ്ണീരിലാഴ്‌ത്തി.

ആയിരങ്ങളാണ്‌ വസതിയായ തമ്പിലും പൊതുദർശനത്തിനുവച്ച അയ്യൻകാളി ഹാളിലുമെത്തിയത്‌. മമ്മൂട്ടി തിങ്കൾ രാത്രിയും മോഹൻലാൽ ചൊവ്വ പുലർച്ചെയും അന്ത്യാഞ്ജലിയർപ്പിച്ചു. അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എം ബി രാജേഷ്‌, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാർ, എംഎൽഎമാർ എന്നിവരും അന്ത്യോപചാരമർപ്പിക്കാനെത്തി. നെടുമുടിയുടെ ഭാര്യയെയും മക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, ശശി തരൂർ എംപി, കെ മുരളീധരൻ എംപി, സിപിഐ എം ജില്ലാ  സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി മധുസൂദനൻ നായർ, കവി പ്രഭാവർമ്മ, കർദ്ദിനാൾ  ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവാ, അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ഇന്നസെന്റ്‌, എം മുകേഷ്‌, ജി സുരേഷ്‌ കുമാർ, മേനക സുരേഷ്‌, വിനീത്‌, ശ്രീനിവാസൻ, രൺജി പണിക്കർ, മണിയൻപിള്ള രാജു, ഇടവേള ബാബു, കമൽ, ഭാഗ്യലക്ഷ്‌മി, കൃഷ്ണകുമാർ,  മധുപാൽ, സുധീർ കരമന, പ്രേംകുമാർ, പ്രിയങ്ക തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top