20 April Saturday

മൗനത്തിലും വാചാലം

എം അഖിൽUpdated: Monday Oct 11, 2021

കത്തിവേഷങ്ങൾക്ക് അതുല്യ ഭാവകാന്തി പകരാൻ നെടുമുടിയിലെ നടന് അസാമാന്യ വാസനയുണ്ടായിരുന്നു.ആസ്വാദകരുടെ മനംകവർന്ന സാത്വിക കഥാപാത്രാവിഷ്കാരങ്ങൾ മറന്നല്ല ഈ പ്രസ്താവന. ‘തകര'യിലെ ചെല്ലപ്പനാശാരിയും 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ ഏഷണിക്കാരനായ അലക്കുകാരൻ അരവിന്ദനും 'വൈശാലി'യിലെ  രാജഗുരുവും ധന'ത്തിലെ അടിമുടി വിടനായ കോൺസ്റ്റബിളും 'കമലദള'ത്തിലെ കുബുദ്ധി കലാമന്ദിരം സെക്രട്ടറിയും 'കേളി'യിലെ റൊമാൻസ് കുമാരനും 'ഭരത'ത്തിലെ മദ്യത്തിന് അടിമയായ സംഗീതജ്ഞനും 'തേന്മാവിൻ കൊമ്പത്തി'ലെ തമ്പ്രാൻ ചേട്ടനും‐കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടുണർത്തിയ അഭിനയശൈലിയ്ക്ക് ഉദാഹരണം.

പൊതുവേദികളിലും സ്വകാര്യസംഭാഷണങ്ങളിലും പരിചയിച്ച രൂപഭാവങ്ങളും ആംഗ്യങ്ങളും ചേഷ്ടകളും നടനിലെ വ്യക്തിത്വത്തിന്റേതാണ്. കഥാപാത്രത്തിലേക്ക് അത് പടരുമ്പോൾ അയാൾ ദയനീയമായി പരാജയപ്പെടുന്നു. ഇത് അഭിനയത്തിന്റെ ബാലപാഠം. നിർഭാഗ്യവശാൽ  പല അഭിനേതാക്കളും അത് മറന്ന മട്ടാണ്. വേണുവിന്റെ ഇപ്പറഞ്ഞ പ്രതിനായക വേഷങ്ങൾ  ഓർക്കുക. ആ മുഖങ്ങൾക്ക് അദ്ദേഹത്തിന്റെ ഒരു ഛായയും തോന്നില്ല. എല്ലാം പുതിയ വ്യക്തികൾ.*‘ഹിസ്ഹൈനസ് അബ്ദുള്ള'യിൽ, ചതുരംഗക്കളത്തിൽ എതിരാളിയുടെ നീക്കത്തിൽ പതറി തലയ്ക്ക് കൈകൊടുത്തിരിക്കുന്ന തമ്പുരാന്റെ കണ്ണുകളിലെ നിസ്സഹായത,‘വിടപറയും മുമ്പേ'യിൽ മരണക്കിടക്കയിൽ പുരോഹിതൻ ചൊല്ലികൊടുത്ത ‘ഈശോ മിശിഹായേ'ഏറ്റുചൊല്ലാനുള്ള സേവ്യറിന്റെ ബദ്ധപ്പാട്‌, ‘ധന'ത്തിൽ കൺമുന്നിൽ സൗകര്യത്തോടെ കിട്ടിയ ഇരയെ കടിച്ചുകീറാൻ കഴിയാത്ത വിടന്റെ നിരാശ, മദ്യം കിട്ടാത്ത കൈ വിറയാൽ വിവാഹ കത്തിൽ മേൽവിലാസം കുറിക്കാനാവാതെ ഉഴറുന്ന ‘ഭരത'ത്തിലെ രാമേട്ടന്റെ മാനസികാവസ്ഥ തുടങ്ങി എത്രയോ മുഹൂർത്തങ്ങൾ ഉദാഹരണം. രംഗഭാഷയുടെ ചടുലത മുഴുവൻ ആവാഹിച്ച നടന വ്യക്തിത്വമാണ് വേണുവിന്റേത്. ‘പാളങ്ങൾ' എന്ന ചിത്രത്തിൽ  ഗോപിയുമായി നടക്കുന്ന സംഘട്ടനം നോക്കുക. ചാരുകസേരയിൽനിന്ന്‌  ചാടിയെഴുന്നേറ്റ്, ഗോപിയുടെ കഥാപാത്രം വേണുവിനെ ഊക്കോടെ തള്ളുകയാണ്. അതോട് കിടപിടിക്കുന്ന ഒരൊഴുക്കിൽ വേണു തെറിച്ചുവീഴുന്നു.

കൊടുക്കൽ വാങ്ങലിന്റെ അപൂർവമായ അഭിനയമുഹൂർത്തം. ചടുലതയോടൊപ്പം അപാരമായ ശാരീരിക വഴക്കവും ആ നടനെ അതുല്യനാക്കി. ‘ആരവ'ത്തിലെ ‘മുക്കുറ്റീ..തിറുതാളി, കാടും മേടും പറിച്ചുകെട്ടി താ''എന്ന ഗാനത്തിലെ വേട്ടക്കാരന്റെ പ്രാകൃത നൃത്തത്തിന്റെ വഴക്കം അസൂയാവഹം. കാഴ്ചക്ക് തടിച്ച് കുറിയ വേണുവിന് ജിംനാസ്റ്റിക്ക് താരത്തിന്റെ വഴക്കമുണ്ടെന്ന്  നാം തിരിച്ചറിയുന്നു. ‘നോർത്ത് 24 കാത'ത്തിൽ ഭാര്യയുടെ മൃതദേഹം പുതപ്പിച്ചുകിടത്തിയ ഉമ്മറത്ത് കയറുന്നതിനിടയിൽ പടിതെറ്റി പുറകിലേക്കായുന്ന കഥാപാത്രം പ്രേക്ഷകരിൽ അറിയാതെ ഗദ്ഗദം സൃഷ്ടിച്ചു.

സംഭാഷണങ്ങളിലെ ശബ്ദക്രമീകരണവും അസാമാന്യം. ‘പെരുന്തച്ചനി'ൽ അങ്ങേയറ്റം നിരാശനായ തമ്പുരാന്റെ ‘വീതുളിയെറിഞ്ഞ് എന്നെയും ഒന്ന് തീർത്തു തരാമോ' മറക്കാനാവില്ല. ‘താളവട്ട'ത്തിലെ അന്ത്യരംഗത്തിൽ കോമയിലായ വിനുവിന്റെ (മോഹൻലാൽ) കഴുത്തുഞെരിച്ച് കൊന്ന ശേഷമുള്ള ഡോ. ഉണ്ണിയുടെ ദീർഘ സംഭാഷണത്തിൽ ‘സോ.. ഐ ഡിഡ് ഇറ്റ് ഫോർ മീ', ‘സോ ‘ഡിഡ് ഇറ്റ് ഫോർ ഹിം', തുടങ്ങിയ വാക്കുകളിൽ സൃഷ്ടിച്ച  ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങളും ഓർമയിലെത്തുന്നു. ജനപ്രിയ‐ കലാ സിനിമകളിൽ ഒരുപോലെ അദ്ദേഹം സാന്നിധ്യമറിയിച്ചു.

എം സുകുമാരന്റെ കഥ ആസ്പദമാക്കി രാജീവ് വിജയരാഘവൻ ഒരുക്കിയ 'മാർഗ'ത്തിലെ മുൻ വിപ്ലവകാരിയുടെ അസ്തിത്വവേദനകൾ അവതരിപ്പിച്ച അതേ ചാരുതയോടെ ഭാര്യയെയും അനിയത്തിമാരെയും കൂടെപൊറുപ്പിച്ച് ‘നമ്മളെ കൊണ്ട് ഇതൊക്കെയല്ലേ ചെയ്തുകൊടുക്കാൻ കഴിയുള്ളുവെന്ന്' പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലെ' അലക്കുകാരനാവുന്നു. ജീവിത നിരീക്ഷണത്തിലൂടെ വീണുകിട്ടുന്ന ചേഷ്ടകൾക്കും ഭാവങ്ങൾക്കും പുതിയ അർഥങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതാണ് വേണുവിലെ നടനെ അജയ്യനാക്കിയത്. തകരയിലെ ചെല്ലപ്പൻ ആശാരി പ്രീതിയാർജിച്ച ഹുങ്കിൽ, കുട്ടനാട്ടിലെ ചായക്കടയിൽ കയറി ഭക്ഷണം കഴിച്ച വേണുവിനെ തിരിച്ചറിഞ്ഞ ഒരാശാരി, ‘സിനിമയിലെ ആശാരി ഗംഭീരമായെന്നും എന്നാൽ ആശാരിമാർ മുഴക്കോല് നിലത്തുകുത്തി നടക്കാറില്ലെന്നും ചിത്രത്തിൽ വേണു അങ്ങനെ ചെയ്തത് തെറ്റാണെന്നും’ പറഞ്ഞ  കഥയുണ്ട്. പ്രേക്ഷകരുടെ നിതാന്ത ജാഗ്രതയെക്കുറിച്ച് ബോധോദയമുണ്ടായ സന്ദർഭമാണ് അതെന്നും വേണു പറഞ്ഞു. പ്രേക്ഷകരുടെ ബുദ്ധിയും ജാഗ്രതയും മനസ്സിലാക്കിയ നടനായിരുന്നു നെടുമുടി വേണു. കാലത്തിന് മായ്ക്കാനാവാത്ത മുദ്ര  ഈ വഴിത്താരയിൽ അവശേഷിപ്പിച്ചതിനുള്ള കാരണവും മറ്റൊന്നല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top