19 April Friday

അടിമുടി കുട്ടനാടി​ന്റെ താളം‌

സുമേഷ്‌ കെ ബാലൻUpdated: Tuesday Oct 12, 2021



തിരുവനന്തപുരം  
നെടുമുടി വേണുവിന്റെ നടത്തത്തിനും സംസാരത്തിനും അഭിനയത്തിനുമെല്ലാം ഒരു താളമുണ്ട്‌. കുട്ടനാട്ടിലെ കുഞ്ഞോളങ്ങളിലൂടെ പതിയെ ഒഴുകിനീങ്ങുന്ന വള്ളത്തിന്റെ താളം. സൗഹൃദങ്ങളുടെ ഓളങ്ങളിൽ താളം പിടിച്ചായിരുന്നു ആ ജീവിതം. കൊട്ടും പാട്ടും ആട്ടവും  കൊതിക്കുന്ന ഒരാൾ. എവിടെയായാലും അതാതിടത്തെ ആൾക്കൂട്ടങ്ങളിൽ അലിഞ്ഞുചേരുന്ന പ്രകൃതം. കുട്ടനാട്ടിൽനിന്ന്‌ തിരുവനന്തപുരത്തേക്കും കെ വേണുഗോപാലനിൽനിന്ന്‌ നെടുമുടി വേണുവിലേക്കുമുള്ള യാത്രയിൽ തുണയായതും ആ സൗഹൃദങ്ങൾതന്നെ.

സോപാനത്തിൽനിന്ന്‌ തമ്പിലേക്ക്‌  
കാവാലം നാരായണപ്പണിക്കരുടെ ‘സോപാനം’ നാടക അരങ്ങ് ആലപ്പുഴയിൽനിന്ന്‌ തിരുവനന്തപുരത്തേക്കു മാറ്റിയപ്പോൾ കാവാലം നെടുമുടിയെയും ഒപ്പംകൂട്ടി. കാവാലവും അരവിന്ദനുമാണ്‌ നെടുമുടിയെ കലാകൗമുദിയിൽ എത്തിച്ചത്‌. ചലച്ചിത്രരംഗത്തെ പല പ്രമുഖരെയും ഇന്റർവ്യൂ ചെയ്യാനായത്‌ കൂടുതൽ അവസരങ്ങളിലേക്ക്‌ വഴി തുറന്നു. അരവിന്ദൻ ‘തമ്പി’ലേക്ക്‌ ക്ഷണിച്ചത്‌ വിഴിത്തിരിവായി.

കമൽഹാസൻ മാറി; നെടുമുടിക്ക്‌ വഴി തുറന്നു
സംവിധായകൻ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതാണ് നെടുമുടിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അഭിമുഖത്തിനെത്തിയ നെടുമുടിയെ ഭരതന് ഇഷ്ടമായി. കാവാലത്തിന്റെ നാടകവേദിയിലെ പ്രധാന നടനാണ്‌ നെടുമുടിയെന്ന്‌ പത്മരാജനാണ്‌ ഭരതനോട്‌ പറയുന്നത്‌. ഇതോടെ ‘ആരവ’ത്തിലേക്ക് മനസ്സിൽ നായകനായി കണ്ടിരുന്ന കമൽഹാസനെ ഭരതൻ ഒഴിവാക്കി!

താളവട്ടം–-പേര്‌ വന്ന വഴി
മോഹൻലാൽ–-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌ ചിത്രം ‘താളവട്ട’ത്തിന്റെ പേര്‌ കണ്ടെത്തിയതിന്‌ പിന്നിലും നെടുമുടിയായിരുന്നു. സിനിമയ്‌ക്ക്‌ ആദ്യം കണ്ടെത്തിയ പേര്‌ ആർക്കും ഇഷ്ടമായിരുന്നില്ല. താളവട്ടം എന്ന പേര്‌ ഭരതൻ മറ്റൊരു ചിത്രത്തിനായി രജിസ്‌റ്റർ ചെയ്‌തത് നെടുമുടി പറഞ്ഞാണ്‌ പ്രിയൻ അറിയുന്നത്‌. പേരിഷ്‌ടപ്പെട്ട പ്രിയൻ നെടുമുടിയുടെ സഹായത്തോടെ ഭരതന്റെ അനുവാദം വാങ്ങി താളവട്ടം സ്വന്തമാക്കി.

നെടുമുടിയല്ല കൊടുമുടി
ഒരിക്കൽ നെടുമുടി വേണുവിന്റ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു. ‘‘നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ’’ എന്നായിരുന്നു ശിവാജി ഗണേശന്റെ കമന്റ്‌.
ഒരു മിന്നാമിനുങ്ങിന്റെ  നുറുങ്ങുവെട്ടം എന്ന സിനിമയിൽ നെടുമുടിയുടെ നായിക ആയിരുന്ന ശാരദ ഒരിക്കൽ പറഞ്ഞു– ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, വേണുവിന് പകരംവയ്ക്കാൻ ആ ഭാഷകളിൽ ആളില്ലാത്തതിനാൽ അതിന്‌ മുതിരുന്നില്ല. നടൻ കമൽഹാസനും നെടുമുടിയെ പലവട്ടം തമിഴ്‌ സിനിമയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top