23 April Tuesday

നീ തന്ന ജീവിതം നീ കൊണ്ടുപോകുന്നു; നെടുമുടിയുടെ യാത്ര

എം പി സുരേന്ദ്രൻUpdated: Friday Oct 22, 2021

നെടുമുടി വേണു ഫോട്ടോ : വി പി പ്രവീൺകുമാർ


എഴുപത്തിമൂന്നാമത്തെ വയസ്സില്‍ 43 വര്‍ഷത്തെ അഭിനയജീവിതം അവസാനിപ്പിച്ചു മടങ്ങിയ നെടുമുടി വേണുവിനെ അനുസ്‌മരിക്കുന്നു  

 

ഡോ. ബിജുവിന്റെ ‘ഓറഞ്ചുമരങ്ങളുടെ വീട്‌ ’ എന്ന ചിത്രത്തിൽ       ഫോട്ടോ: ധൻജു അച്ചു

ഡോ. ബിജുവിന്റെ ‘ഓറഞ്ചുമരങ്ങളുടെ വീട്‌ ’ എന്ന ചിത്രത്തിൽ ഫോട്ടോ: ധൻജു അച്ചു

ഒരുകൂട്ടം ഫ്രെയിമുകളിലോ ഒരു കഥാപാത്രത്തിലോ, അരങ്ങിന്റെ ഉണര്‍ച്ചകളിലോ ഒതുങ്ങുന്നതല്ല, നെടുമുടി വേണുവിന്റെ കലാജീവിതം. അതു കേരളത്തിന്റെ നാനാവിധമായ സാംസ്‌കാരിക ഭൂപടം മുറിച്ചുകടന്ന് ഇന്ത്യക്കാര്‍ ജീവിക്കുന്ന ഇടങ്ങളിലെല്ലാം എത്തുന്നുണ്ട്. കേരളത്തിന്റെ കലാരംഗങ്ങളിലൂടെ, സാംസ്‌കാരിക ഇടങ്ങളിലൂടെ നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍ സഞ്ചരിച്ചതിന്റെ അടയാളങ്ങള്‍ നമുക്ക് എവിടെയും കാണുവാന്‍ കഴിയും.

 ചൊല്‍ക്കാഴ്ചകള്‍, കാവ്യസന്ധ്യകള്‍, എഴുത്ത് കൂട്ടായ്മകള്‍, കളിയരങ്ങുകള്‍, കൂത്തമ്പലങ്ങള്‍, വാദ്യസംഗീതത്തിന്റെ അവതരണവേദികള്‍, നാട്ടുപാട്ടുകളുടെ ആല്‍ത്തറകള്‍, റിഹേഴ്സല്‍ ക്യാമ്പുകളുടെ പിന്നാമ്പുറങ്ങള്‍, സൗഹൃദ മുറികള്‍, കാമ്പസ് വരാന്തകള്‍, ലൊക്കേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം വേണു കലയും ജീവിതവും കൊണ്ടുനടന്നു.

പാടവരമ്പുകളില്‍ തിരിയുന്ന ചക്രങ്ങളുടെ താളവും ഞാറ്റുപാട്ടിന്റെ ഈണവും കൃഷിപ്പാട്ടുകളുടെയും വാമൊഴിയുടെയും താളവട്ടങ്ങള്‍ ചേര്‍ന്ന് കുട്ടനാടിനു ഒരു പാട്ടുപ്രകൃതിയുണ്ട്. അതിന്റെ നീട്ടലും കുറുകലും നാട്ടുഭാഷയിലുമുണ്ട്. ഈ താളബോധത്തിനോടൊപ്പം നാട്ടുചെണ്ടയുടെയും കഥകളിച്ചെണ്ടയുടെയും ചിട്ടവട്ടങ്ങളും മൃദംഗത്തിന്റെ ചേരുവകളും പ്രവാഹങ്ങളായി ഒത്തുചേരുന്നു. വേണുവിന്റെ കൗമാരകാലം, നാടകത്തിന്റേതുമാത്രമല്ല, കഥകളിയുടെയും കഥകളിപ്പദങ്ങളുടെയും നാട്ടുപാട്ടുകളുടെയും കലവറയെ ആഹ്ലാദപൂർവം കൊണ്ടുനടന്നു.

നമ്മളിലെല്ലാം അനുതാപത്തിന്റെ, സ്നേഹത്തിന്റെ ഒരു വേണുവിനെ കുടിയിരുത്തിയിട്ടുണ്ട്. വേണുവില്‍ നമ്മളും ഉണ്ടാകും. കേരളത്തിലെവിടെയും ഈ നടന് നില്‍ക്കാനൊരു തറയുണ്ടായിരുന്നു. ആലായാല്‍ തറ വേണമല്ലോ. ചുവടായും പാട്ടായും പാനയായും വായ്ത്താരിയായും വാക്കുകളായും കത്തിപ്പടര്‍ന്ന എണ്‍പതുകളുടെ സന്ധ്യയില്‍ ആദ്യം കണ്ട മലയാളിയെ ചേര്‍ത്തുപിടിച്ച കലാകാരനാണ് വേണു. വിട്ടുപോയി നിമിഷങ്ങള്‍ക്കുശേഷം കേരളം പങ്കുവച്ച ഓര്‍മച്ചിത്രങ്ങളില്‍ ഓരോന്നിലും നാം പല കാലങ്ങളിലുള്ള വേണുവിനെ കണ്ടു.

നെടുമുടി വേണു, നളിനി (ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ബാക്ക്‌)

നെടുമുടി വേണു, നളിനി (ലേഖയുടെ മരണം ഒരു ഫ്‌ളാഷ്‌ബാക്ക്‌)


മലയാളത്തിലെ ഒരു നടനും കിട്ടാത്ത പുരസ്‌കാരമാണിത്. ദേശീയ അവാര്‍ഡിനേക്കാള്‍ മൂല്യവത്തായ അംഗീകാരം. എഴുപത്തിമൂന്നാമത്തെ വയസ്സില്‍ 43 വര്‍ഷത്തെ അഭിനയജീവിതം അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ഒരു നടനെന്ന നിലയില്‍ നെടുമുടി വേണുവിന് ഒന്നും തെളിയിക്കേണ്ടതില്ലായിരുന്നു. ഒരിക്കല്‍ ഒരഭിമുഖത്തില്‍ പങ്കുവച്ചതുപോലെ ഇനിയും കഥാപാത്രങ്ങള്‍ വരാനുണ്ടെന്ന പ്രതീക്ഷാനിര്‍ഭരതയാണ് നടനുവേണ്ടതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ ആവിഷ്‌കരണ ശേഷിയെ നിരന്തരം ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രം ഇനിയും വരാനുണ്ടെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.

വലിയ കുന്നുകള്‍ കയറിപ്പോകുന്ന ഒരു നടന്റെ വിചാരം, ഒരു കൊടുമുടി കാത്തിരിക്കുന്നുണ്ടെന്നാണ്. അതുകൊണ്ട് മരണംവരെ അയാള്‍ നിരാശനാകുന്നില്ല എന്നാണ് മാക്സ് വോണ്‍ ഷിഡോ എന്ന ഫെല്ലിനിയന്‍ നടന്‍ (ഫ്രെഡറികോ ഫെല്ലിനിയുടെ നടന്‍) ജീവിതസന്ധ്യയിലും വിശ്വസിച്ചത്. ഈ വിശ്വാസം, മൂന്നരകോടി ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ചെറിയ ഭാഷയില്‍ വേണുവിലും വേരൂന്നിയിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, മലയാളത്തിലെ സംവിധായകരൊന്നും  അത്തരമൊരു കഥാപാത്രത്തെ വച്ചുനീട്ടിയിട്ടില്ല. അതു സിനിമയുടെ ഭാഷയുടെയും ഭാവനയുടെയും  പ്രശ്നമാണ്.

‘പരസ്‌പരം’ എന്ന ചിത്രത്തിൽ

‘പരസ്‌പരം’ എന്ന ചിത്രത്തിൽ


കാലം, ദേശം, മാധ്യമം തുടങ്ങിയ സമൂര്‍ത്ത ഘടകങ്ങള്‍, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് വഴുതിമാറി കൃത്രിമചായങ്ങളോടെ അവതരിപ്പിക്കപ്പെട്ട സിനിമകളിലൊന്നിലും നാം നെടുമുടി വേണുവിനെ കണ്ടമുട്ടിയിട്ടില്ല. അതൊക്കെ വിപണിക്ക് പ്രിയങ്കരമായ ഇടങ്ങളാണെന്ന് ഈ നടന് അറിയാമായിരുന്നു. സിനിമയില്‍ വിനിമയത്തിന്റെ പ്രാഥമിക ഭാഷ രൂപപ്പെടുത്തിയ അഗ്രഗാമികളിലൊരാള്‍ എന്ന നിലയിലായിരിക്കും നെടുമുടിയെ വരുംകാലം അടയാളപ്പെടുത്തുക.

ഭാഷയുടെ കാര്യത്തില്‍ ഒരു കുരുക്കിലും വീണുപോകാത്ത നടനാണ് വേണു. അരങ്ങിലും വേണുവിന്റെ തനതുചുവടുകള്‍ പതിഞ്ഞുകിടന്നു. പ്രതിപാദ്യത്തെ അതിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ കണ്ണികളുമായി കൂട്ടിയിണക്കുന്ന സിനിമകള്‍ കുറവാണെങ്കിലും സിനിമയുടെ ഭാഷ, കൃത്യമായി വിനിയോഗിക്കുന്നതില്‍ എണ്‍പതുകളില്‍ വന്ന സംവിധായകര്‍ക്കും ഇതിവൃത്ത സ്രഷ്ടാക്കള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരുന്നു. അതിന്റെ സാക്ഷാത്കാരം പുതിയ തലമുറയിലെ ഒരുപറ്റം കലാകാരന്മാരുടെ കൈകളിലാണ് സമര്‍പ്പിക്കപ്പെട്ടത്. അതിലൊരാള്‍ നെടുമുടിയായിരുന്നു.
കഥയുടെ ഏതെങ്കിലും ഒരുവഴി തുറന്നുകിട്ടിയാല്‍, തുടര്‍ന്നുള്ള നേരങ്ങള്‍ മുഴുവനും ഉല്‍ക്കടമായൊരു പ്രതിസന്ധിയിലാണ് താനെന്ന് ഭരതന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത്തരം രംഗങ്ങളുടെ ചിത്രീകരണത്തിനുമുമ്പ് , ഭരതന്‍ തന്റെ കഥാപാത്രങ്ങളെ പെയിന്റ് ചെയ്താണ് സാക്ഷാത്ക്കാരത്തിനൊരുങ്ങാറ്.  മച്ചാട് മലയുടെ നെറുകയിലൂടെ ആരോ ഒരാള്‍ നടന്നുപോകുമ്പോഴാണ്, മലയുടെ നിശബ്ദതയെ ആനന്ദിപ്പിച്ചുകൊണ്ട് മരുത് എന്ന കഥാപാത്രം ഭരതനിലേക്ക് ഇറങ്ങിവരുന്നത്. അത് ഒരു പാട്ടുപരിഷയുടെ വേഷമാണ്. വേണുവിന്റെ ആദ്യത്തെ രണ്ട് സിനിമകളും (തമ്പും ആരവവും) ഒരു താളക്കാരന്റേതാണ്.

‘തമ്പി’ൽ ഞെരളത്ത്‌ രാമപ്പൊതുവാളിനൊപ്പം

‘തമ്പി’ൽ ഞെരളത്ത്‌ രാമപ്പൊതുവാളിനൊപ്പം

സെല്ലുലോയ്ഡില്‍ വേണു കടന്നുവരുന്നത് 'തമ്പി'ല്‍ ഞെരളത്ത് രാമപൊതുവാളിന്റെ സോപാനസംഗീതം ഏറ്റുപാടുന്ന കഥാപാത്രമായാണ്. അത് 'അവനവന്‍ കടമ്പ'യിലെന്ന പോലെ ഒരു പാട്ടുപരിഷയുടേതാണ്. 'ആരവ'ത്തിലെത്തുമ്പോള്‍, വേഷവും പാട്ടും ഒരു താളപ്പരിഷയുടേതായിമാറുന്നു. ഈ വിധത്തില്‍ സിനിമയില്‍ വേണുവിന്റെ അരങ്ങേറ്റം പോലും താളത്തിന്റെയും വായ്ത്താരിയുടെയും ഘോഷങ്ങളിലൂടെയാണ്. മരുത് നമ്മോട് പറയുന്നു. മുക്കുറ്റി തിരുതാളി... പറിച്ചുകെട്ടിത്താ, കെട്ടിത്താ. ഒരര്‍ഥത്തില്‍ ഇത് പുതിയ ചലച്ചിത്ര ഭാഷയുടെ അധിനിവേശം കൂടിയാണ്, കേരളത്തിന്റെ തനതുകാഴ്ചകളിലേക്കും മണ്ണിലേക്കും മടങ്ങാനുള്ള ക്ഷണമാണ്.

അടൂരിന്റെയും അരവിന്ദന്റെയും എംടിയുടെയും വഴികളില്‍ നിന്നുള്ള കാഴ്ചകള്‍ പുതിയൊരുപറ്റം എഴുത്തുകാരുടെയും സംവിധായകരുടെയും മനസ്സ്  പിടിച്ചെടുത്തിരുന്നു. അറുപതുകളും എഴുപതുകളും അടയാളപ്പെടുത്തിയ എഴുത്തുലോകത്തിലെ ഉരുള്‍പൊട്ടലുകളും തീവ്ര സാംസ്‌കാരികതയും കടന്ന് എണ്‍പതുകള്‍ മറ്റുപല മുന്‍ഗണനാക്രമങ്ങളും സ്വീകരിക്കുന്നതുകാണാം. വാക്കുകളുടെ ബിംബകല്‍പ്പനകളെ മറികടന്ന് ദൃശ്യഖണ്ഡങ്ങളുടെ ഭാഷകണ്ടെത്താനുള്ള ഒരു തീവ്രശ്രമമായും ഈ കാലത്തെ വിലയിരുത്താവുന്നതാണ്. ഏതാണ്ട് ഇതേസമയത്തുതന്നെ ടെലിവിഷനുകള്‍ നമ്മുടെ സ്വീകരണമുറിയില്‍ സ്ഥാനം പിടിച്ചു.

83 ലെ ലോകകപ്പ് ക്രിക്കറ്റ് മുതല്‍ ലോകത്തിന്റെ വന്‍ സംഭവങ്ങള്‍ നമ്മുടെ മുമ്പിലും അനാവൃതമായി. സിനിമയാകട്ടെ കുറേക്കൂടി സാങ്കേതികാധിഷ്ഠിതമായി. ക്യാമറയില്‍, എഡിറ്റിങ്ങില്‍, കമ്പോസിങ്ങില്‍, ഡബ്ബിങ്ങില്‍ പുതിയരീതിശാസ്ത്രങ്ങളുടെ വരവായി. അഭിരുചികളുടെ ലോകങ്ങള്‍ ബോധപൂര്‍വം അട്ടിമറിക്കപ്പെട്ടകാലത്ത് സിനിമ ദൃശ്യരൂപമെന്ന നിലയിലും മാധ്യമ വിപണിയുടെ ഉല്‍പന്നം എന്ന നിലയിലും മേല്‍ക്കൈ നേടുന്നു. നാടക പ്രവര്‍ത്തനങ്ങളെയും ബാലെ പോലെയുള്ള കലാരൂപങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെട്ടത്. വൈകാതെ ടെലിവിഷന്‍ സ്‌ക്രീനുകളിലേക്കും സിനിമ കടന്നുവന്നു. തൊണ്ണൂറുകളില്‍ അനലോഗില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക് മീഡിയ മാര്‍ച്ച് ചെയ്തതോടെ സാറ്റലൈറ്റ് റേറ്റിന്റെ പിന്‍ബലത്തോടെ സിനിമ മലയാളത്തില്‍ മുഖ്യധാരാമാധ്യമരൂപമായി വളര്‍ന്നു.


ഒരു കൂട്ടം പ്രതിഭാശാലികളുടെ വിജയകരമായ അരങ്ങേറ്റമാണ് മലയാളികള്‍ പിന്നീട് കണ്ടത്. കെ ജി ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍, ജോണ്‍പോള്‍ തുടങ്ങിയവരൊക്കെ സിനിമയില്‍ സജീവമായ കാലത്താണ് അരങ്ങുകളെ തനതുനാടക വേദിയുടെ പുതുധാരകള്‍നെടുമുടി, ഗോപി, നടരാജന്‍, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍, കലാധരന്‍ എന്നിവരിലൂടെ കാവാലം നാരായണ പണിക്കര്‍ സാക്ഷാത്കരിക്കുന്നത്.
എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെയാണ് അരവിന്ദന്‍ ആദ്യം കോസ്റ്റിയൂം  ഡിസൈനര്‍ എന്ന സങ്കല്‍പ്പത്തില്‍ 'തിരുവരങ്ങി'ല്‍ എത്തുന്നത്. പിന്നീട് കാവാലത്തിന്റെ ആശീര്‍വാദത്തോടെ അരവിന്ദന്‍ തന്നെ 'അവനവന്‍ കടമ്പ'യുടെ സംവിധായകനായി. നാടകം പരമ്പരാഗത സ്റ്റേജ് എന്ന സങ്കല്‍പ്പം വിട്ട് പ്രകൃതിയുടെ പരിസരങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. അതോടെ പ്രൊസീനിയം സ്റ്റേജ് എന്ന ആശയം തന്നെ ഉപേക്ഷിച്ചു. തിരുവനന്തപുരത്തും തൃശൂര്‍ സാഹിത്യ അക്കദമിയിലും മരച്ചുവട്ടിലാണ് കടമ്പ കളിക്കുന്നത്. ആഹാര്യത്തിലും അഭിലാഷപൂര്‍ണമായ മാറ്റങ്ങള്‍ പ്രകടമായിരുന്നു.

ജി ശങ്കരപ്പിള്ളയുമായി ആശയപരമായി വഴിപരിഞ്ഞ് ലിറ്റില്‍ പ്രസാധനയില്‍ നിന്നു പുറത്തുകടന്ന ഭരത് ഗോപി 'ദൈവത്താറി'ലാണ് വേണുവുമായി വേദിയിലെത്തുന്നത്. അവിടെ നിന്നാണ് മലയാളത്തിലെ രണ്ടു മഹാനടന്‍മാരുടെ അഭിനയയാത്ര പുഷ്ടിപ്പെടുന്നത്. തിരുവരങ്ങിന്റെ നാടകങ്ങള്‍, ഗീതം, നൃത്തം, വാദ്യം എന്നിവയുടെ സാമഞ്ജ സ്യം ഉള്‍ക്കൊണ്ട് പുതിയൊരു ആട്ടപ്രകാരം സൃഷ്ടിക്കുക തന്നെചെയ്തു.
1972ല്‍ ഗോപി 'സ്വയംവര'ത്തില്‍ മൂന്നുമിനുറ്റ് നേരമുള്ള ഒരു തൊഴില്‍രഹിതനെ അവതരിപ്പിക്കുന്നുണ്ട്. 78ല്‍ വേണു തമ്പിലും ആരവത്തിലും ചലച്ചിത്രത്തില്‍ രംഗപ്രവേശം നടത്തുന്നുണ്ട്. അതേവര്‍ഷം കൊടിയേറ്റത്തിലൂടെ ഗോപിയും മലയാളികളുടെ സിനിമാ അനുഭവങ്ങളുടെ സീമയില്‍ എത്തിച്ചേര്‍ന്നു.

ജീവിതാനുഭവങ്ങളെയും കലാശീലങ്ങളെയും നാടിന്റെ ജൈവപ്രകൃതിയേയും കരുതലോടെ സ്വീകരിച്ച നടനാണ് വേണു. അതെല്ലാം ഔചിത്യപൂര്‍ണമായി കഥാപാത്രങ്ങളില്‍ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. 'ആര്‍പ്പോ ഹീയോ' എന്ന വായ്ത്താരിയില്‍ ഒരു കുട്ടനാട്ടുകാരന്‍ ഹൃദയത്തിന്റെ താളം തിരിച്ചറിയുന്നതുപോലെ താളത്തിന്റെയും പ്രകാശനപാരമ്പര്യത്തിന്റെയും രീതീബോധങ്ങള്‍ ഈ നടന്റെ അഭിനയ ജീവിതത്തില്‍ ഉടനീളം വ്യാപിച്ചുകിടക്കുന്നുണ്ട്.

‘തകര’യിൽ നെടുമുടിയും പ്രതാപ്‌ പോത്തനും

‘തകര’യിൽ നെടുമുടിയും പ്രതാപ്‌ പോത്തനും


പാടവരമ്പുകളില്‍ തിരിയുന്ന ചക്രങ്ങളുടെ താളവും ഞാറ്റുപാട്ടിന്റെ ഈണവും കൃഷിപ്പാട്ടുകളുടെയും വാമൊഴിയുടെയും താളവട്ടങ്ങള്‍ ചേര്‍ന്ന് കുട്ടനാടിനു ഒരു പാട്ടുപ്രകൃതിയുണ്ട്. അതിന്റെ നീട്ടലും കുറുകലും നാട്ടുഭാഷയിലുമുണ്ട്. ഈ താളബോധത്തിനോടൊപ്പം നാട്ടുചെണ്ടയുടെയും കഥകളിച്ചെണ്ടയുടെയും ചിട്ടവട്ടങ്ങളും മൃദംഗത്തിന്റെ ചേരുവകളും പ്രവാഹങ്ങളായി ഒത്തുചേരുന്നു. വേണുവിന്റെ കൗമാരകാലം നാടകത്തിന്റേതുമാത്രമല്ല, കഥകളിയുടെയും കഥകളിപ്പദങ്ങളുടെയും നാട്ടുപാട്ടുകളുടെയും കലവറയെ ആഹ്ലാദപൂര്‍വം കൊണ്ടുനടന്നു.

മലയാള സിനിമയില്‍ ഒരു നടനും ഇത്രയും വൈശദ്യം നിറഞ്ഞ അനുശീലന വ്യക്തിത്വമില്ല. അതൊടാപ്പം തന്നെ നാടകത്തിന്റെ ക്രിയാംശത്തിന്റെ സത്തയായ അഭിനയം, ആഹാര്യം, രംഗപടം, ദീപവിതാനം എന്നിവയും വേണുവിന്റെ കലാശേഖരത്തിലുണ്ട്. അതുകൊണ്ടാവാം ഒരേ സ്വഭാവവും 'ബിഹേവിയറല്‍ പാറ്റേണു'മുള്ള കഥാപാത്രത്തിനുപോലും ബാഹ്യവും ആന്തരികവുമായ ഒരു വ്യക്തിത്വം സമ്മാനിക്കാന്‍ കഴിയുന്നുണ്ട്. സാമാന്യത്തില്‍നിന്ന് വിശേഷത്തിലേക്ക് കടക്കുന്നതാണ് ആ അഭിനയകല. സംഗീതത്തെക്കുറിച്ചുള്ള ബോധ്യങ്ങളാണ് 'ഭരത'ത്തിലെ രാമനാഥനില്‍നിന്ന് 'സവിധ'ത്തിലെ വര്‍മ്മയിലേക്കുള്ള ദൂരം കണ്ടെത്താന്‍ സഹായിക്കുന്നത്. 'സര്‍വം താളമയ'ത്തിലെ  വെമ്പു അയ്യരും 'ഗാന'ത്തിലെ ഗണപതി അയ്യരും മൃദംഗവാദകര്‍ തന്നെ. പക്ഷേ, കാലം, ദേശം, പ്രായം, സാഹചര്യം, ഇതിവൃത്തം, സംസ്‌കാരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് കഥാപാത്രത്തിന്റെ ഫ്രെയിം രൂപപ്പെടുത്തുന്നത്.

തിലകൻ, നെടുമുടി (പെരുന്തച്ചൻ)

തിലകൻ, നെടുമുടി (പെരുന്തച്ചൻ)

‘ആരണ്യക’ത്തിൽ

‘ആരണ്യക’ത്തിൽ


അതോടൊപ്പം വേണു മൃദംഗത്തില്‍ വെമ്പുഅയ്യരുടെയും ഗണപതിയുടെയും പ്രയോഗത്തിലെ വ്യത്യസ്തത അനുഭവിപ്പിക്കുന്നു. വെമ്പു മൃദംഗത്തിന്റെ സ്വതന്ത്രവാദകനാണ്, ഗണപതി കച്ചേരിക്ക് വായിക്കുന്ന കലാകാരനാണ്. കച്ചേരിക്ക് വായിക്കുമ്പോള്‍ മൃദംഗം വലിച്ചുവായിക്കും. ഈ സൂക്ഷ്മബോധമാണ് വേണുവിനെ അനന്യമായ അഭിനയപ്രതിഭയാക്കുന്നത്. 'സര്‍ഗ'ത്തിലെ അച്ഛനായ ഭാഗവതരും 'സവിധ'ത്തിലെ അച്ഛനായ സംഗീതജ്ഞനും വേണുവിന്റെ പരിചരണത്തില്‍ സമാന്തരങ്ങള്‍പോലുമല്ല. ഇവിടെ സംഗീത രുചിഭേദങ്ങളാണ് പ്രധാനം. കഥാപാത്രങ്ങളുടെ പൊതുസ്വഭാവങ്ങളും ഭിന്നമായ സവിശേഷതകളും വേണു ഒരുപോലെ കണ്ടെത്തുന്നു. പാട്ടുപാടുന്നതിലല്ല നടന്റെ വിജയം. പാട്ട് നൈസര്‍ഗികമായി പാടുന്നു എന്നു തോന്നിപ്പിക്കുന്നതിലാണ് നടന്റെ സാക്ഷാത്കാരം.
ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള’യിൽ

ഹിസ്‌ ഹൈനസ്‌ അബ്‌ദുള്ള’യിൽ


മലയാള സിനിമ എണ്‍പതുകളില്‍ മാറ്റത്തിന്റെ ഇടവേളയിലേക്ക് പ്രവേശിക്കുമ്പോള്‍ ഫാസില്‍, പ്രിയദര്‍ശന്‍, ലെനിന്‍ രാജേന്ദ്രന്‍, സിബി മലയില്‍, ഭദ്രന്‍, രാജീവ്നാഥ്, ലോഹിതദാസ്, രഞ്ജിത്ത് എന്നിവര്‍കൂടി ഭാഗധേയം നിര്‍ണയിക്കുന്ന കലാകാരന്മാരുടെ ശ്രേണിയില്‍ എത്തുന്നുണ്ട്.

മണ്ണില്‍ ചവിട്ടിനിന്ന് കഥപറയുന്ന ഭരതന്റെ 21 സിനിമകളില്‍ ഏഴു ചിത്രങ്ങളില്‍ നായകനാണ് വേണു. പത്മരാജന്റെ 'കള്ളന്‍ പവിത്ര'നിലും 'ഒരിടത്തൊരു  ഫയല്‍വാനി'ലും നായകവേഷം തന്നെ. മനുഷ്യബന്ധങ്ങളുടെ ആഴങ്ങള്‍ തേടുന്ന 'രചന'യിലും 'വിടപറയും മുമ്പേ'യിലും നായക കഥാപാത്രം വേണുവിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു.

വേണുവിന്റെ മികച്ച ചിത്രങ്ങളെക്കുറിച്ച് ഒരു കണക്കെടുപ്പ് നടത്തിയിട്ട് വര്‍ഷങ്ങള്‍ അധികമായിട്ടില്ല. ഇതെഴുതുന്നയാളിനെ അതു കുഴക്കുകയാണ് ചെയ്തത്. വേണുവിനും അത്തരമൊരു തെരഞ്ഞെടുപ്പ് നടത്താന്‍ ആകുമായിരുന്നില്ല.

‘ഓറഞ്ചുമരങ്ങളുടെ വീട്‌ ’ എന്ന ചിത്രത്തിൽ	      ഫോേട്ടാ: ധൻജു അച്ചു

‘ഓറഞ്ചുമരങ്ങളുടെ വീട്‌ ’ എന്ന ചിത്രത്തിൽ ഫോേട്ടാ: ധൻജു അച്ചു

‘ഭരത’ത്തിന്റെ സെറ്റിൽ നെടുമുടി, മോഹൻലാൽ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ലക്ഷ്‌മി, സുചിത്ര, വിനീത്‌കുമാർ

‘ഭരത’ത്തിന്റെ സെറ്റിൽ നെടുമുടി, മോഹൻലാൽ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ലക്ഷ്‌മി, സുചിത്ര, വിനീത്‌കുമാർ


എന്നിട്ടും 15 കഥാപാത്രങ്ങളെ എന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ തെരഞ്ഞെടുത്തു. ചെല്ലപ്പനാശാരി (തകര), ഉണ്ണി (രചന), സേവ്യര്‍ (വിടപറയും മുമ്പേ), രാമനുണ്ണി നായര്‍ (മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), വര്‍മ്മ (ഹിസ് ഹൈനസ് അബ്ദുള്ള), പവിത്രന്‍ (കള്ളന്‍ പവിത്രന്‍), വേണുകുമാരമേനോന്‍ (മാര്‍ഗം), അച്യുതന്‍കുട്ടി (അച്ചുവേട്ടന്റെ വീട്), മേസ്ത്രി (ഒരിടത്തൊരുഫയല്‍വാന്‍), കൃഷ്ണമൂര്‍ത്തി (ഇന്ത്യന്‍), ചാക്യാര്‍ (നോട്ടം), കമ്യൂണിസ്റ്റ്കാരന്‍ ഗോപാലന്‍ (24 നോര്‍ത്ത് കാതം), രാമനാഥന്‍ (ഭരതം), തമ്പുരാന്‍ (ആലോലം), ശ്രീകൃഷ്ണന്‍ (തേന്മാവിന്‍ കൊമ്പത്ത്) എന്നിവയായിരുന്നു ആ കഥാപാത്രങ്ങള്‍. മണിക്കൂറുകള്‍ക്കുശേഷം അവര്‍ മറ്റുകഥാപാത്രങ്ങളുടെ കാര്യം പങ്കുവച്ചു.
‘ബെസ്‌റ്റ്‌ ആക്ടറി’ൽ മമ്മൂട്ടി, നെടുമുടി, ലാൽ, സലിം കുമാർ, വിനായകൻ

‘ബെസ്‌റ്റ്‌ ആക്ടറി’ൽ മമ്മൂട്ടി, നെടുമുടി, ലാൽ, സലിം കുമാർ, വിനായകൻ


ഇഷ്ടത്തിലെ കൃഷ്ണന്‍കുട്ടിമേനോന്‍, പഞ്ചവടിപ്പാലത്തിലെ രാഷ്ട്രീയക്കാരന്‍ ശിഖണ്ടിപ്പിള്ള, തീര്‍ത്ഥത്തിലെ വിഷ്ണുനമ്പൂതിരി, ആരവത്തിലെ മരുത്, ചാട്ടയിലെ ഭൈരവന്‍, ബെസ്റ്റ് ആക്ടറിലെ ഡെന്‍വര്‍ ആശാന്‍, മംഗളം നേരുന്നുവിലെ മേനോന്‍, അന്ന്യനിലെ സ്വാമി തുടങ്ങിയ കഥാപാത്രങ്ങള്‍ പിന്നെയും പരിഗണനക്കെത്തി. അപ്പോള്‍ മനസ്സില്‍ മറ്റുകഥാപാത്രങ്ങള്‍ തിക്കിത്തിരക്കിവരികയായിരുന്നു. രണ്ടും മൂന്നും സീനുകളില്‍മാത്രം എത്തുകയും അനുവാചകന്റെ മനസ്സിനെ ആഴത്തില്‍ കൊത്തിവീഴ്ത്തുന്ന കഥാപാത്രമായി പ്രകാശിക്കുകയും ചെയ്ത ചില വിസ്മയ കഥാപാത്രങ്ങള്‍.

'കേളി'യിലെ റൊമാന്‍സ് കുമാരന്‍, 'പാളങ്ങളി'ലെ രാമന്‍കുട്ടി, 'കോലങ്ങളി'ലെ പരമു, 'യവനി'കയിലെ ബാലഗോപാലന്‍, 'അപ്പുണ്ണി'യിലെ അപ്പുണ്ണി, 'ഒരു മറവത്തൂര്‍കനവി'ലെ തമിഴ് കര്‍ഷകന്‍, 'പാസഞ്ചറി'ലെ ഡ്രൈവര്‍ നായര്‍, 'ആരോരുമറിയാതെ'യിലെ ഡ്രൈവര്‍ ഗോവിന്ദന്‍കുട്ടി, 'ഇളനീരി'ലെ ബാബു, 'മുത്താരംകുന്നി'ലെ കുട്ടന്‍പിള്ള, 'അമ്പട ഞാനെ'യിലെ മുത്തച്ഛന്‍, 'ഓര്‍ക്കാപ്പുറ'ത്തെ നിക്കോളാസ്, 'വീണ്ടും ചിലവീട്ടുകാര്യങ്ങ'ളിലെ അരവിന്ദന്‍, 'ബാലേട്ട'നിലെ അച്ഛന്‍, 'അപ്പു'വിലെ ഡ്രൈവിങ് ആശാന്‍, 'കമലദള'ത്തിലെ വേലായുധന്‍... എല്ലാം വന്നുപോകുന്ന കഥാപാത്രങ്ങളല്ല, അവസാനം തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ നമ്മുടെ കൂടെ ഇറങ്ങിവരുന്നവരാണവര്‍. കാലങ്ങള്‍ കഴിയുമ്പോഴും കാഴ്ചക്കാരുമായി ഒരു ബന്ധം സൃഷ്ടിക്കുന്നവര്‍. ഭിന്നപ്രകൃതികളായ കഥാപാത്രങ്ങള്‍. മലയാള സിനിമയില്‍ ഇത്തരം ഭിന്നപ്രകൃതികളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബഹുമതി വേണുവിനും ജഗതി ശ്രീകുമാറിനുമാണ്.

‘നോർത്ത്‌ 24 കാതം’ എന്ന ചിത്രത്തിൽ സ്വാതി റെഡ്ഡിക്കൊപ്പം

‘നോർത്ത്‌ 24 കാതം’ എന്ന ചിത്രത്തിൽ സ്വാതി റെഡ്ഡിക്കൊപ്പം

‘ചാർലി’യിൽ

‘ചാർലി’യിൽ


പ്രമേയ കേന്ദ്രീകൃതമായ സിനിമയില്‍നിന്ന് നായക കേന്ദ്രീകൃതമായ സിനിമയിലേക്ക് മലയാളി സഞ്ചരിച്ചപ്പോഴും ഈ നടന്റെ കഥാപാത്രങ്ങള്‍, ക്യാമറക്ക് മുന്നിലെത്താന്‍ കാത്തുനിന്നിരുന്നു. മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ 'ആരണ്യക'ത്തിലെ എണ്‍പതുവയസ്സുകാരന്റെ വേഷം കെട്ടിയാടിയ നടന് ഉടലിലേക്ക് പ്രായത്തെ പകര്‍ത്തി, കഥാപാത്രത്തിന് സാക്ഷാത്കാരം നല്‍കാന്‍ ഗ്ലാമറിനെ ഭയപ്പെടേണ്ടിവന്നിട്ടില്ല. ഈ നൂറ്റാണ്ടും കഴിഞ്ഞുപോകുമ്പോള്‍ മലയാള സിനിമയുടെ പൂര്‍വകാലങ്ങളിലേക്ക് യാത്രചെയ്യുന്ന മനുഷ്യരൊക്കെയും വേണുവിന്റെ കഥാപാത്രങ്ങളുടെ ഘോഷയാത്ര കാണുകതന്നെ ചെയ്യും .

(ദേശാഭിമാനി വാരികയിൽ നിന്ന്)





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top