29 March Friday

നായാട്ട്‌: പൊലീസുകാരന്റെ പൊലീസ്‌ കഥ

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Apr 18, 2021

നായാട്ടിൽ കുഞ്ചാക്കോ ബോബൻ

ചാർളിക്കുശേഷം മാർട്ടിൻ പ്രക്കാട്ട്‌ സംവിധാനം ചെയ്‌ത ചിത്രം. ജോസഫിനുശേഷം ഷാഹി കബീർ തിരക്കഥ എഴുതിയ ചിത്രം. നായാട്ട്‌ ഈ കോവിഡ്‌ കാലത്തും തിയറ്ററുകളിൽ കൈയടി നേടി മുന്നേറുകയാണ്‌. തന്റെ അനുഭവത്തിന്റെ ഭാഗമാണ്‌ നായാട്ടിന്റെ ഇതിവൃത്തമെന്ന്‌ പറയുന്നു  ഷാഹി കബീർ

 

 
ഷാഹി കബീർ

ഷാഹി കബീർ

ജോസഫിന്റെ രചനയിലൂടെ മലയാള സിനിമയിലേക്ക്‌ കടന്നുവന്ന ഷാഹി കബീർ ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും പൊലീസ്‌ കഥയുമായി തിരിച്ചെത്തി. ജോജു ജോർജ്‌ എന്ന നടന്റെ സിനിമാ ജീവിതത്തിൽ വലിയ ചലനമുണ്ടാക്കിയ ചിത്രമായിരുന്നു ജോസഫ്‌. ഷാഹിയുടെ രണ്ടാം  വരവിൽ കുഞ്ചാക്കോ ബോബനും നിമിഷ സജയനുമൊപ്പം കരുത്തുറ്റ കഥാപാത്രമായി ജോജുവുണ്ട്‌. ചാർളിക്ക്‌ ശേഷമുള്ള മാർട്ടിൻ പ്രക്കാട്ട്‌ ചിത്രമാണ്‌ നായാട്ട്‌. അധികാരകേന്ദ്രങ്ങൾ നടത്തുന്ന വേട്ടയാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം.   മികച്ച  പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തെക്കുറിച്ചും തന്റെ സിനിമാ വഴികളെപ്പറ്റിയും തിരക്കഥാകൃത്ത്‌ ഷാഹി കബീർ സംസാരിക്കുന്നു:
 

അറിയുന്നത്‌ പൊലീസിങ്ങാണ്‌

 
എനിക്ക്‌ കൂടുതൽ അറിയാവുന്നത്‌ പൊലീസിങ്ങാണ്‌. അതു കൊണ്ടാണ്‌ പൊലീസ്‌ കഥകൾ പറയാമെന്ന്‌ വിചാരിക്കുന്നത്‌. അതാണ്‌ സൗകര്യവും. ജോസഫിന്റെ സമയത്ത്‌ തന്നെ പറഞ്ഞ കഥയാണിതും. അപ്പോൾ തന്നെ വർക്ക്‌ ചെയ്‌ത തിരക്കഥയാണ്‌. ഇപ്പോഴാണ്‌ സിനിമയായത്‌ എന്നുമാത്രം. പൊലീസായതുകൊണ്ടുള്ള അനുഭവങ്ങളാണ്‌ സിനിമയിലെ ഡീറ്റെയ്‌ലിങ്ങിന്‌ ഗുണംചെയ്‌തത്‌.
 

മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല

 
ജോജുവുമായി അടുത്തസൗഹൃദമുണ്ട്‌.  മണിയനെന്ന കഥാപാത്രത്തിന്‌ ജോജു ഉചിതമാകുമെന്ന്‌  തോന്നിയിരുന്നു. കഥാപാത്രമായി മനസ്സിൽ ജോജു തന്നെയായിരുന്നു. രണ്ടു സിനിമയിലും പ്രധാന കഥാപാത്രം ജോജുവാണ്‌ എന്നാൽ അവ തമ്മിൽ സാമ്യമില്ല. ജോസഫിൽ വിരമിച്ച ആളാണ്‌. ഇതിൽ 25 വർഷ സർവീസുള്ള സീനിയർ പൊലീസ്‌. ജോസഫിൽ വിരമിച്ചയാളുടെ സ്ഥായിഭാവമാണ്‌. ഇതിൽ സാഹചര്യമനുസരിച്ച്‌ ഭാവം മാറുന്നുണ്ട്‌. പല തരത്തിലുള്ള ശരീരഭാഷയുണ്ട്‌‌ മണിയനിൽ.
 

ജീവനുള്ള കഥ

 
ജോസഫ്‌ ‌ ഒരു നിർമിത കഥയാണ്‌.  ഇമോഷണൽ ഡ്രാമയാണ്‌, റിയൽ സ്‌റ്റോറിയല്ല. ഞാനെന്ന പൊലീസുകാരന്റെ എക്‌സ്‌പീരിയൻസൊന്നും തന്നെയില്ല. എന്നാൽ നായാട്ട്‌ കുറേക്കൂടി ജീവനുള്ള കഥയാണ്‌. എന്റെ അനുഭവങ്ങളുടെ കൂടി ഭാഗം.
 

പൊതുബോധ നിർമിതി

 
മീഡിയ ഉണ്ടാക്കുന്ന ഒരു പൊതുബോധ  നിർമിതിയുണ്ട്‌.  പൊലീസിന്റെ   തെറ്റുകൾ  പലപ്പോഴും രാഷ്ട്രീയ ആയുധമായി മാറുന്നുണ്ട്‌. തെറ്റുകൾ ന്യായീകരിക്കുകയല്ല. എന്നാൽ പലപ്പോഴും പൊതുബോധത്തിന്‌ അനുസരിച്ചാണ്‌ നടപടികളുണ്ടാകുന്നത്‌. സത്യസന്ധമായി കാര്യങ്ങൾ പുറത്തുവരുന്നില്ല. സകല ഉത്സവ പറമ്പുകളിലും ഏത്‌ ആഘോഷം നടന്നാലും വെളുപ്പാൻ കാലംവരെ നിന്നിരുന്ന ഞാനൊക്കെ പൊലീസിൽ കയറിയതിനു ശേഷം ആഘോഷങ്ങൾ നടക്കുമ്പോൾ  വൈകിട്ട്‌ ആറ്‌ മണിയാകുമ്പോഴേക്കും വീട്ടിൽ കയറും. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ നമ്മൾ ഒന്നാം പ്രതിയാകും. ആഘോഷങ്ങളിൽനിന്നൊക്കെ പലപ്പോഴും വിട്ടുനിൽക്കുന്നവരാണ്‌  പൊലീസുകാർ.
സ്‌റ്റേറ്റ്‌ എന്ന അധികാരരൂപം  മറ്റുള്ളവർക്കുമേൽ നടത്തുന്ന അടിച്ചമർത്തലാണ്‌ സിനിമയിൽ തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്‌.
 

വാപ്പച്ചിയാണ്‌ പിൻബലം

 
വാപ്പച്ചിയിൽ നിന്നാണ്‌ സിനിമയിലേക്കുള്ള ഊർജം. വാപ്പച്ചി നാടകത്തിലൊക്കെ ഉണ്ടായിരുന്നു. സിനിമയിൽ എത്തണമെന്ന്‌ അദ്ദേഹത്തിന്റെ ആഗ്രഹം സാധ്യമായില്ല. അതാണിപ്പോൾ എന്നിലൂടെ സാധ്യമായത്. വാപ്പ ഇടതു‌പക്ഷ പ്രവർത്തകനായിരുന്നു.  വീട്ടിൽ കുറേ പുസ്‌തകങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം വലിയ പിൻബലമായിട്ടുണ്ട്‌.
 
കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്നു. തിരക്കഥാകൃത്താകാൻ വഴിയൊരുക്കിയ പ്രധാന മൊമെന്റ്‌ എസ്‌എഫ്‌ഐയുടെ പഠനക്യാമ്പാണ്‌. എന്ത്‌ കാര്യത്തിന്റെയും മറുവശം തെരയാൻ പഠിപ്പിച്ചത്‌ അവിടെ നിന്നാണ്‌.  ആ ചിന്തയിൽ നിന്നാണ്‌ രണ്ടു തിരക്കഥയും ഉണ്ടായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top