27 April Saturday

കൊച്ചിയിലും കൊടുങ്കാറ്റൂതിയ 
നാവികകലാപത്തിന്‌ 77 വയസ്സ്‌

എം എസ്‌ അശോകൻUpdated: Thursday Feb 23, 2023

കൊച്ചിയിലെ നാവിക കലാപം സംബന്ധിച്ച നാവിക സേനാ അന്വേഷണ റിപ്പോർട്ട്‌ (മുംബൈ കൊളാബയിലെ നാവികകലാപ സ്‌മാരകം ഇൻസെറ്റിൽ)


കൊച്ചി
ബോംബെയിൽ പൊട്ടിപ്പുറപ്പെട്ട്‌ കൊച്ചിയിലും മാറ്റൊലികൊണ്ട ഇന്ത്യൻ നാവികകലാപത്തിന്റെ വിജയസമാപ്തിക്ക്‌ ഫെബ്രുവരി 23ന്‌ 77 വയസ്സ്‌. ബോംബെയിൽ നങ്കൂരമിട്ടിരുന്ന ഐഎൻഎസ്‌ തൽവാറിലെ നാവികർ 1946 ഫെബ്രുവരി 19ന്‌ ആരംഭിച്ച പോരാട്ടം 22നാണ്‌ കൊച്ചിയിലെ ദക്ഷിണനാവിക ആസ്ഥാനത്തെ പിടിച്ചുകുലുക്കിയത്‌. ബ്രിട്ടീഷ്‌വാഴ്ചക്കെതിരായ മുദ്രാവാക്യം മുഴക്കി ഐഎൻഎസ്‌ വെണ്ടുരുത്തിയുടെ മതിൽക്കെട്ടിന്‌ വെളിയിലേക്ക്‌ മാർച്ചുചെയ്ത നാവികർ, ബോംബെയിൽ സമരം ഒത്തുതീർന്നശേഷമാണ്‌ 32 മണിക്കൂർനീണ്ട പണിമുടക്കും പ്രതിഷേധവും അവസാനിപ്പിച്ചത്‌.

റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യക്കാരായ സൈനികരാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച കലാപം നടത്തിയത്‌. താഴെത്തട്ടിലുള്ളവർ മാത്രമാണ്‌ നേരിട്ട്‌ പങ്കെടുത്തതെങ്കിലും മേലുദ്യോഗസ്ഥരിൽ വലിയൊരു പങ്ക്‌ കലാപാനുകൂലികളായി. ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും സേവനവ്യവസ്ഥയും നാവിക ക്യാമ്പുകളിലെ പരിതാപകരമായ ജീവിതസാഹചര്യങ്ങളുമാണ്‌ കലാപത്തിന്റെ പ്രത്യക്ഷകാരണങ്ങൾ. കോളനിവാഴ്‌ച അവസാനിക്കാതെ ദുരിതങ്ങൾ അവസാനിക്കില്ലെന്ന കാഴ്ചപ്പാട്‌ കലാപത്തിന്‌ കരുത്തേറ്റി. 21ന്‌ വൈകിട്ട്‌ 5.45ന്‌ എല്ലാ നാവികാസ്ഥാനങ്ങളിലേക്കുമായി റോയൽ ഇന്ത്യൻ നേവി ഫ്ലാഗ്‌ ഓഫീസർ കമാൻഡിങ്ങിന്റെ സന്ദേശമെത്തിയതോടെയാണ്‌ കൊച്ചിയിൽ കലാപത്തിന്റെ തീപ്പൊരി വീണത്‌. ബോംബെയിൽ നാവികർക്കുനേരെ വെടിവയ്പുണ്ടായതിന്‌ പിന്നാലെയായിരുന്നു ഇത്‌.

കലാപം വച്ചുപൊറുപ്പിക്കില്ലെന്നും എന്തുവിലകൊടുത്തും അടിച്ചമർത്തുമെന്നുമായിരുന്നു സന്ദേശം. 22ന്‌ രാവിലെ കൊച്ചിയിലെ നാവിക ബാരക്കുകൾക്കുമുന്നിൽ പണിമുടക്ക്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടു. 8.50ഓടെ നാവികർ കൂട്ടത്തോടെ ആസ്ഥാനത്തിനുമുന്നിലെത്തി. ബ്രിട്ടീഷ്‌ വാഴ്‌ചയ്‌ക്കെതിരെയും ബോംബെ നാവികകലാപത്തെ പിന്തുണച്ചും മുദ്രാവാക്യങ്ങൾ മുഴക്കി റോഡിലേക്ക്‌ മാർച്ചുചെയ്തു. ഐലൻഡുവരെ പോയ പ്രകടനം മട്ടാഞ്ചേരിയിലേക്കും തിരിച്ച്‌ എറണാകുളം ഭാഗത്തേക്കും നീങ്ങി. ഒന്നേകാലോടെ പ്രകടനം തിരിച്ചെത്തുമ്പോൾ നാവിക ആസ്ഥാനം കനത്ത ബന്തവസിലായിരുന്നു. പ്രതിഷേധിച്ചവരുമായി നേരിട്ടും അല്ലാതെയും ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചു. ആവശ്യങ്ങൾ പരിശോധിക്കാമെന്ന ഉറപ്പുനൽകിയെങ്കിലും കലാപം ബോംബെയിൽ ഒത്തുതീർപ്പാകുന്നതുവരെ പണിമുടക്ക്‌ തുടരാനായിരുന്നു നാവികരുടെ തീരുമാനം. 23ന്‌ രാവിലെയും ഡ്യൂട്ടിക്ക്‌ കയറാതെ നാവികർ ബാരക്കുകളിൽ തുടർന്നു. ഇതിനിടെ അടിയന്തരസാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഐഎൻഎസ്‌ വെണ്ടുരുത്തിയിൽ പൂർത്തിയായിരുന്നു. ഉദ്ദേശം പകൽ 2.45ന്‌ ബോംബെയിൽ സമരം ഒത്തുതീർന്നെന്ന സന്ദേശമെത്തി. വൈകിട്ട്‌ നാലോടെ നാവികർ പണിമുടക്ക്‌ പിൻവലിച്ച്‌ ജോലിക്ക്‌ കയറി.

കലാപത്തെക്കുറിച്ച്‌ വിപുലമായ അന്വേഷണം പിന്നീട്‌ നടന്നു. കൊച്ചി രാജ്യത്തെ ചീഫ്‌ ജസ്‌റ്റിസായിരുന്ന കെ കെ കൃഷ്‌ണസ്വാമി അയ്യങ്കാർ ആറംഗ അന്വേഷണ കമീഷനിലുണ്ടായിരുന്നു. അതേവർഷം മാർച്ച്‌ 18ന്‌  വെണ്ടുരുത്തി കപ്പലിൽ നടന്ന സിറ്റിങ്ങിൽ വിവിധ റാങ്കിലുള്ള 55 നാവിക ഉദ്യോഗസ്ഥരെ കമീഷൻ വിസ്‌തരിച്ചു. കൊച്ചിയിലെ കലാപനീക്കം ആദ്യം റിപ്പോർട്ട്‌ ചെയ്തയാളായി സ്‌റ്റാഫ്‌ ഓഫീസർ ലഫ്‌. കെ കെ ജോണിനെയാണ്‌ വിസ്‌തരിച്ചത്‌. കലാപത്തിൽ പങ്കെടുത്തതിന്റെ പേരിൽ 474 പേരെ സേനയിൽനിന്ന്‌ പുറത്താക്കി. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം നാവികകലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി എന്നതും ചരിത്രം. നാവികസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച ഏക രാഷ്‌ട്രീയകക്ഷി കമ്യൂണിസ്‌റ്റ്‌ പാർടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top