29 March Friday

നവകേരളം: മാതൃകയും ബദലും- പ്രൊഫ. സി രവീന്ദ്രനാഥ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

പശ്ചാത്തല വികസനത്തിൽ കുതിച്ചുചാട്ടം മാത്രമല്ല നവകേരളത്തിന്റെ ലക്ഷ്യം. നിലവിലുള്ള വികസന മേഖലകളിലെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും നവീകരണമുണ്ടാക്കുകയും ചെയ്യുകവഴി അനന്യമായ വികസനമാതൃകകൾ സൃഷ്ടിക്കുന്നതാണ് നവകേരളമെന്ന ആശയം
 

പ്രൊഫ. സി രവീന്ദ്രനാഥ്

പ്രൊഫ. സി രവീന്ദ്രനാഥ്

നവകേരളം എന്ന ആശയം കേരളത്തിന്റെ സ്വപ്നമണ്ഡലത്തിൽ ഉയർന്നുവന്നിട്ട് കുറച്ചുവർഷങ്ങൾ കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഈ നവീനമായ സങ്കൽപ്പം എന്താണ് എന്ന് വിശദമായി തിരിച്ചറിയേണ്ടതുണ്ട്. പശ്ചാത്തല വികസനത്തിൽ പ്രതീക്ഷിക്കുന്ന വൻകുതിച്ചുചാട്ടം മാത്രമല്ല നവകേരളത്തിന്റെ ലക്ഷ്യം. നിലവിലുള്ള വികസന മേഖലകളിലെ സമസ്ത പ്രശ്നങ്ങൾക്കും പരിഹാരം കാണുകയും നവീകരണമുണ്ടാക്കുകയും ചെയ്യുകവഴി അനന്യമായ വികസനമാതൃകകൾ സൃഷ്ടിക്കുന്നതാണ് നവകേരളമെന്ന ആശയം. നവകേരളത്തിലെ വികസനമേഖലകളെല്ലാംതന്നെ തികച്ചും മാതൃകയും ബദലുമായിരിക്കും എന്ന് ചുരുക്കം. വികസനരംഗത്ത് ഒരു വിശ്വമാതൃക തീർക്കുവാനുള്ള ഭഗീരഥ ശ്രമമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്.

ചില ഉദാഹരണങ്ങൾ നോക്കാം. വർത്തമാനകാല സാംസ്കാരിക രംഗത്തെ ഭാവുകത്വ പരിണാമം അപകടകരമായ ചില സൂചനകൾ നൽകുന്നുണ്ട്. അതിൽ പ്രധാനമാണ്‌ മതനിരപേക്ഷതയ്‌ക്കുനേരെയുള്ള വെല്ലുവിളി. ദശാബ്ദങ്ങൾ നീണ്ട തീക്ഷ്ണ സാംസ്കാരിക ഇടപെടലുകളിലൂടെ നാം വികസിപ്പിച്ചെടുത്ത നവോത്ഥാനാനന്തര സംസ്കാരമാണ് മതനിരപേക്ഷത. കേരളത്തെ നവകേരളമാക്കുവാൻ 1957 ൽ ഇ എം എസ് ശ്രമിച്ചപ്പോൾ മുതൽ ആരംഭിച്ചതാണ് സാംസ്കാരിക ഭാവുകത്വ രൂപങ്ങളുടെ നവീകരണം. ഭ്രാന്താലയം മതനിരപേക്ഷ കേരളമായി മാറിയത്‌ ഇതിലൂടെ. ആദ്യകാല നവകേരളസൃഷ്ടിയുടെ യുക്തിഭദ്രമായ അടിത്തറയായിരുന്നു ഈ മാറ്റം. എന്നാൽ വർത്തമാന കേരളത്തിലെ വർഗീയതയുടെ വളർച്ച മതനിരപേക്ഷതയ്‌ക്കുനേരെ വെല്ലുവിളി ഉയർത്തിയിരിക്കുന്നു.

കമ്പോളം സൃഷ്ടിച്ച ഉപഭോഗ ഭാവുകത്വം മാനവികതയ്്‌ക്കും സമത്വത്തിനും വലിയ ഭീഷണി ഉയർത്തുകയാണ്. നവോത്ഥാനപ്രസ്ഥാനങ്ങൾ സൃഷ്ടിച്ച പൊതു ഇടങ്ങൾ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മാനവികത വെല്ലിവിളിയ്

കേരളത്തിന്റെ മാലിന്യ നിർമാർജന മാതൃകകളിലൊന്ന്‌

കേരളത്തിന്റെ മാലിന്യ നിർമാർജന മാതൃകകളിലൊന്ന്‌

ക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന സാംസ്കാരിക പ്രശ്നങ്ങൾ കേരളത്തിൽ വ്യാപകമായി ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. നവകേരളസ്വപ്നം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഇതു നിലകൊള്ളുന്നു. ഗൗരവമുള്ള ഈ പ്രശ്നത്തെ യുക്തിയുക്തം അഭിമുഖീകരിച്ചുകൊണ്ടല്ലാതെ നവകേരളസൃഷ്ടി സാധ്യമാവില്ല. മാനവികതയിൽ ഊന്നിയ മതനിരപേക്ഷ കേരളമാണ് നവകേരളം. വർഗീയതയോടും ഫാസിസത്തോടും സർഗാത്മകമായി എതിരിടുന്ന മതനിരപേക്ഷ സമീപനമാണ് നവകേരളത്തിന്റെ സർഗപാത.

സാക്ഷരതയിലും പൊതുവിദ്യാഭ്യാസത്തിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളം ശാസ്ത്രബോധത്തിലും ശാസ്ത്രത്തിന്റെ ജനകീയവൽക്കരണത്തിലും ഇപ്പോഴും വളരെ പിന്നിലാണ് എന്ന് വർത്തമാനകാല അനുഭവങ്ങൾ തെളിയിക്കുന്നു. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അവിശ്വസനീയമായ തിരിച്ചുവരവ് അക്ഷരാർഥത്തിൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യന്റെ വേദനകൾക്കും പ്രതീക്ഷകൾക്കും തരിമ്പും വിലയില്ലാത്ത ഭീകരാവസ്ഥ.

വേഗത്തിൽ വളരുന്ന അന്ധതയും സ്വാർഥതയും പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്നത്തെ സാർഥകമായി അഭിമുഖീകരിക്കാതെ നമുക്ക് നവകേരളത്തെ സൃഷ്ടിക്കുവാൻ കഴിയുകയില്ല. ശാസ്ത്രബോധം വളർത്തുക എന്നതുതന്നെയാണ് ഇതിനുള്ള യഥാർഥ പ്രതിവിധി. സാമ്പ്രദായിക വിദ്യാഭ്യാസത്തിലൂടെ ഈ ലക്ഷ്യം നേടുവാൻ കഴിയില്ല. നവീനവും പുരോഗമനപരവുമായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തി അന്ധവിശ്വാസത്തെ അകറ്റുവാൻ കഴിയൂ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത ലോകമാണ് നവലോകം.

3000 മില്ലി മീറ്റർ  മഴ ലഭിക്കുന്ന പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെ ജൈവവൈവിധ്യത്തിന്റെ സർഗഭൂമിയും. നൈസർഗികവും സമ്പന്നവുമായ ഈ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർന്നുകൊണ്ടിരിക്കുന്നു. അതാണ് കാലാവസ്ഥാ വ്യതിയാനം. കാർഷിക വിളകൾക്കും വന, സമുദ്ര സമ്പത്തുകൾക്കും സമാനതയില്ലാത്തതും അപകടകരവുമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

വന, സമതല, സമുദ്ര ആവാസവ്യവസ്ഥകൾ അസന്തുലനത്തിലേക്ക് നീങ്ങിയേക്കാവുന്ന ഗുരുതരസ്ഥിതി ഉയർന്നുവരുന്നത് പൂർണമായും സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വിവിധങ്ങളായ മാലിന്യപ്രശ്നങ്ങൾ അനിർവചനീയമായ വിപത്തുണ്ടാക്കുന്നതും ഇതിന്റെ ഭാഗമായി കാണണം. അന്തരീക്ഷം, ജലം, മണ്ണ് മലിനീകരണം യാഥാർഥ്യമായി കഴിഞ്ഞു. ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമായ കേരളം യൂണികൾച്ചർ (ഏകതാനകൃഷി) സംസ്കാരത്തിലേക്ക് പതിച്ചതോടെ വൈവിധ്യനഷ്ടം അനുഭവവേദ്യമാകുന്ന സംസ്ഥാനമായി മാറി. മലിനീകരണത്തിന്റെ അനിവാര്യമായ ഉൽപ്പന്നമാണ് കാലാവസ്ഥാ വ്യതിയാനം. അതിഗുരുതരമായ ഈ പ്രശ്നത്തെ ദിശാബോധത്തോടെ അഭിമുഖീകരിക്കാതെ നവകേരളമെന്ന വികസിതരൂപം നെയ്തെടുക്കാനാവില്ല. പ്രകൃതിസന്തുലനത്തെ നിലനിർത്തുന്ന ആവാസവ്യവസ്ഥയാണ് നവകേരളത്തിന്റെ സുവർണഭൂമിക.

രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന അധികാര കേന്ദ്രീകരണ സംസ്കാരം അൽപ്പാൽപ്പമായി കേരളത്തിലും വളർന്നുവരുന്നുണ്ട്. ഫാസിസത്തിലേക്കും അരാജകത്വത്തിലേക്കും നടന്നടുക്കുന്ന രാഷ്ട്ര സങ്കൽപ്പങ്ങൾ കേരളത്തിൽ സൃഷ്ടിക്കുന്ന അരാഷ്ട്രീയ, അരാജക ചിന്തകൾ അധികാരവികേന്ദ്രീകരണത്തെ വെല്ലുവിളിക്കുന്നു. അധികാരവികേന്ദ്രീകരണത്തിന്റെ ഈറ്റില്ലമായ കേരളം സ്ഥൂലവും സൂക്ഷ്മവുമായി നേരിടുന്ന വികേന്ദ്രീകരണ വെല്ലുവിളിയെ കൃത്യമായും സമർഥമായും അഭിമുഖീകരിച്ചാൽ മാത്രമേ പ്രാദേശിക സാംസ്കാരികാതയിൽ അധിഷ്ഠിതമായ നവകേരളം കെട്ടിപ്പടുക്കുവാൻ കഴിയൂ. വികേന്ദ്രീകരണം എന്നത് ജനാധിപത്യവൽക്കരണവും കൂടിയാണ്.

പ്രാദേശിക വികസനത്തിന്റെ മൂർത്ത രൂപമാകണം നവകേരളം. ധനമൂലധനം ഭയക്കുന്ന വികസനരൂപമാണ് സ്വാശ്രയസമ്പദ് വ്യവസ്ഥ. ധനമൂലധനത്തിന്റെ സ്വാധീനം ഗണ്യമായി കുറയ്്‌ക്കുന്ന സ്വാശ്രയ സമ്പദ് വ്യവസ്ഥാധിഷ്ഠിത കേരളമാണ് നവകേരളം.

കമ്പോളത്തിന്റെ സ്വാഭാവിക ഉൽപ്പന്നമാണ് അഴിമതി. സദ്ഭരണത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണ്. അധികാരകേന്ദ്രീകരണത്തിന്റെ ഉൽപ്പന്നം കൂടിയാണ് അഴിമതി. വർഗീയതയ്ക്ക്‌ വളരുവാനുള്ള സാമ്പത്തിക അടിത്തറയിടുന്നതും അഴിമതിയാണ്. അസമത്വം വർധിക്കുന്നതിന്റെ വലിയൊരു പശ്ചാത്തലവും കൂടിയാണ് അഴിമതി. പദ്ധതി നിർവഹണത്തിന്റെ പൂർണതയ്ക്കും സമഗ്രതയ്‌ക്കും ഭീഷണിയാകുന്ന പ്രശ്നവും കൂടിയാണ് ഇത്. നവകേരള സങ്കൽപ്പത്തിലെ പ്രഥമ ലക്ഷ്യം അഴിമതിരഹിത കേരളമാണ്. സമത്വസുന്ദരകേരളം എന്ന സ്വപ്‌നം സാർഥമാകുന്ന മാതൃകാ ഇടമാണ് നവകേരളം.

മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന ഭീഷണി അനുനിമിഷം വളർന്നുവരുന്ന നാടായി പ്രബുദ്ധകേരളം മാറിക്കൊണ്ടിരിക്കുന്നു. ഈ നാടിനെ സ്നേഹിക്കുന്നവരെല്ലാം ഭയത്തോടെയും നൊമ്പരത്തോടെയും കാണുന്ന വിഷയമായി അത്‌ മാറുന്നു. വർഗീയതയുടെയും മൗലിക ചിന്തകളുടെയും വളർച്ചയ്ക്ക് വളമിട്ടുകൊടുക്കുന്ന സാമൂഹിക ഭീഷണിയായിപ്പോലും മയക്കുമരുന്ന് പ്രശ്‌നം മാറുന്നുണ്ട്‌. സിന്തറ്റിക് മയക്കുമരുന്നുകളുടെ ലോകം വൻഭീഷണിയാണ് ഉണ്ടാക്കുന്നത്. മയക്കുമരുന്ന് വിമുക്ത കേരളത്തെ മാത്രമേ നവകേരളം എന്ന് വിളിക്കാൻ സാധിക്കുകയുള്ളൂ. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ വിജയം കൂടിയായിരിക്കണം നവകേരളം.

ശാസ്ത്രബോധം ജനിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസപരിപാടികൾക്കും പൊതുവിദ്യാഭ്യാസത്തിനും മാത്രമേ മയക്കുമരുന്ന് ഉപയോഗം പോലുള്ള ഗൗരവമായ പ്രശ്നത്തെ മറികടക്കുവാൻ കഴിയൂ. നിയമപരമായ തികഞ്ഞ ജാഗ്രതയും വ്യാപകമായ ജനകീയ ബോധവൽക്കരണവും സമഗ്രമായി സമന്വയിക്കപ്പെടണം. ഇത് നവകേരളസൃഷ്ടിയുടെ ഉപകരണങ്ങളാണ്.

വൈവിധ്യശോഷണം ഗുരുതരമായ വർത്മാനകാല പ്രശ്നമാണ്. ഈ രംഗത്തും കേരളം സമാനതകളില്ലാത്ത വെല്ലുവിളിനേരിടുകയാണ്. ജൈവവൈവിധ്യരംഗത്തെ ഹോട്ട്സ്പോട്ടുകളിലൊന്നാണ് കേരളം. നമ്മുടെ തനതായ കാലാവസ്ഥയാണ് ഇതിനുകാരണം. പക്ഷേ, കമ്പോള സംസ്കാരം ഇതിനെ തകർത്തെറിഞ്ഞിരിക്കുന്നു. വയലുകളും അരുവികളും പൊന്തക്കാടുകളും കണ്ടൽക്കാടുകളും നീർച്ചാലുകളും ഒന്നൊന്നായി തരംമാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. വൈവിധ്യാധിഷ്ഠിത കൃഷി ഏകതാന കൃഷിയായി മാറിക്കൊണ്ടിരിക്കുന്നു എന്നത് ഭാവിക്ക് വലിയ ഭീഷണിയാണ്. പ്രകൃതിയുടെ നിലനിൽപ്പ്‌ സന്തുലനത്തിലൂടെ മാത്രമാണ്. സന്തുലനത്തിന്റെ അടിത്തറ വൈവിധ്യമാണ്. വൈവിധ്യനഷ്ടം പ്രകൃതിയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന പ്രശ്നമാണ്. അതിനാൽ വൈവിധ്യശോഷണത്തിനെതിരെയുളള പോരാട്ടമാണ് നവകേരളത്തിനുവേണ്ട പോരാട്ടം. ആരും കൊതിക്കുന്ന പാരിസ്ഥിതിക സന്തുലനത്തിന്റെ സ്വപ്നഭൂമിയാവണം നവകേരളം.

രൂക്ഷമായ തൊഴിലില്ലായ്മ എന്നും കേരളത്തിന്റെ പ്രശ്നമാണ്. ഉൽപ്പാദനരംഗത്തെ മുരടിപ്പ്, ഗൾഫ് നാടുകളിലെ സാമ്പത്തികപ്രശ്നങ്ങൾ, ഭൂപ്രശ്നങ്ങൾ, വിപണിപ്രശ്നങ്ങൾ നൈപുണി ശേഷിയാർജിക്കുന്നതിലെ അദൃശ്യപ്രശ്നങ്ങൾ തുടങ്ങി വിവിധതരം മൂർത്തവും അമൂർത്തവുമായ പ്രശ്നങ്ങൾകൊണ്ടാണ് തൊഴിലില്ലായ്മ വർധിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന സാംസ്കാരിക പ്രശ്നങ്ങൾ, അരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ അനിർവചനീയമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത കേന്ദ്ര സാമ്പത്തിക നയങ്ങൾ, കേന്ദ്ര വിദ്യാഭ്യാസനയങ്ങൾ എന്നിവ തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു.

ഇത്തരത്തിൽ തൊഴിൽപ്രശ്നമുള്ള കേരളം നവകേരളമാകില്ല. അതിനാൽ തൊഴിൽ സൃഷ്ടിക്കുകയും അത് സുരക്ഷിതമാക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് നവകേരളം. ആധുനികതയും ജനകീയതയും പ്രാദേശികതയും ലയിച്ചുചേരുന്ന സംഗമഭൂമിയാവും നവകേരളം.  പൊതുമേഖലയും പൊതുസാമൂഹിക സംവിധാനങ്ങളും ഏറ്റവും ശക്തവും കാര്യക്ഷമമാകുന്ന അവസ്ഥയാണ് നവലോകം. തൊഴിലവസരങ്ങളും ഉൽപ്പാദന സാധ്യതകളും തൊഴിൽ സുരക്ഷിതത്വവും ലക്ഷ്യമിടുന്ന സമ്പദ് വ്യവസ്ഥയാണ് നവകേരളം.

പൊതുവിൽ അസമത്വം വളരെ കുറവുള്ള പ്രദേശമാണ് കേരളം. ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യം, പൊതുവിതരണം, പൊതുമേഖല തുടങ്ങിയവയിലൂടെയാണ് അസമത്വം കുറേയെങ്കിലും പരിഹരിക്കുവാൻ കഴിഞ്ഞത്. പക്ഷേ സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും അജണ്ടയായിട്ടുള്ള നവലിബറൽ സാമ്പത്തികനയം അസമത്വത്തെ വളർത്തുകയാണ്.  അൽപ്പാൽപ്പമായാണെങ്കിലും വളരുന്ന അസമത്വം നവകേരളത്തിന്റെ ഒരു ഭീഷണിയാണ്. ധനികർ ധനികരായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഭൂരിപക്ഷവും വരുമാനക്കുറവ് അനുഭവിക്കുന്നവരാണ്. മറ്റു സംസ്ഥാനങ്ങളിലെ ദരിദ്രാവസ്ഥയുടെ ചെറിയൊരംശംപോലും കേരളത്തിലില്ല എന്നത് ശരിയാണ്. എങ്കിലും സമത്വാധിഷ്ഠിതസമൂഹം എന്നറിയപ്പെടുന്ന കേരളസമൂഹത്തിൽ അസമത്വം ഒട്ടുംതന്നെ ഉണ്ടാകരുത്. ഇത് നവകേരള സങ്കൽപ്പത്തിന്റെ മൗലികമായ മറ്റൊരു ലക്ഷ്യമാണ്.

സ്വന്തമായി ഭൂമിയും ഭവനവും ഭൂരിപക്ഷം പേർക്കും ഉണ്ട് എന്ന് സ്വയം അഭിമാനിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ പ്രദേശം എന്ന രീതിയിലും നാം അറിയപ്പെടുന്നു. നിരക്ഷരതയില്ലാത്ത ജനത എന്നതും നമ്മുടെ അഹങ്കാരമാണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള കേരളം ശിശു ജനന, മരണ നിരക്കുകളിലും ലോകത്തിന് മാതൃകയാണ്. എങ്കിലും സൂക്ഷ്മപരിശോധനയിൽ ഭൂരഹിതരും ഭവനരഹിതരും ഇപ്പോഴുമുണ്ട്. താരതമ്യേന കുറവാണെന്നുമാത്രം. പക്ഷേ, രോഗാതുരത വളരെ കൂടുതലാണ്. നവകേരള നിർമാണത്തിന്റെ ദാർശനിക പരിസരത്ത് ഈ പ്രശ്നപരിഹാരത്തിന് യുക്തിഭദ്രമായ പരിഗണന ഉണ്ടാകണം. അപ്പോൾ മാത്രമേ നവകേരള സങ്കൽപ്പം അർഥപൂർണമാകൂ. രോഗാതുരത കുറഞ്ഞ ഭൂപ്രദേശം എന്നത് നവകേരളത്തിന്റെ സ്വപ്നമാണ്.

ലോകം ഒരു സംക്രമണഘട്ടത്തിലാണ്. മുതലാളിത്തം ഗുരുതരമായ പ്രതിസന്ധിയിലും. കാലാവസ്ഥാ വ്യതിയാനവും പണപ്പെരുപ്പവും ദരിദ്രവൽക്കരണവും അരാഷ്ട്രീയവൽക്കരണവും അസമത്വവും നിയന്ത്രിക്കാൻ പറ്റാത്തവിധം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. അതേസമയം ചൂഷണസാധ്യത കൂട്ടുന്നതിനുവേണ്ടി വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ വർത്തമാനകാല വ്യവസ്ഥയെ അറിവ് അധിഷ്ഠിതമായ ജ്ഞാനസമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുവാനുള്ള തീക്ഷ്ണമായ ശ്രമത്തിലാണ് സാമ്രാജ്യത്വം. ഇവിടെ അറിവായിരിക്കും പ്രധാന മൂലധനവും ഉൽപ്പാദന ഉപകരണവും. ഈ മാറ്റം ലോകമെമ്പാടും വന്നുകൊണ്ടിരിക്കുകയാണ്. അറിവിനെ ചരക്കാക്കി മാറ്റുകയും പുതിയ ഉൽപ്പാദന ഉപകരണത്തിനുമുകളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുവാൻ മൂലധനവും സാമ്രാജ്യത്വവും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൂഷണം ശക്തിപ്പെടുത്താനായി നവമാധ്യമസങ്കൽപ്പങ്ങളെ വളർത്തിക്കൊണ്ടുവരികയാണ്. പുതിയൊരു ചൂഷണരീതി വികസിപ്പിക്കപ്പെട്ടിരിക്കുകയാണെന്നർഥം. അസമത്വത്തിന് നവരീതിവന്നുകൊണ്ടിരിക്കുകയാണ് എന്നും കരുതാം.

ഈ വിഷയത്തെ നവകേരളം എങ്ങനെ കാണുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ജ്ഞാനത്തെ ചരക്കായി കാണുന്ന സാമ്രാജ്യത്വ സമീപനത്തോട് ഒരുതരത്തിലും സമരസപ്പെടാത്ത രാഷ്ട്രീയ ആർജവമാണ് നവകേരള നിർമാണത്തിന്റെ അടിസ്ഥാന ദർശനം. ജ്ഞാനോൽപ്പാദനവും ജ്ഞാനരൂപങ്ങളും തികച്ചും ജനകീയമാകണമെന്നും ജ്ഞാനം ആവാസവ്യവസ്ഥാധിഷ്ഠിതവും സാമൂഹികാധിഷ്ഠിതവും ആകണമെന്നും നവകേരളം വിഭാവനം ചെയ്യുന്നുണ്ട്‌. ജ്ഞാനരൂപങ്ങളുടെ വ്യത്യസ്തവും തനിമയുമുള്ള സാമൂഹിക അവസ്ഥയാണ് നവകേരളം.

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണവും ജനകീയവൽക്കരണവും ഈ രീതിശാസ്ത്രത്തിന്റെ പ്രധാന ഉപകരണങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള യുക്തിഭദ്രമായ പാതയാണ്. പൊതുവിദ്യാഭ്യാസത്തിന്റെ അനന്യമായ വളർച്ചക്കുശേഷം ഉന്നതവിദ്യാഭ്യാസരംഗത്തും ചടുലമായ മാറ്റങ്ങൾ നടക്കുന്നു എന്നത് ജ്ഞാനോൽപ്പാദന ലക്ഷ്യത്തിലേക്കുള്ള സർഗസഞ്ചാരമാണ്. അറിവ് കുത്തകവൽക്കരിക്കപ്പെടാതെ ജനകീയമാകണം എന്ന ബദൽ സന്ദേശം കൂടി ഇവിടെ മുളപൊട്ടുന്നു. സമ്പൂർണ സാക്ഷരതയുടെ നാട് ജ്ഞാനജനകീയവൽക്കരണത്തിന്റെ വിശ്വരൂപമായി മാറുന്നതാണ് നവകേരളം.

സാമ്പത്തിക പ്രതിസന്ധി എന്നും കേരളത്തിന് തലവേദനയാണ്. കേന്ദ്ര സർക്കാരിന്റെ അവഗണന വർഷങ്ങളായി നാം അനുഭവിക്കുകയാണ്. രാജ്യത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് ഒരു ഉപഭോക്തൃ സംസ്ഥാനവുമാണ്. അതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ പ്രയാസമുണ്ടാക്കുമെന്നത്‌ യാഥാർഥ്യമാണ്. സാമൂഹ്യമേഖലകളിലുള്ള മികവ് നിലനിർത്തുവാൻ പറ്റുന്ന സാമ്പത്തികസ്ഥിതി കേരളത്തിനുണ്ടായാൽ മാത്രമേ നവകേരള സങ്കൽപ്പത്തിന് സുസ്ഥിരതയുണ്ടാകുകയുള്ളൂ. അതിന് ദിശാബോധമുള്ള ഒരു ബദൽ സാമ്പത്തിക സമീപനം വേണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അഞ്ച്‌ ലക്ഷം കോടി രൂപയിലധികം ഉണ്ട്. പക്ഷേ, നവലിബറൽ നയങ്ങൾ നിലവിലുള്ളതിനാൽ ഈ സമ്പത്തിനെ ഉപയോഗിക്കുവാൻ സാധിക്കുകയില്ല.

ഈ സാഹചര്യത്തിൽ കിഫ്ബിയിലൂടെ നാം ബദൽ മാർഗങ്ങൾ തേടുകയാണ്. ഐഎംഎഫ്‌, ലോകബാങ്ക്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ സമ്പത്തിനെ ആശ്രയിക്കാതെ കേരളത്തിന്റെമാത്രം സമ്പത്തിനെ ഉപയോഗിക്കാം എന്ന് കിഫ്ബി പഠിപ്പിക്കുന്നു. സ്വാശ്രയത്വത്തിലേക്ക് നീങ്ങാവുന്ന സാമ്പത്തിക നിലപാടുകൾ സാധ്യമാണ്. പക്ഷേ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണമെന്ന ദുരവസ്ഥ നിലനിൽക്കുന്നു. കേന്ദ്രാനുവാദമുണ്ടായാൽ ഒരു പരിധിവരെ സാമ്പത്തിക സാശ്രയത്വം നേടിയെടുക്കാം. എങ്കിൽ കേരളം നവകേരളം തന്നെയാകും. ഇവിടെ രാഷ്ട്രീയ സമരങ്ങൾകൂടി വളരെ പ്രസക്തമാകുകയാണ്. സാമ്പത്തിക സ്വാശ്രയത്വം നിഷേധിക്കുന്ന കേന്ദ്ര‐സാമ്രാജ്യത്വ നിലപാടുകൾക്കെതിരെയുള്ള യുക്തിയുക്തമായ സമരംകൂടിയാണ് നവകേരളനിർമാണ പ്രക്രിയ. സാമ്രാജ്യത്വത്തിനും ധനമൂലധനത്തിനും കോർപറേറ്റുകൾക്കും എതിരായ ക്രിയാത്മക ഉണർവാണ് നവകേരള രാഷ്ട്രീയം.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വൈരുധ്യം വർധിച്ചുവരികയാണ്. ഇതൊരു പാരിസ്ഥിതിക പ്രശ്നമാണ്. ചെറിയ ആവാസവ്യവസ്ഥകളുടെ സന്തുലനത്തിന്റെ സമഷ്ടിയിലാണ് കേരളത്തിന്റെ ആവാസ വ്യവസ്ഥയുടെ സന്തുലനം എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. വനം, സമതലം, സമുദ്രം എന്നീ മൂന്നു പ്രധാന ആവാസവ്യവസ്ഥകളാണ് കേരളത്തിലുള്ളത്. ഇവയുടെ സന്തുലനമാണ് നിലനിർത്തേണ്ടത്. മൂന്ന് ആവാസവ്യവസ്ഥകളിലേയും സസ്യങ്ങളും ജീവികളും വളരെ വ്യത്യസ്തമാണ്. അവയെല്ലാം ചേരുമ്പോൾ മാത്രമേ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ സമതുലനം സാധ്യമാവുകയുള്ളൂ.

കശുവണ്ടി ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം

കശുവണ്ടി ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം

ജൈവവൈവിധ്യ സമൃദ്ധി ഇത്രയധികമുള്ള ആവാസ വ്യവസ്ഥകൾ വളരെ കുറവാണ്. ഈ ആവാസവ്യവസ്ഥകൾ പരസ്പര പൂരകങ്ങളും കൂടിയാണ് എന്ന് നവകേരളം തിരിച്ചറിയുന്നു. ഈ തിരിച്ചറിവില്ലെങ്കിൽ സന്തുലനം നഷ്ടപ്പെടും. അപ്പോൾ ജൈവ സംഘർഷങ്ങൾ ഉയർന്നുവരും. ഓരോ ആവാസവ്യവസ്ഥയുടെയും സന്തുലനവും അവയുടെ പരസ്പര പൂരകത്വവും തിരിച്ചറിയുകയും നിലനിർത്തുകയും ചെയ്യുന്ന വികസനമാണ് നവകേരളവികസനം.

കാലാവസ്ഥാ വ്യതിയാനത്തെ കുറച്ചുകൊണ്ടുവരുവാനുള്ള വഴിയും ഇതുതന്നെയാണ്. സന്തുലനത്തിന്റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള സംഘർഷങ്ങൾക്ക്‌ പരിഹാരമുണ്ടാകൂ. മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള പാരസ്പര്യത്തെ പരമാവധി വികസിപ്പിച്ചെടുക്കുക എന്നതാണ് നവകേരള സൃഷ്ടിയുടെ സ്വപ്നം.

ആംഗല ഭാഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന പ്രദേശമായി കേരളം മാറി എന്നത് യാഥാർഥ്യമാണ്. മാതൃഭാഷയുടെ പ്രാധാന്യം അംഗീകരിക്കുന്നില്ല എന്നതാണ് ഇതിന്റെ വിപത്ത്‌. വികസനരംഗത്ത് മാതൃഭാഷയുടെ പ്രാധാന്യം വളരെ കൂടുതലാണ് എന്ന തിരിച്ചറിവ് ഒരു സമൂഹത്തിന് ഇല്ലെങ്കിൽ സ്വതന്ത്ര വികസനം അസാധ്യമാവും. ലോകത്ത് വികസിച്ചുവന്ന രാജ്യങ്ങളെല്ലാം മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വിഷയം ആഴത്തിൽ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും മാതൃഭാഷയിൽ തന്നെ അത് പഠിക്കണം. മലയാളം ബിൽ കേരള നിയമസഭ പാസ്സാക്കിയതാണ്. ഈ വിഷയത്തിൽ നവകേരളസങ്കൽപ്പം വ്യത്യസ്തമാണ്‌. എല്ലാ ഭാഷകളും സമ്പന്നമാണെന്നും അവയ്‌ക്കെല്ലാം വലിയ സാംസ്കാരിക ലോകമുണ്ടെന്നും തിരിച്ചറിയുമ്പോൾ തന്നെ ആ ലോകത്തേക്കെത്തുവാൻ മാതൃഭാഷാ പഠനമാണ് വഴിയെന്ന് നവകേരളം തിരിച്ചറിയുന്നു. ഒപ്പം എല്ലാ ഭാഷകളേയും മനസ്സിലാക്കുക എന്നതും പ്രധാനമാണ്. ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ മൂലധനമാണ് മനുഷ്യവിഭവം. അത് ഏറ്റവും കൂടുതൽ വികസിപ്പിച്ചെടുക്കുന്ന ലോകമാണ് നവലോകം. മനുഷ്യവിഭവ ഉപയോഗത്തിൽ കേരളം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

പക്ഷേ, ഇനിയും മുന്നേറണം. ജനസംഖ്യയുടെ 51 ശതമാനവും സ്ത്രീകളാണ്. ഈ സമ്പത്തിനെ സർഗാത്മകമായി വികസിപ്പിക്കുവാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കേരളസമൂഹം അഭിനന്ദനമർഹിക്കുന്നു. പക്ഷേ,  ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആനുപാതികമായ പങ്കാളിത്തമുണ്ടാക്കുവാനും സ്ത്രീപുരുഷതുല്യത ഉയർന്ന തോതിലെത്തിക്കുന്നതിനും സാധിക്കണം. സ്ത്രീവിഭവ പരിപോഷണത്തിൽ മികച്ച മാതൃകയാണ് നവകേരളം സ്വപ്‌നം കാണുന്നത്‌. ബാലവേല, സ്ത്രീ തൊഴിൽ, ഭിന്നശേഷി തൊഴിൽ തുടങ്ങിയ മേഖലകളിലെ പാർശ്വവൽക്കരണവും ചൂഷണവും ഇല്ലാതാകണം. പ്രായമായവരുടെ എണ്ണം കൂടുന്ന കേരളീയ സമൂഹത്തിൽ പ്രായമായവരുടെ സാധ്യതകളെയും പ്രശ്നങ്ങളെയും സാർഥകമായി അഭിമുഖീകരിക്കുന്ന വ്യവസ്ഥയാണ് നവകേരളം. പ്രകൃതി മനുഷ്യവിഭവങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്ന തിലാണ് നവലോകം ശ്രദ്ധവെക്കുന്നത്‌. എല്ലാ വിഭവങ്ങളെയും ചൂഷണം ചെയ്യുക എന്ന ഇന്നുവരെയുള്ള വ്യവസ്ഥകളുടെ നിലപാടുകൾക്കപ്പുറമാണ് നവകേരളചിന്തകൾ.

മലിനീകരിക്കപ്പെടുന്ന പരിസരവും മാലിന്യക്കൂമ്പാരങ്ങളും വർത്തമാനകാലത്തിന്റെ ദുരന്തമുഖമായി മാറിക്കഴിഞ്ഞു. സമഗ്രതയില്ലാത്ത വികസന സങ്കൽപ്പങ്ങളുടെ ഉൽപ്പന്നമാണിത്‌. മനുഷ്യന്റെ മാത്രമല്ല സമസ്ത ജീവജാലങ്ങളുടെയും ആരോഗ്യത്തെയും ആയുസ്സിനെയും ബാധിക്കുന്ന പ്രശ്നമായി മലിനീകരണം മാറി. ശാസ്ത്രത്തിന്റെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തതുകൊണ്ടാണ് മലിനീകരണം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പല സ്പീഷിസുകളുടെയും ജനിത ഘടനയിൽ പരിണാമങ്ങളുണ്ടാവുകയാണ്. പുതിയ മലിനീകൃത അന്തരീക്ഷത്തിൽ നിലനില്ക്കണമെങ്കിൽ പഴയ ശാരീരിക ഘടന മാറേണ്ടിവരും എന്ന യാഥാർഥ്യത്തിന്റെ ഭാഗമായി ഉയർന്നുവന്നതാകാം കോവിഡ് വൈറസ് പ്രശ്നം. ഇതൊരു തുടക്കമായേക്കാം.

ശക്തമായ ചൂടും തണുപ്പും ജലാംശവും ഇനിയും ജനിതക പരിണാമങ്ങൾക്ക് വഴിവച്ചേക്കാം. സാംക്രമിക രോഗങ്ങളും മഹാമാരികളും തുടർന്നേക്കാം. പ്രതിരോധം എന്നത് മാലിന്യങ്ങളില്ലാത്ത ജൈവലോകമാണ്. മലിനീകരണത്തിന്റെ ശാസ്ത്രത്തെ തിരിച്ചറിഞ്ഞുകൊണ്ട് അതിനെ തടയുന്ന വളരെ പ്രധാനപ്പെട്ട സമീപനം നയപരമായും പ്രാവർത്തികമായും ഉണ്ടാകണം. നവകേരളത്തിൽ ഈ രീതിശാസ്ത്രം വളർന്നുവരുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. സമത്വമില്ലാത്ത സാമൂഹിക വ്യവസ്ഥയിൽ സമത്വചിന്തകളും പദ്ധതികളും നിലനിൽക്കില്ല. പരസ്പരാശ്രയതത്വങ്ങളുടെ സാർഥകമായ സമന്വയം പ്രതീക്ഷിക്കുന്നതാണ് നവലോകം.

ഇത്തരമൊരു നവകേരള സങ്കൽപ്പം കെട്ടിപ്പടുക്കുവാൻ സമത്വാധിഷ്ഠിത പുരോഗമന രാഷ്ട്രീയ ചിന്തയുള്ള സമൂഹവും ഭരണവും ഉണ്ടാകണം. അത് ഇന്ന് കേരളത്തിലൂണ്ട്. ഇതോടൊപ്പം ദീർഘവീക്ഷണമുള്ള ഒരു വികസന പരിപ്രേക്ഷ്യവും ഉണ്ടാകണം. അതാണ് സുസ്ഥിരവികസന പദ്ധതി (Gross Nataure and Humane Products). മുതലാളിത്ത വികസനപദ്ധതിയിലൂടെ മേൽവിവരിച്ച മാതൃകാ കേരളം കെട്ടിപ്പെടുക്കുവാൻ കഴിയില്ല. കാരണം അതിൽ ലാഭവും സ്വാർഥതയും നിറഞ്ഞുനില്ക്കുകയാണ്. ചൂഷണം വർധിക്കുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും മുതലാളിത്ത വികസനത്തിലുണ്ട്.

ജിഡിപി വളർച്ചമാത്രം ലക്ഷ്യമിടുന്ന വികസനത്തിന് സമഗ്രതയില്ല. അതുകൊണ്ടാണ് ജിഡിപി വളരുമ്പോഴും ദാരിദ്ര്യവും നിരക്ഷരതയും പരിസ്ഥിതി പ്രശ്നങ്ങളും വളരുന്നത്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച സുസ്ഥിര വികസനത്തിലും, സമ്പത്തിന്റെ നീതിപൂർവകമായ വികസനത്തിന് ഒരു നിർദേശവും മുന്നോട്ടുവെച്ചില്ല. അതിനാൽ നിലവിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സുസ്ഥിര വികസനം മുതലാളിത്ത വികസനത്തിന്റെ സുസ്ഥിരത ഉദ്ദേശിച്ചു ള്ളതാണ്. ചുരുക്കത്തിൽ ഇന്ന് ലോകം അംഗീകരിച്ച വികസന പദ്ധതികളെല്ലാം സ്വകാര്യ സ്വത്തിന്റെ വളർച്ചയുടെ ഉപകരണങ്ങളാണ്.

അതുകൊണ്ട് സമ്പത്തിന്റെ വളർച്ചയോടൊപ്പം പ്രകൃതിസമ്പത്തിന്റേയും മാനവികതയുടേയും മൂല്യങ്ങളുടേയും വളർച്ച ഉദ്ദേശിക്കുന്ന സുസ്ഥിരവികസന പദ്ധതിക്കുമാത്രമേ നവകേരളസങ്കൽപ്പത്തിലെ സമൂഹത്തെ വളർത്തിയെടുക്കുവാൻ കഴിയൂ. ഇതാണ് കേരളത്തിന്റെ ബദൽ വികസന നയം. ഇതിൽ സമഗ്രവികസനത്തെ അളക്കുവാൻ ഒരു അളവുകോൽ ഉണ്ട്. അതാണ് ജിഎൻ എച്ച്‌പി(ഏൃീൈ ചമമേൗൃല മിറ ഔാമില ജൃീറൗരേെ).  ഇതൊരു പുതിയ ആശയമാണ്. മുതലാളിത്ത വികസനത്തിന് ബദലായ പുതിയ വികസന സങ്കൽപ്പത്തിൽ ജിഎൻഎച്ച്‌പി കേരളത്തിന്റെ സംഭാവനയാകട്ടെ.

ഉൽപ്പാദനവർധനവിനോടൊപ്പം സമ്പത്തിന്റെ നീതിപൂർവകമായ വികസനം എന്നതാണ് സുസ്ഥിരവികസനത്തിലെ പ്രധാന മാറ്റം. സമ്പത്തിന്റെ നീതിപൂർവകമായ വികസനത്തിനായി ഒരു സംവിധാനം സമൂഹത്തിലുണ്ടാകണം. അതാണ് പൊതുമേഖല. ഇത് സമ്പത്തിന്റെ നീതിപൂർവകമായ വിതരണത്തിന്റെ ഉപകരണമാണ്. അസമത്വത്തെ സമത്വത്തിലേക്കടുപ്പിക്കുന്നത് ഭരണകൂടം ഇടപെടുന്ന പൊതുസംവിധാനങ്ങളാണ്. പൊതുവിദ്യാഭ്യാസം ഏറ്റവും നല്ല ഉദാഹരണമാണ്.

ഉൽപ്പാദനം ഒരു തലമുറയ്‌ക്ക് മാത്രം പോരാ. തുടർന്നുവരുന്ന എല്ലാതലമുറകൾക്കും വേണമെന്ന് സുസ്ഥിരവികസനം കരുതുന്നു. ഭാവിയുടെ കരുതലുള്ളതാണ് യഥാർഥ വികസനം. വിഭവങ്ങളെ അന്ധമായി നശിപ്പിക്കാതെ ഭാവികൂടി കണക്കിലെടുത്ത് ഉപയോഗിക്കുന്നതാണ് വികസനം. കൃത്യമായ ആസൂത്രണവും നിലപാടും വേണ്ടത് ഇവിടെയാണ്. ഗുരുതരമായ വിഭവദാരിദ്ര്യം ഈ ആസൂത്രണത്തിന്റെ അഭാവത്തിൽ ഉണ്ടായതാണ്.  പ്രകൃതിസന്തുലനം നിലനിർത്തിക്കൊണ്ടുമാത്രമേ ഉൽപ്പാദനവർധനവ് കഴിയൂ എന്ന സുസ്ഥിരയുടെ നിലപാട് വ്യക്തമാണ്, ശാസ്ത്രീയമാണ്.

ഇതെല്ലാം ഉണ്ടെങ്കിലും മതനിരപേക്ഷതയുള്ള സാമൂഹിക സ്വസ്ഥതയും വികസിത സമൂഹത്തിൽ ഉണ്ടാകണം. അതും സുസ്ഥിരവികസനത്തിന്റെ ലക്ഷ്യമാണ്. ഉൽപ്പാദനവർധവും നീതിപൂർവകമായ വിതരണവും പാരിസ്ഥിതിക സന്തുലനവും സാമൂഹിക സ്വസ്ഥതയും അടങ്ങുന്നതാണ് സുസ്ഥിര വികസനം. സാമൂഹിക സ്വസ്ഥതയുടെ സാംസ്കാരിക പരിസരത്താണ് ഇതര മേഖലകളുടെ സമഗ്ര വികസനം  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top