20 May Monday

ശബ്ദത്തിൽ അടയാളപ്പെട്ട ദേശീയത

ബാലകൃഷ്ണൻ കൊയ്യാൽUpdated: Friday Oct 20, 2023

ഫോട്ടോ: ജഗത്‌ലാൽ

ഇന്ത്യയിൽ ദേശീയതാ സങ്കൽപ്പങ്ങൾ വികസിച്ചുവന്ന കാലയളവിൽ തന്നെയാണ് റേഡിയോ പ്രക്ഷേപണവും കടന്നുവന്നതും ജനജീവിതത്തിലാകെ വ്യാപിച്ചതും. ഇന്ത്യൻ ദേശീയത വികസിച്ചുവന്ന ഘട്ടത്തിൽ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണ്‌ ഇന്ത്യൻ ദേശീയത വികസിച്ചുവന്നത് എന്നതാണ് അതിൽ ഒരു വസ്തുത. അങ്ങനെ നോക്കുമ്പോൾ അന്ന്‌ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ച ഓൾ ഇന്ത്യാ റേഡിയോയുടെ പങ്ക്‌ എന്താണ് എന്നത്‌ വിചിത്രമായി തോന്നാം.

“The last thing at night, the first thing in the morning,
Of their victories and of my cares,
Promise me not to go silent all of a sudden.”
Bertolt Brecht

വിപ്ലവകാരിയായ, കവിയും നാടക കൃത്തുമായ ബെർടോൾഡ്‌ ബ്രെഹ്‌ത്‌

ബെർടോൾഡ്‌ ബ്രെഹ്‌ത്‌

ബെർടോൾഡ്‌ ബ്രെഹ്‌ത്‌

വർഷങ്ങൾക്കുമുമ്പ്‌ റേഡിയോയെക്കുറിച്ച്‌ എഴുതിയ കുഞ്ഞുകവിതയുടെ അവസാന ഭാഗമാണിത്. കവിയുടെ പ്രഭാതങ്ങളെ ഉണർത്തിയതും രാവുകളെ സുഷുപ്തിയിലേക്കെത്തിച്ചതുമായ റേഡിയോയെ ഓർത്തുകൊണ്ട് കുറിച്ചിട്ട വരികൾ! ബ്രെഹ്‌തിന്റെ സർഗാത്മക പ്രവർത്തനങ്ങളുടെ  ആദ്യകാലയളവിൽ റേഡിയോയുമായി അടുത്തബന്ധം പുലർത്തിയിരുന്നു, നിരവധി റേഡിയോ നാടകങ്ങളും എഴുതിയിരുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ സാംസ്കാരിക ജീവിതത്തെ ശബ്ദത്തിന്റെ, പലപ്പോഴും നിശ്ശബ്ദതയുടെയും മാന്ത്രികവലയത്തിൽ അടയാളപ്പെടുത്തിയ റേഡിയോയുടെ സ്വാധീനം ബ്രെഹ്‌തിന്റെ ഈ കൊച്ചുകവിത നന്നായി അടയാളപ്പെടുത്തുന്നുണ്ട്.

മറ്റുപല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും റേഡിയോ ഒരുകാലത്ത്‌ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിച്ച മുഖ്യമാധ്യമായിരുന്നു. ഇന്ത്യയിൽ ദേശീയതാ സങ്കൽപ്പങ്ങൾ വികസിച്ചുവന്ന കാലയളവിൽ തന്നെയാണ് റേഡിയോ പ്രക്ഷേപണവും കടന്നുവന്നതും ജനജീവിതത്തിലാകെ വ്യാപിച്ചതും. ഇന്ത്യൻ ദേശീയത വികസിച്ചുവന്ന ഘട്ടത്തിൽ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ നിരന്തര സമരങ്ങളിലൂടെയാണ്‌ ഇന്ത്യൻ ദേശീയത വികസിച്ചുവന്നത് എന്നതാണ് അതിൽ ഒരു വസ്തുത.

അങ്ങനെ നോക്കുമ്പോൾ അന്ന്‌ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ച ഓൾ ഇന്ത്യാ റേഡിയോയുടെ പങ്ക്‌ എന്താണ് എന്നത്‌ വിചിത്രമായി തോന്നാം. റേഡിയോയും ഇന്ത്യൻ ദേശീയതയും എന്ന ചർച്ച നമുക്ക് മഹാത്മാ ഗാന്ധിയിൽനിന്നും തുടങ്ങാം.

1947 നവംബർ 12. അതൊരു ദീപാവലി ദിവസമായിരുന്നു. ഒരു ആകാശവാണി നിലയത്തിലേക്ക്‌ ഗാന്ധിജി ആദ്യമായും അവസാനമായും എത്തിയ ദിവസം. ബ്രിട്ടീഷ് ഭരണകാലത്ത്‌ നിരവധി തവണ അദ്ദേഹത്തെ ക്ഷണിച്ചുവെങ്കിലും

 റേഡിയോ മൈക്രാഫോണിലൂടെ ഗാന്ധിജി സംസാരിക്കുന്നു

റേഡിയോ മൈക്രാഫോണിലൂടെ ഗാന്ധിജി സംസാരിക്കുന്നു

ഗാന്ധിജി ഒരു നിലയത്തിലേക്കും പോയിരുന്നില്ല. അന്നേദിവസം ഗാന്ധിജി സ്‌റ്റുഡിയോയിലെത്താൻ പ്രത്യേക കാരണമുണ്ടായിരുന്നു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചത്‌ രാജ്യത്തെ രണ്ടായി പിളർന്നുകൊണ്ടായിരുന്നുവല്ലോ. മതത്തിന്റെ പേര്‌ പറഞ്ഞുള്ള വിഭജനം. പടിഞ്ഞാറൻ പാകിസ്ഥാനിൽനിന്നും കിഴക്കൻ പാകിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക്‌ നിലയ്‌ക്കാത്ത അഭയാർഥി പ്രവാഹമായിരുന്നു, തിരിച്ചങ്ങോട്ടും. പടിഞ്ഞാറും കിഴക്കുമുള്ള അതിർത്തികളിൽ മനുഷ്യരക്തം വീണു കുതിർന്നുകഴിഞ്ഞിരുന്നു. 

പാകിസ്ഥാനിൽ നിന്നെത്തിയ നിരവധിപേർ ഡൽഹിയുടെ സമീപ പ്രദേശമായ കുരുക്ഷേത്ര ക്യാമ്പിൽ കഴിയുകയാണ്‌. ആ സഹോദരങ്ങളെ സമാശ്വസിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഗാന്ധിജിയുടെ പ്രക്ഷേപണം. സ്റ്റുഡിയോ ഗാന്ധിജിയുടെ പ്രാർഥനാ മുറിയുടെ രൂപത്തിലായിരുന്നു സജ്ജീകരിച്ചത്.

വികാരനിർഭരമായ ആ അന്തരീക്ഷത്തിൽ ഗാന്ധിജി 20 മിനിറ്റ് സംസാരിച്ചു. അങ്ങകലെ കുരുക്ഷേത്രയിൽ ഒരു റേഡിയോ സെറ്റ്‌ മൈക്കിലേക്ക് കണക്ട്ചെയ്ത്‌  അഭയാർഥി ക്യാമ്പിലുള്ള ആ ഹതഭാഗ്യർ ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. സ്വന്തം മണ്ണിൽനിന്നും പറിച്ചെറിയപ്പെട്ട് ജീവനുംകൊണ്ട് ഇന്ത്യൻ അതിർത്തിയിലേക്കു വന്ന അവർക്ക് റേഡിയോയിലൂടെ ഒഴുകിയെത്തിയ ഗാന്ധിജിയുടെ വാക്കുകൾ മൃതസഞ്ജീവനി പോലെയായി.

സ്വാതന്ത്ര്യ ലബ്ധിയെ തുടർന്നുള്ള ആഘോഷങ്ങളും അധികാരം പങ്കിടാനുള്ള ചർച്ചകളും ഡൽഹിയിലും മറ്റും നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ തന്റെ ഊന്നുവടിയിലൂന്നി, വിഭജനത്തെത്തുടർന്നു ചോരവീണു കുതിർന്ന മണ്ണിലൂടെ അർധനഗ്നനായ മഹാത്മജി സഞ്ചരിച്ച വഴികളിലെല്ലാം അദ്ദേഹത്തെ ഓൾ ഇന്ത്യാ റേഡിയോയും പിന്തുടർന്നിരുന്നു.

സ്വാതന്ത്ര്യ ലബ്ധിയെ തുടർന്നുള്ള ആഘോഷങ്ങളും അധികാരം പങ്കിടാനുള്ള ചർച്ചകളും ഡൽഹിയിലും മറ്റും നടക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ തന്റെ ഊന്നുവടിയിലൂന്നി, വിഭജനത്തെത്തുടർന്നു ചോരവീണു കുതിർന്ന മണ്ണിലൂടെ അർധനഗ്നനായ മഹാത്മജി സഞ്ചരിച്ച വഴികളിലെല്ലാം അദ്ദേഹത്തെ ഓൾ ഇന്ത്യാ റേഡിയോയും പിന്തുടർന്നിരുന്നു.

1948 ജനുവരി 30ന് ബിർല മന്ദിരത്തിലെ പ്രാർത്ഥനാ മുറിയിൽ ഗോഡ്സെയുടെ വെടിയേറ്റ്‌ വീഴുമ്പോഴും ആകാശവാണിയുടെ മൈക്രോഫോൺ അടുത്തുതന്നെ ഉണ്ടായിരുന്നു.
അതെ, ഇന്ത്യയുടെ ചരിത്ര മുഹൂർത്തങ്ങളെയെല്ലാം ശബ്ദവീചികളായി ഒപ്പിയെടുത്ത്‌ ജനങ്ങളിലെത്തിച്ച ആകാശവാണി ‘ഇന്ത്യ എന്ന വികാരം’ആരോഗ്യകരമായ ദേശീയതയായി വികസിച്ചുവന്ന വഴിയിടങ്ങളിലൂടെയും നിശ്ശബ്ദമായി സഞ്ചരിച്ചിരുന്നു.

ഇനി അൽപ്പം ചരിത്രം പറയാം

1920ൽ അമേരിക്കയിലെ പിറ്റിസ്ബർഗിലാണ് ആദ്യ റേഡിയോ പ്രക്ഷേപണം. 1922 ലാണ് ബിബിസി പ്രക്ഷേപണം തുടങ്ങിയത്. 1923 മുതൽതന്നെ ഇന്ത്യയിൽ പ്രക്ഷേപണം ആരംഭിക്കുന്നതിനെക്കുറിച്ച് മാർക്കോണി കമ്പനിയുമായും ബിബിസിയുമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ചർച്ച നടത്തിയിരുന്നു.

പിന്നീട് 1923ൽ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ബംഗാൾ റേഡിയോ ക്ലബ്ബ്‌ പ്രക്ഷേപണത്തിനുള്ള അനുമതി നൽകുകയും ക്ലബ്ബ് നവംബർ മാസം പ്രക്ഷേപണം ആരംഭിക്കുകയും ചെയ്തു. 1924ൽ ബോംബെ റേഡിയോ ക്ലബ്ബും, തുടർന്ന് മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും പ്രക്ഷേപണം ആരംഭിച്ചു.

പശ്‌ചിമ ബംഗാൾ റേഡിയോ ക്ലബ്ബ്‌, കൊൽക്കത്ത

പശ്‌ചിമ ബംഗാൾ റേഡിയോ ക്ലബ്ബ്‌, കൊൽക്കത്ത

1926ൽ ഇന്ത്യൻ ബ്രോഡ് കാസ്റ്റിങ്‌ കമ്പനി സ്വകാര്യ സ്ഥാപനമായി നിലവിൽവന്നു. 1927 ജൂലൈ 23ന് ഇന്ത്യയിൽ പ്രക്ഷേപണത്തിന്‌ ഔപചാരികമായ തുടക്കമായി. 1930ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെന്റ്‌ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുത്ത്‌, റേഡിയോ പ്രക്ഷേപണം സർക്കാർ നിയന്ത്രണത്തിൽ നടത്താൻ തീരുമാനിച്ചു.

1936ൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്‌ സർവീസ് ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര്‌ സ്വീകരിച്ചു. ബിബിസിയിൽനിന്നും വന്ന് ഇന്ത്യയിലെ പ്രക്ഷേപണത്തിന്റെ മുഖ്യ ചുമതലക്കാരനായി മാറിയ ലയണൽ ഫീൽഡനായിരുന്നു അത്തരമൊരു പേരുമാറ്റത്തിനു പിന്നിൽ.

മുംബൈ റേഡിയോ ക്ലബ്ബ്‌, കൊളംബോ

മുംബൈ റേഡിയോ ക്ലബ്ബ്‌, കൊളംബോ

അക്കാലത്ത്‌ ട്രാവൻകൂർ ഉൾപ്പെടെ ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളും റേഡിയോ നിലയങ്ങൾ സ്വന്തമാക്കി. 1947ൽ രാജ്യം സ്വതന്ത്രമാകുമ്പോൾ ആകെ 14 റേഡിയോ നിലയങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ഒമ്പത്‌ എണ്ണം ഓൾ ഇന്ത്യാ റേഡിയോയുടെ അധീനതയിലും (ഇതിൽ മൂന്ന്‌ എണ്ണം പാകിസ്ഥാനിൽ)  അഞ്ച്‌ എണ്ണം നാട്ടുരാജ്യങ്ങളുടെ കീഴിലുമായിരുന്നു ഉണ്ടായിരുന്നത്.

1950ൽ നാട്ടുരാജ്യങ്ങളുടെ കീഴിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം, മൈസൂർ, ഹൈദരാബാദ്, ഔറംഗബാദ്, ബറോഡ നിലയങ്ങൾ ഓൾ ഇന്ത്യ റേഡിയോ ഏറ്റടുത്തു. സർദാർ പട്ടേലായിരുന്നു ആ ഏറ്റെടുക്കലിന്‌ നേതൃത്വംനൽകിയത്. 1957ൽ ‘ആകാശവാണി' എന്ന പേര് കൂടി ഉപയോഗിക്കാൻ തീരുമാനിച്ചു. 1990ൽ പ്രസാർ ഭാരതി ആക്ട് പാർലമെന്റ് പാസാക്കുകയും 1997ൽ പ്രസാർഭാരതി ബോർഡ് നിലവിൽവരികയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 2022 ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര് മാറ്റി ‘ആകാശവാണി' എന്ന് മാത്രമാക്കി. നിലവിൽ 470 ലധികം പ്രക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഇതിനുപുറമെ സ്വകാര്യ നിലയങ്ങളും കമ്യൂണിറ്റി റേഡിയോ നിലങ്ങളുംപ്രവർത്തിക്കുന്നു.

ഇന്ത്യൻ ദേശീയതയുടെ രൂപപ്പെടലിൽ മറ്റ് ഘടകങ്ങളോടൊപ്പം റേഡിയോയുടെ പങ്കും പരിശോധിക്കുമ്പോൾ ഇന്ത്യൻ ദേശീയത രൂപപ്പെട്ട സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി, വൈദേശിക ആധിപത്യത്തിന്റെ വെല്ലുവിളി നേരിടാനാണ് ഇന്ത്യയിൽ ദേശീയത ഉടലെടുത്തത്. ഒരു വിദേശ ഭരണത്തിന്റെ അസ്തിത്വം തന്നെ ജനങ്ങൾക്കിടയിൽ ദേശീയ വികാരം വളരാൻ സഹായിച്ചു.

അതോടൊപ്പം ഇന്ത്യയുടേതായ പല ഘടകങ്ങളും ആ രൂപപ്പെടലിൽ ശക്തമായി സ്വാധീനിച്ചു. ഡോ. എ ആർ ദേശായി ശരിയായി ചൂണ്ടിക്കാണിക്കുന്നത്  'ഇന്ത്യൻ ദേശീയത ഒരു ആധുനിക പ്രതിഭാസമാണ്. സാഹചര്യങ്ങൾക്കനുസൃതമായി ഇന്ത്യൻ സമൂഹത്തിൽ വികസിച്ച നിരവധി ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ശക്തികളുടെയും ഘടകങ്ങളുടെയും പ്രവർത്തനത്തിന്റെയും പരസ്പര പ്രവർത്തനത്തിന്റെയും ഫലമായാണ് ഇത്‌ ബ്രിട്ടീഷ്‌ കാലഘട്ടത്തിൽനിലവിൽവന്നത്’.

അങ്ങനെ സ്വാധീനിച്ച ഘടകങ്ങൾ നിരവധിയാണ്. പുതിയ വിദ്യാഭാസവും, അതോടൊപ്പം കടന്നുവന്ന നവദർശനങ്ങളും ആ കാലഘട്ടത്തിൽ ദേശീയതയുടെ വളർച്ചയ്ക്ക്‌ നിദാനമായി. അന്നത്തെ ഇന്ത്യൻ ജനതയുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലുള്ള സാഹിത്യത്തിൽ പ്രതിഫലിച്ചുതുടങ്ങി. ഇന്ത്യ എന്ന വികാരം ചിത്രകലയിലും ശില്പങ്ങളിലും തെളിഞ്ഞുനിന്നു.

ഇതിനൊക്കെ സമാന്തരമായി പുതിയ പാട്ടുകളും നാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളും ആ വികാരത്തെ ജ്വലിപ്പിച്ചു നിർത്തുന്ന രീതിയിൽ രൂപപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെതന്നെ ഒളിഞ്ഞും തെളിഞ്ഞും അത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യാനുള്ള പ്രൊഫഷണൽ ധീരത പല നിലയങ്ങളിൽനിന്നും ഉണ്ടായി.

ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ മേധാവി ബ്രിട്ടീഷുകാരനായ യണൽ ഫീൽഡൻ തന്നെ അന്ന്‌ ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഗാന്ധിജിയെ നേരിട്ടുചെന്ന്‌ പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നു.

ഓൾ ഇന്ത്യ റേഡിയോയുടെ ആദ്യത്തെ മേധാവി ബ്രിട്ടീഷുകാരനായ ലയണൽ ഫീൽഡൻ തന്നെ അന്ന്‌ ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഗാന്ധിജിയെ നേരിട്ടുചെന്ന്‌ പരിപാടികൾ അവതരിപ്പിക്കാനായി ക്ഷണിച്ചിരുന്നു. ഗാന്ധിജി അതിനു തയ്യാറാകാതിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽനിന്നുള്ള ഭാഗങ്ങൾ പ്രക്ഷേപണംചെയ്തു.

ഗാന്ധിജിയുടെ ജന്മദിനത്തിൽ,വിവിധ കോണുകളിൽനിന്നുള്ള എതിർപ്പുകളെ വകവെയ്‌ക്കാതെ കൊൽക്കത്ത നിലയം പ്രത്യേക പരിപാടികൾ പ്രക്ഷേപണംചെയ്യുകയുണ്ടായി. വിവിധ നിലയങ്ങൾ വിവിധ പരിപാടികളിലൂടെ ചെയ്ത അത്തരം കാര്യങ്ങളെ മറ്റൊരു ദിശയിൽനിന്നും നോക്കിക്കാണാവുന്നതാണ്.

16ാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനങ്ങളിലൂടെയാണ് സംഗീതശാഖ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ ജനകീയമാക്കപ്പെട്ടത്. അതിനു സമാന്തരമായ ഒരു മതേതര അവതരണ ശൈലിയും ഇന്ത്യയുടെ പല പ്രദേശിങ്ങളിലും ഉണ്ടായിരുന്നു. നവോത്ഥാന കാലയളവിലും തുടർന്ന് ദേശീയ പ്രസ്ഥാനത്താനത്തിന്റെ കാലത്തും ഉണ്ടായ ഉണർവിന്റെ ഭാഗമായി കൊൽക്കത്തയിലും ശാന്തിനികേതനിലും ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും മറ്റും നാമ്പെടുത്ത ആ ധാര ആകാശവാണി സ്വന്തം പ്രവർത്തനങ്ങളിലേക്ക്‌ പ്രസരിപ്പിച്ചു. ആദ്യകാലം മുതൽക്കുതന്നെ സംഗീതത്തിന് ആകാശവാണി ദീർഘമായ സമയം മാറ്റിവച്ചിരുന്നു.

കാസി നസ്റുൽ ഇസ്ലാം

കാസി നസ്റുൽ ഇസ്ലാം

ഒരുകാലത്ത്‌ ആകാശവാണിയുടെ പ്രക്ഷേപണത്തിൽ നാല്പത് ശതമാനത്തിലധികം സമയം സംഗീതത്തിനുവേണ്ടി ചെലവഴിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചത് ആകാശവാണിതന്നെയാണ്. ബ്രിട്ടീഷ്‌ കാലഘട്ടത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രമുഖർ ആകാശവാണിയുടെ സ്റ്റാഫംഗങ്ങളായിരുന്നു. വിപ്ലവ കവിയും സ്വാതന്ത്ര്യ സമര സേനാനിയും സംഗീതജ്ഞനുമായിരുന്ന കാസി നസ്റുൽ ഇസ്ലാം കൊൽക്കത്ത നിലയത്തിൽ ദീർഘകാലം പ്രവർത്തിച്ചു.

ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതുകയും സംഗീതം നൽകുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. പണ്ഡിറ്റ്‌ രവിശങ്കർ, ലോകപ്രശസ്ത സാരംഗി വാദകനായ ഉസ്താദ് സാബ്‌രിഖാൻ, പണ്ഡിറ്റ്‌ ഭിംസെൻ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അല്ലാരാഖ, പണ്ഡിറ്റ് ജ്ഞാൻപ്രകാശ്‌ ഘോഷ്, പണ്ഡിറ്റ്‌ വിഷ്ണുഗോവിന്ദ്‌ ജോഗ്, തുംറി ഗസൽ ഗായികയായിരുന്ന നൈനാദേവി തുടങ്ങിയവർ അവരിൽ ചിലർ മാത്രം.

 വ്യത്യസ്ത മതങ്ങളിലും ജാതികളിലും സാംസ്കാരിക ശ്രേണികളിലും പെട്ട കലാകാരന്മാരെ ആകാശവാണിയെന്ന ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്‌ കൊണ്ടുവരുന്നതിൽ ആദ്യകാലങ്ങളിൽ വലിയ പ്രതിബന്ധങ്ങൾ നേരിട്ടിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. ഒരുകാലത്ത്‌  മോഹിനിയാട്ട കലാകാരികൾക്ക്‌ കേരളത്തിൽ അയിത്തം കൽപ്പിച്ചതുപോലെ വടക്കേ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും സംഗീതവും നൃത്തവും അവതരിപ്പിച്ചിരുന്ന സ്ത്രീകൾക്കുനേരെ സമൂഹത്തിലെ ഒരുവിഭാഗം വിലക്ക് കല്പിച്ചിരുന്നു.

റായ്ചന്ദ്‌ ബോറാൽ

റായ്ചന്ദ്‌ ബോറാൽ

ആകാശവാണി സംഗീത പരിപാടികൾ കൂടുതലായി പ്രക്ഷേപണം ചെയ്യാൻ ആരംഭിച്ച 1930‐40 കാലത്ത്‌ ഇത്തരം വനിതകളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനെതിരെ ശക്തമായ എതിർപ്പ്‌ വിവിധ ഭാഗങ്ങളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ ബിബിസിയിൽ നിന്നും വന്ന പ്രഗത്ഭരായിരുന്നു അന്ന് റേഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

അവർ അത്തരം എതിർപ്പുകളെ മറികടന്ന്‌ പ്രക്ഷേപണവുമായി മുന്നോട്ടുപോയി. മതനിരപേക്ഷമായ സംഗീത പ്രക്ഷേപണവും ആരംഭിച്ചു. അത്തരം പരിപാടികൾ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇന്ത്യൻ സംഗീതത്തിൽ തുടക്കം കുറിച്ചു എന്ന്‌ മാത്രമല്ല, വിലക്ക് കല്പിച്ചിരുന്ന കലാകാരികൾ ഉൾപ്പെടെയുള്ളവർക്ക്‌ പിന്നീട് ഇന്ത്യൻ സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിനും കാരണമായി.

ഇന്ത്യയെന്ന വികാരം സാധാരണക്കാരിൽ വളർത്തിയെടുക്കുന്നതിൽ ആ കാലയളവിലെ ചലച്ചിത്രഗാനങ്ങൾക്കും വലിയ പങ്കുണ്ട്.

ഇന്ത്യയെന്ന വികാരം സാധാരണക്കാരിൽ വളർത്തിയെടുക്കുന്നതിൽ ആ കാലയളവിലെ ചലച്ചിത്രഗാനങ്ങൾക്കും വലിയ പങ്കുണ്ട്. എല്ലാതരം ചലച്ചിത്രഗാനങ്ങളും ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചത് റേഡിയോ തന്നെയാണ്. പല ഭാഷകളിലും ചലച്ചിത്ര ഗാനശാഖക്ക് അടിത്തറ പാകിയവരിൽ മിക്കവാറും പേർ ആകാശവാണിയുടെ ഭാഗമായിരുന്നവരാണ്‌.

പങ്കജ്‌ മല്ലിക്ക്

പങ്കജ്‌ മല്ലിക്ക്

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതികായരായ നിരവധിപേർ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്ന റായ്ചന്ദ്‌ ബോറാൽ (1903‐1981) 1927 ലാണ്‌ കൊൽക്കത്ത നിലയത്തിലെ സംഗീത വിഭാഗത്തിൽ ചേർന്നത്.

ചലച്ചിത്രരംഗത്തെ മഹാപ്രതിഭകളായ പങ്കജ്‌ മല്ലിക്ക് (1905‐1978), അനിൽ ബിശ്വാസ് (1914‐2003) എന്നിവരും കൊൽക്കത്ത നിലയത്തിൽ ജോലിചെയ്തു. നൂറിലധികം സിനിമകൾക്ക് സംഗീതം പകർന്ന എസ് ഡി ബർമൻ 1932ൽ കൊൽക്കത്ത നിലയത്തിൽ ഗായകനായി സേവനമനുഷ്ഠിച്ചിരുന്നു.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ കാര്യം എടുത്താൽ ആ രംഗത്തെ ആദ്യകാലത്തെ തലയെടുപ്പുള്ള കലാകാരൻമാർ മിക്കവരും നിലയാംഗങ്ങളായിരുന്നു. കെ രാഘവൻ, പി ഭാസ്കരൻ, കെ പി ഉദയഭാനു, എം ജി രാധാകൃഷ്ണൻ, ശാന്ത പി നായർ, ഗായത്രി ശ്രീകൃഷ്ണൻ തുടങ്ങി നിരവധിപേർ ആകാശവാണിയിൽ പ്രവർത്തിച്ചിരുന്നു.

അനിൽ ബിശ്വാസ്

അനിൽ ബിശ്വാസ്

നാടൻ സംഗീതവും കലാരൂപങ്ങളും അതിന്റെ തനിമ നിലനിർത്തി പ്രക്ഷേപണം ചെയ്യുന്നതിൽ ആകാശവാണി എന്നും മാതൃകപാരായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. അത്തരം പ്രവർത്തനങ്ങൾ കലാകാരന്മാർക്കും കലാകാരികൾക്കും കൈത്താങ്ങായി. ഇന്ന്‌ നാം കാണുന്ന പല നാടൻ കലാരൂപങ്ങളും നാമാവശേഷമാകാതെ നിലനിൽക്കുന്നതിൽ ആകാശവാണി വലിയ പങ്കാണ്‌ വഹിച്ചത്. ആകാശവാണിയുടെ മറ്റൊരു പ്രധാന സംഭാവന ദേശഭക്തി ഗാനങ്ങളുടെ സംഗീതാവിഷ്കാരവും പ്രക്ഷേപണവുമായിരുന്നു.

‘ജനഗണമനയും' ‘വന്ദേമാതരവും' ‘സാരെ ജഹാൻസെ അച്ഛാ'യും സുബ്രഹ്മണ്യ ഭാരതിയുടെ പാട്ടുകളും, തുടർന്ന്‌ വ്യത്യസ്ത ഭാഷകളിലുള്ള ദേശഭക്തി ഗാനങ്ങളും ഇന്ത്യയുടെ മുക്കിലുംമൂലയിലും എത്തിച്ചത് ആകാശവാണിയായിരുന്നു. ഇന്ത്യൻ ദേശീയതയുടെ ശബ്ദാടയാളങ്ങളായി അവ മാറി. പ്രാദേശിക ഭാഷകളിലെ ദേശഭക്തി ഗാനങ്ങൾ സവർണ സാക്ഷരരും നിരക്ഷര ജനങ്ങളും തമ്മിലുള്ള വിടവ്‌ നികത്തി. ലളിത ഗാനങ്ങളും റേഡിയോ നാടകങ്ങളും ചിത്രീകരണങ്ങളും ഈ ദിശയിൽ നിർവഹിച്ച പങ്കും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് ഭരണത്തിനും സാമൂഹിക തിന്മകൾക്കുമെതിരെ അക്കാലത്ത്‌ ഇന്ത്യൻ സമൂഹത്തിൽ ഉയർന്നുവന്ന പ്രതിഷേധം ദേശീയ സാഹിത്യത്തിലും പ്രതിഫലിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാർ ജനങ്ങൾ അഭിമുഖീകരിക്കുന്ന വേദനകളും അതിക്രമങ്ങളും ചിത്രീകരിച്ചു. മറ്റ് ഭാഗങ്ങളിലുള്ള വായനക്കാർ ഈ ദുഃഖങ്ങൾ തങ്ങളുടേതായി അനുഭവിക്കുകയും അവയെ കൂട്ടായി ചെറുക്കാൻ തുനിഞ്ഞിറങ്ങുകയും ചെയ്തു.

കവിതകളിലൂടെയും കഥകളിലൂടെയും നോവലിലൂടെയും നാടകത്തിലൂടെയും എഴുത്തുകാർ തങ്ങളുടെ അമർഷം ജനങ്ങളുമായി പങ്കുവെച്ചു. ഇത് ജനങ്ങളിൽ വലിയ തോതിൽ ദേശസ്നേഹവും വിദേശാധിപത്യത്തോടുള്ള വിയോജിപ്പും വളർത്തി.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യത്തിൽ പ്രതിഫലിക്കപ്പെട്ട ആ വികാരം പ്രത്യക്ഷമായും പരോക്ഷമായും ഓൾ ഇന്ത്യ റേഡിയോയുടെ പ്രക്ഷേപണങ്ങളിൽ പ്രതിഫലിച്ചു. നോവലിന്റെയും ചെറുകഥകളുടെയും റേഡിയോ ആവിഷ്കാരങ്ങൾ, റേഡിയോ നാടകൾ, ചിത്രീകരണങ്ങൾ എന്നിങ്ങനെ പല രൂപത്തിലായിരുന്നു ആ അടയാളങ്ങൾ.

ആർ ഡി ബർമൻ ആകാശവാണിയിൽ

ആർ ഡി ബർമൻ ആകാശവാണിയിൽ

പിൽക്കാലത്ത്‌ ഇന്ത്യൻ സാഹിത്യത്തിലും ലോക സാഹിത്യത്തിലും അറിയപ്പെട്ടിരുന്ന പലരും അന്ന്‌ വിവിധ റേഡിയോ നിലയങ്ങളിലായി പ്രവർത്തിക്കുന്നവരുമായിരുന്നു. ലോകമെങ്ങും അറിയപ്പെടുന്ന ഇന്ത്യൻ ഇഗ്ലീഷ് എഴുത്തുകാരനായ നിരാദ്‌ സി ചൗധരി, പഞ്ചാബി എഴുത്തുകാരി അമൃതപ്രീതം, പഞ്ചാബി, ഹിന്ദി, ഉറുദു എഴുത്തുകാരനായ കർത്താർസിംഗ്‌ ദുഗ്ഗൽ, പ്രശസ്ത ഹിന്ദി എഴുത്തുകാരായ പണ്ഡിറ്റ് നരേന്ദ്ര ശർമ, വിഷ്ണുപ്രഭാകർ, ഡോ. ഹരിവംശറായ് ബച്ചൻ, തുടങ്ങിയവർ ആകാശവാണിയുടെ വിവിധ നിലയങ്ങളിലായി പ്രവർത്തിച്ചു.

കേരളത്തിൽ പി ഭാസ്കരൻ, കേശവ്ദേവ്, ഉറൂബ്, ജി ശങ്കരക്കുറുപ്പ്, അക്കിത്തം, കെ എ കൊടുങ്ങല്ലൂർ, കോവിലൻ, നാഗവള്ളി ആർ എസ് കുറുപ്പ്, പി പദ്മരാജൻ, തിക്കോടിയൻ, എൻ എൻ കക്കാട് തുടങ്ങി നിരവധി എഴുത്തുകാർ ആകാശവാണിയുടെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്‌ യന്ത്രങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും സ്വാതന്ത്ര്യത്തിനുശേഷം വിപുലമായ രീതിയിലും അവർ ചെയ്ത പരിപാടികൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചയിൽ വഹിച്ച പങ്ക്‌ നിസ്തുലമാണ്.

രാഷ്ട്രീയ ദേശീയതയ്ക്ക്‌  സമാന്തരമായി ഒരു ‘കാർഷിക ദേശീയത' വികസിക്കുകയുണ്ടായെന്നു പറയാറുണ്ട്. അത്തരമൊരു പ്രക്രിയ സംഭവിക്കുന്നതിൽ മുഖ്യ പങ്ക്‌ ആകാശവാണി വഹിക്കുകയുണ്ടായി. ‘ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു' എന്ന ഗാന്ധിയൻ ദർശനം മുൻനിർത്തികൊണ്ടുള്ളതായിരുന്നു ഓൾ ഇന്ത്യാ റേഡിയോയുടെ സ്വാതന്ത്ര്യാനന്തര ഗ്രാമീണ കാർഷിക പരിപാടികൾ.

 റേഡിയോ കേൾക്കുന്ന ഇന്ത്യൻ ഗ്രാമീണർ. 1950 കളിലെ കാഴ്‌ച

റേഡിയോ കേൾക്കുന്ന ഇന്ത്യൻ ഗ്രാമീണർ. 1950 കളിലെ കാഴ്‌ച

യഥാർഥത്തിൽ സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പുതന്നെ ഗ്രാമീണ കാർഷിക പരിപാടികൾ ഓൾ ഇന്ത്യാ റേഡിയോ തുടങ്ങിയിരുന്നു. 1935ൽ പെഷവാറിലും തുടർന്ന്‌ കൊൽക്കത്ത, മുംബൈ, ചെന്നൈ നിലയങ്ങളിലും പരിപാടികൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇത്തരം പരിപാടികൾക്ക്‌ വലിയ മുൻഗണന നൽകുകയുമുണ്ടായി. സമാനതകളില്ലാത്ത മാധ്യമ സംഭാവനയാണ്‌ ഈരംഗത്ത് ആകാശവാണിയുടേത്.

ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ചരിത്ര മുഹൂർത്തങ്ങൾ ഒരുകാലത്ത്‌ ജനങ്ങളിലെത്തിച്ചത് ആകാശവാണിയായിരുന്നു. ഇന്ത്യ സ്വതന്ത്രയായ 1947 ആഗസ്ത്‌ 14 ന് അർധരാത്രിയിൽ നടന്ന നേരിട്ടുള്ള പ്രക്ഷേപണം,  മഹാത്മജിയുടെ മരണാനന്തര ചടങ്ങുകളുടെ പ്രക്ഷേപണം, പണ്ഡിറ്റ് നെഹ്റു ചെയ്ത പ്രസിദ്ധമായ ‘tryst with  destiny’, ‘the light has gone’ പ്രസംഗങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതുമാത്രം. ഇന്ത്യൻ ദേശീയതയുടെ ചരിത്ര മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന ശബ്ദരേഖകളായിരുന്നു ഇവയൊക്കെ.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭവ്യക്തികളുടെ അഭിമുഖ സംഭാഷണം ആകാശവാണിയുടെ ഏറ്റവും ആകർഷകമായ പരിപാടികളിൽ ഒന്നായിരുന്നു. രാഷ്ട്രീയം, സാഹിത്യം, നാടകം, സംഗീതം, നൃത്തം, കായികം, ശാസ്ത്ര സാങ്കേതിക മേഖല, കൃഷി തുടങ്ങിയ രംഗങ്ങളിലുള്ളവരുടെയെല്ലാം ശബ്ദം ആകാശവാണിയിലൂടെ കേൾപ്പിച്ചിരുന്നു.

വിപ്ലവകാരികളായി അറിയപ്പെട്ടിരുന്ന നിരവധി പേരുമായുള്ള അഭിമുഖവും ഇതിൽപെടുന്നു.

ചെഗുവേര ഇന്ത്യ സന്ദർശിപ്പോൾ ഡൽഹി ആകാശവാണി അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേണം ചെയ്യുകയുണ്ടായി.

ചെഗുവേര ഇന്ത്യ സന്ദർശിപ്പോൾ ഡൽഹി ആകാശവാണി അദ്ദേഹവുമായുള്ള അഭിമുഖം പ്രക്ഷേണം ചെയ്യുകയുണ്ടായി.

പത്തുകൊല്ലത്തിലധികം ആകാശവാണിയുടെ വാർത്താവിഭാഗത്തിൽ പ്രവർത്തിച്ച മലയാളിയായ പ്രശസ്ത പത്രപ്രവർത്തക കെ പി ഭാനുമതിയായിരുന്നു ചെഗുവേരയുമായുള്ള അഭിമുഖം നടത്തിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിപ്ലവകാരികളുമായുള്ള അഭിമുഖം ആകാശവാണി നിലയങ്ങൾ പല കാലയളവിലായി ചെയ്തിട്ടുണ്ട്.

ലോകത്തിൽതന്നെ ഏറ്റവും ഭാഷാ വൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള 22 ഭാഷകൾക്കു പുറമെ ഏതാണ്ട് 780 ഭാഷകൾ ഭാഷാശാസ്ത്രജ്ഞന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏതാണ്ട്  200 ഓളം ഭാഷകൾ നമ്മുടെ രാജ്യത്ത്‌ അപചയത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

അനുരാധ പട്വാൾ  ആകാശവാണിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു

അനുരാധ പട്വാൾ ആകാശവാണിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു

ഭാഷാശാസ്ത്രജ്ഞനായ ഗണേഷ് എൻ ദേവി നടത്തിയ പഠനങ്ങളിൽ 1961 മുതൽ ഇന്ത്യക്ക് 220 ഭാഷകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്‌ കണക്കാക്കുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ വേണം ആകാശവാണിയുടെ ഭാഷാ പ്രക്ഷേപണത്തെ കാണാൻ. ഇംഗ്ലീഷ് ഉൾപ്പെടെ 23 ഔദ്യോഗിക ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ഇത്തരം മാനക ഭാഷയിലുള്ള പ്രക്ഷേപണത്തിനു പുറമെ 179 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്. ഇത് കൂടുതലും ചെറുഭാഷകളും ഭാഷാവ്യതിയാനങ്ങളുമാണ്. ഗോത്രഭാഷകളും ആദിവാസി ഭാഷകളുമാണ് ഇതിൽ കൂടുതലും. കണക്കിൽ പെടാത്ത പ്രക്ഷേപണം വേറെയും കാണും. ഇത്രയും ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്ന മറ്റൊരു മാധ്യമ ശൃംഖലയും ലോകത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല.

ചെറുഭാഷകളിലുള്ള പ്രക്ഷേപണം അത്തരം ഭാഷകൾ മരിക്കാതെ നിർത്തുന്നതിൽ കാര്യമായ പങ്ക്‌ വഹിക്കുന്നുണ്ട്. അത്തരം ഭാഷ സംസാരിക്കുന്നവരെ കൂടി ദേശീയതയോട് ചേർത്തുനിർത്തുക എന്ന സുപ്രധാന ദൗത്യവും ആകാശവാണി പ്രക്ഷേപണങ്ങൾ നിർവഹിക്കുന്നു. ഇന്ത്യയുടെ ഭാഷാ ബഹുസ്വരത നിലനിർത്തുന്നതിൽ ആകാശവാണി വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് ഇതിൽനിന്നും വ്യക്തമാകും.

ആകാശവാണിയുടെ അടുത്തകാലത്തെ അനാരോഗ്യകരമായ പ്രവർത്തനരീതികളും പ്രവർത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇപ്പോൾ ചർച്ചയായി ഉയർന്നിരിക്കുകയാണല്ലോ. 1948 മാർച്ച് 15ന് ജവഹർലാൽ നെഹ്റു  ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചക്ക്‌ മറുപടി പറയവെ, ബിബിസിയുടെ മാതൃകയിൽ വേണം ഓൾ ഇന്ത്യ റേഡിയോ പ്രവർത്തിക്കേണ്ടത് എന്ന്‌ സൂചിപ്പിക്കുകയുണ്ടായി.

അതായത് ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുമ്പോൾ തന്നെ പരിപാടികളുടെ പ്രക്ഷേപണ കാര്യത്തിൽ സർക്കാർ ഇടപെടലുകൾ കൂടുതലായി ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കാൻ കഴിയണം എന്നതായിരുന്നു നെഹ്രുവിന്റെ കാഴ്‌ചപ്പാട്‌.

നെഹ്‌റു റേഡിയോ പ്രക്ഷേപണത്തിനിടെ

നെഹ്‌റു റേഡിയോ പ്രക്ഷേപണത്തിനിടെ

എന്നാൽ അതൊരിക്കലും പൂർണമായി നടപ്പിലാക്കപ്പെടുകയുണ്ടായില്ല. മാത്രമല്ല 1975‐ 77 കാലത്ത്‌ അടിയന്തരാവസ്ഥ നിലവിൽവന്നപ്പോൾ, ഉണ്ടായിരുന്ന സ്വാതന്ത്ര്യവും പൂർണമായും നഷ്ടമായ അവസ്ഥയായിരുന്നു എന്ന് 1977 ആഗസ്ത്‌ മാസത്തിൽ പാർലമെന്റിൽ അവതരിപ്പിച്ച ‘അടിയന്തരാവസ്ഥ കാലത്തെ മാധ്യമ ദുരുപയോഗം’ എന്ന ധവളപത്രത്തിൽ വിശദീകരിക്കുകയുണ്ടായി.

അതേത്തുടർന്നായിരുന്നു, സർക്കാർ മാധ്യമങ്ങളായ ഓൾ ഇന്ത്യ റേഡിയോവിനും ദൂരദർശനും പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉദ്ദേശിച്ചുകൊണ്ടുള്ള ‘പ്രസാർഭാരതി' നിലവിൽവന്നത്. 

എന്നാൽ തുടർന്നുള്ള കാലങ്ങളിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് ‘സ്വാതന്ത്ര്യം' ഒരു സ്വപ്നമായി അവശേഷിച്ചു എന്ന് മാത്രമല്ല ഈ രണ്ട് മാധ്യമങ്ങളും ആശങ്കാജനകമായ അവസ്ഥയിലേക്കു വഴുതിവീഴുകയുംചെയ്തു എന്നതാണ്.

അടുത്തകാലത്തുണ്ടായ ചില തീരുമാനങ്ങൾ അത്തരം ആശങ്കകളാണ് പങ്കിടുന്നത്. 2020ൽ പ്രാദേശിക നിലയങ്ങളിൽനിന്നുള്ള പ്രക്ഷേപണം നിർത്തി, സംസ്ഥാന തലസ്ഥാനത്തുള്ള പരിപാടികൾ റിലേചെയ്താൽ മതി എന്ന തീരുമാനം വരികയുണ്ടായി. ശക്തമായ എതിർപ്പിനെ തുടർന്ന് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അത്‌ നടപ്പിലാക്കിയില്ല. പിന്നാലെ വന്ന മറ്റൊരു തീരുമാനം പേരുമായി ബന്ധപ്പെട്ടതാണ്. 1936ലാണ്  ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തെ ‘ഓൾ ഇന്ത്യറേഡിയോ' എന്നു വിളിച്ചുതുടങ്ങിയത്.

ലോകംകണ്ട ഏറ്റവും ധിഷണാശാലിയായ പ്രക്ഷേപകരിൽ ഒരാളായ ലയണൽ ഫീൽഡനായിരുന്നു ആ പേരിടലിനു പിന്നിൽ.

ലയണൽ  ഫീൽഡൻ

ലയണൽ ഫീൽഡൻ

1956ൽ ആകാശവാണിയെന്ന പേരും വന്നു. പിന്നീട്‌ രണ്ടു പേരുകളും ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ ഇനി മുതൽ ‘ഓൾ ഇന്ത്യ റേഡിയോ' എന്ന പേര് ഉപയോഗിക്കേണ്ടതില്ല എന്നാണ് അടുത്തകാലത്തുണ്ടായതീരുമാനം. ഏറ്റവും ഒടുവിലായി രജ്യത്തെങ്ങുമുള്ള  ‘റെയിൻബോ'ചാനലുകൾ നിലവിലുള്ള പ്രാദേശിക ചാനലുമായി ലയിപ്പിക്കാനായിരുന്നു തീരുമാനം.

അത്‌ നടപ്പിലാക്കിയതോടൊപ്പം തിരുവന്തപുരത്ത്‌ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ‘അനന്തപുരി എഫ്എം' ചാനൽ തിരുവന്തപുരത്തെ റീജണൽ ചാനലിലേക്ക് ലയിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കി. ‘റെയിൻബോ'യും അനന്തപുരി എഫ്എം ചാനലും വളരെ ജനകീയവും നല്ലനിലയിൽ പരസ്യവരുമാനം ലഭിക്കുന്നവയുമായിരുന്നു. അപ്പോൾ ആർക്കുവേണ്ടിയാണ് ഇത്തരം തീരുമാനങ്ങൾ എന്ന ചോദ്യം അവശേഷിക്കുന്നു.

ഇത്തരം തീരുമാനങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കുമോ എന്നാണ് ആകാശവാണിയെ സ്നേഹിക്കുന്നവരുടെ ആശങ്ക. ഇന്ത്യയുടെ ബഹുസ്വരതക്കും ജനങ്ങൾ തമ്മിലുള്ള സഹിഷ്ണുതക്കും വേണ്ടി നിലകൊണ്ട മാധ്യമമായ ആകാശവാണി വർത്തമാനകാലത്ത്‌ ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.

ദേശീയപ്രസ്ഥാനം വഴി വികസിച്ചുവന്നതും ജനാധിപത്യപരവും മതനിരപേക്ഷവും സമത്വാധിഷ്ഠിതവുമായ ദേശീയതയിൽ ഊന്നിനിന്നുകൊണ്ടുമായിരുന്നുആകാശവാണിയുടെ പ്രക്ഷേപണം. വിവിധ ഭാഷകളിലെ സംഗീതവും നാടകവും മറ്റ് കലാവതരണങ്ങളും പ്രക്ഷേപണം ചെയ്യുകവഴി, രാജ്യത്തിലെ വൈവിധ്യങ്ങളുടെ സമന്വയമാണ് ആകാശവാണി മുന്നോട്ടുവെയ്‌ക്കുന്നത്.

പാശ്ചാത്യ രീതിയിലുള്ള ദേശീയതയെക്കുറിച്ച് മഹാകവി ടാഗോർ പ്രകടിപ്പിച്ച ആശങ്കകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്.

പാശ്ചാത്യ രീതിയിലുള്ള ദേശീയതയെക്കുറിച്ച് മഹാകവി ടാഗോർ പ്രകടിപ്പിച്ച ആശങ്കകൾ ഇപ്പോൾ കൂടുതൽ പ്രസക്തമാവുകയാണ്. ‘ബഹുസ്വരമായ ഇന്ത്യൻ സാഹചര്യത്തിൽ പരസ്പരമുള്ള ഉൾച്ചേരലുകളുടേതും സഹവർത്തിത്വത്തിന്റേതുമായിരിക്കണം ദേശസ്നേഹത്തിന്റെ നിർവചനം' എന്ന്‌ നൂറ്‌ വർഷങ്ങൾക്കു മുമ്പേ ടാഗോർ പറഞ്ഞുവെച്ചത് ഈ സന്ദർഭത്തിൽ വളരെ പ്രസക്തമാണ്.

'ആകാശവാണി'യെന്ന കവിത മഹാകവി പാടി അവസാനിപ്പിച്ചത്‌ ഇങ്ങനെയാണ്‐

‘തന്ത്രിവീണയുടെ മൃദുസ്പന്ദങ്ങളിൽ,
പ്രകാശം കോറിയിടുന്ന
ബഹുനിറങ്ങളുടെ മാനവിക ഗീതങ്ങൾ
ഭൂമി സ്വർഗങ്ങൾക്കിടയിലെ അതിരുകൾ
അലിഞ്ഞലിഞ്ഞില്ലാതാകുന്നു.
പ്രകാശ ശോഭയോടെ
മനുഷ്യവിശുദ്ധി
തരംഗങ്ങളായ്, സൂര്യപ്രഭയോടെ
കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങളിൽ
സ്വർഗത്തിന്റെ തുറസ്സുകളിൽ എന്നപോലെ
മനുഷ്യമനസ്സ്‌ സ്വതന്ത്രമാകുന്നു’.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top