16 July Wednesday

ചൊവ്വയിലെ പൊടിഭൂതത്തെ പെഴ്‌സിവറന്‍സ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 18, 2022

നേർത്ത ചുഴലിക്കാറ്റുകളായ പൊടിഭൂതങ്ങൾ (ഡസ്റ്റ്‌ ഡെവിൾ) ചൊവ്വാ ഗ്രഹത്തിൽ പതിവാണ്‌. ഗ്രഹത്തിന്റെ നേർത്ത അന്തരീക്ഷത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ്‌ ഇതിനു കാരണമാകുന്നത്‌. എഴുപതുകളുടെ അവസാനം ചൊവ്വയിൽ എത്തിയ അമേരിക്കയുടെ വൈക്കിങ്‌ പേടകമാണ്‌ ആദ്യമായി ഇതിന്റെ ചിത്രം എടുത്തത്‌. പിന്നീട്‌ അയച്ച ദൗത്യങ്ങളെല്ലാം ഇത്തരം കാറ്റുകളെപ്പറ്റി കൂടുതൽ അറിഞ്ഞു, പഠിച്ചു. പക്ഷേ, ഇവയുടെ ശബ്ദം പകർത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ, ഇതാദ്യമായി ഒരു കൃത്രിമ പേടകം ആ ശബ്ദം റെക്കോഡ്‌ ചെയ്‌ത്‌ ഭൂമിയിലേക്ക്‌ അയച്ചു. ജെസീറോ ഗർത്തത്തിൽ പര്യവേക്ഷണം തുടരുന്ന നാസയുടെ പെഴ്‌സിവറൻസ്‌ റോവറാണ്‌ ശബ്ദം പിടിച്ചെടുത്തത്‌. റോവറിന്റെ  സൂപ്പർകാം ക്യാമറയോട്  ചേർന്നുള്ള മൈക്രോഫോൺ  മുകളിലൂടെ കടന്നുപോയ പൊടിഭൂതതതിൻെറ  ശബ്ദം വ്യക്തമായി പകർത്തി. കാ‌മറ ചിത്രവും എടുത്തു. മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയും 118 മീറ്റർ ഉയരവും 25 വ്യാപ്‌തിയുമുള്ള കാറ്റായിരുന്നു എന്നും കണ്ടെത്തി.

2021 സെപ്തംബർ 27ന്‌ എടുത്ത ഡാറ്റകൾ വിശദമായി പഠിച്ചശേഷമാണ്‌ ശാസ്‌ത്രജ്ഞർ അടുത്തിടെ സ്ഥിരീകരിച്ചത്‌.  ദൗത്യ പേടകങ്ങൾക്ക്‌ ചൊവ്വയിലെ പൊടിക്കാറ്റുകൾ ഭീഷണിയാണ്‌. സൗരോർജ പാനലുകളിൽ പൊടി വീണ്‌ പ്രവർത്തന രഹിതമാകുന്നതാണ്‌ പ്രശ്‌നം. ഓപ്പർച്യൂണിറ്റി, സ്പിരിറ്റ് തുടങ്ങിയ ദൗത്യപേടകങ്ങൾ ഈ പ്രശ്‌നം നേരിട്ടിരുന്നു. ഡസ്റ്റ്‌ ഡെവിൾ കാറ്റുകൾ ഈ പേടകങ്ങളുടെ മുകളിലൂടെ സഞ്ചരിച്ചപ്പോൾ പൊടിപടലം നീങ്ങിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top