20 April Saturday

നാസയുടെ തക്കാളിയും ചൈനയുടെ നെല്ലും

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Jan 1, 2023


നാസയുടെയും ചൈനയുടെയും ബഹിരാകാശ നിലയങ്ങളിൽ ‘വിളവെടുപ്പിന്റെ’ കാലമാണ്‌. ഗോളാന്തരയാത്രകളിൽ സഞ്ചാരികൾക്ക്‌ ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ അവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നതിനായുള്ള പരീക്ഷണങ്ങൾ വലിയ വിജയത്തിലേക്ക്‌ നീങ്ങുകയാണ്‌. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഏറെനാളായി ഈ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്‌. പോയവർഷം ഈ രംഗത്ത്‌ വലിയ കുതിപ്പുണ്ടായി. പച്ചക്കറികൾ അടക്കമുള്ളവയുടെ വിളവെടുപ്പ്‌ നടത്തി. ഏറെ വിളവ്‌ നൽകുന്ന ഇനം തക്കാളിയുടെ കൃഷി വിപുലമാക്കാൻ ഒരുങ്ങുകയാണ്‌ അവർ.

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാഗോങ്ങിൽ നെൽച്ചെടിയാണ്‌ വളർത്തിയത്‌. ബഹിരാകാശത്ത്‌ നെൽവിത്ത്‌ മുളക്കുന്നത്‌ ആദ്യവും. കുറഞ്ഞ സമയത്തിനുള്ളിൽ നെല്ല‌്‌ പാകമായി കൊയ്‌ത്തും നടത്തി. രുചിയുടെ കാര്യത്തിൽ മുന്നിലും.ടിയാഗോങ്ങിന്റെ നിർമാണം ചൈന പൂർത്തിയാക്കിയിട്ടുണ്ട്‌. നാസയുടെ നിലയത്തിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ വാതകച്ചോർച്ച ആശങ്ക പരത്തിയിരുന്നു.

5 ദൗത്യം, 51 ഉപഗ്രഹം
അഞ്ച്‌ വിക്ഷേപണം, 51 ഉപഗ്രഹം... വിക്ഷേപണരംഗത്ത്‌ ഐഎസ്ആർഒ വീണ്ടും കരുത്തുതെളിയിച്ച വർഷമാണ്‌ 2022. കരുത്തൻ റോക്കറ്റായ എൽവി എം3 എം2, ഒറ്റക്കുതിപ്പിൽ ലക്ഷ്യത്തിൽ എത്തിച്ചത്‌ 36 ഉപഗ്രഹത്തെയാണ്‌. വൺവെബ്‌ ഉപഗ്രഹശ്രേണിയുടെ ഭാഗമായുള്ള വിക്ഷേപണം വാണിജ്യ വിക്ഷേപണരംഗത്ത്‌ നേട്ടമായി. പിഎസ്‌എൽവി സി–-52,53,54 ദൗത്യം 15 ഉപഗ്രഹം ലക്ഷ്യത്തിൽ എത്തിച്ചു. വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത്‌ ഉപയോഗശൂന്യമാകുന്ന റോക്കറ്റ്‌ ഭാഗങ്ങളെ പരീക്ഷണത്തട്ടകം ആക്കുന്നതിൽ പൂർണവിജയം നേടാനും ഐഎസ്‌ആർഒക്ക്‌ കഴിഞ്ഞു. പിഎസ്‌എൽവി സി 53യുടെ ഭാഗങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം (ഓർബിറ്റൽ പ്ലാറ്റ്‌ഫോം എക്‌സ്പെരിമെന്റ്‌ മൊഡ്യൂൾ). കൂടാതെ ജി സാറ്റ്‌ 4 ഫ്രഞ്ച്‌ ഗയാനയിൽനിന്ന്‌ വിക്ഷേപിക്കുകയും ചെയ്‌തു. കുഞ്ഞൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള സ്‌മോൾ സാറ്റ്‌ലെറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ (എസ്‌എസ്‌എൽവി ഡി 1) പരീക്ഷണം പരാജയപ്പെട്ടതും പോയവർഷമാണ്‌.

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപണവും പോയവർഷമായിരുന്നു. സ്കൈ റൂട്ട് ഏറോ സ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റേതായിരുന്നു റോക്കറ്റ്‌. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള പാരച്യൂട്ട്‌ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. റോക്കറ്റ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്വയംനിയന്ത്രിത കൃത്രിമ കാൽമുട്ട്‌ നിർമിച്ച വിഎസ്‌എസ്‌സി പുതിയ ചരിത്രം സൃഷ്ടിച്ചു.

പ്രവർത്തനരഹിതമായ മംഗൾയാനും ഇൻസൈറ്റും
ചൊവ്വാ പര്യവേക്ഷണം നടത്തിവന്ന രണ്ട്‌ പേടകം ദൗത്യം പൂർത്തിയാക്കി പോയവർഷം നിശ്ചലമായി. ഐഎസ്‌ആർഒയുടെ മംഗൾയാനും നാസയുടെ ഇൻസൈറ്റും. ചുവപ്പൻ ഗ്രഹമായ ചൊവ്വയെപ്പറ്റി നിർണായക വിവരങ്ങൾ ലഭ്യമാക്കിയ ശേഷമാണ്‌ ഇരു പേടകവും പ്രവർത്തനരഹിതമായത്‌. ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗൾയാൻ 2013ലാണ്‌ വിക്ഷേപിച്ചത്‌. ഇന്ധനം തീർന്നതിനെത്തുടർന്നാണ്‌ ഈ ഓർബിറ്റർ നിലച്ചത്‌. ആറുമാസക്കാലാവധി നിശ്ചയിച്ചിരുന്ന പേടകം എട്ടു വർഷത്തിലധികം പര്യവേക്ഷണം നടത്തി.

ചൊവ്വയുടെ തുടിപ്പറിയാൻ നാസ അയച്ച ലാൻഡറായിരുന്നു ഇൻസൈറ്റ്‌. ഒരു വർഷമായിരുന്നു ദൗത്യ കാലാവധിയെങ്കിലും നാലു വർഷത്തിലേറെ നീണ്ടു. പൊടിക്കാറ്റിൽ സൗരോർജ പാനലുകളിൽ പൊടിപടലം നിറഞ്ഞതാണ്‌ ഇൻസൈറ്റിന്‌ പ്രശ്‌നം സൃഷ്ടിച്ചത്‌. ചൊവ്വയുടെ ആന്തരിക ഭാഗം, അകക്കാമ്പ്‌, പുറംപാളി, കാന്തികമണ്ഡലം, താപനില എന്നിവയും പഠനവിധേയമാക്കി. 1300ൽ അധികം ചൊവ്വാ കമ്പനങ്ങൾ രേഖപ്പെടുത്തി. ചൊവ്വയിലെ ജലസാന്നിധ്യത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി.

ചന്ദ്രനിലേക്ക്‌ വീണ്ടും
ചാന്ദ്ര പര്യവേക്ഷണങ്ങൾക്ക്‌ കൂടുതൽ പ്രതീക്ഷ നൽകിയാണ്‌ 2022 കടന്നുപോയത്‌. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ‘കുടിയേറ്റം’ ലക്ഷ്യമാക്കിയുള്ള ഗവേഷണ, ദൗത്യങ്ങൾക്ക്‌ വേഗതയേറും. നാസയുടെ ആർട്ടിമസ്‌ ആദ്യ ദൗത്യം വിജയകരമായത്‌ ഏറെ പ്രതീക്ഷ നൽകുന്നു. ദൗത്യപേടകമായ ഒറിയോൺ ചന്ദ്രനെ ചുറ്റി പഠിച്ചശേഷം ഡിസംബർ 21 ന്‌ വിജയകരമായി മടങ്ങിയെത്തി. 2024ൽ ഒരു വനിതയടക്കമുള്ള സംഘത്തെ ചന്ദ്രനിൽ എത്തിക്കുകയാണ്‌ നാസയുടെ ലക്ഷ്യം. ചൈനയുടെ തുടർച്ചയായ ചാന്ദ്ര പര്യവേക്ഷണങ്ങളും വരും നാളുകളിലുണ്ടാകും. ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യവും അണിയറയിൽ ഒരുങ്ങുന്നു. യുഎഇയുടെ പേടകമായ റാഷിദ്‌ ചന്ദ്രനിലേക്കുള്ള യാത്രയിലാണ്‌. ദക്ഷിണ കൊറിയയുടെ സനൂരി പേടകം കഴിഞ്ഞദിവസം ചാന്ദ്രപഥത്തിലെത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ഭാവിയിൽ മനുഷ്യകോളനിയും ഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കുകയാണ്‌ ശാസ്‌ത്രലോകത്തിന്റെ ലക്ഷ്യം.

ജെയിംസ് വെബ് തുറന്ന അത്ഭുതം
ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശ ദൂരദർശിനി ജെയിംസ് വെബ് സ്പേസ് ടെലസ്കോപ് പകർത്തിയ പ്രപഞ്ചദ്യശ്യങ്ങൾ മാനവരാശിക്ക്‌ തുറന്നുനൽകിയത്‌ അത്ഭുത വാതായനങ്ങളാണ്‌. അജ്ഞാതമായ കോടാനുകോടി പ്രപഞ്ചമേഖലകളിലേക്കാണ്‌ ജയിംസ്‌ വെബ്‌ കണ്ണ്‌ തുറന്നിരിക്കുന്നത്‌. വിദൂര പ്രപഞ്ചത്തിന്റെ ഇതുവരെയും പകർത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വ്യക്തവും ആഴത്തിലുമുള്ള ചിത്രമാണ്‌ ആദ്യം അയച്ചത്‌. പതിനായിരക്കണക്കിന്‌ താരാപഥങ്ങളടങ്ങിയ എസ്എംഎസിഎസ് 0723 എന്ന ഗ്യാലക്‌സി ക്ലസ്റ്ററിന്റെ ചിത്രമായിരുന്നു അത്‌. പ്രപഞ്ചത്തിന്റെ ഇത്ര തെളിമയാർന്ന ചിത്രം മുമ്പുണ്ടായിട്ടില്ല. 13 ബില്യൺ വർഷംമുമ്പ്‌ സഞ്ചാരം തുടങ്ങിയ പ്രകാശമാണ്‌ ടെലസ്‌കോപ് പിടിച്ചെടുത്തത്‌. നിരവധി ചിത്രങ്ങളാണ്‌ വെബ്‌ അയച്ചുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചപഠനത്തിൽ വഴിത്തിരിവ്‌ ആകുന്നവയാണിവ.

വഴിമാറ്റും പരീക്ഷണം
ഭൂമിക്ക്‌ ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണം വിജയംകണ്ടത്‌ ആശ്വാസകരമാണ്‌. നാസയുടെ ഡാർട്ട്‌ ദൗത്യപേടകം ഒരു ഛിന്നഗ്രഹത്തിന്റെ ഗതി മാറ്റി. ഡിഡിമോസ്‌ എന്ന ഛിന്നഗ്രഹത്തിന്റെ ഉപഗ്രഹമായ ഡൈമർഫോസാണ് ഗതിമാറിയത്‌. കൂട്ടിയിടിയുടെ ആഘാതത്തിൽ ഉണ്ടായ പൊടിപടലം പതിനായിരക്കണക്കിന്‌ കിലോമീറ്റർ ദൂരത്തിൽ ‘വാലാ’യി മാറിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top