25 April Thursday

നാനോ കണത്തിലെ രൂപഭദ്രത...പ്രൊഫ. ടി പ്രദീപ്‌ സംസാരിക്കുന്നു

ഡോ. ടി പ്രദീപ് /കെ എൽ ജോസ്Updated: Thursday Dec 2, 2021

ഡോ. ടി പ്രദീപ്‌

കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൊന്നായ പന്താവൂരിൽനിന്ന് ശാസ്ത്രലോകത്തിന്റെ അനന്ത വിസ്‌മയങ്ങളിലേക്ക്‌ പറന്നുയർന്ന ഈ മലയാളി ശാസ്ത്രജ്ഞന്റെ  പ്രതീക്ഷകളും ഉത്ക്കണ്ഠകളും ചിന്താലോകത്തിന്റെ വൈവിധ്യവും ആഴവും ചില കമ്പനങ്ങൾ സൃഷ്ടിക്കും...

'അനന്തവും അജ്ഞാതവും അവർണനീയവു'മായ പ്രപഞ്ചരഹസ്യങ്ങളെ നിർധാരണം ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ലോകം കേരളീയ പൊതുമണ്ഡലത്തിന്റെ ഇരുൾനിറഞ്ഞ ഭാഗമാണ്. ശാസ്ത്രമേഖലയിലെ പ്രതിഭാശാലികൾ മലയാളിജീവിതത്തിലെ അജ്ഞാത ഭൂഖണ്ഡങ്ങളാണ്.
ലാളിത്യത്തിന്റെയും അറിവിന്റെയും മാതൃകാജീവിതരൂപങ്ങളെ 'ദന്തഗോപുരവാസി'കളായി ചിത്രീകരിക്കാനാണ് നമുക്കിഷ്ടം. മനുഷ്യജീവിതത്തിന്റെ ചാലകശക്തികളായ ശാസ്ത്രലോകത്തിന്റെ ഉപാസകരെ അറിഞ്ഞാദരിക്കുന്നതിൽ നാം പലപ്പോഴും കുറ്റകരമായ അനാസ്ഥ പുലർത്തുന്നു.
 ശാസ്ത്രീയ വിജ്ഞാനത്തിന്റെ മഹാവിസ്ഫോടനങ്ങളാണ് പ്രപഞ്ചജീവിതത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്ന തിരിച്ചറിവിലേക്ക് നാമുണരേണ്ടിയിരിക്കുന്നു. ഇത്തരം ഉണർച്ചകൾ 'ജ്ഞാനസമൂഹ'മെന്ന ആഗ്രഹത്തിലേക്കടുക്കാൻ നമ്മെ സഹായിക്കുകതന്നെ ചെയ്യും.
ഗണിതജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ സംഗമഗ്രാമ മാധവനിൽനിന്ന് ആരംഭിക്കുന്ന ശാസ്ത്രജ്ഞപരമ്പര മലയാളി ജീവിതത്തിന്റെ പൂർവാർജിത സമ്പാദ്യമാണ്. ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യ യാഥാർഥ്യമാക്കിയ ഇ കെ  ജാനകിഅമ്മാൾ, സി വി  രാമനുമൊത്ത് പ്രവർത്തിച്ചിരുന്ന ഏക വനിതാശാസ്ത്രജ്ഞയായ അന്നാമാണി, ഹരിതവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ തുടങ്ങിയ ഒട്ടേറെ മലയാളി ശാസ്ത്രപ്രതിഭകൾ നമ്മുടെ ഓർമകളിൽ പ്രകാശം വിതറുന്നവരാണ്.

സി വി രാമൻ

സി വി രാമൻ


 പശ്ചിമഘട്ടമേറിയും വളരുന്ന കേരളത്തിന്റെ ശാസ്ത്രഖ്യാതി പരത്തുന്ന പ്രതിഭകളിലൊരാളാണ് പ്രൊഫ. ടി  പ്രദീപ്. പദാർഥ വിജ്ഞാനീയത്തിലും പ്രത്യേകിച്ച് 'നാനോ സാങ്കേതികവിദ്യ'യിൽ സങ്കീർണഗവേഷണങ്ങൾക്ക് നേതൃത്വം നല്കുന്ന പ്രദീപ് ചെന്നൈ ഐഐടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും ദീപക് പരേഖ് ചെയർ പ്രൊഫസറുമാണ് (ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ എന്നത് ഐഐടികളിൽ നല്കുന്ന ഏറ്റവുമുയർന്ന അധ്യാപക പദവിയാണ്).
ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന്  ഭൗതിക രസതന്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാലിഫോർണിയ സർവകലാശാല, ബെർക്കിലി, പർഡ്യു സർവകലാശാല, ഇന്ത്യാന എന്നിവിടങ്ങളിലെ പോസ്റ്റ് ഡോക്റ്ററൽ ഫെലോയായിരുന്നു.
ഡോ. ടി പ്രദീപ്‌

ഡോ. ടി പ്രദീപ്‌

അന്താരാഷ്ട്ര പ്രശസ്തങ്ങളായ ഒട്ടേറെ സർവകലാശാലകളിൽ വിസിറ്റിങ്‌ പ്രൊഫസറായ അദ്ദേഹം ഉന്നതനിലവാരമുള്ള ഒട്ടേറെ ശാസ്ത്രഗ്രന്ഥങ്ങളുടെയും പ്രബന്ധങ്ങളുടെയും രചയിതാവാണ്.
ജാനകി അമ്മാൾ

ജാനകി അമ്മാൾ

തന്റെ ശാസ്ത്രഗവേഷണ സംഭാവനകളെ ആധാരമാക്കി പത്മശ്രീ (2020), ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് (2008), നിക്കേയ് ഏഷ്യ പ്രൈസ് (2020), രസതന്ത്രത്തിനുള്ള TWAS പ്രൈസ് (2018) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഡോ. ടി പ്രദീപ് കരസ്ഥമാക്കിയിട്ടുണ്ട് (പ്രദിപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾhttps: //pradeepresearch.org/- ൽ ലഭ്യമാകും).
 കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ പ്രൊഫ. പ്രദീപുമായി സൂം മീറ്റിങ്‌ വഴി നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങളാണിത്. കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലൊന്നായ പന്താവൂരിൽനിന്ന് ശാസ്ത്രലോകത്തിന്റെ അനന്തതയിലേക്ക് പടർന്ന ഈ മലയാളിയുടെ പ്രതീക്ഷകളും ഉത്കണ്ഠകളും നമുക്ക് പങ്കുവെയ്ക്കാം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല, പ്രതിസന്ധികൾ, തന്റെ ഗവേഷണാനുഭവങ്ങൾ, കിനാവുകൾ, മനുഷ്യന്റെ സ്വത്വപ്രതിസന്ധികൾ തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് വ്യാപരിക്കുന്ന ഈ ശാസ്ത്രജ്ഞന്റെ ചിന്താലോകത്തിന്റെ വൈവിധ്യവും ആഴവും ചില കമ്പനങ്ങൾ സൃഷ്ടിക്കും.

 ?  ശാസ്ത്രാഭിമുഖ്യത്തെക്കുറിച്ചുള്ള സംവാദങ്ങൾ മഹാമാരിക്കാലത്ത് ഏറെ സജീവമായി. മാനവപുരോഗതിയുടെ അനിവാര്യഘടകമായി ശാസ്ത്രാവബോധം വിലയിരുത്തപ്പെടുന്നു. എന്നാൽ വലിയ വികസനക്കുതിപ്പുകൾ നടത്തിയ രാഷ്ട്രങ്ങൾ പോലും ഇക്കാര്യത്തിൽ പലപ്പോഴും പുറകോട്ടുനടക്കുന്നു. വാക്സിൻ സംശയാലുത്വംമൂലം പ്രതിരോധക്കുത്തിവെയ്പിന് വിസമ്മതിക്കുന്ന ആയിരങ്ങളെ അമേരിക്കയിൽപോലും കാണാൻ സാധിക്കും. ശാസ്ത്രാഭിമുഖ്യത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനമെന്താണ്. ഇന്ത്യയിലെ ഇതര ഭൂവിഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിന് എന്തെങ്കിലും സവിശേഷതയുണ്ടോ.

 = ശാസ്ത്രാഭിമുഖ്യവും രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതിയും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. വികസിത രാഷ്ട്രങ്ങൾക്ക് കൂടുതൽ ശാസ്ത്രാഭിരുചി ഉണ്ടെന്ന് പറയുന്നതിൽ അർഥമില്ല. സമ്പത്തിന്റെ വർധന ഉപഭോഗതൃഷ്ണയെ വർധിപ്പിക്കുന്നു. സമ്പന്നരാഷ്ട്രങ്ങൾ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾത്തന്നെ അവരുടെ ജീവിതത്തിന്റെ ഭാഗമായി ശാസ്ത്രം മാറുന്നില്ല. അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും വാക്സിനേഷനു വിധേയരാകാൻ വിസമ്മതിക്കുന്ന ജനതതി ഇതിന്റെ തെളിവാണ്.
 എന്നാൽ ഇന്ത്യയിലെത്തുമ്പോൾ കാര്യങ്ങൾ കുറെക്കൂടി പരിതാപകരമാണ്.

 

ശാസ്ത്രപുരോഗതി ആർജിക്കുമ്പോൾത്തന്നെ ശാസ്ത്രാവബോധത്തിന് പുറംതിരിഞ്ഞു നിൽക്കുന്ന രാജ്യമാണ് നമ്മുടേത്. ഏറ്റവും നൂതനമായ ശാസ്ത്ര-സാങ്കേതികവിദ്യ ഉപയോഗിച്ച് നാം തെരയുന്നത് നമ്മുടെ ഗ്രഹനിലയും ഭാഗ്യനിർഭാഗ്യങ്ങളുമാണ്. കേരളീയ സമൂഹത്തിലും ഇത്തരം പ്രവണതകൾ ദൃശ്യമാണ്.


 ശാസ്ത്രപുരോഗതി ആർജിക്കുമ്പോൾത്തന്നെ ശാസ്ത്രാവബോധത്തിന് പുറംതിരിഞ്ഞുനില്ക്കുന്ന രാജ്യമാണ് നമ്മുടേത്. ഏറ്റവും നൂതനമായ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് നാം തെരയുന്നത് നമ്മുടെ ഗ്രഹനിലയും ഭാഗ്യനിർഭാഗ്യങ്ങളുമാണ്. കേരളീയ സമൂഹത്തിലും ഇത്തരം പ്രവണതകൾ ദൃശ്യമാണ്.
 ജാതീയതയുടെ വലിയ മേൽക്കോയ്മക്ക് നമ്മൾ കീഴ്പ്പെട്ടിരിക്കുന്നു. ജാതീയതയും ശാസ്ത്രവും ഒരുമിച്ചുപോകുന്നതല്ല. ശാസ്ത്രമെന്നത് നിരന്തരമായ ചോദ്യങ്ങളും ഉത്തരങ്ങളുടെ പുതുക്കലുമാണ്. മാറ്റമില്ലാത്ത ആചാരങ്ങളാലും വിശ്വാസത്താലും ബന്ധിതമാകുന്ന മതാത്മകജീവിതമാണ് നാം പിന്തുടരുന്നത്. വിശ്വാസജീവിതത്തിൽ അഭിരമിക്കുന്ന ജനതയ്‌ക്ക് ശാസ്ത്രാഭിമുഖ്യം ഉണ്ടാകുക എളുപ്പമല്ല.
 ഇന്ത്യയിലെ മധ്യവർഗം ആചാരബന്ധിതമായ ജീവിതമൂല്യങ്ങളോട് ശാസ്ത്രീയ കണ്ടെത്തലുകളെ ഇഴചേർക്കുന്നു. പാശ്ചാത്യ/ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ ഉപഭോക്താക്കളാവുമ്പോൾത്തന്നെ ജാതീയശ്രേണികൾ നമ്മുടെ സാമൂഹിക അടയാളങ്ങളായി തുടരുന്നു.

? ശാസ്ത്രത്തെ സാമാന്യവൽക്കരിക്കുന്നതിൽ ശാസ്ത്രസാഹിത്യത്തിന് നിർണായകമായ പങ്കുണ്ട്. വിഖ്യാത ശാസ്ത്രജ്ഞരായ ആൽബർട്‌ ഐൻസ്റ്റീൻ,

ഐൻസ്‌റ്റീൻ

ഐൻസ്‌റ്റീൻ

സ്റ്റീഫൻ ഹാക്കിങ്‌, ഫ്രെഡ് ഹോയിൽ തുടങ്ങിയവരുടെ സാമാന്യജനതക്കായുള്ള രചനകൾ ഉദാഹരണങ്ങളാണ്. കാൾ സാഗനും സി പി  സ്നോയും ഏറെ ജനപ്രിയരായ ശാസ്ത്രസാഹിത്യ രചയിതാക്കളാണ്. ഓക്സ്ഫോർഡ് സർവകലാശാലയിൽ 'പബ്ലിക് അണ്ടർസ്റ്റാന്റിങ്‌  ഓഫ് സയൻസി'ൽ പ്രൊഫസർ പദവിയിലിരുന്നാണ് റിചാർഡ് ഡോക്കിൻസ് വളരെ പ്രചാരം സിദ്ധിച്ച തന്റെ രചനകൾ നിർവഹിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ 'കുഞ്ഞുകണങ്ങൾക്ക് വസന്തം' തുടങ്ങിയ പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും പ്രദീപിന്റെ ഈ രംഗത്തെ മികച്ച സംഭാവനകളാണ്. 'ദന്തഗോപുരവാസി'കളെന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രസമൂഹത്തെയും ശാസ്ത്രസംഭാവനകളെയും സാമാന്യവൽക്കരിക്കുന്ന ഇന്ത്യൻ/കേരളീയ മാതൃകകൾ വളരെ കുറവാണ്. എന്താണ് പ്രതിബന്ധം.

 =  ഭാഷ ഒരു പ്രധാന തടസ്സമായി നിൽക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അവരുടെ തദ്ദേശീയ ഭാഷയിലാണ് അവർ ശാസ്ത്രം പഠിക്കുന്നത്. എന്നാൽ ഇവിടെ ഇംഗ്ലീഷിലാണ് നാം ശാസ്ത്രം പഠിക്കുന്നത്. പാശ്ചാത്യ ലോകത്ത് അവർ പഠിക്കുന്ന ശാസ്ത്രഭാഷയും ജനതയിലേക്ക് പകരുന്ന ഭാഷയും ഒന്നുതന്നെയാണ്. മലയാളത്തിൽ ശാസ്ത്ര സാഹിത്യമെഴുതുമ്പോൾ നാം ഇംഗ്ലീഷിൽ പഠിച്ച ശാസ്ത്രം മാറ്റിയെഴുതേണ്ടിവരുന്നു. കേവലം മൊഴിമാറ്റത്തിന്റെ പ്രശ്നം മാത്രമല്ലിത്. ഒരു പുത്തൻ ശാസ്ത്രഭാഷയ്ക്കാവശ്യമായ പദാവലികൾ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനെ ഭേദിച്ചു കടന്ന അപൂർവം പ്രതിഭാശാലികൾക്കൊരുദാഹരണമാണ് ഡോ. കെ ഭാസ്കരൻനായർ. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങൾ അക്കാലത്ത് എഴുതിയിരുന്ന കുട്ടികൃഷ്ണമാരാരുടെ സാഹിത്യപ്രബന്ധങ്ങൾക്ക് ഒപ്പം നില്ക്കുന്നവയാണ്.
 കവിതാവിമർശനത്തിന്റെ ഭാഷാരീതിയിലാണ് ഭാസ്കരൻനായർ ശാസ്ത്ര സാഹിത്യം രചിച്ചത്. ഡോ. ഭാസ്കരൻനായരുടെ ഔന്നത്യത്തോളമെത്തുന്ന രചനകൾ പില്ക്കാലത്ത് ഉണ്ടായില്ല എന്നത് യാഥാർഥ്യമാണ്. ശാസ്ത്രീയ വിജ്ഞാനത്തിന്റെ നൂതനപദാവലികൾ കണ്ടെത്തുന്ന കാര്യത്തിൽ നാം വിജയിച്ചില്ല.

 

മലയാളത്തിൽ നാം "വാക്സിനേഷൻ' എന്ന പദം വ്യാപകമായി ഉപയോഗിക്കുമ്പോൾ തമിഴിലത് "തടുപ്പൂശി' (തടുക്കുന്ന സൂചി) യായി മാറുന്നു. അവിടത്തെ ജനത അത് സ്വീകരിച്ചു. ഇക്കാര്യത്തിൽ നാം മലയാളികൾ ഏറെ പിറകിലാണ്. കണ്ടത്തിയ ശാസ്ത്രസാങ്കേതിക പദാവലികൾ തന്നെ ഗ്രന്ഥങ്ങളിൽ ഉറങ്ങുന്നു. അത് ജനതയുടെ വ്യവഹാരഭാഷയായില്ല.

 മലയാളത്തിൽ നാം 'വാക്സിനേഷൻ' എന്ന പദം വ്യാപകമായി ഉപയോഗിക്കുമ്പോൾ തമിഴിലത് 'തടുപ്പൂശി' (തടുക്കുന്ന സൂചി) യായി മാറുന്നു. അവിടത്തെ ജനത അത് സ്വീകരിച്ചു. ഇക്കാര്യത്തിൽ നാം മലയാളികൾ ഏറെ പിറകിലാണ്. കണ്ടെത്തിയ ശാസ്ത്രസാങ്കേതിക പദാവലികൾ തന്നെ ഗ്രന്ഥങ്ങളിൽ ഉറങ്ങുന്നു. അത് ജനതയുടെ വ്യവഹാരഭാഷയായില്ല. ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ പോലെ ഭാഷയുടെ സുഗന്ധം നിറയുന്ന ഒരു ശാസ്ത്രഗ്രന്ഥം നമുക്കുണ്ടോ? അതായത് ജനതയുടെ ഹൃദയത്തെ തൊടുന്നരീതിയിൽ ശാസ്ത്രമെഴുതാൻ നമുക്കാവുന്നില്ല.

? നൊേബൽ പുരസ്കാരങ്ങളുടെ കാലമാണല്ലോ. ഈ പുരസ്കാരവേള എപ്പോഴും വിവാദങ്ങളാൽ നിറയാറുണ്ട്. െനാേബൽ പുരസ്കാരങ്ങളിൽ ജിയോപൊളിറ്റിക്സിന്റെ സ്വാധീനമുണ്ടാവാറുണ്ടെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ മേഖലകളിൽ ഏഷ്യൻ, ആഫ്രിക്കൻ പ്രതിഭകളെ നിരന്തരം അവഗണിക്കാറുണ്ട്. അങ്ങനെ നിരന്തരം അവഗണിക്കപ്പെട്ട പ്രതിഭകളിൽ ഒരാളായിരുന്നു മലയാളിയായ പ്രൊഫ. ഇ സി ജി സുദർശൻ.

ഇ സി ജി  സുദർശൻ

ഇ സി ജി സുദർശൻ

'ടാക്കിയോൺ കണിക'യുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ വ്യാപരിച്ചിരുന്ന ഡോ. സുദർശൻ 80 കളിൽ തൃശൂർ സെന്റ് തോമസ് കോളേജ് സന്ദർശിച്ചപ്പോൾ നാമിരുവരും ചേർന്നാണ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത്. ഓർക്കുന്നോ അക്കാലം. നൊേബൽ പുരസ്കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം.

= ഡോ. സുദർശന്റെ സെന്റ് തോമസ് കോളേജ് സന്ദർശനവും അദ്ദേഹവുമായി നാം നടത്തിയ അഭിമുഖവും ഞാനോർക്കുന്നു. നൊേബൽ സമ്മാന വിവാദത്തെ ഞാൻ വേറൊരു തലത്തിലൂടെയാണ് കാണുന്നത്. െനാേബൽ പുരസ്കാരത്തിനു പരിഗണിക്കാവുന്ന ഉന്നതരായ എത്ര പ്രതിഭാശാലികളെ നാം സൃഷ്ടിച്ചിട്ടുണ്ട്? നമുക്ക് തൊള്ളായിരത്തിലധികം സർവകലാശാലകളുണ്ട്. അവിടെ നടക്കുന്ന ഗവേഷണത്തിലൂടെ ലോകം അംഗീകരിക്കുന്ന എത്ര ഗവേഷകർ ഉയർന്നുവരുന്നുണ്ട്? ടാഗോറിനോളം വലുതായ എത്ര എഴുത്തുകാർ നമുക്കുണ്ട്? ഈ വിഖ്യാത പുരസ്കാരം ലഭിക്കാതെ പോയ ഒട്ടേറെ മഹാപ്രതിഭകളുണ്ട്. ഗാന്ധിജിയും ടോൾസ്റ്റോയിയും ഉദാഹരണങ്ങളാണ്.

 രസതന്ത്രത്തിന്റെ മേഖലയിൽ മൂലകങ്ങളുടെ ആവർത്തനപ്പട്ടികയുടെ പിതാവെന്നറിയപ്പെടുന്ന മെൻഡലിയേവ്, രാസസംയുക്തങ്ങളിലെ ബന്ധനത്തെ നിർവചിച്ച ജി എൻ  ലൂയിസ് തുടങ്ങി ഒട്ടേറെപ്പേർക്ക് നൊേബൽ സമ്മാനം ലഭിച്ചിട്ടില്ല. അന്തർദേശീയ രാഷ്ട്രീയത്തിന്റെ വിവിധ താല്പര്യങ്ങൾ ചില ഘട്ടങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. അന്തർദേശീയ നിലവാരമുള്ള ശാസ്ത്ര ഗവേഷണ സ്ഥാനപനങ്ങൾ കൂടുതൽ ഉയർന്നുവരുന്നതോടെ നമ്മുടെയും നിലവാരം മെച്ചപ്പെട്ടേക്കാം.
 അത്തരം നിലവാരമുള്ള ഒരു സ്ഥാപനമെങ്കിലും കേരളത്തിലുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിന് വലിയ മൂലധനനിക്ഷേപം ആവശ്യമാണ്. രണ്ടായിരമോ മൂവായിരമോ  കോടികൾ നിക്ഷേപിച്ച് ഇത്തരം സ്ഥാപനങ്ങൾ ആരംഭിച്ചാലും അതിന്റെ ഗുണഫലങ്ങൾ പെട്ടെന്ന് പ്രതിഫലിക്കണമെന്നില്ല. പക്ഷേ, നാം കാണേണ്ടത്, വമ്പിച്ച മൂലധനനിക്ഷേപത്തിലൂടെ അമേരിക്ക നടത്തിയ റോക്കറ്റ് വിക്ഷേപണങ്ങൾ അവരെ ലോക ജേതാക്കളാക്കിമാറ്റി എന്നതുകൂടിയാണ്. ശാസ്ത്രീയ ഗവേഷണത്തിനായി നാം നിക്ഷേപിക്കുന്ന കോടികളിലൂടെ നാമാർജിക്കുന്ന ഗവേഷണഫലങ്ങൾ സമൂഹത്തെ മാറ്റുന്നു. പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യ ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും ഇനിയുമേറെ ദൂരം താണ്ടേണ്ടതുണ്ട്.

?  ഇത്തരമൊരു ചർച്ചയിൽ ഉയർന്നുവരാവുന്ന പേരുകളിലൊന്നാണ് ഡോ. താണു പത്മനാഭൻ.

താണു  പത്മനാഭൻ

താണു പത്മനാഭൻ

ഒരു വാരികയുടെ മുഖചിത്രമായി അദ്ദേഹത്തെ മലയാളികൾ ആഘോഷിക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ആ ശാസ്ത്രപ്രതിഭയുടെ മരണം സംഭവിക്കുന്നത്. ദേശീയ പ്രശസ്തിയുള്ള രണ്ട് മലയാളി ശാസ്ത്രജ്ഞർ എന്ന നിലയിൽ ഏതെങ്കിലും തരത്തിലുള്ള പാരസ്പര്യം നിങ്ങൾ തമ്മിലുണ്ടായിരുന്നോ. ഡോക്ടർ താണു പത്മനാഭനെയും താങ്കളെയും കേരളത്തിലെ സർവകലാശാലകളിലേക്ക് വൈസ് ചാൻസലർമാരാകാൻ ക്ഷണിച്ചുവെന്നും നിങ്ങളത് തിരസ്കരിച്ചുവെന്നും ചില അടക്കംപറച്ചിലുകളുണ്ട്. എന്തെങ്കിലും വാസ്തവമുണ്ടോ. ഉണ്ടെങ്കിൽ തിരസ്കാരത്തിന്റെ കാരണം.

ഡോ. താണു പത്മനാഭനുമായി ഗാഢസൗഹൃദം ഉണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ല. പലവട്ടം കാണുകയും സംസാരിക്കുകയും സെമിനാറുകളിൽ ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെയും എന്റെയും ഗവേഷണമേഖലകൾ വ്യത്യസ്തമായിരുന്നു. വിസിയാകാനുള്ള നിർദേശത്തെ അദ്ദേഹം മറ്റൊരവസരത്തിൽ പരിഗണിക്കാമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്.  
എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നിർദേശം ഉത്തരവാദിത്തപ്പെട്ടവരിൽനിന്ന് വന്നിരുന്നു. ആ സമയത്ത് ഞാനത് സ്വീകരിച്ചില്ല. മൂന്നുവർഷത്തെ വൈസ് ചാൻസലർ പദവികൊണ്ട് വിദ്യാഭ്യാസരംഗത്ത് ഗുണപരമായ എന്തെങ്കിലും ചെയ്യാനാകുമെന്നോ അടിസ്ഥാനപരമായ മാറ്റം വരുത്താനാകുമെന്നോ ഞാൻ കരുതുന്നില്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ/സർവകലാശാലകളുടെ അലകും പിടിയും മാറ്റേണ്ട സാഹചര്യമാണ്. മതവും ജാതിസംഘടനകളും കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ നിർണായക സ്വാധീനങ്ങളാണ്. അവയിൽ മാറ്റങ്ങളുണ്ടാക്കുക എന്നത് സങ്കീർണമായ പ്രശ്നമാണ്. വിസിയുടെ സ്വാതന്ത്ര്യവും, ഇടപെടൽ സാധ്യതകളും വളരെ പരിമിതമാണ്. സാമ്പത്തികമായ ചില ഘടകങ്ങളുമുണ്ട്.

ബാംഗ്ലൂ-രിലെ ഇന്ത്യൻ ഇൻസ്റ്റി-റ്റ്യൂട്ട്- ഓഫ്- സയൻസ്‌

ബാംഗ്ലൂ-രിലെ ഇന്ത്യൻ ഇൻസ്റ്റി-റ്റ്യൂട്ട്- ഓഫ്- സയൻസ്‌


 ചെന്നൈ ഐഐടിയിൽ ഞങ്ങളുടെ ബജറ്റ് വിഹിതം 1200 കോടി രൂപയാണ്. ഗവേഷണത്തിനുമാത്രം 600 കോടി രൂപ ചെലവഴിക്കുന്നു. കോഴിക്കോട് സർവകലാശാലയിൽ ഗവേഷണത്തിനായി ചെലവഴിക്കുന്നത് 20 കോടി രൂപയാണ്. സാമ്പത്തിക ഘടകങ്ങളിൽ മാത്രമല്ല ഇടപെടുന്ന മനുഷ്യരുടെ ഗുണപരത, മത്സരശേഷി തുടങ്ങിയ മേഖലകളിലും രണ്ടു സ്ഥാപനങ്ങളും തമ്മിൽ അന്തരമേറെയുണ്ട്. അതിനാൽ ഞാൻ ആ നിർദേശങ്ങൾ സ്വീകരിക്കുകയുണ്ടായില്ല.
 ഇത്തരം സ്ഥാപനങ്ങളിൽ അനുഭവിക്കുന്ന മറ്റുചില പ്രശ്നങ്ങൾക്കൂടി നാം പരിഗണിക്കേണ്ടതുണ്ട്. വിഖ്യാതനായ ഒരു ശാസ്ത്രജ്ഞനോ ഉന്നതനായ ഒരു അക്കാദമീഷ്യനോ സർവകലാശാല തലവനാകുമ്പോൾ അവർക്ക് പ്രവർത്തിക്കാൻ, പ്രോജക്ടുകൾ തയ്യാറാക്കാൻ ആവശ്യമായ ഇടം നാം നല്കണം. കക്ഷി‐ രാഷ്ട്രീയ ഇടപെടലുകൾ, ഉദ്യോഗസ്ഥ ലോബികൾ ഒരുപക്ഷേ, ആദരണീയനായ ഒരു പ്രൊഫസറുടെ വലിയ തടസ്സങ്ങളായി മാറാറുണ്ട്. മനുഷ്യരെ അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം. ഉന്നതനായ ഒരു ശാസ്ത്രഗവേഷകന് ലോകത്തെവിടെയും സ്വീകാര്യതയുണ്ട്. നിങ്ങളയാളുടെ പ്രവൃത്തികൾക്ക് തടസ്സം നിന്നാൽ അയാൾക്ക് സർവകലാശാല വിടാവുന്നതാണ്. നഷ്ടം നമുക്കായിരിക്കും. കാരണം അയാൾ ചിലപ്പോൾ ഒരു സർവകലാശാലയെക്കാൾ വലുതായിരിക്കും. ഐസക്ന്യൂട്ടനും ആൽബർട്ട് ഐൻസ്റ്റീനും അങ്ങനെയായിരുന്നു.

? നമ്മുടെ സർവകലാശാലകളുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ്. ഇതരസംസ്ഥാന സർവകലാശാലകളുമായി താരതമ്യം ചെയ്യാമോ.  വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ വിജയം കൈവരിച്ചുവെങ്കിലും ഇന്ത്യയിൽത്തന്നെ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കില്ല എന്നുതന്നെ പറയാം. അന്തർദേശീയമായി പരിഗണിക്കുമ്പോൾ നാം പിന്നെയും പുറകിലാവും. എന്താണ് പ്രശ്നം.

 = പ്രശ്നത്തിന്റെ കേന്ദ്രബിന്ദു നമ്മുടെ ഗുണപരത ഉയരണമെന്നതാണ്. ഇതിന് എളുപ്പവഴികളില്ല. വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം മനുഷ്യന്റെ സർവതോത്മു ഖമായ വികാസമാണ്. ആ തരത്തിലുള്ള ഒരന്തരീക്ഷം ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇന്നില്ല. കേരളത്തിൽ എയിഡഡ് കോളേജുകളിൽ ശമ്പളം നല്കുന്നത് സർക്കാർ. നിയമനം നടത്തുന്നത് ജാതിനേതൃത്വത്താൽ നയിക്കപ്പെടുന്ന മാനേജ്മെന്റ്.

രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൽ നിന്ന്‌ പത്മശ്രീ സ്വീകരിക്കുന്നു

രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൽ നിന്ന്‌ പത്മശ്രീ സ്വീകരിക്കുന്നു


 നടത്തിപ്പുകാരുടെ ജാതിയിൽപെടുന്നവരായിരിക്കും ബഹുഭൂരിപക്ഷം അധ്യാപകരും. ഇതെങ്ങനെ സാധ്യമാകുന്നു. വലിയതോതിലുള്ള വക്രീകരണം നടന്നിരിക്കുന്നു. ജാതിപരിഗണനയുടെ അടിസ്ഥാനത്തിൽമാത്രം അധ്യാപകജോലിക്ക് വരുന്നവർക്ക് എങ്ങനെ വിശ്വമാനവികതയുടെ അതിരുകളില്ലാത്ത ലോകത്തെ കാണാനാകും. ഈ ഘടനയിൽ മാറ്റംവരുത്താൻ ശ്രമിച്ചാൽ വലിയ എതിർപ്പുകളുണ്ടാകും. വിദ്യാഭ്യാസമേഖലയിലെ മൂലധനനിക്ഷേപം നിയമനങ്ങളിലൂടെ തിരിച്ചെടുക്കാമെന്ന് അനുഭവത്തിലൂടെ പഠിച്ച ഈ ലോബി തന്നെയായിരിക്കും മാറ്റത്തിന്റെ എതിർപ്പുകാർ.
 ലോകം അതിവേഗം മാറുകയാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള പാരസ്പര്യത്തെ മനസ്സിലാക്കണം. വിദ്യാഭ്യാസം digital platform  ലേക്ക് മാറുകയാണ്. പക്ഷേ, കോഴിക്കോട് സർവകലാശാലയിൽ കൊമേഴ്സിൽ ഡിഗ്രി കോഴ്സ് ചെയ്യുന്ന വിദ്യാർഥിക്ക് എന്തുകൊണ്ട് കേരള സർവകലാശാലയിൽ സയൻസിന് തുടർപഠനം ചെയ്യാൻ കഴിയുന്നില്ല. മറ്റൊരുകാര്യം നമ്മുടെ തെരഞ്ഞെടുപ്പാണ്. 12‐ാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൗമാരക്കാരന് എന്തറിയാം അനന്തമായ ലോകത്തെപ്പറ്റി? സയൻസ് തെരഞ്ഞെടുത്ത അവന് ഇരുപത്തഞ്ചാം വയസ്സിൽ മ്യൂസിക്കോ ആർട്ടോ പഠിക്കണമെങ്കിൽ അയാൾക്കതിന് കഴിയണം. 17‐ാമത്തെ വയസ്സിൽ ഡോക്ടറാവാൻ തീരുമാനിച്ച വിദ്യാർഥിക്ക് അത് തിരുത്തി എൻജിനീയറാവാൻ അവസരം നല്കണം.
 ലോകത്ത് പലയിടത്തും ഇത്തരം മാറ്റങ്ങൾ പ്രകടമാണ്. ഐഐടി ചെന്നൈയിൽനിന്ന് ബിടെക്ക് കഴിഞ്ഞവരിൽ ചിലർ മികച്ച ന്യൂറോ സർജന്മാരായി മാറിയിട്ടുണ്ട്. പക്ഷേ, അവർക്കത് സാധ്യമായത് അവർ അമേരിക്കയിൽ പോയതുകൊണ്ടാണ്. സദൃശമായ വലിയ മാറ്റങ്ങൾ നമ്മുടെ യൂണിവേഴ്സിറ്റികളിൽ ഉണ്ടാകണം. അത്തരം തിരുത്തൽ പ്രക്രിയയിലൂടെ മാത്രമേ സമൂഹത്തെ മാറ്റാൻ കഴിയുന്ന ഊർജം പ്രസരിക്കുന്ന വലിയ അക്കാദമിക വ്യക്തിത്വങ്ങൾ ഉണ്ടാകൂ.
 കേരളം താരതമ്യം ചെയ്യേണ്ടത്കർണാടകത്തെയോ പഞ്ചാബിനെയോ ആകരുത്. അന്തർദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തുനില്ക്കുന്ന സ്ഥാപനങ്ങളോടാണ് നാം മത്സരിക്കേണ്ടത്. കേരളത്തിന്റെ സമ്പത്ത് പ്രതിഭാധനരായ മനുഷ്യരാണ്. ഇൻഫോസിസും ബൈജൂസ് ആപ്സും സൃഷ്ടിച്ചവർ മലയാളികളാണ്. നമുക്ക് ലോകത്തിന്റെ സർവകലാശാലയാകാൻ കഴിയും. കെട്ടിടങ്ങളും മൂലധനവും മാത്രം പോര. അറിവിനെ ആരാധിക്കുന്ന ഒരു ജനസമൂഹമായി നാം മാറണം.

? ജ്ഞാനസമൂഹത്തെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ സജീവമാണ്. കേരളത്തെ ജ്ഞാനസമൂഹമായി പരിവർത്തനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ...

2008ലെ ശാന്തിസ്വരൂപ്‌ ഭട്‌നാഗർ അവാർഡ്‌ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു

2008ലെ ശാന്തിസ്വരൂപ്‌ ഭട്‌നാഗർ അവാർഡ്‌ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന്‌ ഏറ്റുവാങ്ങുന്നു

=  ജ്ഞാനസമൂഹമെന്നത് ക്ഷേമസമൂഹം കൂടിയാണ്. അത്തരമൊരു ക്ഷേമസമൂഹമായ് മാറുന്നതിന് കേരളത്തിന് സാധ്യതകളുണ്ട്.   വിദ്യാഭ്യാസമാണ് കേരള വികസനത്തിന്റെ അടിത്തറ എന്നു നാം മനസ്സിലാക്കണം. മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാകണം. മറ്റുപല രാജ്യങ്ങളിൽനിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആളുകൾ കേരളത്തിലേക്ക് വരണം. എന്നാലിപ്പോൾ സ്ഥിതി മറിച്ചാണ്.
 കേരളത്തിൽ മികച്ച ഒരു ലാംഗ്വേജ് കോഴ്സ് പോലും ചെയ്യാനുള്ള സ്ഥാപനങ്ങൾ ഇല്ല. അത്തരം ഘട്ടങ്ങളിൽ മലയാളികൾ ഡൽഹിയിലേക്കോ ഹൈദരാബാദിലേക്കോ പോകുന്നു. ഈ അവസ്ഥാന്തരത്തെ നാം തിരിച്ചറിയണം. കേരളത്തെ ലോകത്തിന്റെ എഡ്യുക്കേഷൻ ഹബ്ബ് ആക്കി മാറ്റണം. അന്താരാഷ്ട്ര സമൂഹത്തിന് വരാൻപറ്റുന്ന ഒരു സമൂഹമായി നാം മാറണം. മോറൽ പോലീസിങ്‌  ഉണ്ടാകരുത്. യുവതക്കാവശ്യമായ സ്വാതന്ത്ര്യം നല്കണം. ഓരോ രംഗത്തും ഇടത്തരം പ്രതിഭകളെ വാഴ്ത്തുന്നതിനുപകരം ഉയർന്ന മാനങ്ങളുള്ള പ്രഗത്ഭമതികളെ സൃഷ്ടിക്കണം. എന്തായാലും കേരളം മാറണമെങ്കിൽ ഒറ്റവഴിയെയുള്ളൂ. അത് വിദ്യാഭ്യാസത്തിന്റെ വഴിയാണ്.
സ്‌റ്റീഫൻ  ഹോക്കിങ്്‌

സ്‌റ്റീഫൻ ഹോക്കിങ്്‌


 തുറന്ന സമീപനവും നിരന്തരമായ ചോദ്യം ചെയ്യലുകളും ജ്ഞാനസമൂഹമായി മാറുന്നതിനുള്ള അനുപേക്ഷണീയ ഘടകങ്ങളാണ്.

? സർവകലാശാലകളുടെ ഗുണനിലവാരം അവയുടെ അക്കാദമിക സ്വാതന്ത്ര്യത്തെ ആശ്രയിച്ചിരിക്കുന്നു. സ്വയംഭരണം, യോഗ്യത അടിസ്ഥാനമാക്കിമാത്രമുള്ള തെരഞ്ഞെടുപ്പ് എന്നിവ മേൽക്കൈ നേടുമ്പോൾ സംവരണത്തിന്റെ (ജാതി/സാമ്പത്തിക പിന്നോക്കാവസ്ഥ) ഇടമെന്താണ്.

 = പലതരം അസമത്വങ്ങളിൽ നിലനില്ക്കുന്ന ആളുകളെ പരിരക്ഷിക്കുന്നതിന് ഭരണഘടന ശ്രമിക്കുന്നു. ഇത് തുടരേണ്ടത് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അന്തിമഘട്ട തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ പക്ഷേ, കാര്യം വ്യത്യസ്തമാണ്. ഏറ്റവും ഉന്നതരായ രണ്ട് ഭൗതികശാസ്ത്രജ്ഞരെ തെരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ ഏറ്റവും മികച്ചവരെ തന്നെ നാം തെരഞ്ഞെടുക്കണം. അവിടെവരെ എത്തുന്നതിന് ആളുകളെ സജ്ജരാക്കുന്നതിൽ സംവരണവഴികൾ ശരിയാണ്. അന്തിമഘട്ടത്തിൽ സാധ്യമാണോ?
 മികച്ച അസ്ട്രോഫിസിസ്റ്റിനെ തെരഞ്ഞെടുക്കുന്ന വേളയിൽ സംവരണം വേണമെന്ന വാദം ശരിയാണോ? സൂക്ഷ്മതലത്തിലേക്ക് വരുമ്പോൾ ഇത് പ്രശ്നം സൃഷ്ടിക്കും. ഗിരിശൃംഗങ്ങളാൽ നിറയേണ്ട സർവകലാശാലകളിൽ മൊട്ടക്കുന്നുകൾ നിറയും. ഐഎസ്ആർഒയിൽ റോക്കറ്റ് സാങ്കേതികവിദ്യ ഏറ്റവും നന്നായറിയുന്ന ആളെയാണ് നിയമിക്കേണ്ടത്. സാമാന്യസംവരണത്തിന്റെ ഭരണഘടനാനിർദേശങ്ങൾ പാലിക്കുമ്പോൾ തന്നെ ഏറ്റവും ഉയർന്നതലത്തിൽ മറ്റുപരിഗണനകൾ ഒഴിവാക്കി ഏറ്റവും മികച്ച വ്യക്തിയെ നാം നിശ്ചയിക്കണം. ജാതി, വരുമാനം തുടങ്ങിയ എല്ലാ സംവരണങ്ങളും ഈ ഘട്ടത്തിൽ ഒഴിവാക്കണം.
 എല്ലാവർക്കും അവസരസമത്വവും മത്സരക്ഷമതയും ഉറപ്പാക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. സംവരണതത്വം പാലിക്കുന്നതിന് കൂടുതൽ വിസിമാരെ സൃഷ്ടിക്കുന്നതിനായി കൂടുതൽ സർവകലാശാലകൾ ഉണ്ടാക്കുക എന്ന രീതിയിലേക്ക് നാം മാറുന്നു. എല്ലാ വിഷയങ്ങൾക്കും വെവ്വേറെ സർവകലാശാലകൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവയുടെ ലക്ഷ്യം വഴിമാറും. സർവകലാശാലകൾക്കുപകരം സ്റ്റഡിസെന്ററുകൾ ഉയരും.

സി പി സ്‌നോ

സി പി സ്‌നോ

? ഐഐടികൾ അടക്കമുള്ള ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പല കേന്ദ്ര സർവകലാശാലകളിലും ദളിത്/പിന്നോക്കജാതി തിരസ്കാരങ്ങളെ സംബന്ധിച്ച് ഒട്ടേറെ വാർത്തകൾ പുറത്തുവരുന്നു. താങ്കളുടെ സ്ഥാപനമായ ചെന്നൈ ഐഐടിയിലും അംബേദ്ക്കർ/പെരിയോർ കൂട്ടായ്മകളുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ വന്നിരുന്നു. വിവിധങ്ങളായ കാരണങ്ങളാൽ ഇത്തരം സ്ഥാപനങ്ങളിലെ യുവഗവേഷകരുടെ ആത്മഹത്യാവാർത്തകളും മാധ്യമശ്രദ്ധ നേടുന്നു. ശാസ്ത്രജ്ഞനെന്നനിലയിൽ ലോകത്തിലെ വിവിധ സർവകലാശാലകളുമായി അടുത്തബന്ധം പുലർത്തുന്ന പ്രദീപ് എങ്ങനെയാണ് ഈ ഇന്ത്യൻ സാഹചര്യത്തെ വിലയിരുത്തുന്നത്.

= സർവകലാശാലകൾ സമൂഹത്തിന്റെ കണ്ണാടികളാണ്. അസമതകളും ഉച്ചനീചത്വങ്ങളും സാമൂഹിക യാഥാർഥ്യങ്ങളാണ്. അതിവിടെയും പ്രതിഫലിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി ക്യൂവിൽ നില്ക്കുന്ന സാധാരണക്കാരനുമുന്നിലൂടെ 'ക്യൂ' പാലിക്കാതെ ആവശ്യങ്ങൾ നേടിയെടുക്കുന്ന ഉന്നതരെ നാം കാണുന്നില്ലേ? രാഷ്ട്രീയ പ്രമുഖൻ, ഐഎഎസുകാരൻ, സ്വാധീനമുള്ള മറ്റൊരാൾ എന്നിങ്ങനെയുള്ളവർക്ക് അത്തരം 'വരി'കളൊന്നും ബാധകമല്ല. ഐഐടികളിലും ഇത്തരം വേർതിരിവുകൾ കാണും.
 ഐഐടി പ്രൊഫസറായതുകൊണ്ട് ഒരാൾ നായരോ അയ്യങ്കാരോ ആകാതിരിക്കുന്നില്ല. വിദ്യാഭ്യാസവിചക്ഷണരിലും ശാസ്ത്രജ്ഞരിലും ജാത്യാഭിമാനം നിലനിൽക്കുന്നു. ഒരു വ്യക്തി എന്നനിലയിൽ എനിക്കിതിൽ സങ്കടമുണ്ട്. ഞാനിവിടെ ഐഐടിയിൽ വരുന്ന വേളയിൽ വിദ്യാർഥികളുടെ ഹാജർ പുസ്തകത്തിൽ ജനറൽ, എസ്സി, എസ്ടി എന്ന രീതിയിൽ രേഖപ്പെടുത്താറുണ്ട്. ഇതൊരു ജാതിവിവേചനമാണെന്ന് ആർക്കും തോന്നിയിരുന്നില്ല. ഫാക്കൽറ്റി മീറ്റിങ്ങുകളിൽ വിദ്യാർഥികളുടെ വിജയപരാജയങ്ങൾ ചർച്ചചെയ്യുമ്പോൾ അവയ്ക്കുള്ള കാരണമായി ഇത്തരം കാറ്റഗറികൾ ഉയർന്നുവരാറുണ്ട്.
 പിന്നീട് ആ രീതി ഒഴിവാക്കപ്പെട്ടു. പരിശോധകന്റെ മനസ്സിൽ രൂഢമായ ജാതിവാസനയുടെ പ്രതിഫലനമായിരുന്നു ഈ രീതി. സംവരണം പാലിച്ചുവരുന്നവരും ഇത്തരം വിലയിരുത്തൽ രീതികളിൽനിന്ന് മുക്തരല്ല. ഇതൊരു സാമൂഹ്യ യാഥാർഥ്യമാണ്.

'നാനോ സാങ്കേതികവിദ്യ' വിഭാഗത്തിലെ ഇന്ത്യയിലെ പ്രഗത്ഭനായ രസതന്ത്രജ്ഞന്റെ തുടക്കം പന്താവൂർ എന്ന ചെറുഗ്രാമത്തിൽനിന്നായിരുന്നു. പൊന്നാനി പരിസരത്തെ പന്താവൂർ, മൂക്കുതല സർക്കാർ ഹൈസ്കൂളുകളിൽ പഠനം. അധ്യാപകരായ മാതാപിതാക്കൾ. ഓർമകളിൽ നിറയുന്ന ബാല്യം, കൗമാരക്കാലം വിവരിക്കാമോ.

കാൾ സാഗൻ

കാൾ സാഗൻ

= ഇടശ്ശേരിക്കവിതയിൽ സൂചിപ്പിച്ചതുപോലെ പ്രകൃതിപാഠശാലയിൽനിന്ന് മനുഷ്യരുടെ പാഠശാലയിലേക്ക് പ്രവേശിക്കുന്ന ചെറുബാല്യക്കാരനെ ഞാനോർക്കുന്നു. പ്രഥമ വിദ്യാലയത്തിൽനിന്ന് കുതറി വീട്ടിലേക്കോടാൻ കരച്ചിലോടെ ശ്രമിക്കുന്ന കുട്ടി. പന്താവൂരിലെ പ്രൈമറി വിദ്യാലയത്തിൽനിന്ന് മൂക്കുതല ഹൈസ്കൂളിലേക്ക് എന്റെ പഠനം മാറുന്നു. വീട്ടിൽനിന്ന് 4‐5 കിലോമീറ്റർ ദൈർഘ്യമുള്ള വിദ്യാലയത്തിലേക്ക് കൂട്ടുകാരോടൊത്ത് പാടത്തും പറമ്പിലും നടന്ന അക്കാലം. ചെറുജലാശയങ്ങളിൽ മീൻപിടിച്ചും പാടത്തെ വെള്ളം പാറ്റിയും ഞങ്ങൾ നടത്തിയ യാത്രകൾ ആഘോഷങ്ങളായിരുന്നു. പഠനവും അങ്ങനെയായിരുന്നു.
 എന്റെ സമവയസ്കരായ എല്ലാ മലയാളികളെയും പോലെ ഞാനും സമഭാവനയുള്ള സമൂഹത്തിന്റെ ലാളനയേറ്റു വളർന്നവനാണ്. എല്ലാവരും പഠിച്ചത് അയൽപക്ക വിദ്യാലയങ്ങളിലായിരുന്നു. അന്നത്തെ പഠനകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്കോർമവരുന്നത് ഭാഷയുടെ സുഗന്ധമാണ്. അച്ഛൻ ഭാഷാധ്യാപകനായിരുന്നുവെന്നത് വലിയൊരു പ്രചോദനമായിരുന്നു. എന്തായാലും സ്കൂൾ എന്ന് പറയുമ്പോൾ എന്നിൽ നിറയുന്നത് ഭാഷയാണ്. വാക്കുകളും വാചകങ്ങളും സ്വപ്നങ്ങളും നിറയുന്ന ഭാഷ. ആശാന്റെ സീതാകാവ്യവും ഭാരതപര്യടനവും തുടങ്ങിയ ഉന്നതമൂല്യമുള്ള ഗ്രന്ഥങ്ങൾ ഇപ്പോഴും ബാക്കിയാവുന്നു.

ഇടശ്ശേരി

ഇടശ്ശേരി

? ബിരുദതലം മുതൽ ഞാനറിയുന്ന പ്രദീപ് അക്കാലത്തെ ജനാധിപത്യ വിദ്യാർഥി പ്രസ്ഥാനത്തിലെ ഉശിരൻ പ്രവർത്തകനായിരുന്നു. മാഗസിൻ എഡിറ്ററടക്കമുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിച്ച കോളേജ് യൂണിയൻ ഭാരവാഹിയായിരുന്നു. അക്കാലത്ത് കണ്ട കിനാവുകളിൽ എന്തുണ്ട് ബാക്കി.

ഇതൊരു സങ്കീർണമായ ചോദ്യമാണ്. യൗവനത്തിൽ റൊമാന്റിക് ആവാത്ത മനുഷ്യനുണ്ടാകില്ല. ആശയങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്. ആശയങ്ങൾ തന്നെയായിരുന്നു നമ്മുടെ ഊർജസ്രോതസ്സുകൾ. അന്നത്തെ കാലത്തെ ആശയങ്ങളുടെ ഒരു റൊമാന്റിക് സ്റ്റേറ്റ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. പക്ഷേ, എന്നിലിപ്പോഴുള്ളത് ഗാന്ധിജിയാണ്. ഗാന്ധിജി ഇന്ത്യയെ മനസ്സിലാക്കിയോളം മറ്റാരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ. ഒരുപക്ഷേ, ബുദ്ധനുണ്ടാകും. പക്ഷേ, എനിക്കറിയാവുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഗാന്ധിജിയെ വിലയിരുത്തുന്നതിൽ പരാജയമായിരുന്നു. ഗാന്ധിജിയുടെ മൂല്യം പുനർനിർണയം ചെയ്യേണ്ടിയിരിക്കുന്നു. ഞാനറിയുന്ന ഗാന്ധിജിയിൽ ഇടതുപക്ഷവും അംബേദ്ക്കറിസവുമുണ്ട്.
 സുസ്ഥിരമായൊരു വികസനസങ്കല്പനം ഗാന്ധിജിയിലുണ്ട്. ജനാധിപത്യത്തിന്റെ സൂക്ഷ്മരൂപങ്ങളുടെ കലവറയാണ് ഗാന്ധിയൻ ചിന്ത. ഉദാഹരണത്തിന് ന്യൂനപക്ഷ കരുതൽ. 80 കളിലെ കാല്പനികനായ യുവാവ് ലോകത്തെ ഒരു പ്രത്യേക വീക്ഷണത്തിലൂടെ ദർശിച്ചപ്പോൾ അത് വളരെ ആകർഷകമായി തോന്നി. ഇന്നത്തെ വീക്ഷണം കൂടുതൽ ബഹുസ്വരമാണ്. ലോകത്തെ മാറ്റിയത് തത്വശാസ്ത്രം അഥവാ പ്രത്യയശാസ്ത്രമാണെന്നാണ് അന്ന് കരുതിയത്. ഇന്ന് തോന്നുന്നു ലോകത്തെ മാറ്റുന്നത് ശാസ്ത്രമാണെന്ന്. ശാസ്ത്രമെന്ന് പറയുമ്പോൾ രസതന്ത്രവും ഊർജതന്ത്രവും മാത്രമല്ല, മറിച്ച് എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒന്നാണത്. അതിന്റെ വാതായനങ്ങൾ വിശാലമാണ്. എന്നെ രൂപപ്പെടുത്തിയത് അന്നത്തെ കാലവും ചിന്തകളുമാണ്. എന്റെ അടിത്തറയാണത്. അതാണെന്നിൽ അവശേഷിക്കുന്നതും.

?  നിളയും ഇടശ്ശേരിയും അക്കിത്തവും എംടിയും കവിതയും നിറയുന്ന പൊന്നാനി പശ്ചാത്തലത്തിലെ പഴയ സാഹിത്യകുതുകിയുടെ വർത്തമാന താല്പര്യങ്ങളെന്താണ്.  ഐൻസ്റ്റീനും നീൽസ്ബോറിനുമൊപ്പം സോറൻ കീർക്കെഗാറിനെ ഉദ്ധരിച്ച് താങ്കൾ നടത്തിയ ഒരു സമീപകാല പ്രഭാഷണത്തിന്റെ പശ്ചാത്തലത്തിലാണീ ചോദ്യം.

= ഭാഷ നമ്മുടെ മുലപ്പാലാണ്. സാഹിത്യം അതിന്റെ ഭാഗമാണ്.

സോറൻ  കിർകെഗർ

സോറൻ കിർകെഗർ

ശാസ്ത്രവും മറ്റും നമ്മൾ ജീവിതത്തിലൂടെ ആർജിച്ചെടുക്കുന്നതാണ്. ഇതൊരുമിക്കുമ്പോഴാണ് നമുക്ക് സാമൂഹിക പ്രതിബദ്ധത കൈവരുന്നത്. ഇതെല്ലാം എന്നിൽ ബാക്കിയാകുന്നതുകൊണ്ടാണ് സാമൂഹികാവബോധം നിലനിർത്തി എനിക്ക് ശാസ്ത്രഗവേഷണം നടത്താൻ കഴിയുന്നത്. അല്ലെങ്കിൽ എനിക്കത് ഉപരിപ്ലവമായി ചെയ്യാമായിരുന്നു. ഇതിനാലാണ് ശാസ്ത്രം വായിക്കുമ്പോൾ എനിക്ക് സോറൻ കീർക്കെ ഗാറിനെ ഓർമവരുന്നത്. കുട്ടികൃഷ്ണമാരാരെ വായിച്ചതിനാൽ 'മോളിക്യുലർ സ്ട്രക്ച്ചർ' വിശകലനം നടത്തുമ്പോൾ പഴയ രൂപഭദ്രതാവാദം ഓർമവരുന്നു. അതിനാൽ സാമൂഹ്യക്ഷേമമെന്നത് സയൻസിന്റെ ഭാഗമായി ചെയ്യേണ്ടതാണെന്ന വിശ്വാസം എന്നെ നിയന്ത്രിക്കുന്നു.
 മലയാളം പഠിക്കുമ്പോൾത്തന്നെ നമുക്ക് ശാസ്ത്രജ്ഞനാകാൻ കഴിയണം. സംഗീതം പഠിക്കുന്ന വിദ്യാർഥിക്ക് രസതന്ത്രത്തിൽ ബിരുദമെടുക്കാനാകണം. ഇത് രണ്ടും ഉപേക്ഷിച്ചോ നിലനിർത്തിയോ വേണമെങ്കിലയാൾക്ക് മെഡിക്കൽ ബിരുദമെടുക്കാനാകണം. അതാണ് പുതിയ സാധ്യതകൾ. മാതൃഭാഷാപഠനത്തിന്റെ പ്രസക്തി ഇവിടെയാണ് വരുന്നത്. സർക്കാർ ഉത്തരവുകൾ മാത്രം പോര. അത് നമ്മുടെ സ്വത്വത്തിന്റെ പ്രകാശനമാണെന്ന് നാം തിരിച്ചറിയണം.

?  ശാസ്ത്രഗവേഷണമാണ് തന്റെ നിയോഗമെന്ന് പ്രദീപ് തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു. പ്രചോദനമായ വലിയ മാതൃകകൾ... ഡോ. സി എൻ ആർ റാവുമായുള്ള ബന്ധം വിശദീകരിക്കാമോ.

= എം എസ് സി കഴിഞ്ഞ ഇടവേളയിലാണ് റിസർച്ചിനെ കുറിച്ചാലോചിക്കുന്നത്.

ഡോ. എം വിജയൻ

ഡോ. എം വിജയൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ ഇതുമായി ബന്ധപ്പെട്ട് ചില ആലോചനകൾക്കായി ചെന്നപ്പോഴാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്റെ ചിന്തയിലേക്ക് ഗൗരവതരമായി കടന്നുവന്നത്. ഐ എസ് സി യിൽ എത്തിയപ്പോഴാണ് ശാസ്ത്രത്തിന്റെ അത്ഭുതവും ആനന്ദവും എന്നെ കീഴ്പ്പെടുത്തുന്നത്. ശാസ്ത്രീയ കണ്ടെത്തലുകൾ ഒരു ലഹരിയായി എന്നിൽ പടർന്നതും ഇക്കാലത്താണ്. അവിടെ ഞാനടുത്തറിഞ്ഞ മഹാപ്രതിഭകൾ. ഡോ. സി എൻ  ആർ  റാവു, ഡോ. എം വിജയൻ തുടങ്ങിയവർ.
 നൊേബൽ സമ്മാനമൊഴികെ എല്ലാ പുരസ്കാരങ്ങളും നേടിയിട്ടുള്ള, അതിപ്രശസ്തങ്ങളായ 80 ലധികം സർവകലാശാലകളിൽനിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. സി എൻ ആർ  റാവുവിന്റെ കഠിനപ്രയത്നവും അർപ്പണബോധവും ഊർജവും എന്നേയും ബാധിച്ചു. സയൻസ് എന്നത് വലിയ ആഹ്ലാദമുണ്ടാക്കുന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. കാലിഫോർണിയ സർവകലാശാലയിലെ ബെർക്കിലിയിൽ എന്റെ ഗവേഷണങ്ങൾക്ക് ഊർജം പകർന്ന പ്രൊഫ. ഡേവിഡ് എ ഷർളി, പ്രൊഫ. ആർ ഗ്രഹാം കുക്ക്സ് തുടങ്ങിയവർ എന്റെ ധൈഷണികവ്യാപാരങ്ങൾക്ക് തെളിമയേകി. ഡോ. ഗ്ലെൻ ടി സീബോർഡിന്റെ സാമീപ്യം ബെർക്കിലിയിൽവെച്ച് ഞാനനുഭവിച്ചിരുന്നു.
 ഒമ്പത് ട്രാൻസ് യുറേനിക്ക് മൂലകങ്ങൾ കണ്ടുപിടിച്ച രസതന്ത്രത്തിൽ നൊേബൽ സമ്മാനം ലഭിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം മഹാപ്രതിഭകളുടെ ആലങ്കാരികമായി പറഞ്ഞാൽ ഹിമാലയങ്ങളുടെ സാന്നിധ്യം എന്നെ ആനന്ദിപ്പിച്ചു. ഇതാണെന്റെ വഴിയെന്ന് ഞാൻ തിരിച്ചറിഞ്ഞു. ദീർഘഭാഷണങ്ങൾ ശാസ്ത്രത്തക്കേുറിച്ചായിമാറി. എൻവിയും എംടിയും ജിയും പിയും ഇടശ്ശേരിയും എഴുതിയ പുസ്തകങ്ങൾ എനിക്കുതന്ന അതേ ആഹ്ലാദം മഹത്തായ ശാസ്ത്രഗ്രന്ഥങ്ങൾ നല്കി. ശാസ്ത്രലോകത്തെ മഹാപ്രതിഭകൾ എന്റെ യാത്രയിലെ പ്രകാശസ്തംഭങ്ങളായിമാറി.

ഗ്രഹാം കുക്ക്‌സ്‌, ഡോ. സി എൻ ആർ റാവു എന്നിവർക്കൊപ്പം ഡോ. ടി പ്രദീപ്‌

ഗ്രഹാം കുക്ക്‌സ്‌, ഡോ. സി എൻ ആർ റാവു എന്നിവർക്കൊപ്പം ഡോ. ടി പ്രദീപ്‌

?  അമേരിക്കയിലെ അക്കാദമിക ജീവിതം എങ്ങനെയായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ വിദ്യാർഥികളും ഗവേഷകരും വംശീയാധിക്ഷേപത്തിന് വിധേയരാകുന്നുണ്ടോ. ഒരു വ്യക്തിയെന്നരീതിയിൽ നിറത്തിന്റേയും ദേശത്തിന്റേയും പേരിലുള്ള വിവേചനം അനുഭവിച്ചിട്ടുണ്ടോ.

= വംശീയ ചേരിതിരിവ് ശാസ്ത്രമേഖലയിൽ നേരിട്ട് കാണാനായില്ല എന്നുതന്നെ പറയാം. തെരുവുകളിലും കഫേകളിലും ഞാനത് കണ്ടിട്ടുണ്ട്. അമേരിക്കയേക്കാൾ കൂടുതൽ അത് ദൃശ്യമാകുന്നത് യുകെയിലാണ്. ശാസ്ത്രമേഖലയിൽ ഒരുപക്ഷേ, വളരെ ആന്തരികമായി ഇത്തരം വിവേചനങ്ങൾ ഉണ്ടായിട്ടുണ്ടാകാം. ഏതായാലും ഇന്ന് ചേരുന്ന അന്തർദേശീയ തലത്തിലുള്ള ഒത്തുചേരലുകളിലും കമ്മിറ്റികളിലും ഇതിനെതിരെ പ്രതിരോധമുണ്ട്. അത്തരം കമ്മിറ്റികളുടെ ആദ്യ അജണ്ടയായി എല്ലാത്തരം ദേശീയ വംശീയ ചേരിതിരുവകളിൽനിന്ന് മുക്തമായ നിലപാടെടുക്കണമെന്ന പ്രതിജ്ഞയെടുക്കേണ്ടതുണ്ട്. പക്ഷേ, ഇത്തരമൊരു നിലപാടിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന നമ്മളുടെ അവസ്ഥയെന്താണ്?
 മനുഷ്യൻ എന്നത് ഡിഎൻഎയാണെന്ന വസ്തുത നാം വിസ്മരിക്കുന്നു. 65000 വർഷങ്ങൾ പിന്നോക്കം പോയാൽ ഇന്ത്യക്കാരൻ എന്താണ്? അപ്പോൾ എവിടെ ജാതിയും ദേശവും? നമ്മുടെ ഭക്ഷണവും വസ്ത്രവും എങ്ങനെ രൂപപ്പെട്ടു? എല്ലാം വലിയ കലർപ്പുകളാണ്. പരശതം മിശ്രണങ്ങളിലൂടെ രൂപപ്പെട്ടതാണവ. പുറത്തേക്കൊന്ന് നോക്കിയാൽ നമ്മുടെ സങ്കുചിതമായ എല്ലാ കെട്ടുപാടുകളും ഇല്ലാതാകും. കാഴ്ചപ്പാടുകളിലും വിശ്വാസങ്ങളിലും അഴിച്ചുപണികൾക്ക് നാം തയ്യാറല്ല.
 യൂറോപ്യൻ സമൂഹത്തിന്റെ വിമോചനത്തിന്റെ അടിത്തറയായത് ഇത്തരം പൊളിച്ചെഴുത്തുകളായിരുന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്ക് നോക്കൂ. അവിടെ നിങ്ങളുടെ മതം ഒരു പരിഗണനയേയല്ല. ശ്രീനാരായണ ഗുരുവിനെപ്പോലുള്ളവർ നേതൃത്വം നല്കിയ വലിയ നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ കടന്നുപോയ കേരളം അണുവിടമാറിയിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു സമീപകാല ശബരിമല പ്രശ്നം. ശുദ്ധി, അശുദ്ധി, ആചാരം തുടങ്ങിയ പ്രശ്നങ്ങളിൽ കേരളീയ സമൂഹം വിഭജിതമാകുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്ന വസ്തുത നാം ഓർക്കേണ്ടതുണ്ട്.

?  പ്രദീപിന്റെ സവിശേഷ പഠനമേഖലയാണല്ലോ നാനോ ടെക്നോളജി. ശാസ്ത്രകുതുകികളായ സാധാരണക്കാർക്കായി

'കുഞ്ഞുകണങ്ങളുടെ വസന്തത്തി'ൽ നടത്തുന്ന പ്രധാന ഇടപെടലുകൾ ലഘുവായി ലളിതമായി വിശദീകരിക്കാമോ.

= തന്മാത്രകൾ തമ്മിലുള്ള രാസപ്രതിപ്രവർത്തനത്തെ spectroscropy എന്ന ശാസ്ത്രമേഖല ഉപയോഗിച്ച് അപഗ്രഥിക്കുകയാണ് കുറേനാളുകളായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സാമാന്യമായി പറയാം. പദാർഥവിജ്ഞാനീയം, ശാസ്ത്രീയ വിശകലനങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റിത്തീർക്കൽ, ഇവക്കാവശ്യമായ നവീന ഉപകരണങ്ങളുടെ നിർമ്മിതി ഇതൊക്കെയാണ് എന്റെയും ടീമിന്റെയും ഗവേഷണവഴികൾ. നവീനമായ ഉല്പന്നങ്ങളും കണ്ടുപിടുത്തങ്ങളും സാമാന്യജനതക്ക് ലഭ്യമാക്കാനുതകുന്ന ഒട്ടേറെ പുത്തൻ സംരംഭങ്ങളും സ്വതന്ത്രമായ ഒരു റിസർച്ച് ഓർഗനൈസേഷനും രൂപീകൃതമായിട്ടുണ്ട്.
 ആറ്റം- തന്മാത്ര- പാർട്ടിക്കിൾ (മെറ്റീരിയൽ) എന്ന രീതിയിലാണ് പദാർഥം വികസിക്കുന്നത്. അതായത് ആറ്റവും തന്മാത്രയും കഴിഞ്ഞാൽ ആയിരമോ പതിനായിരമോ ആറ്റങ്ങൾ ചേരുന്ന ഒരു കണത്തെയാണ് നാനോ പാർട്ടിക്കിൾ എന്നുപറയുന്നത്.
 പദാർഥത്തിന്റെ ചില ഗുണങ്ങൾ ഈ കണികകളിൽ കാണാം. നാനോ പാർട്ടിക്കിളിനെക്കാൾ ചെറുതും തന്മാത്രകളെക്കാൾ വലുതുമായ പത്തോ നൂറോ ആറ്റങ്ങൾ കൂടിച്ചേർന്ന സംഘാതങ്ങളെയാണ് ക്ലസ്റ്റേഴ്സ് എന്നുപറയുന്നത്. ഇത്തരം ക്ലസ്റ്റേഴ്സിൽ ഉണ്ടാകുന്ന രാസീയ മാറ്റങ്ങളാണ് പദാർഥങ്ങളെ രാസത്വരകങ്ങളാക്കുന്നത്.
 പദാർഥങ്ങളുടെ സവിശേഷ ഗുണങ്ങൾ  (propertise of mtater)  ഉരുത്തിരിയുന്നത് ഈ പദാർഥ കണങ്ങളിലാണ്. ഇത്തരം ചില പുതുകണങ്ങളെ ഞങ്ങളുടെ ലാബ് കണ്ടെത്തുകയും അത് മോളിക്യൂലർ ക്ലസ്റ്റർ മെറ്റീരിയൽസ് എന്ന ശാസ്ത്രവിഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്.
  A + B = C + D  എന്ന രീതിയിൽ ഒരു രാസസമവാക്യം പദാർഥകണികകളിൽ സാധ്യമാകുമോ എന്ന് ഞങ്ങൾ പരിശോധിച്ചു. പദാർഥങ്ങളുടെ കണങ്ങൾ തന്മാത്രകൾ തന്നെയാണ് എന്ന പുത്തൻ അറിവിനുകാരണം ഞങ്ങളുടെ ഗ്രൂപ്പിന്റെ ഗവേഷണ പ്രവർത്തനങ്ങളാണ്. പദാർഥങ്ങളുടെ കണങ്ങളിലുള്ള രാസക്രിയകൾ ഞങ്ങൾ കണ്ടെത്തി. ഇതുവളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. ആറ്റിക്കുറുക്കി പറയുകയാണെങ്കിൽ പദാർഥങ്ങളുടെ കണങ്ങളെല്ലാം തന്മാത്രകളാണ് എന്ന കണ്ടെത്തലാണ് കഴിഞ്ഞ 10 വർഷക്കാലത്തെ ഞങ്ങളുടെ ഗവേഷണത്തിന്റെ നേട്ടം.
ഖരാവസ്ഥയിലുള്ള വെള്ളത്തിന്റെ രാസഘടനയെക്കുറിച്ച് പഠിക്കുന്നതിനായി നവീനമായൊരു ഉപകരണം ഞങ്ങൾ വികസിപ്പിച്ചു. ഈ ഉപകരണമുപയോഗിച്ച് വളരെ താണ ഊർജനിലയിൽ, വളരെ താണ ഊഷ്മാവിൽ
[10  കെൽവിൻ (‐2630C)]  ഖരാവസ്ഥയിലുള്ള വെള്ളത്തെ (ഹിമം) നിലനിർത്തി അതിന്റെ അതിലോലമായ OH  ബോണ്ടിന്മേൽ ഞങ്ങൾ അയോൺ കൊളീഷൻ നടത്തി. ഇതിനാവശ്യമായ പ്രത്യേക ഉപകരണങ്ങൾ ഉണ്ടാക്കി. എന്താണീ കണ്ടുപിടുത്തത്തിന്റെ മർമ്മം?

 ബഹിരാകാശത്ത് ഇത്തരത്തിലുള്ള ഖരാവസ്ഥയിലുള്ള കണങ്ങളുണ്ട്. കോസ്മിക് രശ്മികൾ ഖരാവസ്ഥയിലുള്ള കണങ്ങളിൽ ഇടിക്കും. ബഹിരാകാശത്ത് സാന്നിധ്യമറിയിച്ച മീഥേൻ തന്മാത്രകളും ഖരാവസ്ഥയിലുള്ള ജലത്തിന്റെ തന്മാത്രകളും തമ്മിൽ അതിസൂക്ഷ്മമായ പ്രവർത്തനത്തിലൂടെ മീഥേൻ ഹൈഡ്രേറ്റിനെ ഉല്പാദിപ്പിക്കുന്നതായി ഞങ്ങൾ പരീക്ഷണശാലകളിലെ പ്രവർത്തനങ്ങളാൽ തെളിയിച്ചു. മീഥേൻ ഹൈഡ്രേറ്റ് എന്നത് വെള്ളത്തിന്റെ തന്മാത്രകളുടെ ഒരു കൂടിനകത്ത് മീഥേൻ അടക്കം ചെയ്തിരിക്കുന്നു എന്നാണ്.
  5 വർഷമെടുത്ത ഗവേഷണ പദ്ധതിയിലൂടെയാണ് ഞങ്ങളിത് ശാസ്ത്രീയമായി തെളിയിച്ചത്. ഈ കണ്ടുപിടുത്തം മറ്റ ചില സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നു. ഹൈഡ്രേറ്റ് എന്ന 'കൂടിനകത്ത്' മീഥേൻ ഇരിക്കുമ്പോൾ അതിനകത്തേക്ക് കോസ്മിക് രശ്മികളോ മറ്റു പ്രകാശകിരണങ്ങളോ വന്നാൽ മീഥേൻ തന്മാത്ര transform  ചെയ്യപ്പെടാം. അങ്ങനെ വന്നാൽ അതിനകത്തുള്ള കാർബൺ തന്മാത്ര ഒന്നോ രണ്ടോ മൂന്നോ കാർബൺ ഉള്ള തന്മാത്രകളായിമാറാം.
 ഈ കാർബൺ തന്മാത്രയും നൈട്രജൻ തന്മാത്രയും തമ്മിൽ രാസപ്രവർത്തനത്തിലൂടെ അമിനോ ആസിഡ് ഉണ്ടാകാം. അമിനോ ആസിഡ് ഉണ്ടാകുക എന്നതിനർഥം ബഹിരാകാശത്ത് ജീവനുണ്ടാകാം എന്നതാണ്. സയൻസ് ഫിക്ഷനെ വെല്ലുന്ന ഇത്തരമൊരു സാധ്യതയാണ് ഇപ്പോഴത്തെ ഗവേഷണത്തിന്റെ മുഖ്യകേന്ദ്രം. മനുഷ്യഭാവനയെ എക്കാലത്തും പ്രചോദിപ്പിച്ചിരുന്ന 'ബഹിരാകാശത്തും ജീവൻ' എന്നത് നാളത്തെ ശാസ്ത്രം യാഥാർഥ്യമാക്കിയേക്കാം.

? നിങ്ങളുടെ ഗവേഷണപദ്ധതിയിലൂടെ ജലത്തിലെ രാസമാലിന്യങ്ങളെ നിർമാജനം ചെയ്യുന്ന ചില കണ്ടുപിടുത്തങ്ങൾ നടത്തിയതായി അറിഞ്ഞിട്ടുണ്ട്. വികസിതവും വികസ്വരവുമായ രാഷ്ട്രങ്ങൾ ഒരേപോലെ അനുഭവിക്കുന്ന പ്രശ്നമാണ് ജലത്തിലെ രാസമാലിന്യം. കുടിവെള്ളത്തിൽനിന്ന് രാസമാലിന്യം വേർപെടുത്തുന്നതിനായി നിങ്ങൾ കണ്ടെത്തിയ 'നാനോ ഫിൽട്ടേഴ്സി'ന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്. വിശദീകരിക്കാമോ.

= ഏകദേശം ഇരുപത് വർഷങ്ങൾക്കുമുമ്പാണ് കുടിവെള്ളത്തിൽ വ്യാപകമായി രാസമാലിന്യവും കീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന മാധ്യമവാർത്തകൾ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്റെ അന്വേഷണത്തിൽ അനുവദനീയ അളവിനെക്കാൾ 30 ഇരട്ടി കീടനാശിനികൾ ജലത്തിലുണ്ടെന്ന് മനസ്സിലായി. നാനോ കണങ്ങൾ മൂലമുള്ള ചില പ്രവർത്തനങ്ങളിലൂടെ ഇതൊഴിവാക്കാമെന്ന് ഞങ്ങൾ കണ്ടെത്തി.

കുട്ടികൃഷ്‌ണ  മാരാർ

കുട്ടികൃഷ്‌ണ മാരാർ


 ഇതിന്റെ പ്രയോഗസാധ്യത മനസ്സിലാക്കി ഈ സാങ്കേതിക വിദ്യ വികസിപ്പിച്ച് അതിന്റെ പേറ്റന്റ് എടുത്തു. ഇതാണ് എന്റെ ആദ്യ പേറ്റന്റ്. ഈ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ റോയൽറ്റി ഇനത്തിൽ എന്റെ സ്ഥാപനത്തിന് 450 ലക്ഷം രൂപ ലഭിച്ചു. അതിനർഥം ആ സാങ്കേതികവിദ്യമൂലം 500 കോടി രൂപയെങ്കിലും ഉണ്ടായെന്നതാണ്. ഇതൊരു മൂർത്തമായ കാര്യം. ഇതുമൂലം സമൂഹത്തിനുണ്ടാകുന്ന ഇതരഗുണഫലങ്ങളാണ് പ്രാധാന്യമർഹിക്കുന്നത്. 80 കൾ മുതൽ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിൽ ആഴ്സെനിക്കുണ്ടെന്ന് നമുക്കറിയാം. ഇത് നിർമാർജനം ചെയ്യുന്ന രീതികൾ വളരെ ചെലവേറിയതാകയാൽ ഗവൺമെന്റുകൾക്ക് അത് താങ്ങാവുന്നതായിരുന്നില്ല.
ഞങ്ങൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചു. താരതമ്യേന ചെലവുകുറഞ്ഞതിനാൽ ഞങ്ങൾ കണ്ടെത്തിയ ആഴ്സനിക് നിർമാർജനത്തിനുള്ള സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ചു. 15 ലക്ഷത്തിലധികം ജനങ്ങൾ ഇന്നതിന്റെ ഗുണഭോക്താക്കളാണ്. ജലത്തിലെ കീടനാശിനി നിർമാർജനസാങ്കേതികവിദ്യ ഒരു കോടിയോളം മനുഷ്യർക്ക് പ്രയോജനകരമായി ഭവിച്ചു. രണ്ടും ചേർന്നാൽ 1.15 കോടി മനുഷ്യർ ഈ സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാണ്. ശാസ്ത്ര സാങ്കേതികവിദ്യകൾ സാമൂഹ്യക്ഷേമത്തിൽ ഇടപെടുന്നതിന്റെ ഒരു ചെറിയ ഉദാഹരണമാണിത്.
പഞ്ചാബിലെ ആർസെനിക്‌, അയേൺ റിമൂവൽ പ്ലാന്റിന്റെ ആകാശദൃശ്യം

പഞ്ചാബിലെ ആർസെനിക്‌, അയേൺ റിമൂവൽ പ്ലാന്റിന്റെ ആകാശദൃശ്യം

  ഈ സാങ്കേതികവിദ്യയുടെ നടപ്പാക്കൽ, വിപണനം തുടങ്ങിയവക്കായി ഊർജസ്വലതയുള്ള യുവാക്കളുടെ, ശാസ്ത്രാഭിരുചിയുള്ള യുവതയുടെ എന്റർപ്രണർ എക്കോസിസ്റ്റം രൂപീകരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

? നിങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായ് സ്വർണം പരീക്ഷണശാലയിൽ ഉണ്ടാക്കാമെന്ന് കണ്ടെത്തിയതായി മാധ്യമവാർത്തകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ വ്യാവസായികാടിസ്ഥാനത്തിലുള്ള സ്വർണനിർമിതി സാധ്യതകൾ ഈ ഗവേഷണഫലത്തിനുണ്ടോ.

=  ഇതൊരു മുഖ്യധാരാ ഗവേഷണ പദ്ധതിയായിരുന്നില്ല. മുഖ്യധാരാ ഗവേഷണത്തിന്റെ ഒരു ഉപോല്പന്നമായിരുന്നു ഈ കണ്ടെത്തൽ. ആഴ്സനിക് മണ്ണിലും വെള്ളത്തിലുമുണ്ട്. ആഴ്സനിക് സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നതുമൂലം കൃഷിയിടങ്ങളിൽനിന്നുള്ള വിളകളിലൂടെ അത് നമ്മുടെ ഭക്ഷണത്തിൽ കലരുന്നു. നെല്ലിൽ, പാലിൽ, അരിയിൽ തുടങ്ങി പലയിടത്തും ഇതിന്റെ സാന്നിധ്യമുണ്ടാവാം.
 വിവിധയിനം അരിയിനങ്ങളെ ഞങ്ങൾ പിന്തുടർന്നപ്പോൾ ആഴ്സനിക്കിനൊപ്പം സ്വർണവും വെള്ളിയും ഇവയിൽ ഞങ്ങൾ കണ്ടെത്തി. മണ്ണിൽ ഉള്ളതിന്റെ നൂറുമടങ്ങ് enriched  ആയ ലോഹസാന്നിധ്യം ഞങ്ങൾ അരിയിൽ കണ്ടു. അരിയുടെയും തവിടിന്റെയും ഇടയിലാണ് ഇവയൂടെ ഇരിപ്പ്. ഏതാനും വർഷങ്ങളെടുത്ത് 600 ലധികം വിവിധ നെല്ലിനങ്ങളെ ഞങ്ങൾ ലാബിൽ പലതലമുറ കൃഷിചെയ്ത് അവയിലെ അരിയിനങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കി.
 ഞങ്ങളുടെ കണ്ടെത്തൽ ശ്രദ്ധേയമായിരുന്നു. അരിയിൽ ആഴ്സനിക്ക് ശേഖരമുള്ളപ്പോൾ തന്നെ ചിലയിനം അരിയിനങ്ങൾക്ക് അവയെ തിരസ്കരിക്കാനുള്ള കഴിവുമുണ്ടായിരുന്നു. മണ്ണിൽ ആഴ്സനിക് സാന്നിധ്യമുള്ളപ്പോൾത്തന്നെ അവിടെ വിളയുന്ന അരിയിൽ അവയുടെ അസാന്നിധ്യം! ഇതാണ് വിചിത്രമായ പ്രകൃതി പ്രതിഭാസം. ഈ വൈവിധ്യം തിരിച്ചറിയാൻ കെല്പുള്ള ചില ഗോത്രവർഗങ്ങളുമുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അത്തരം അരിയെ അവർ പ്രത്യേകതരം ഔഷധ കൂട്ടുകൾക്കായി ഉപയോഗിക്കുന്നതു കണ്ടു.
 നാനോ പാർട്ടിക്കിൾ ഉപയോഗിച്ച് ആഴ്സനിക് വേർതിരിച്ചെടുക്കുന്ന അതേരീതിയിൽ സിൽവറും സ്വർണവും വേർതിരിക്കാൻ കഴിയുമെന്നത് ഒരു സാധ്യതയാണ്. അത്തരം ഗവേഷണം ഞങ്ങളുടെ മേഖലയല്ലാത്തതുകൊണ്ട് അതൊരു സാധ്യത മാത്രമായി അവശേഷിക്കുന്നു. ഇങ്ങനെ കാണുന്ന ലോഹങ്ങളിൽ സ്വർണം മാത്രമല്ല ചിലപ്പോൾ യുറേനിയവും ഉണ്ടാകാറുണ്ട്.
 ആഴ്സനിക് സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ ഉദാഹരണത്തിന് തമിഴ്നാട്ടിൽ അരിയിൽ ഞങ്ങൾ ആഴ്സനിക് സാന്നിധ്യം കണ്ടിട്ടുണ്ട്. ഇതെങ്ങനെ മണ്ണിലും ജലത്തിലുമില്ലാതെ അരിയിൽമാത്രം വരാനിടയായതിന്റെ കാരണം ഞങ്ങളന്വേഷിച്ചു. അത് വളപ്രയോഗത്തിലൂടെയാവാം എന്ന അറിവ് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇങ്ങനെ ഈ ഗവേഷണപദ്ധതിയിലൂടെ സംഭ്രമജനകമായ ഒട്ടേറെ അറിവുകൾ ഞങ്ങളുടെ റിസർച്‌ ഗ്രൂപ്പിനുണ്ടായി.

? കോവിഡ് മഹാമാരി എല്ലാ മേഖലകളെയും പോലെ ശാസ്ത്രഗവേഷണമേഖലയെയും ബാധിച്ചിരിക്കുമല്ലോ. എന്തായിരുന്നു അതിന്റെ പ്രതിഫലനങ്ങൾ.

=ഗവേഷണസ്ഥാപനങ്ങളുടെയും പരീക്ഷണശാലകളുടെ യും പ്രവർത്തനം ഏകദേശം 2 വർഷത്തോളം മന്ദീഭവിച്ചു. എല്ലാ മേഖലകളിലും ഉണ്ടായ പ്രവർത്തനമരവിപ്പിലൂടെ ഞങ്ങളും കടന്നുപോയി. സർക്കാരുകളുടെ അജണ്ടകൾ മാറിയതിനാൽ റിസർച്‌ ഫണ്ടിങ്‌ കുറഞ്ഞു. അത് തികച്ചും സ്വാഭാവികമാണ്. ആഗോളതലത്തിൽത്തന്നെ ഗവേഷണം സ്തംഭിച്ചു. ഈ ആലസ്യകാലം ഞങ്ങളുടെ പ്രവർത്തനരീതികളെ മാറ്റിമറിച്ചു. സമയക്രമം താറുമാറായി. ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങൾ 2 വർഷത്തോളം നിശ്ചലമാകുക എന്നതിനർഥം ഗവേഷണത്തിന്റെ വേഗം മന്ദീഭവിച്ചു എന്നതാണ്. എല്ലാം ക്രമത്തിലാവാൻ ഒരുപക്ഷേ, വർഷങ്ങളെടുത്തേക്കും.

? പ്രമുഖ ചരിത്രകാരനും ശാസ്ത്രസാഹിത്യ രചയിതാവുമായ യുവാൽ നോവ ഹരാരിയുടെ രണ്ട് സമീപകാല ഗ്രന്ഥങ്ങളുണ്ട്.

ഹോമോദിയൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ (2017), 21 ലെസ്സൻസ് ഓഫ് 21‐ാം സെഞ്ച്വറി (2018). ഇവയിലൂടെ അദ്ദേഹം നിരീക്ഷിക്കുന്നത് മനുഷ്യവർഗത്തിന്റെ മുഖമുദ്രയായ മനുഷ്യത്വം, വിമോചകമൂല്യങ്ങളോടുള്ള ആഭിമുഖ്യം എന്നിവ ശാസ്ത്ര സാങ്കേതിക പുരോഗതിമൂലം മന്ദീഭവിക്കുമെന്നാണ്. ഒരു സമ്പൂർണ ആൽഗൊരിതമായി മനുഷ്യൻ പരിണമിക്കുന്നതും നിർമിതബുദ്ധി പ്രയോഗങ്ങൾ മേൽക്കൈ നേടുന്നതും ഭാവി മാനവചരിത്രത്തിന്റെ ഇരുണ്ട കാലമായി ഒട്ടേറെ നിരീക്ഷകർ വിലയിരുത്തുന്നു. ഭരണകൂടങ്ങളുടെ സമഗ്രാധിപത്യ പ്രവണതകൾ കൂടുതൽ വെളിവാക്കപ്പെടുന്നതിനും സാധാരണ പൗരരുടെ നിരീക്ഷണവലയം ശക്തിപ്പെടുന്നതിനും ഇത് തീർച്ചയായും വഴിയൊരുക്കും. സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞൻ എന്നനിലയിൽ ഈ പ്രവണതകളെ പ്രദീപ് എങ്ങിനെ നിരീക്ഷിക്കുന്നു.

= ഭരണകൂടങ്ങൾ എല്ലാവരെയും നിരീക്ഷിക്കുകയാണ്. മുമ്പ് ഒരാളുടെ കൊടുക്കൽ വാങ്ങൽ പ്രക്രിയകൾ മാത്രമാണ് നിരീക്ഷണ വിധേയമായിരുന്നത്. നിരീക്ഷകന്റെ പങ്ക് ഇന്ന് കൂടുതൽ വിപുലീകൃതമാണ്. അക്കൗണ്ടിങ്‌ നിരീക്ഷകൻ ഇന്ന് ഒരു വ്യക്തിയുടെ മുഴുവൻ ശാരീരികവും മാനസികവുമായ പെരുമാറ്റങ്ങളുടെ നിരീക്ഷകനായി മാറിയിരിക്കുന്നു. ഒരു സാങ്കേതികവിദ്യ ഭീമന് സ്വതന്ത്രവ്യക്തികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനും കഴിയും. എഐ, ബിഗ് ഡാറ്റ തുടങ്ങിയവക്ക് തീർച്ചയായും ചില ഇരുണ്ട വശങ്ങളുണ്ട്. സമഗ്രാധിപത്യത്തിന്റെ ലോകത്തേക്ക് പോകാനുള്ള സാധ്യത തള്ളാനാവില്ല. ഇതെന്റെ മേഖലയല്ലാത്തതിനാൽ ആഴത്തിലുള്ള വിശകലനത്തിന് മുതിരുന്നില്ല.
 ഇതിനെ പ്രതിരോധിക്കാൻ ജനാഭിമുഖ്യമുള്ള ശാസ്ത്ര സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നമ്മുടെ നിലപാടുകളാണ് പ്രശ്നം. എല്ലാവരുടെയും അടുത്തേക്ക് വിദ്യാഭ്യാസം എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യകളുടെ സാധ്യതകൾ നാം ഉപയോഗപ്പെടുത്തണം. അറിവ് ഉണ്ടാക്കുന്ന അസ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യമാക്കി മാറ്റുന്നതും അറിവാണെന്ന് നാം തിരിച്ചറിയണം. സമഗ്രാധിപത്യത്തിന്റെ ഭാഗത്തേക്ക് ലോകം തിരിയുമ്പോഴും ജനാധിപത്യത്തിന്റെ സുന്ദരമായ ഇടം സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ അവശേഷിക്കുന്നു.
 എല്ലാവർക്കും ജലവും ഭക്ഷണവും ഔഷധവും നല്കുന്നതിനുള്ള സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തണം. ഗ്ലോബൽ കണക്ടിവിറ്റി എല്ലാവരുടെയും അവകാശമാണ്. സാങ്കേതികവിദ്യയുടെ സാധ്യതകൾ അനന്തമാണ്. മനുഷ്യപക്ഷത്തുനിന്നുള്ള വികസനസങ്കല്പനത്തിന് ഊന്നൽ നല്കണം.

? ഇവിടെ മറ്റൊരു പ്രശ്നമുദിക്കുന്നു. നമ്മുടെ ഗവേഷണം ദരിദ്രജനവിഭാഗത്തെ അവഗണിക്കുന്നുണ്ടോ. പോഷകാഹാരക്കുറവ്, ദാരിദ്ര്യം, പകർച്ചവ്യാധികൾ, അടിസ്ഥാന ജീവനോപാധികളുടെ വികസനം തുടങ്ങിയ മേഖലകളെ നമ്മുടെ ഗവേഷണമേഖല ഗൗരവത്തോടെ പരിഗണിക്കുന്നില്ലേ. ഉദാഹരണങ്ങൾ ധാരാളമുണ്ട്. ഉന്നതശാസ്ത്രഗവേഷണ മേഖല സ്ത്രീകളെ മാറ്റിനിർത്തുന്നുണ്ടോ. വിശദീകരിക്കാമോ... ഇന്ത്യയുടെ ശാപമായി വിലയിരുത്തപ്പെടുന്ന സവർണാവർണഭേദം ഈ മേഖലയിലുണ്ടോ.

=  ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹ്യയാഥാർഥ്യങ്ങളുടെ പ്രതിഫലനം ഇവിടെയുമുണ്ടാകും. സ്ത്രീകളുടെ അസാന്നിധ്യവും അങ്ങനെ ദർശിക്കണം. സമൂഹത്തിലെ ചൂഷിതമേഖലകൾ, അസമതകൾ പ്രതിഫലിക്കുന്ന കണ്ണാടികളാണ് ഈ മേഖലയെന്ന എന്റെ മുൻപ്രസ്താവന ഞനാവർത്തിക്കുന്നു. ഇതെങ്ങനെ ലഘൂകരിക്കാമെന്ന് പരിശോധിക്കണം.
 നിയമപരിരക്ഷകൊണ്ടുമാത്രം ഇത് നടപ്പാവില്ല. ശാസ്ത്രത്തിലും സാമൂഹ്യവിഷയങ്ങളിലും പുരോഗമനപക്ഷപാതിത്വം പുലർത്തുന്ന ആണുങ്ങൾ വീട്ടിലെങ്ങനെ പെരുമാറുന്നു? ആണധികാരത്തിന്റെ ഒട്ടേറെ പുത്തൻഗാഥകൾ നാം നിരന്തരം കേൾക്കുന്നു. ഞാൻ വ്യക്തിപരമായി ഇത്തരമൊരു മേഖലയിലൂടെ ചിലപ്പോഴൊക്കെ കടന്നുപോയിട്ടുണ്ട്. ബ്രാഹ്മണനായിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായേനെ എന്ന് ഞാൻ ചിന്തിച്ച സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഇരുപത്തിയഞ്ചിലോ മുപ്പതിലോ നിൽക്കുന്ന ഒരു ഗവേഷകന് തീർച്ചയായും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാം. മാംസാഹാരം കഴിച്ചതിന്റെ പേരിൽ അവഹേളിക്കപ്പെട്ട വിദ്യാർഥികൾ ഐഐടി ഹോസ്റ്റലിലുണ്ട്.

ഡോ. ടി പ്രദീപ്‌ ഭാര്യ ശുഭ, മക്കളായ രഘു, ലയ  എന്നിവർക്കൊപ്പം

ഡോ. ടി പ്രദീപ്‌ ഭാര്യ ശുഭ, മക്കളായ രഘു, ലയ എന്നിവർക്കൊപ്പം

? മലയാളികളുടെ മാതൃഭൂമിയിലേക്ക് തിരിച്ചെത്തി നമുക്കീ സംഭാഷണം അവസാനിപ്പിക്കാം. നവോത്ഥാനത്തിലൂടെ കടന്നുപോയ മലയാളി സമൂഹത്തിന്റെ വർത്തമാനാവസ്ഥയോടുള്ള പ്രതികരണം. ജാതിയും ആചാരങ്ങളും മുറുകെപ്പിടിച്ച് പുതുകേരളം സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കുന്നവർ ഇവിടെ ധാരാളമുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാൽ ഇന്ത്യയിലേറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നത് മലയാളികളാണെന്ന് പ്രദീപിന്റെ ഒരു സമീപകാല പ്രഭാഷണത്തിലുണ്ടായിരുന്നു. നവകേരള നിർമിതിയുടെ സാധ്യതകൾ എന്തൊക്കെയാണ്.

= ശാസ്ത്രം എന്നത് പ്രതീക്ഷയാണ്. കൂടുതൽ മെച്ചപ്പെട്ടൊരു ഭാവി സ്വപ്നം കാണുന്നവർക്ക് അത് സാക്ഷാത്കരിക്കാനുള്ള ‘tool’ശാസ്ത്രമാണ്. എല്ലാവർക്കും വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷണം, മരുന്ന്, കണക്ടിവിറ്റി തുടങ്ങിയ പ്രതീക്ഷകളെ യാഥാർഥ്യമാക്കുന്നത് ശാസ്ത്രമാണ്.
 നമ്മുടെ ആയുർദൈർഘ്യത്തിന്റെ വർധന, ശിശുമരണനിരക്കിലുണ്ടായ കുറവ് എന്നിവ സംഭവിച്ചത് പ്രതീക്ഷകളുടെ ശാസ്ത്രം ജനങ്ങളിലെത്തിയതുകൊണ്ടാണ്. പക്ഷേ, കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആശുപത്രിയിലെത്തുമ്പോഴും നമ്മൾ നായരും തീയനും പട്ടികജാതിക്കാരനുമാകുന്നതാണ് പ്രശ്നം. ബുദ്ധിയെ സ്വാധീനിച്ചതുപോലെ ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഗുണമേന്മയേറിയ വിദ്യാഭ്യാസം സാധ്യമാകണം.

 നാരായണഗുരുവിനും രണ്ടാം മഹായുദ്ധത്തിനുശേഷവും കേരളം വളർന്നപ്പോഴും ഒട്ടേറെ അപച്യൂതികളിലേക്ക് നാം തിരിച്ചുപോയി. മോചനമാണ് പുതിയ വിദ്യാഭ്യാസം. പക്ഷേ, ഗർത്തങ്ങൾ നമ്മെ കാത്തിരിക്കുകയാണ്. ജാതിചേരിതിരിവുകൾ, പരമ്പരാഗത ആചാരങ്ങൾ തുടങ്ങിയവ.
പുത്തൻവെല്ലുവിളികളെ പുരോഗമനപ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം. സിംഗപ്പൂർ, ഫിൻലന്റ്, വിയറ്റ്നാം, സ്കാൻഡിനേവിയൻ രാജ്യങ്ങൾ തുടങ്ങിയവയിൽ നമുക്ക് പകർത്താവുന്ന ഒട്ടേറെ മാതൃകകൾ ഉണ്ട്. ശാസ്ത്രബോധമുള്ള കർമോത്സുകതയുള്ള നമ്മുടെ മനുഷ്യസമ്പത്തിനെ ലക്ഷ്യബോധത്തോടെ നാം പ്രയോജനപ്പെടുത്തണം. ഫ്യൂഡൽ, പാട്രിയാർക്കൽ മൂല്യങ്ങളിൽനിന്ന് കുതറിമാറുന്നതിന് വലിയ സാമൂഹ്യമാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. Remitted economy യെ മാത്രം ആശ്രയിക്കാതെ വിശാലമായ ആകാശത്തേക്ക് പറന്നുപോകുന്ന യുവതയുടെ കർമശേഷി മലയാളനാട്ടിൽ നിലനിർത്താൻ കഴിഞ്ഞാൽ കേരളം മാറും. ശാസ്ത്രത്തിന്റെ അനന്തമായ ശോഭനമായ ഭാവിയുടെ ചിറകിലേറി 'മലയാളിയുടെ മാതൃഭൂമിക്ക്' കുതിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

(ദേശാഭിമാനി വാരികയിൽ നിന്ന്‌). 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top