19 April Friday

ബക്കിങ്ഹാം : ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യത്തെ മൂല്യബിംബം-എന്‍ പി ചന്ദ്രശേഖരന്റെ പംക്തി മൂന്നാം ഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

ബക്കിങ്ഹാം

ഇന്ത്യയുടെ ആദ്യകാല ആംഗ്ലോഇന്ത്യന്‍ പത്രാധിപര്‍മാരില്‍ ഏറ്റവും പ്രമുഖന്‍ ജെയിംസ് സില്‍ക്ക് ബക്കിങ്ഹാമാണ്. അദ്ദേഹത്തിന്റെ പത്രം കല്‍ക്കത്താ ജേര്‍ണല്‍ ആയിരുന്നു. 1818 ഒക്ടോബര്‍ രണ്ടിനു പുറത്തുവന്നു. ഇത് ദൈ്വവാരപത്രമായിരുന്നു.
ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് ഇല്ലാതായി 37 കൊല്ലം കഴിഞ്ഞപ്പോഴാണ് കല്‍ക്കത്താ ജേര്‍ണല്‍ വന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അനുഗ്രഹാശി സുകളോടെ 1780ല്‍ തുടങ്ങിയ ദി ഇന്ത്യാ ഗസറ്റ് 1789ല്‍ നിലച്ചു. കമ്പനിയുടെ നയങ്ങളെ പിന്തുണച്ച പത്രം എന്നതാണ് ചരിത്രത്തില്‍ ഇന്ത്യാ ഗസറ്റിന്റെ സ്ഥാനം. ഇതുകൂടാതെ പതിനെട്ടാം നൂറ്റാണ്ടില്‍ കല്‍ക്കത്തയില്‍നിന്ന് 22 വാര്‍ത്താപ്രസിദ്ധീകരണങ്ങള്‍ പുറത്തുവന്നു. മദിരാശിയില്‍ നിന്നും ബോംബെയില്‍ നിന്നും മൂന്നു വീതം പത്രങ്ങളും പുറത്തിറങ്ങി. ഇവയെല്ലാം ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ തുടങ്ങിയ പത്രങ്ങളായിരുന്നു.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കാണേണ്ടത് ജെയിംസ് അഗസ്റ്റസ് ഹിക്കിയെയല്ല എന്നു വാദിക്കുന്നവരുണ്ട്. ഹിക്കിയുടെ ബംഗാള്‍ ഗസറ്റിന്റെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ അദ്ദേഹം ആ പദവിക്ക് അര്‍ഹനല്ലെന്ന് പത്രചരിത്രകാരന്‍ ജിഎന്‍എസ് രാഘവന്‍ വാദിക്കുന്നു.  ഹിക്കി ഇന്ത്യക്കാരെ പരിഗണിച്ചിരുന്നില്ല എന്ന് മോഹിത് മിശ്ര കൂട്ടിച്ചേര്‍ക്കുന്നു. എന്നിട്ടോ, പലരും ആ സ്ഥാനം നല്‍കുന്നത് ബക്കിംഗ്‌ഹാമിനാണ്. പത്രചരിത്രകാരന്‍ രംഗസ്വാമി പാര്‍ത്ഥസാരഥി ആ അഭിപ്രായക്കാരനാണ്.

എന്നാല്‍, ബക്കിങ്ഹാമിന്റെ പത്രത്തേക്കാള്‍ മൂന്നരപ്പതിറ്റാണ്ടിലേറെ മുമ്പാണ് ഹിക്കിയുടെ പത്രം പുറത്തിറങ്ങിയത് എന്നത് കാണുകതന്നെ വേണം. നാലു പതിറ്റാണ്ടോളം അകലമുള്ള രണ്ടു പ്രസിദ്ധീകരണങ്ങളെ കാലപരിഗണനകൂടാതെ താരതമ്യപ്പെടുത്തി ഗുണദോഷവിശകലനം നടത്തുന്നതു ശരിയല്ല. ആദ്യകാല ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ പ്രമുഖന്‍ എന്ന പദവിയാണ് ജവഹര്‍ലാല്‍ നെഹ്റു ബക്കിംഗ്ഹാമിനു നല്‍കുന്നത്. അങ്ങനെതന്നെ കാണുന്നതാകും ചരിത്രത്തോടു നീതി ചെയ്യുന്ന സമീപനം.ഒപ്പം, ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തില്‍ ബക്കിങ്ഹാമിന്റെ ഇടവും പ്രസക്തിയും കണ്ടെത്തുകയും വേണം. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തമാണ്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പാരമ്പര്യം എന്താണ്, അതില്‍ പുരോഗമനപരവും പ്രതിലോമപരവുമായ ധാരകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.

പത്രപ്രവര്‍ത്തനത്തെ നവോത്ഥാനവുമായി കൂട്ടിയിണക്കിയതാണ് ബക്കിങ്ഹാമിന്റെ ഒരു സവിശേഷത. രാജാ റാം മോഹന്‍ റോയിയുടെ സുഹൃത്തായിരുന്നു അദ്ദേഹം. സതിപോലുള്ള അനാചാരങ്ങളെ ബക്കിങ്ഹാം എതിര്‍ത്തു. അന്നത്തെ ഇന്ത്യയിലെ ഇംഗ്ലീഷ് സമൂഹം സതിക്കെതിരായിരുന്നു. അതിനാല്‍, ഇത് ഒരു ഇംഗ്ലീഷുകാരനില്‍നിന്നു പ്രതീക്ഷിക്കാവുന്ന നിലപാടാണ്. എന്നാല്‍, അതിനും അപ്പുറത്തേയ്ക്കു കടക്കാന്‍ ബക്കിങ്ഹാമിനു കഴിഞ്ഞു.

ഒന്ന്, ഇംഗ്ലീഷ് ഭരണാധികാരികളുടെ ദുഷ്ചെയ്തികളെ കല്‍ക്കത്താ ജേര്‍ണല്‍ ചോദ്യം ചെയ്തു. മുമ്പ് ഹിക്കിയും അതു ചെയ്തിട്ടുണ്ട്. ഹിക്കിയുടെ പത്രത്തിന്റെ ദുരനുഭവം മുന്നിലുണ്ടായിട്ടും അതു ചെയ്യാന്‍ ബക്കിങ്ഹാം ധൈര്യം കാട്ടി. അതു വലിയ കാര്യമാണ്.
രണ്ട്,  പ്രാദേശികപത്രങ്ങളുടെ ഉള്ളടക്കം ബക്കിങ്ഹാം സ്വന്തം പത്രത്തില്‍ പകര്‍ത്തി. ഇന്ത്യന്‍ പ്രശ്നങ്ങള്‍ ഇംഗ്ലണ്ടിലടക്കം അറിയാന്‍ ഇത് ഇടവരുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതൊരു ചെറിയകാര്യമല്ല.

ഇംഗ്ലീഷുകാരുടെ വിശേഷങ്ങള്‍മാത്രമല്ല ഇന്ത്യയുടെ വാര്‍ത്ത എന്ന ബോധ്യം അക്കാലത്തുണ്ടാവുക, ഇന്ത്യയിലെ വിശേഷങ്ങള്‍ കൂടി വാര്‍ത്തയാണ് എന്നു വിശ്വസിക്കുക, അവ ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെ സമൂഹം അറിയേണ്ടതുണ്ട് എന്നു കരുതുക, അതിന് നാട്ടുഭാഷാപത്രങ്ങളെത്തന്നെ ആശ്രയിക്കുക, അങ്ങനെ അവയുടെ ഉള്ളടക്കത്തിന് സമ്മതി നല്‍കുക അതൊക്കെയാണ് ബക്കിങ്ഹാം ചെയ്തത്. ഈ സമീപനം വന്നത് ഒരു ഇംഗ്ലീഷുകാരനില്‍ നിന്നാണ് എന്നത് നിസ്സാരമല്ല.

ഇംഗ്ലീഷ് അധികാരികളെ ചോദ്യം ചെയ്യുന്ന ബക്കിങ്ഹാമിന്റെ രീതി രണ്ടു സന്ദര്‍ഭങ്ങളില്‍ വലിയ കോലാഹലമുണ്ടാക്കി. ഒന്ന്,ബ്ദ കല്‍ക്കത്താ നേറ്റീവ് മെഡിക്കല്‍ സ്കൂളിന്റെ മേധാവിയായി ഡോ. ജെയിംസ് ജെയിംസനെ നിയമിച്ചു. അദ്ദേഹം മൂന്നു ചുമതലകള്‍ ഒരുമിച്ചു വഹിച്ചിരുന്നു. ഒരാള്‍ക്കുതന്നെ നാലു തസ്തികകള്‍ കൊടുക്കുന്നതു ശരിയല്ല എന്ന നിലപാട് പത്രം എടുത്തു. ഇതോടെ ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ ബക്കിങ്ഹാമിനെതിരെ നടപടികളിലേയ്ക്കു തിരിഞ്ഞു. അദ്ദേഹത്തെ നാടുകടത്തണമെന്ന ആവശ്യമുയര്‍ന്നു. അന്നു ഗവര്‍ണര്‍ ജനറലായിരുന്ന ഹേസ്റ്റിംഗ്സ് പ്രഭു അത്ര വരെ പോയില്ല. പകരം അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസെടുത്തു. എന്നാല്‍, കോടതി ബക്കിങ്ഹാമിനൊപ്പം നിന്നു. അതോടെ ആ പ്രശ്നം തീര്‍ന്നെങ്കിലും ബക്കിങ്ഹാം, കമ്പനിയുടെ നോട്ടപ്പുള്ളിയായി.

രണ്ട്, പിന്നീട് ഹേസ്റ്റിംഗ്സിനു ശേഷം ഗവര്‍ണര്‍ ജനറലിന്റെ താല്‍ക്കാലിക ചുമതലയിലെത്തിയ ജോണ്‍ ആഡം നടത്തിയ ഒരു നിയമനത്തെ കല്‍ക്കത്താ ജേര്‍ണല്‍ ചോദ്യം ചെയ്തു. ആഡത്തിന്റെ സുഹൃത്ത് റവ. ഡോ. സാമുവല്‍ ജെയിംസ് ബ്രൈസിനെ സ്റ്റേഷനറി വകുപ്പിന്റെ മേധാവിയാക്കിയതിനെതിരെയാണ് പത്രം രംഗത്തുവന്നത്. ഇതേത്തുടര്‍ന്ന് പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും പത്രാധിപരെ നാടുകടത്താനും ആഡം ഉത്തരവിട്ടു. മാത്രവുമല്ല, പത്രങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സും പുറപ്പെടുവിച്ചു.

1818 ഒക്ടോബര്‍ 2നാണ് കല്‍ക്കത്താ ജേര്‍ണലിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത് എന്നു പറഞ്ഞല്ലോ. 1823 ഏപ്രില്‍ 26ന് അവസാന ലക്കം ഇറങ്ങി. നാലരക്കൊല്ലം നിലനിന്ന പ്രസിദ്ധീകരണം! പത്രം നിര്‍ത്തുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തെങ്കിലും കമ്പനിക്ക് ബക്കിംഗ്ഹാമിനു മുമ്പില്‍ മറ്റൊരു തരത്തില്‍ മുട്ടുകുത്തേണ്ടി വന്നു. അദ്ദേഹത്തിനെതിരായ നടപടി അനീതികരമാണെന്ന് ഹൗസ് ഓഫ് കോമണ്‍സിന്റെ കമ്മിറ്റി വിലയിരുത്തി. അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി. ഇതുമൂലം കമ്പനി അദ്ദേഹത്തിന് 500 പൗണ്ട് വാര്‍ഷിക പെന്‍ഷന്‍ നല്‍കേണ്ടിവന്നു.

നാടുകടത്തപ്പെട്ട ബക്കിങ്ഹാം ഇംഗ്ലണ്ടില്‍ ഓറിയന്റല്‍ ഹെറാള്‍ഡ് ആന്‍ഡ് കൊളോണിയല്‍ റിവ്യൂ എന്ന പത്രം നടത്തി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ പാരമ്പര്യമാണ് ഈ പത്രത്തിനുള്ളത്. ദി സ്ഫിംഗ്സ് എന്ന പേരില്‍ ഒരു വാരികയും അദ്ദേഹം നടത്തി. രാഷ്ട്രീയം, സാഹിത്യം, വാര്‍ത്ത എന്നിവയായിരുന്നു അതിന്റെ ഉള്ളടക്കം. അഥീനിയം എന്ന ഒരു സാഹിത്യപ്രസിദ്ധീകരണത്തിനും അദ്ദേഹം തുടക്കം കുറിച്ചു. തുടങ്ങി ആഴ്ചകള്‍ക്കകം അത് അദ്ദേഹം വില്‍ക്കുകയായിരുന്നു. ആര്‍ഗ്യൂ എന്ന പേരില്‍ ഒരു അന്തിപ്പത്രം തുടങ്ങിയെങ്കിലും അതിന്റെ ആദ്യപ്രതിയേ പുറത്തിറങ്ങിയുള്ളൂ.

പിന്നീട്,  ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത ബക്കിങ്ഹാം എം പിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. നാട്ടിലും സാമൂഹികപരിവര്‍ത്തനങ്ങളുടെ കാഹളവാദകനായിരുന്നു അദ്ദേഹം. സായുധസേനയിലെ ചാട്ടയടി ശിക്ഷയ്ക്കെതിരെയും സൈന്യത്തില്‍ നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുന്ന സമ്പ്രദായത്തിനെതിരെയും അദ്ദേഹം വാദിച്ചു. ഒട്ടേറെ ഗ്രന്ഥങ്ങളും ബക്കിങ്ഹാം എഴുതിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ബ്രിട്ടീഷ് ഇന്ത്യയില്‍ ലിബറല്‍ പ്ര ിനായി പൊരുതി നാടുകടത്തപ്പെട്ട പത്രാധിപര്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ തിളക്കമുള്ള അധ്യായം.
പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ മുന്‍കൈയില്‍ 30 പത്രങ്ങളാണ് തുടങ്ങിയത്. 24 ഉം കല്‍ക്കത്തയിലായിരുന്നു.

കല്‍ക്കത്ത ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നല്ലോ. ബംഗാള്‍ ഗസറ്റ് - 1780, ഇന്ത്യാ ഗസറ്റ് - 1780, കല്‍ക്കത്താ ഗസറ്റ് - 1784, ബംഗാള്‍ ജേര്‍ണല്‍ - 1785, ഓറിയന്റല്‍ മാഗസിന്‍ - 1785, കല്‍ക്കത്താ ക്രോണിക്കിള്‍ - 1786, കല്‍ക്കത്താ അഡ്വര്‍ട്ടൈസര്‍ - 1787, ഏഷ്യാറ്റിക് മിറര്‍ 1788, കല്‍ക്കത്താ മന്ത്‌ലി രജിസ്റ്റര്‍  1790, കല്‍ക്കത്താ സണ്‍ഡേ റിക്കോഡര്‍-1790, ബംഗാള്‍ യൂണിവേഴ്സല്‍ ഇന്റലിജെന്‍സര്‍-1790, കല്‍ക്കത്താ ജനറല്‍ അഡ്വര്‍ട്ടൈസര്‍ - 1791, ജേര്‍ണല്‍ - 1791, കല്‍ക്കത്താ മാഗസിന്‍ - 1791, ദി വേള്‍ഡ് - 1791, ടൈംസ് - 1792, കല്‍ക്കത്താ ഫ്രൈഡേ മോര്‍ണിംഗ് പോസ്റ്റ് - 1792, ഓറിയന്റല്‍ സ്റ്റാര്‍ - 1793, കല്‍ക്കത്താ മന്ത്‌ലി ജേര്‍ണല്‍ -1794, ബംഗാള്‍ ഹിര്‍കറാഫ് - 1795, ഇന്ത്യന്‍ അപ്പോളോ - 1795, കല്‍ക്കത്താ ടെലിഗ്രാഫ് - 1796, ഏഷ്യാറ്റിക് മാഗസിന്‍  1798, കല്‍ക്കത്താ കൊറിയര്‍  1798 എന്നിവയാണവ.

മദിരാശിയില്‍ നിന്ന് മൂന്നു പത്രങ്ങള്‍ ഇറങ്ങി. മദ്രാസ് കൊറിയര്‍ - 1785,

വീക്കിലി മദ്രാസ് ഗസറ്റ്- 1795, ഇന്ത്യാ ഹെറാള്‍ഡ് - 1795. ബോംബെയില്‍ നിന്ന് ബോംബെ ഹെറാള്‍ഡ് - 1789, ബോംബെ കൊറിയര്‍ - 1790, ബോംബെ ഗസറ്റ് - 1791 എന്നിവ ഇറങ്ങി. ഇവയെ ഇന്ത്യയുടെ പത്രചരിത്രത്തിലെ ആംഗ്ലോ ഇന്ത്യന്‍ പത്രങ്ങള്‍ എന്നാണ് പറയാറ്. ഇവയുടെ സവിശേഷതകള്‍ ചരിത്രം വിലയിരുത്തിയിട്ടുണ്ട്. അവയത്രയും നഗരങ്ങളിലെ ഇംഗ്ലീഷുകാരെ സദസ്സായി കണ്ടു. ഇവയത്രയും തീവ്രനിലപാടുകള്‍കൊണ്ടു ശ്രദ്ധേയമായി. ഒന്നുകില്‍ ഇംഗ്ലീഷുകാരെ അനുകൂലിച്ചു, അല്ലെങ്കില്‍ എതിര്‍ത്തു. രണ്ടു നിലപാടായാലും അത് തീവ്രമായിത്തന്നെ ചെയ്തു. മറു നിലപാടുള്ള പത്രങ്ങളെ ആക്രമിക്കുന്ന ശൈലിയും ഇവ പുലര്‍ത്തി. തദ്ദേശവിഭവങ്ങള്‍ ആര്‍ക്കും തന്നെ പ്രധാനമായിരുന്നില്ല. അതില്‍ നിന്നു വേറിട്ടുനിന്നത് കല്‍ക്കത്താ ജേര്‍ണല്‍മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ കല്‍ക്കത്താ ജേര്‍ണലും അതിന്റെ പത്രാധിപരും നമ്മുടെ ആംഗ്ലോ ഇന്ത്യന്‍ പത്രങ്ങളുടെ വിതാനത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ പത്രമണ്ഡലം പാരമ്പര്യമായി കണ്ടെടുക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മൂല്യങ്ങള്‍ കല്‍ക്കത്താ ജേര്‍ണലിലും ബെക്കിംഗ്‌ഹാമിലുമുണ്ട്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതൃസ്ഥാനം ഹിക്കിക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, അതിന്റെ ആദ്യ മൂല്യബിംബമായി ഉയര്‍ന്നു നില്‍ക്കുന്നയാള്‍ തീര്‍ച്ചയായും ബെക്കിംഗ്‌ഹാം തന്നെയാണ്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തില്‍ അതിന്റെ ഉദയകാലം മുതല്‍തന്നെ ധീരതയോടെ നിലയുറപ്പിച്ചവരും അന്നന്നു കാണുന്നതിനെ വാഴ്ത്തുന്നവരും ഉണ്ടായിരുന്നു. ആദ്യത്തെ കൂട്ടര്‍ നിയമത്തെയും നീതിനിഷേധത്തെയും നേരിട്ടിട്ടും കനല്‍പ്പാതകളിലൂടെ മുന്നോട്ടുപോയി ഇടറിവീണു. രണ്ടാമത്തെ കൂട്ടര്‍ പത്രപ്രവര്‍ത്തനത്തിലൂടെ പ്രതിലോമാശയങ്ങള്‍ ഒളിച്ചുകടത്തി. പത്രപ്രവര്‍ത്തനത്തിന്റെ തിളങ്ങുന്ന പാരമ്പര്യം രാജനിഷേധികളുടേതാണ്. ഇംഗ്ലീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ ദുഷ്ചെയ്തികളെ തുറന്നെതിര്‍ത്ത ആദിനേതാക്കളില്‍നിന്നാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനം അതിന്റെ വീറും വീര്യവും ഏറ്റുവാങ്ങിയത്.

(ചിന്ത വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top