18 April Thursday

പൊതുബോധം കുഴിക്കുന്ന സെലക്‌ടീവ് കുഴികൾ...

ഹരിനാരായണൻ എസ്‌Updated: Thursday Oct 6, 2022

ഹരിനാരായണൻ എസ്‌

ഹരിനാരായണൻ എസ്‌

ഉല്ലേഖ് എൻ പിയുടെ Kannur: Inside India’s Bloodiest Revenge Politics  എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പുസ്തകത്തോടുള്ള വിമർശനമായി പറഞ്ഞ ഒരു ചില വാചകങ്ങൾ ശ്രദ്ധേയമായിരുന്നു. അതിലൊന്ന്‌, കണ്ണൂരിലെ കൊലപാതകങ്ങളുടെ വിവരണത്തിന്റെയും വിശകലനത്തിന്റെയും ഭാഗമായി സിപിഐഎമ്മിനെയും ആർ.എസ്.എസിനേയും സമീകരിക്കുന്നു എന്നതാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സൃഷ്ടിച്ച വമ്പിച്ച സ്വീകാര്യതയുള്ള പൊതുബോധത്തിന്റെ ബാക്കിപത്രം കൂടിയാണ് ഇത്തരം സമീകരണങ്ങൾ.

കേരളത്തിലെ സവർണ്ണ മധ്യവർഗ്ഗ അരാഷ്ട്രീയ പൊതുബോധത്തിന്റെ സോഷ്യൽഹെജിമണി ഏതൊരു സാമൂഹിക രാഷ്ട്രീയ വ്യവഹാരത്തെയും സ്വാധീനിക്കാൻ തക്കവണ്ണം ശക്തമാണ്. പൊതുവേ ഹർത്താലിനെതിരെ ആഞ്ഞടിക്കുന്ന (ദളിത് സംഘടനകളുടെ ഹർത്താൽദിവസം അത് പൊളിക്കാനുള്ള ആഹ്വാനം വരെ നടത്തിയ) ഈ പൊതുബോധം, ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾ അഞ്ചും ആറും ഹർത്താലുകൾ തുടർച്ചയായി നടത്തിയപ്പോൾ മാളത്തിലൊളിച്ചിരുന്നു. സെയ്‌താലിയും, അഭിമന്യുവും ധീരജുമുൾപ്പടെയുള്ള എസ്‌എഫ്‌ഐ പ്രവർത്തകരുടെ ജീവനുകൾ ക്യാമ്പസുകളിൽ പൊലിഞ്ഞിട്ടും വലത് വിദ്യാർഥി സംഘടനകളെ സമാധാനത്തിന്റെ ദൂതരായി ചിത്രീകരിക്കുന്നതും ഈ പൊതുബോധം തന്നെയാണ്. സിനിമയിലും സാഹിത്യത്തിലും ഇതിന്റെ പ്രതിഫലനങ്ങൾ കാണാം. മലയാള സിനിമ ടോട്ടാലിറ്റിയിൽ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുതറ, ശ്രീനിവാസന്റെ ‘സന്ദേശം’ ആവർത്തിച്ച് പറഞ്ഞുറപ്പിച്ച അരാഷ്ട്രീയ ബോധമണ്ഡലത്തെ സലാം പറഞ്ഞ് ആശ്ലേഷിക്കുന്ന ഒന്നാണ്. ഈ ‘സിനിമാറ്റിക് യൂനിവേഴ്‌സി’ൽ, സിപിഐ എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചാൽ മാത്രമേ കേരളത്തിൽ സമാധാനമുണ്ടാകൂവെന്നും, ഇത്തരം ചോരക്കളികളിൽ കോൺഗ്രസ് പാർട്ടിക്ക് യാതൊരു പങ്കുമില്ലയെന്നുമൊക്കെയുള്ള അബദ്ധജടിലമായ ധാരാളം ലളിതയുക്തികളുണ്ട്. ഈ നിരയിൽഏറ്റവുമൊടുവിലായി പുറത്തുവന്ന ചിത്രമാണ് രഞ്ജിത്ത് നിർമിച്ച് സിബി മലയിൽ സംവിധാനം ചെയ്‌ത ‘കൊത്ത്’.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷമാണ് കൊത്തിന്റെ കഥാപരിസരം. രാഷ്ട്രീയ കൊലപാതകം സമം കണ്ണൂരെന്ന ക്ലീഷേ സമവാക്യമൊക്കെ പഴങ്കഥയായിത്തുടങ്ങുന്ന കാലമാണിത്. ഹിന്ദു വർഗീയവാദികളായ സംഘപരിവാറും ഇസ്ലാമിസ്റ്റ് വർഗീയപ്പാർട്ടിയായ പോപ്പുലർ ഫ്രണ്ടും 24 മണിക്കൂറിന്റെ ഇടവേള പോലുമില്ലാതെ പരസ്പരം കൊന്നൊടുക്കിയ സംഭവങ്ങളുണ്ടായത് ആലപ്പുഴയിലും പാലക്കാടുമാണ്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് കത്തിച്ചു പടർത്താനാവുന്ന മതവർഗീയ സാധ്യതകളും ഇത്തരം കൊലകൾക്കു പിന്നിലുണ്ട്. ഇതൊക്കെ നടക്കുന്ന കാലത്തും രാഷ്ട്രീയ കൊലപാതകമെന്നാൽ കണ്ണൂരിലേത് മാത്രമാണെന്ന വിശ്വാസം സമൂഹത്തിൽ പ്രബലമാണെന്നു കാണാം. കൊത്തിൽ ഇടതുപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രണ്ടു സുഹൃത്തുക്കളെയും (അസിഫ് അലി, റോഷൻ മാത്യു) അവരെ നിയന്ത്രിക്കുന്ന മറ്റൊരു മുതിർന്ന സഖാവിനെയും (രഞ്ജിത്ത്) കാണാം. തങ്ങളുടെ കൂട്ടത്തിലുള്ള ഒരു പ്രവർത്തകനെ സംഘപരിവാറുകാർ കൊല്ലുന്നതും, അതിന്റെ പ്രതികാരമെന്നോണം നടത്തുന്ന മറുകൊലയോടെ ആസിഫും റോഷനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജിവിതം തന്നെ മാറിപ്പോവുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. കേരളത്തിലെ ഹെജിമോണിക് പൊതുബോധത്തെ തഴുകിത്തലോടി നിർമിച്ചെടുത്ത തിരക്കഥ വിലയിരുത്തുമ്പോൾ വിട്ടുകളയാനാവാത്ത ചില പാളിച്ചകളും അവയിലേക്കെത്തിച്ച കാരണങ്ങളും കണ്ടെത്താനാവും.

ചിത്രത്തിൽ ഇടത് പാർട്ടിയുടെ പ്രവർത്തകരുടെ ‘ധർമ്മസങ്കട(dilemma)’ത്തെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. നേതാവിന്റെ പ്രേരണയാൽ കത്തി കയ്യിലെടുക്കുന്നവർ പിന്നീട് ഖേദിക്കുന്നത് കാണാം. രാഷ്ട്രീയബോധം തൊട്ടുതീണ്ടാത്ത, നേതാവിന്റെ ആജ്ഞക്കനുസരിച്ച് എന്തു ചെയ്യാനും, ആരെക്കൊല്ലാനും തയ്യാറായ ഒരു ചാവേർ കൂട്ടമാണ് ഇവിടെ ഇടതു പാർട്ടിക്കാർ. രഞ്ജിത്ത് അവതരിപ്പിച്ച മുതിർന്ന സഖാവിന്റെ ചെയ്തികളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ചിത്രം, ആസിഫ് അലിയുടെ അച്ഛനെ മറ്റൊരു സഖാവ്(കോട്ടയം രമേഷ്) എതിർ പാർട്ടിക്കാരുടെ ആക്രമണത്തിലേക്ക് തള്ളി വിട്ടതായ സൂചനയും നല്കുന്നുണ്ട്. “നമ്മളൊന്നും വെട്ടു കൊണ്ടു മരിച്ചാൽചെഗുവേരയാവില്ല” എന്ന ആസിഫ് അലി മറ്റൊരു സഖാവിനു നല്കുന്ന ഉപദേശം മലയാളി മധ്യവർഗ്ഗത്തിൻ പൊതുപ്രവർത്തകരായ രാഷ്ട്രീയക്കാരോടുള്ള വരേണ്യ പുച്ഛത്തിൻ അടിവരയിടുന്ന ക്ലാസിക്ക് പ്രസ്താവനയാണ്. സംഘപരിവാർ പോലൊരു ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയോട് ഗ്രൗണ്ടിൽ  പോരുതിനില്ക്കുന്ന സാധാരണക്കാരായ ഇടത് പ്രവർത്തകരോട് മാധ്യമങ്ങളുൾപ്പടെ പ്രകടിപ്പിക്കുന്ന അവജ്ഞയിൽനിന്നുണ്ടാവുന്ന രാഷ്ട്രീയാജ്ഞതയുടെ ഫലമായേ ഇത്തരം സ്വാർഥതയുടെ ദുർഗന്ധം പേറുന്ന അഭിപ്രായങ്ങളെ കണക്കാക്കാനാവു. ഡൽഹി കലാപ സമയത്ത് നിശബ്ദരായിരുന്ന, എകപക്ഷീയമായ കശ്മീർ വിഭജനത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ആം ആദ്മി രാഷ്ട്രീയത്തെ ഓർമിപ്പിക്കുന്ന ഒന്നാണ് ഇത്തരം മധ്യവർഗ്ഗ രാഷ്ട്രീയാഭിപ്രായങ്ങൾ. കൊലപാതകരാഷ്ട്രീയം എതിർക്കപ്പെടെണ്ടതാണ്. പക്ഷെ സംവിധായകന്റെ ഉപദേശം ഇടതിനോട്  മാത്രമാവുന്നിടത്താണ് ഗൗരവത്തോടെ പറയുന്ന പലതും പരിഹാസ്യമായി മാറുന്നത്.  
         
എവിടെ കോൺഗ്രസ് ??
    ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്ന മിതിലാജ്, ഹഖ് മുഹമ്മദ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ധീരജ് തുടങ്ങിയ പേരുകൾ കേരളസമൂഹം മറന്നു തുടങ്ങിയിട്ടുണ്ടാവും. കേരളത്തിന്റെ പൊതുബോധം കോൺഗ്രസ് പാർട്ടിക്ക് നല്കുന്ന പ്രിവിലെജിന്‌ ഇതില്പരം ഉദാഹരണങ്ങൾ വേണ്ടിവരില്ല. ഇതേ കാലയളവിൽസംഘപരിവാർ കൊന്നു തള്ളിയ മറ്റ് സിപിഐഎം പ്രവർത്തകരെപ്പോലെ തന്നെ ഇവരും വിസ്മൃതിയിലേക്ക് തള്ളപ്പെടും. വെട്ടുകളുടെ എണ്ണം ഓർത്തോർത്തു പാടാൻ ‘വെട്ടുവഴിക്കവി’കളെ ആരും കണ്ടില്ല. അൻപത്തിയൊന്നിനെ സംസ്കാരിക കേരളം ഒന്നിച്ചെതിർത്തു. ഫാഷിസത്തോട് സന്ധിയില്ലാതെ പോരാടുന്ന ഒരു രാഷ്ട്രീയ പ്രത്യശാസ്ത്രത്തെ പിൻതുടരുന്ന അണികളിൽ നിന്നൊരിക്കലുമുണ്ടാവാൻ പാടില്ലാത്ത തെറ്റായിരുന്നുവത്. എന്നാൽ അൻപത്തിയൊന്നിനുമപ്പുറം കേരള രാഷ്ട്രീയമാവുന്ന പാലത്തിനടിയിലൂടെ ജലമേറെയൊഴുകി. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ  കൊല്ലപ്പെട്ടവരെല്ലാം സിപിഐഎമ്മുകരായിരുന്നു. എന്തുകൊണ്ടാവും വെട്ടിന്റെ കണക്കുകൾ മാധ്യമങ്ങൾ നമുക്ക് പാടിത്തരാത്തത്? ഇടുക്കിയിലെ വിദ്യാർഥിയായിരുന്ന ധീരജിന്റെ കൊലയാളിക്ക് ഒരൊറ്റ കുത്ത് മാത്രമേ വേണ്ടി വന്നുള്ളൂ. സംഘപരിവാർ കൊലപ്പെടുത്തിയ തിരുവല്ലയിലെ ലോക്കൽസെക്രട്ടറി സന്ദീപിന്റെ മൃതദേഹത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടായിരുന്നു പോലും! സാംസ്കാരിക കേരളം ഞെട്ടിയില്ല.. കവിതകളും പിറന്നില്ല. കാലം വീണ്ടുമുരുണ്ടു. ജീവനുകൾ പിന്നെയും പൊഴിഞ്ഞു. തൃശൂരിൽഞസനൂപ്, കാസർഗോഡ് ഔഫ് അബ്ദുറഹിമാൻ, പാലക്കാട് ഷാജഹാൻ. ഈ വെട്ടുകൾ നമ്മുടെ പോതുബോധത്തെ ഞെട്ടിക്കാതെ കടന്നുപോയി. മാധ്യമങ്ങൾ പഴയ കണക്കുകൾ വീണ്ടും നമുക്ക് വിളമ്പി.

കെ.സുധാകരൻ കെപിസിസിയുടെ ചുമതലയേറ്റെടുത്തതിനു ശേഷം അക്രമപ്രവർത്തനങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാവുന്ന പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സുവ്യക്തമാണ്. ധീരജ് കൊലക്കേസിലെ ഒന്നാം പ്രതി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനു കേരളം സാക്ഷിയായി. ധീരജ് മരണം ഇരന്നു വാങ്ങിയതാണെന്ന സുധാകരന്റെ അഭിപ്രായം മാധ്യമങ്ങളെ ഞെട്ടിച്ചില്ല. എഐസിസി ചുമതലയുള്ള ഷമ മുഹമ്മദ് ‘കർമ്മ’ എന്ന്‌ ട്വിറ്ററിൽകുറിച്ചാണ് സ്വന്തം പാർട്ടിയിലെ കൊലപാതകികളെ ആശ്ലേഷിച്ചത്. എന്നിട്ടും കൊത്ത് പോലൊരു ചിത്രം അക്രമ,കൊലപാതക രാഷ്ട്രീയമുപേക്ഷിക്കാൻ സിപിഐഎമ്മിനെ ഉപദേശിക്കുകയാണ്! സ്വന്തം പാർട്ടിക്കാരെപ്പോലും ഗ്രൂപ്പിന്റെ പേരിൽകൊന്നൊടുക്കിയ (ചാവക്കാട് ഹനീഫ, ലാൽജി, മധു ഈച്ചരത്ത്) പാരമ്പര്യം പേറുന്ന കോൺഗ്രസിനെ മധ്യവർഗ്ഗ പൊതുബോധം അക്രമരാഷ്ട്രീയവുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിൽനിന്നും സൗകര്യപൂർവ്വം ഒഴിവാക്കുന്നു. കൊത്ത് പൊളിറ്റിക്കൽ വയലൻസിന്റെ കാര്യകാരണങ്ങളിലേക്ക് വെളിച്ചം വീശാൻ ശ്രമിക്കുമ്പോൾ, എന്തുകൊണ്ട് ഇടതുപാർട്ടിക്കു നേരെ തന്നെ ചോദ്യശരങ്ങളെയ്യുന്നു എന്നതിന്‌ മുകളിൽ സൂചിപ്പിച്ച മുൻവിധികളാൽ നയിക്കപ്പെടുന്ന വിശ്വാസപ്രമാണങ്ങളല്ലാതെ മറ്റു കാരണങ്ങളില്ല. കൊത്തിൽ കാണികൾ കോൺഗ്രസിനെ കാണുന്നേയില്ല. ചിത്രത്തിന്റെ ആഖ്യാനം, രക്തത്തിന്റെ നിറത്തെ പാർട്ടി കൊടിയുടെ നിറവുമായി സമന്വയിപ്പിച്ച് ലളിതമായ ചില നിഗമനങ്ങളിലേക്കെത്തുകയാണ്. സംഘപരിവാർ പോലും ഈ ഏകപക്ഷീയമായ വിചാരണ നടക്കുന്ന കോടതിയിൽ മാപ്പുസാക്ഷി മാത്രമാണ്.   
    
വർഗീയതയുടെ വൈറസാണ് സംഘപരിവാർ രാഷ്ട്രീയത്തിന്റെ ജീവൻ ടോൺ. ഇന്ത്യയൊട്ടാകെ അധികാരം പിടിച്ചെടുത്ത ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് മുന്നിൽ വഴങ്ങാതെ നില്ക്കുന്ന കേരളത്തെ ദേശീയ തലത്തിൽ കരിവാരിത്തേയ്ക്കാൻ അർണബ് ഗോസാമിയുടെ നേതൃത്വത്തിൽ ദേശീയ മാധ്യമങ്ങൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്താറുണ്ട്. പടക്കം പൊട്ടി ആന ചത്തതും, രാഹുൽഗാന്ധിയുടെ പരിപാടിയിൽ മുസ്ലിം ലീഗ് കൊടി വന്നതുമൊക്കെ കേരളത്തെ ഇസ്ലാമിസ്റ്റുകളുടെ പിടിയിലായ നാടായി മുദ്രകുത്താനുള്ള ‘ഗോദി മീഡിയ’യുടെ ആസൂത്രിതമായ കാമ്പയിനിന്റെ ഭാഗമാണ്. കണ്ണൂരും ഇതേ മാതൃകയിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയത് സംഘപരിവാർ അണികൾ ഏകപക്ഷീയമായി കൊല്ലപ്പെടുന്നുവെന്ന ദേശീയ മാധ്യമങ്ങളുടെ പ്രചാരത്തോടെയാണ്. കണ്ണൂരിലൂടെ കേരളം എന്നത് പരിവാറിന്റെ വെറുമൊരു പകൽസ്വപ്നമല്ല. തലശ്ശേരി കലാപം മുതലിങ്ങോട്ടുള്ള ചരിത്രമാണ് ഈ പദ്ധതിക്ക് സാക്ഷി. അക്രമത്തിലൂടെ മാത്രം രാഷ്ട്രീയവളർച്ച നേടുന്ന സംഘപരിവാറിനേയും സിപിഐഎമ്മിനെയും ഒരേ ത്രാസിൽ അളക്കുന്നത് രാഷ്ട്രീയ അപക്വതയയുടെ ഞെട്ടിപ്പിക്കുന്ന ആഴത്തെ കാണിക്കുന്നു.

കൊത്ത് സിനിമയിലെ മറ്റൊരു ശ്രദ്ധേയമായ കാഴ്ചപ്പെടുത്തൽ പോലീസിന്റെയാണ്. സംവിധായകന്റെ അഭിപ്രായത്തിൽ ഭരിക്കുന്ന ഇടത് പാർട്ടിയുടെ നേതാവാണ് ലോക്കൽ പോലീസിനെ വരെ നിയന്ത്രിക്കുന്നത്. അയാൾ പറയുന്നവരെ മാത്രമേ പോലീസിന്‌ അറസ്റ്റ് ചെയ്യാനുമാവൂ. ഇത്തരത്തിൽ പൂർണമായും പാർട്ടി നിയന്ത്രിക്കുന്ന ലോക്കൽ പോലീസ് കേസുകൾ പാർട്ടിക്കനുകൂലമായി മാറ്റിയെടുക്കുന്നതിനിടയിലാണ് യതീഷ് ചൻദ്രയെ അനുസ്മരിപ്പിക്കുന്ന ഐപിഎസ്‌ കഥാപാത്രം ഇതിലെ കള്ളക്കളികൾ പൊളിക്കാൻ പ്രത്യക്ഷപ്പെടുന്നത്. അയാൾ പറയുന്നത് പോലും തനിക്ക് ശമ്പളം തരുന്നത് കേന്ദ്രമാണെന്നാണ്. ഇത്തരത്തിൽ കേരളത്തിലെ പോലീസ് ഭരിക്കുന്ന പാർട്ടിയുമായി ചേർന്ന്‌ കേസുകൾ അട്ടിമറിക്കുന്നുവെന്ന സംഘപരിവാർ വാദത്തിനെയും ചിത്രം സാധൂകരിക്കുകയാണ്.

വാസ്തവത്തിൽകേരളത്തിലെ ഇടതുപക്ഷ പ്രവർത്തകർ പരസ്യമായി പൊലീസിനെതിരെ രംഗത്തു വരുന്ന കാലത്താണ് ഈ സിനിമ ഇറങ്ങുന്നത് എന്നതാണ് ആശ്ചര്യം! സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പൊലീസിനെതിരെ പ്രമേയം പാസാക്കിയത്  ദിവസങ്ങൾക്ക് മുൻപാണ്. കൂടാതെ, സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ട സമീപകാല സംഭവങ്ങളിലെല്ലാം തന്നെ ഉടനടി സംഭവത്തിൽ രാഷ്ട്രീയമില്ല എന്ന്‌ ഏകപക്ഷീയമായി പ്രസ്താവിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെക്കാണാം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ഈ കൊലപാതകങ്ങളിൽ രാഷ്ട്രീയമില്ലെന്ന്‌ പ്രഖ്യാപിക്കുന്ന പോലീസിന്റെ നിലപാടുകളും ആരെ സഹായിക്കുന്നുവെന്നറിയാൻ പാഴൂർ പടിപ്പുരയിലേക്ക് ടാക്സി വിളിക്കേണ്ടതില്ല. ഭരണപക്ഷത്തെ പാർട്ടിക്ക് ഇത്രയും തലവേദന സൃഷ്ടിക്കുന്ന പോലീസിനെയാണ് കൊത്ത് ഈ വിധം അവതരിപ്പിച്ചിരിക്കുന്നത്!

ബി.അജിത്കുമാർ സംവിധാനം ചെയ്ത ‘ഈട’ എന്ന ചിത്രവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കഥയാണ് പറഞ്ഞത്. ഈടയും കോൺഗ്രസിനെ പൂർണമായും അവഗണിക്കുകയും ഇടത്-ഹിന്ദുത്വ പോരിനെ സമീകരിക്കുകയുമായിരുന്നു. ദൗർഭാഗ്യവശാൽ കൊത്തും ഇതേ വഴിക്ക് തന്നെ സഞ്ചരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ രാഷ്ട്രീയത്തിനതീതമായി അപലപിക്കപ്പെടണം. രാഷ്ട്രീയവൈര്യം പ്രവർത്തകരുടെ ജീവനെടുക്കുന്ന സ്ഥിതിവിശേഷം ഒരു പുരോഗമന സമൂഹത്തിൻ തെല്ലും ആശാസ്യമല്ല. സിനിമ പോലൊരു ജനകീയ  മാധ്യമം രാഷ്ട്രീയകൊലപാതകത്തെ വിഷയമായെടുക്കുമ്പോൾ അടിസ്ഥാനപരമായി പാലിക്കേണ്ട ജാഗ്രത ഭൂരിപക്ഷ പൊതുബോധത്തിൽവീണുപോവാതെ, സത്യസൻധമായ നിലപാടുകൾ കൈക്കൊള്ളുകയെന്നതാണ്. കൊത്ത് നിരാശപ്പെടുത്തുന്നത്  പോതുബോധത്തിന്‌ ഓശാന പാടാനുള്ള ത്വരയ്ക്കപ്പുറം ഉന്നയിച്ച വിഷയത്തെ ആഴത്തിൽവിലയിരുത്താനുള്ള പരിമിതി മൂലമാണ്. അൻതിമ വിജയിയാവട്ടെ സംഘപരിവാറിനു വളമാവുന്ന സവർണ്ണ അരാഷ്ട്രീയ പൊതുബോധവും.             

(ഒറ്റപ്പാലം എൻഎസ്‌എസ്‌ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറാണ്‌ ലേഖകൻ).        
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top