25 April Thursday

മൺസൂൺ വഴിയിലൂടെ

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Sunday Jul 31, 2022

ഇക്കുറി തെക്ക്‌ പടിഞ്ഞാറൻ കാലവർഷ (ഇടവപ്പാതി) കാറ്റ്‌  മെയ്‌ അവസാനം തന്നെ കേരള തീരം തൊട്ടു. ജൂലൈ രണ്ടോടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി രാജ്യം മുഴുവൻ മൺസൂൺ-2022ന്റെ കുടക്കീഴിലാക്കുകയും ചെയ്‌തു. മോശമല്ലാത്ത മൺസൂൺ കാലമെന്ന്‌ പറയാം.

ജൂൺ മുതൽ  സെപ്‌തംബർ വരെയാണ്‌  ഇന്ത്യൻ മൺസൂണി(തെക്ക്‌ പടിഞ്ഞാറൻ കാലവർഷം) ന്റെ കാലം. ഇക്കാലത്തെ മഴയുടെ തോത് ദീർഘകാല ശരാശരിയെ അപേക്ഷിച്ചുള്ള വ്യതിയാന ശതമാനത്തിനെ അടിസ്ഥാനമാക്കി അത്യാധിക്യം (60 ശതമാനത്തിനു മുകളിൽ), ആധിക്യം (20%മുതൽ -59% വരെ), സാധാരണം(മൈനസ്‌19 % മുതൽ 19 % വരെ), കുറവ്‌ (മെനസ്‌ -59 % മുതൽ -മെനസ്‌20% വരെ ), വലിയ കുറവ്‌  (-മൈനസ്‌ 99%  മുതൽ മൈനസ്‌- 60% വരെ) എന്നിങ്ങനെ തിരിക്കാം.

ന്യൂനമർദപ്പാത്തി

ഇന്ത്യൻ ഭൂവിഭാഗം പൂർണമായി ഇടവപ്പാതിക്കാലത്തെത്തിക്കഴിയുമ്പോൾ കൃത്യതയോടെ ഉടലെടുക്കുന്ന മൺസൂൺ ന്യൂനമർദപ്പാത്തിയെന്ന പ്രതിഭാസം മഴയളവിനെ സാരമായി ബാധിക്കുന്നു. പാകിസ്ഥാൻ ഭാഗങ്ങളിലെ താപജന്യ ന്യൂനമർദ പ്രദേശം മുതൽ ബംഗാൾ ഉൾക്കടലിലെ  ന്യൂനമർദ പ്രദേശം വരെ നീണ്ട  ന്യൂനമർദപ്പാത്തിയാണ് മൺസൂൺ ന്യൂനമർദപ്പാത്തി(Monsoon trough) എന്നറിയപ്പെടുന്നത്‌.

മൺസൂൺ ന്യൂനമർദപ്പാത്തി

മൺസൂൺ ന്യൂനമർദപ്പാത്തി

ഈ ന്യൂനമർദപ്പാത്തിയുടെ ഏതാണ്ട് മൂന്ന്‌ കിലോമീറ്റർവരെയുള്ള ഉയരത്തിൽ ഒന്നിലേറെ ചക്രവാത (ഘടികാരദിശയ്ക്ക്‌ വിപരീത ദിശയിൽ ചുറ്റിക്കറങ്ങുന്ന കാറ്റിന്റെ വ്യൂഹം) അന്തരീക്ഷച്ചുഴികളുടെ ചങ്ങലയും രൂപം കൊള്ളുന്നു. മൺസൂൺ ന്യൂനമർദപ്പാത്തിയുടെ വിന്യാസം, തീവ്രത എന്നിവ ഇന്ത്യൻ മൺസൂൺ മഴയളവുകളെ ഗണ്യമായി ബാധിക്കുന്നു.

മൺസൂൺ ഭംഗം

മൺസൂൺ ന്യൂനമർദപ്പാത്തിയുടെ വടക്കോട്ടുള്ള യാത്ര, മധ്യഇന്ത്യയിലും വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും മഴക്കുറവോ വരൾച്ചയോ ഉണ്ടാക്കും. ഈ പ്രതിഭാസം മൺസൂൺ ഭംഗം (Break monsoon) എന്നറിയപ്പെടുന്നു.  മൺസൂൺ ഭംഗം മൂന്നു തരത്തിലുണ്ട്‌. മൺസൂൺ ന്യൂനമർദപ്പാത്തിയുടെ കിഴക്കൻ ഭാഗത്തിന്റെ ഹിമാലയ സാനുക്കളിലേക്കുള്ള പലായനമാണ്‌ ഒന്നാമത്തേത്‌.  മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം ബംഗാൾ ഉൾക്കടലിൽ നില കൊള്ളുകയും പടിഞ്ഞാറൻ ഭാഗം കശ്മീർ ഭാഗത്തേക്ക്‌ ചരിഞ്ഞു നീങ്ങി നിൽക്കുന്ന രീതിയാണ്‌ രണ്ടാമത്തേത്‌. മൂന്നാമത്തേത്‌ മൺസൂൺ പാത്തി മൊത്തത്തിൽ ഹിമാലയത്തിലേക്ക്‌ ദേശാടനം ചെയ്യുന്ന അവസ്ഥയും.

ഈ മൺസൂൺപാത്തിയുടെ ഫലമായി കശ്മീർ, നേപ്പാൾ, ഹിമാലയ പർവത പ്രദേശ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലവർഷം അതിശക്തമാകുന്നു. ജൂലൈ 19, 20, 21 തീയതികളിൽ മധ്യ പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുണ്ടായ മഴക്കുറവ്  രണ്ടാം തരത്തിൽപ്പെട്ട മൺസൂൺ ഭംഗം മൂലമായിരുന്നു. മൺസൂൺ ഭംഗ പ്രദേശങ്ങളിൽ അന്തരീക്ഷമർദ വർധന, ഊഷ്മാവ്‌ വർധന, ഉണങ്ങി വരണ്ട അന്തരീക്ഷത്തിന്റെ അതിസാന്ദ്രതാ പതനം എന്നിവ കണ്ടുവരുന്നു. അതേസമയം തെക്ക്‌ ഇന്ത്യൻ ഉപദ്വീപിൽ ഭൂമധ്യരേഖയ്ക്കടുത്ത ഭാഗങ്ങളിൽ സംവഹനം ശക്തിയാർജിച്ച്  ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുന്നതായും കാണാം. ഭൂമധ്യരേഖയ്ക്കടുത്തുയർന്നുപൊങ്ങി മൺസൂൺ ഭംഗ പ്രദേശങ്ങളിൽ പതിക്കുന്ന തെക്കു-വടക്കൻ അന്തരീക്ഷ  പ്രതിഭാസമായ ഹാഡിലി ചംക്രമണം (Hadley cell) എന്ന  പ്രക്രിയയാണിതിന്‌ കാരണം.

അന്തരീക്ഷച്ചുഴി ചങ്ങല

മൺസൂൺ പാത്തിയുമായി ബന്ധപ്പെട്ടുള്ള  ചക്രവാത അന്തരീക്ഷച്ചുഴി ചങ്ങല പലപ്പോഴും അതിതീവ്ര മഴയ്ക്ക്‌ കാരണമാകാറുണ്ട്. ജൂലൈ 7 ന് റായ്‌പുർ , ബിക്കാനർ, വടക്കുപടിഞ്ഞാറൻ ശ്രീനഗർ എന്നിവയ്‌ക്ക്‌ മുകളിലായി വിന്യസിച്ചിരുന്ന മൂന്ന് അന്തരീക്ഷച്ചുഴികളുടെ ചങ്ങല ഉദാഹരണം. ഈ ചങ്ങലയിലൂടെ  ബംഗാൾ ഉൾക്കടലിൽനിന്നുള്ള വർധിച്ച ആർദ്രത കശ്‌മീർ വരെയെത്തി,  ജൂലൈ എട്ടിന്‌ പുലർച്ചെ  വടക്കൻ അമർനാഥ് മേഖലയിൽ  അതി തീവ്രമഴയ്‌ക്ക്‌ കാരണമായി.  ഇതേ തുടർന്നുണ്ടായ മിന്നൽ പ്രളയമാണ്‌ അമർനാഥിൽ ദുരന്തം വിതച്ചത്‌.

അസം-, മേഘാലയ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ യഥാക്രമം ജൂൺ 17നും  ജൂലൈ 13 നുമുണ്ടായ തീവ്രമഴയും തുടർന്നുണ്ടായ  പ്രളയവും ചക്രവാത അന്തരീക്ഷച്ചുഴികൾ മൂലമായിരുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ജൂൺ  30 വരെ അനുഭവപ്പെട്ട ഉഷ്ണ തരംഗം മൂലമുള്ള ഉയർന്ന ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിന്‌ മുകളിലായിരുന്നു.  മൺസൂൺ വ്യാപനത്തെ തുടർന്ന്‌  ഉഷ്ണ തരംഗ പ്രതിഭാസം നിലയ്ക്കുകയും ചെയ്തു.
കേരളത്തിൽ  ജൂലൈ 28 വരെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ യഥാക്രമം 24 ശതമാനം, 39 ശതമാനം, 35 ശതമാനം, 49 ശതമാനം, 20 ശതമാനം ഇടവപ്പാതി മഴയിൽ കുറവ്‌ രേഖപ്പെടുത്തി.

യൂറോപ്പിലെ ഉഷ്‌ണതരംഗം

ജൂൺ, ജൂലൈ മാസങ്ങളിൽ യൂറോപ്പിന്റെ മിക്കയിടത്തും ഉഷ്‌ണതരംഗ പ്രതിഭാസം നിലനിൽക്കുകയാണ്‌. അതുമൂലം ഉയർന്ന ദിനോഷ്മാവ് ദിവസങ്ങളോളം 30 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായി. ഇന്ത്യയെ അപേക്ഷിച്ച് ഉഷ്‌ണതരംഗ ഊഷ്മാവിന്റെ തോത് യൂറോപ്പിൽ വളരെക്കുറവാണെങ്കിലും  ഊഷ്മാവുയർച്ച ശരാശരിയുടെ മൂന്നുനാല്‌ മടങ്ങ്‌ വർധിച്ചത് ഏറെ ജീവഹാനിക്കിടയാക്കി. യൂറോപ്പിലെ ഉഷ്‌ണതരംഗത്തിന്‌ കാരണം നിരവധി അന്തരീക്ഷ പ്രതിഭാസങ്ങളുടെ ആകെത്തുകയാണ്.

ഭൂമധ്യരേഖാ പ്രദേശത്ത്‌ ലഭ്യമാകുന്ന വർധിച്ച ഊർജത്തിന്റെ ധ്രുവ പ്രദേശങ്ങളിലേക്കുള്ള പ്രസരണം, ഇന്ത്യൻ മൺസൂൺ മൂലമുള്ള ശക്തിയേറിയ സംവഹന ഉൽസർജി-ത ലീനതാപോർജം(Latent heat), യൂറോപ്പിന്റെ ഏതാണ്ട് 12 കിലോമീറ്റർ ഉയരത്തിൽ പടിഞ്ഞാറുനിന്നും വീശുന്ന മിതോഷ്‌ണമേഖലക്കാറ്റിന്റെ  പ്രവാഹവും (മണിക്കൂറിൽ 200 കിലോമീറ്റർ) അതിന്റെ രണ്ടായുള്ള ശാഖ പിരിഞ്ഞു മാറൽ പ്രതിഭാസ(sub tropical westerly jet  stream)വും  മിതോഷ്‌ണമേഖലാക്കാറ്റിന്റെ വളഞ്ഞു പുളയലും ശക്തി ക്ഷയിക്കലുമെല്ലാം ഉഷ്‌ണതരംഗ കാരണങ്ങളാണ്‌. ഇന്ത്യയിലെ മൺസൂൺ സംവഹന തീവ്രതയ്ക്ക്  യൂറോപ്പിലെ ഉഷ്‌ണതരംഗത്തിന്റെ വ്യാപ്‌തിയിൽ ഗണ്യമായ പങ്കുണ്ടെന്നും പഠനങ്ങൾ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top